Friday, February 15, 2008

ചില കുറിപ്പുകള്‍....

എന്താവണമെന്നാണു ആഗ്രഹം എന്നു ചോദിക്കുന്നവരോട്‌ ചെറുപ്പത്തില്‍ എനിക്കൊരു മറുപടിയെ ഉണ്ടായിരിന്നുള്ളു.."ശാസ്ത്രജ്ഞന്‍".എന്തുകൊണ്ടാണു അല്ലെങ്കില്‍ എന്താണങ്ങനെ പറയിപ്പിക്കുന്നത്‌ എന്നു ചോദിച്ചാല്‍ എഡിസനെപ്പോലെയോ ഏന്‍സ്റ്റീനെപ്പോലെയോ ആവണമെന്നായിരിന്നു ഉത്തരം.

കാലം കടന്നുപോയി...മണിക്കൂറുകള്‍ ദിവസങ്ങള്‍ക്കും, ദിനങ്ങള്‍ ആഴ്ചകള്‍ക്കും, ആഴ്ചകള്‍ മാസങ്ങള്‍ക്കും, മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴിമാറി. യാഥാര്‍ത്ഥ്യബോധമോ അതോ വിധിയുടെ കരാളഹസ്തമോ എന്തോ എന്റെ മോഹങ്ങളെ വഴിതിരിച്ചുവിട്ടു. പക്ഷെ ഇപ്പോള്‍ എന്റെ ചിന്തകള്‍ കൂട്ടിലടച്ച സിംഹത്തെപ്പോലെ കൂടുതല്‍ കരുത്താര്‍ജ്ജിച്ചപോലെ. അതെന്നെ അല്ല എന്റെ പാളം തെറ്റിയ യാഥാര്‍ത്ഥ്യബോധത്തെ നേര്‍വഴിക്കു നയിക്കുമോ?എന്താണു യാഥാര്‍ത്ഥ്യബോധം എന്നെ സംബന്ധിച്ചിടത്തോളം? ജീവിക്കാനാവശ്യം പണം...അതാണെന്റെ ഇപ്പോഴത്തെ യാഥാര്‍ത്ഥ്യബോധം. അതു തെറ്റാണെന്നു മനസില്‍ പലവട്ടം ഉരുവിടുമ്പോഴും. അതെന്റെ ചിന്തകള്‍ക്കു കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നപോലെ..എന്റെ മോഹങ്ങളേയും സ്വപ്നങ്ങളേയും കാരാഗൃഹത്തില്‍ അടക്കുന്നപോലെ ഒരു തോന്നല്‍. എന്തിനോവേണ്ടി അല്ലെങ്കില്‍ ലക്ഷ്യമില്ലാതെ പായുന്ന ഒരു ശരം പോലെയാണെന്റെ ജീവിതം. ഈപ്പോക്കു തുടരുകയാണെങ്കില്‍ പാഴായിപ്പോയ ജന്മം എന്നു കാലം എന്നെ മുദ്രകുത്തും.

ലക്ഷ്യബോധവും മനുഷ്യസ്നേഹവും വാര്‍ന്നൊലിച്ചുപോയ, എല്ലാം വെട്ടിപ്പിടിക്കാന്‍ മാത്രം വെമ്പുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്നതാണോ എന്റെ ഈ ദുരവസ്തക്കു കാരണം? ആയിരിക്കാം അല്ലായിരിക്കാം. പക്ഷെ ആണെന്നാണെനിക്കു തോന്നുന്നത്‌. എന്തായാലും മുന്‍പു പറഞ്ഞ യാഥാര്‍ത്ഥ്യബോധം ഈ മാറുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്നു എനിക്കു ഉറപ്പിച്ചു പറയാനാവും. കപടസദാചാരബോധവും സമൂഹത്തിലെ അസമത്വവും ആണിവിടെ കുറ്റവാളികളെ സൃഷ്ടിക്കുന്നത്‌. "മാറ്റുവിന്‍ ചട്ടങ്ങളെ " എന്നു ഉദ്ഘോഷിക്കുവാന്‍ ഇന്നിവിടെ ആളില്ല. എല്ലാവര്‍ക്കും സ്വന്തം കാര്യം. ഉള്ളവന്‍ കൂടുതല്‍ വലുതാവുന്നു ഇല്ലാത്തവന്‍ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നു. ഈ കാഴ്ചകള്‍ എന്റെ മനസാക്ഷിയോടു കപടമല്ലാത്ത ഒരു ആത്മപരിശോധന നടത്താന്‍ ആവശ്യപ്പെടുന്നു.

ഇങ്ങനെ ഒക്കെ ചിന്തിപ്പിച്ചതു ഞാനൊരു സാമൂഹ്യജീവിയാനെന്നുള്ള വിചാരമാണു. പക്ഷെ ഇത്തരം ചോദ്യചിഹ്നങ്ങല്‍ ചുറ്റും നിറയുമ്പൊള്‍ ഞാന്‍ ആരാണെന്നതു, അല്ലെങ്കില്‍ എന്റെ ജന്മതിന്റെ ഉദ്ദേശ്യം എന്തെന്നുള്ളതു അത്ര പ്രസക്തമാല്ലാത്ത ഒരു ചോദ്യമായി തോന്നിപ്പോകുന്നു. ജീവിത യാത്രയില്‍ ഇനി ബഹുദൂരം താണ്ടാനുണ്ട്‌, അപ്പൊള്‍ എവിടെയേലും വെച്ചു ഇതിനൊരുത്തരം കിട്ടുമെന്നു കരുതാം....

ഒരു സത്യം: സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍. പക്ഷെ അതെന്നും ഒരു ആശയമായി തന്നെ നിലകൊള്ളും. ചിലരുടെ സഫലീകരിക്കാനാവാത്ത സ്വപ്നമായും.