Sunday, January 9, 2011

പതിവു നിയമങ്ങള്‍ ലംഘിക്കുന്ന ട്രാഫിക്ക്


പതിവ് ഫോര്‍മുലകള്‍ കണ്ട് മനം മടുത്തിരിക്കുന്ന, സുബ്രമണ്യപുരവും മറ്റും കണ്ട് തമിഴനോട് അസൂയപ്പെടുന്ന മലയാളസിനിമാപ്രേമികള്‍ക്കുള്ള സമ്മാനമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രം. ഇതുവരെയുള്ള രചനകളിലൂടെ തന്നെ ഇവിടെ തങ്ങളുടേതായ ഇടം നേടിയെടുത്തിട്ടുള്ള ബോബി-സഞ്ജയ് എന്നീ തിരക്കഥാകൃത്തുകള്‍ സ്വന്തം ഗ്രാഫ് മുകളിലേക്ക് വരയ്ക്കുമ്പോള്‍ 2011ലെ മികച്ച സിനിമകളുടെ ലിസ്റ്റിലേക്കുള്ള ആദ്യ എന്‍ട്രി ജനുവരി ആദ്യവാരം തന്നെ നമുക്ക് ലഭിക്കുന്നു.

ഒരു ദിവസം...ഒരു സംഭവം...അതുമായി യാദൃശ്ഛികതയുടെ ചരടില്‍ കോര്‍ത്തു ബന്ധപ്പെടുത്തിയ അതുവരെ പരസ്പരം അപരിചിതരായിരുന്ന ഏതാനും വ്യക്തികള്‍...അവരുടെ ജീവിതത്തിലെ ചില വഴിത്തിരിവുകള്‍...നഷ്ടങ്ങള്‍...പ്രത്യാശകള്‍...നേട്ടങ്ങള്‍...തിരിച്ചറിവുകള്‍...പ്രതികാരം...ഇങ്ങനെകുറേ ലേബലുകള്‍ ചേര്‍ത്തു വെച്ച ഒരു പുതിയ അനുഭവമാണ് ഈ ചിത്രം. ആഖ്യാനത്തില്‍ ഒരു നേര്‍ രേഖ സ്വീ‍കരിക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്. സസ്പെന്‍സ് എന്നത് അവസാനം പൊട്ടിക്കുന്ന ഒരു ബോംബ് ആണെന്നുള്ള പൊതുധാരണയ്ക്കു വിരുദ്ധമായി ഇടയ്ക്കുള്ള സസ്പെന്‍സും, അല്ലെങ്കില്‍ സസ്പെസുകളും, ഊഹിക്കാവുന്ന പരവസാനവും ഉള്ള ഈ ചിത്രത്തെ ഒരു ത്രില്ലര്‍-റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്നതാണ്.

താരജാഡകളും വാചകകസ്രത്തുകളുമില്ല. ബുദ്ധിയും സമയവും എടുത്തെഴുതിയ മികച്ച ഒരു തിരക്കഥ തന്നെയാണ് ഇതിന്റെ നട്ടെല്ല്. സംവിധാനം തുടങ്ങി അഭിനേതാക്കളുടെ പ്രകടനം വരെ വളരെ നാച്ചുറലായി അതിന് പിന്തുണ നല്‍കുമ്പോള്‍ നല്ല സിനിമ പിറക്കാതിരിക്കുക എന്നത് അസംഭവ്യമല്ലേ!!

കാണിയുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊതുവെ വാചാലമാവാറുള്ള മലയാള സിനിമയില്‍ നിന്ന് വ്യത്യസ്ഥമാവുമ്പോഴും ചിലയിടത്ത് അതിന്റെ ശേഷിപ്പ് കാണുമ്പോള്‍ അല്പം നിരാശ തോന്നി എന്നത് യാഥാര്‍ഥ്യം. ചിലയിടങ്ങളില്‍ മികച്ച നിലവാരത്തിലേക്കുയരുന്ന പശ്ചാത്തലസംഗീതവും മറ്റു ചിലയിടങ്ങളില്‍ പാളി എന്നതും ഒരു കുറവായി പറയാം. അതുപോലെ തന്നെ ചിലയിടങ്ങളില്‍ രംഗത്തിന്റെ വേഗത വാക്കുകളില്‍ മാത്രവുമ്പോള്‍ ശ്രീനിവാസന്റെ കാസ്റ്റിങ്ങിലും ഒരു സംശയം തോന്നും. പക്ഷെ ഈ കുറവുകളൊന്നും ഒരു വളരെ നല്ല സിനിമയെന്ന് ഇതിനെ വിളിക്കുന്നതിനു തടസമാവുന്നില്ല എന്നതാണ് സത്യം.

മലയാളിയുടെ ത്രില്ലര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയത് ഒരു പക്ഷെ 2008ല്‍ പുറത്തിറങ്ങിയ രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍ ആയിരിക്കാം. ഈ ചിത്രം അവിടെ നിന്നും ഏതാനും ചുവടുകള്‍ കൂടി മുന്നോട്ട് പോകുമ്പോള്‍, മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു.

ബാക്കി കണ്ട് അനുഭവിക്കൂ...

Verdict: Very Good

23 comments:

Unknown said...

കുറേ നാളുകള്‍ക്കു ശേഷം സിനിമകഴിഞ്ഞ് ആളുകള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് കാണുവാന്‍ സാധിച്ചു :-)

ക്രിസൺ ജേക്കബ്/Chrison Jacob said...

കൊള്ളാം.. മനോഹരമായി എഴുതിയിരിക്കുന്നു.. ഇന്നു ഞാനും ഒരു നല്ല ചിത്രം കണ്ടു.. കോക്ക്ടെയിൽ... നല്ല സിനിമകൾ ഇനിയും ഉണ്ടാവട്ടെ എന്നു ആശിക്കാം..

Aravind Mohan said...

nice review ... hope malayalam will be back in form and let this be the start ...

also our samshayam .. one doubt ...

"athu vare parasparam aparichitarallathirunna vyakthikal "
-- athu thettiyathano atho angane thanne aano ??

Unknown said...

Wow...nalla oru vivaranam thanney....ellarum eneettu ninnu kayyadikkunna oru malayala cinema...etra naalayii...vaayichappol nalla oru sandoshamm..kollaammm....

Unknown said...

അരവിന്ദേ...
അത് തെറ്റിയതാണ്. തിരുത്തിയിട്ടുണ്ട് :-)
പറഞ്ഞതിനു നന്ദി

K S Sreekumar said...

ട്രാഫിക്കിന്റെ UAE റിലീസിനായി കാത്തിരിക്കുന്നു

vinesh pushparjunan said...

കണ്ടിരുന്നൂ... വളരെ ഇഷ്ടപെട്ടു .

എന്തേ റിവ്യൂ ഒന്നും കണ്ടില്ല എന്ന് വിചാരിചൂ...

ഫോര്‍മുലകള്‍ തകര്‍ക്കപെടട്ടെ... താരസിംഹാസനങ്ങളും...

നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം

nandakumar said...

നൈസ് റിവ്യൂ

<<<“കാണിയുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊതുവെ വാചാലമാവാറുള്ള മലയാള സിനിമയില്‍ നിന്ന് വ്യത്യസ്ഥമാവുമ്പോഴും ചിലയിടത്ത് അതിന്റെ ശേഷിപ്പ് കാണുമ്പോള്‍ അല്പം നിരാശ തോന്നി എന്നത് യാഥാര്‍ഥ്യം.“>>>

പക്ഷെ, ഈ ചിത്രത്തില്‍ അങ്ങിനെ കാര്യമായ വിസ്താര പ്രകടനങ്ങള്‍ കണ്ടില്ല എന്നതാണ് എന്റെ അഭിപ്രായം. മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്യുന്ന ഭാഗം പോലും അത്രകണ്ട് ഡോക്യു സ്റ്റൈലില്‍ കാണിക്കുകയോ പറയുകയോ ചെയ്യുന്നില്ല. കഥാവതരണത്തിലും ട്രീറ്റ്മെന്റിലും മിതത്വം പാലിച്ചു എന്നതാണ് ഈ സിനിമയുടെ പ്ലസ് പോയന്റ്. കുഞ്ചാക്കോകഥാപാത്രത്തിന്റെ ടേണിങ്ങ് പോയന്റ് പോലും അധികം വിശദീകരിക്കുന്നില്ല (ഓപ്പോസിറ്റ് ആംഗിളില്‍ ചില ബ്ലാക്ക്&വൈറ്റ് ദൃശ്യങ്ങള്‍ മാത്രം)

തിരക്കഥാകൃത്തുക്കള്‍ ഈ സിനിമയില്‍ പ്രേക്ഷകനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നില്ല എന്നതാണ് ഏറെ പോസറ്റീവ് :)

Unknown said...

@നന്ദകുമാര്‍
തിരക്കഥാകൃത്തുക്കള്‍ അങ്ങനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നില്ല. ഈ പറഞ്ഞ സീനുകളും സായികുമാര്‍ ഡ്രൈവിനു പോകുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്ന സീനുകളും എല്ലാം വളരെ നന്നായി.

ശ്രീനിവാസന്റെ ചില ഫ്ലാഷ്ബാക്കുകളില്‍ പക്ഷെ ശേഷിപ്പുകള്‍ കാണാം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

വിനയന്‍ said...

നന്ദേട്ടന്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും... കഴിഞ്ഞ ദിവസം ഞാന്‍ രാകെഷിനോട് അത് പറഞ്ഞിരുന്നു... പ്രേക്ഷകന് കുറച്ചൊക്കെ മനസ്സിലാക്കാന്‍ കഴിയും, അവന്‍ മണ്ടനൊന്നുമല്ല എന്ന രീതിയില്‍ തന്നെ സ്ക്രിപ്റ്റ് ചെയ്തിട്ടുണ്ട്... അതങ്ങനെ തന്നെ കൊണ്ട് പോകുന്നതില്‍ സംവിധായകനും വലിയ ഒരു പങ്കുണ്ട് . സംവിധായകന്‍ വിചാരിച്ചാലും ഇത് വിശദീകരിച്ചു എടുക്കാമല്ലോ... നിങ്ങള്ക്ക് നോ പറയാം , പക്ഷെ നിങ്ങളുടെ ഒരു യെസ് , അത് നാളെ ചരിത്രമായെക്കും :)

Unknown said...

വിനയാ അതിന് ഞാന്‍ നോ പറഞ്ഞില്ലല്ലോ :-)

Rajesh said...

Passengerinu sesham aa ganathil ulla nalla oru cinema.
chillara kallu kadi illaathilla, ennaalum nannayi. Ettavum negative aayi thonniyathu aa Colony scenes thanne. Athuvarekkum undaakkiyedutha quality muzhuvan ee colony scenes mediocre aayi chithreekarichu vazhi nashtapettu poyi ennu thonni. Pinne veronnu - oru valare different opinion aanu - Ennaanu nammal prashanakkaar eppozhum minority community thanne enna millennium formulayil ninnum purathu varunnathu. Last minute thrillinu vendeettu vere endengillum oru incident undaakkunnathaayriunnille nallathu? Indiayil endu sambhavichaalum avideyokke negative presence aayi Minority communitye thanne kondu varano?

Unknown said...

@Rajesh

ആ മൈനോരിറ്റിയെ ഭയക്കുന്ന തരം ഡയലോഗുകളില്‍ എനിക്കും അല്പം വശപ്പിശക് തോന്നിയിരിന്നു. പക്ഷെ അധികം കുളമാക്കാതെ അത് ഒരു പോസിറ്റീവ് എന്‍ഡിലേക്ക് എത്തിച്ച് ആ കുറവ് മായ്ചു കളഞ്ഞു എന്നു തോന്നി.

jOe said...

Bhasha nannayittundu, Ottaykkirunnu ee cinema kananam (kurachu nalukalkku shesham ).

nandakumar said...

@ രാജേഷ് & രാകേഷ്

ആ കോളനിയെപ്പറ്റി പറയുമ്പോള്‍, കാണിക്കുമ്പോള്‍ നിരൂപകര്‍ / (എഴുത്ത്)ബുദ്ധിജീവികള്‍ എങ്ങിനെ കാണും എന്നാണ് എനിക്ക് സംശയമുണ്ടായിരുന്നത്. (കാരണം ടു ഹരിഹര്‍ നഗര്‍ പോലുള്ള സിനിമകളില്‍ വരെ ഈ ‘ന്യൂനപക്ഷ പ്രശ്നം’ ചിലര്‍ പൊക്കിയെടൂത്തത് കണ്ടിട്ടുണ്ട്)

ഇങ്ങിനേയും ചില തിരക്കേറിയ തെരുവുകളും ഉണ്ട് എന്നതാണല്ലോ സത്യം. (എനിക്ക് തോന്നുന്നു ബീമാപള്ളി ആയിരിക്കണം തിരക്കഥാകൃത്തുക്കളുടെ മനസ്സില്‍) വളരെ തിരക്കേറിയ തെരുവ് (ഒരു വിഭാഗക്കാരുടെ) എന്നതിലപ്പുറം അതൊരു കുഴപ്പം പിടിച്ച (മീന്‍സ് തീവ്രവാദം, വര്‍ഗ്ഗീയത) എന്ന് സൂചന ഇല്ലല്ലോ. എനിവേ ഒരു മതവിഭാഗത്തെ വളരെ താഴ്ത്തിക്കെട്ടി കാണിച്ചു എന്നൊരു ഫീല്‍ എനിക്ക് തോന്നിയില്ല. (ഇനി ചിലര്‍ എഴുത്തുജീവികള്‍ അങ്ങിനെയൊക്കെ ചികഞ്ഞെടുക്കാതിരുന്നാല്‍ മതി!!)

പയ്യന്‍ / Payyan said...

പടം കണ്ടു. എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ ഇത് വരെ പുറത്തു വന്നിട്ടുള്ള ഏറ്റവും മികച്ച ത്രില്ലര്‍. (ത്രില്ലര്‍ ഗണത്തില്‍ പെട്ട അധികം സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നത് വേറെ കാര്യം).

തിരക്കഥ, സംവിധാനം എന്നിവ നന്ന്. എന്നാല്‍ ഈ ചിത്രത്തെ ഉദ്വേഗജനകമായ ഒരനുഭാവമാക്കി മാറ്റുന്നതില്‍ പശ്ചാത്തല സംഗീതത്തിനും നിര്‍ണ്ണായകമായ പങ്കുണ്ട്. അത്രക്കും തന്നെ പങ്കു എഡിറ്റിംഗ്, ക്യാമറ എന്നിവക്കുമുണ്ട്. പ്രത്യേകിച്ച് എഡിറ്റിംഗ്. ഒരു ത്രില്ലറിന്റെ ദൃശ്യാനുഭാവത്തില്‍ പ്രധാന പങ്കു വഹിക്കുന്നത് അതിന്‍റെ വേഗതയാണ്. ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ മുന്നോട്ടു പോകുന്ന ഒരു വേഗത സൃഷ്ടിക്കാന്‍ എഡിറ്റിംഗ്, ക്യാമറ, സംഗീതം മുതലായവയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ചെറുയ കാര്യമല്ല.

നിരാശപ്പെടുത്തിയ ഒരു ഘടകം സംഭാഷണങ്ങളാണ്. തീര്‍ത്തും ശരാശരിയും പലപ്പോഴും പ്രവചിക്കാന്‍ കഴിയുന്നതുമായ സംഭാഷണ ശകലങ്ങള്‍ ചിലപ്പോഴൊക്കെ അലോസരപ്പെടുത്തി. റഹ്മാന്റെ ഭാര്യ പലപ്പോഴും സീരിയലുകളില്‍ സംസാരിക്കുന്നതു പോലെയും തോന്നി. പക്ഷെ ഇവയെല്ലാം പൊറുക്കാവുന്ന കുറവുകള്‍ മാത്രമാണ്.

Traffic is miles ahead of Passenger (which was the closest Malayalam cinema had come to a thriller in recent times.) I would say it is the best thriller to have come out in Malayalam. Without a single bullet being fired.

ഹാപ്പി ബാച്ചിലേഴ്സ് said...

പുതുമയുള്ള കഥാതന്തു അല്ലെന്ന് രാകേഷിന്റെ എഴുത്തിൽ നിന്നും മനസ്സിലായി. പക്ഷെ തിരക്കഥയ്ക്ക് കൊടുത്തിരിക്കുന്ന ട്രീറ്റ്മെന്റ് ആണ് വ്യത്യസ്ഥമെന്നും. പാസഞ്ചർ പോലെ നല്ലൊരു സിനിമ കാണാൻ കാത്തിരിക്കുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said...

ഏതെങ്കിലും ഇംഗ്ലീഷ് പടത്തിൽ നിന്നും “Inspired” ആയതല്ല എന്നു പറയാനൊക്കുമൊ?

Unknown said...

@ഹാപ്പി ബാച്ചിലേഴ്സ്
ഫ്രെഷ്നെസ് കഥാതന്തുവില്‍ തന്നെ തുടങ്ങുന്നു. പിന്നെ ഇത് പാസഞ്ചറിനും ഏതാനും ചുവട് മുന്നില്‍ നില്‍ക്കുന്നു എന്നു സൂചിപ്പിച്ചതും ശ്രദ്ധിച്ചു കാണും എന്നു കരുതുന്നു.

പിന്നെ ഇംഗ്ലീഷ് ചുവട് പിടിക്കല്‍...ഇതുവരെയുള്ള അറിവില്‍ അങ്ങനെ ഒരാരോപണം കേട്ടില്ല. എന്റെ അറിവിലും ഇല്ല.

hari said...

Ain't saw the movie. All the reviews are positive. Glad that Malayalam Cinema also is changing finally. The theme of "Traffic" carries a slight resemblance to the first (Amerros Perros)of the "Triology of Death" by Alejandro Gonzales Inaritu. Even if there is resemblance it seems that the work is original.

Vinitha said...

Review nannayittundu. Looking forward to see the movie. Kandittu abhiprayam ariyikkam.

Joji said...

പടം കണ്ടു. ഇഷ്ടപ്പെട്ടു. മികച്ച സംഭാഷണങ്ങളാണ് ഏറ്റവും ആകര്‍ഷിച്ചത്.

അവതരണത്തില്‍ ഒട്ടേറെ പുതുമകളുണ്ടെങ്കിലും പലപ്പൊഴും മലയാളസിനിമയിലെ സ്ഥിരം നമ്പരുകള്‍ ഇതിലും തിരുകിക്കയറ്റിയിട്ടില്ലേ?? അവസാനഭാഗത്ത് ഉദ്വേഗം വര്‍ദ്ധിപ്പിക്കാന്‍ മൈനൊറിറ്റിയെ കൂട്ടുപിടിച്ചതും, സിനിമാനടനെ കാണിക്കുമ്പോള്‍ കൂളിങ് ഗ്ലാസ്സും സ്വന്തമായി ഡ്രൈവ് ചെയ്യുന്നതും, ചീത്തപ്പേരുണ്ടാക്കിയ അച്ഛന്റെയൊപ്പം സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുന്ന കുട്ടിയുമൊക്കെ ഉദാഹരണങ്ങള്‍.. അതുകൊണ്ട് തന്നെ "പതിവു നിയമങ്ങള്‍ ലംഘിക്കുന്ന ട്രാഫിക്ക്" എന്ന തലക്കെട്ടിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല..

ആളവന്‍താന്‍ said...

ഈ പടം കണ്ടിട്ടാണ് ദുഫായിലേക്ക് വണ്ടി പിടിച്ചത്. നല്ലൊരു സിനിമ എന്നതിനുമപ്പുറം തിരക്കഥയിലെ പ്രത്യേകത കൊണ്ട് വ്യത്യസ്തമായൊരു സിനിമ എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു. "ഇതൊരു സിനിമയ്ക്ക് പറ്റിയ വിഷയമാണോ" എന്ന ചോദ്യത്തില്‍ നിന്നും "ഇതാണ് വ്യത്യസ്തമായ ഒരു സിനിമക്ക് പറ്റിയ വിഷയം" എന്ന ഉത്തരത്തിലേക്ക് ബോബിയും സഞ്ജയും നടത്തിയ ഒരു യാത്ര. പതിവ് 'ട്രാഫിക്‌ നിയമങ്ങള്‍' ലംഘിച്ചു കൊണ്ടുള്ള ഒരു യാത്ര. വെല്‍ഡണ്‍ ഗയ്സ്!!