Monday, March 4, 2013

ജനാധിപത്യത്തിൽ വധശിക്ഷയുടെ പ്രസക്തി !!!

വധശിക്ഷയ്ക്കെതിരായ വാദങ്ങൾ ലോകത്തെല്ലായിടത്തും ചൂടുപിടിക്കുമ്പോൾ ഇന്ത്യയിൽ വളരെക്കാലത്തിനു ശേഷം ഒന്നിനുപുറകെ ഒന്നായി ദയാഹർജികൾ തള്ളപ്പെടുകയും വധശിക്ഷകൾ നടപ്പിലാക്കപ്പെടുകയുമാണ്. 1995ൽ ഓട്ടോ ശങ്കറിനെ തൂക്കിക്കൊന്നതിനുശേഷം പിന്നെയൊരു വധശിക്ഷ നടപ്പാക്കുന്നത് 2004ൽ ധനഞ്ജയ് ചാറ്റർജിയെ തൂക്കിക്കൊന്നുകൊണ്ടാണ്. അതിനു മുന്നുമ്പിന്നുമായി നിരവധി കേസുകളിൽ വധശിക്ഷ വിധിക്കപ്പെട്ടെങ്കിലും പലതും ദയാഹർജികളായി രാഷ്ട്രപതിയുടെ തീർപ്പുകാത്തുകിടന്നു.

എന്നാൽ പ്രണബ് മുഖർജി രാഷ്ട്രപതിയായി ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ ദയാഹർജി തള്ളിയതിനെത്തുടർന്ന് രണ്ടുപേരെ തൂക്കിക്കൊന്നു.  ഇപ്പോൾ ദയാഹർജി തള്ളിയ കേസുകളിലും ദയാഹർജി സമർപ്പിക്കാത്ത കേസുകളിലും ശിക്ഷ നടപ്പായാൽ, ഇന്ത്യ വധശിക്ഷയുടെ കാര്യത്തിൽ ലോകത്തിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

യു.എന്നിലെ
193 രാജ്യങ്ങളിൽ 140ലും വധശിക്ഷ അസാധുവാക്കിക്കഴിഞ്ഞു. വധശിക്ഷ നിലനിൽക്കുന്ന രാജ്യങ്ങളിൽപ്പോലും വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം നിജപ്പെടുത്തി ഇത്തരം ശിക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വരുത്തിയിട്ടുണ്ട്. അമേരിക്കയിൽ 16 സംസ്ഥാനങ്ങളിൽ വധശിക്ഷ പൂർണമായും നിർത്തലാക്കി. ചൈന 13 കുറ്റങ്ങളെ വധശിക്ഷയുടെ പരിധിയിൽനിന്ന് ഒഴിവാക്കി.

എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ പിന്നോട്ടാണോ സഞ്ചരിക്കുന്നത്
? 2001 മുതൽ 2011 വരെയുള്ള പത്തുവർഷത്തിൽ 5776 കേസുകളിൽ വധശിക്ഷ വിധിക്കണമെന്ന ആവശ്യമുയർന്നു. ഇതിൽ 4321 എണ്ണം ജീവപര്യന്തമായി കുറച്ചപ്പോൾ 1455 പേരെ വിവിധ കോടതികൾ തൂക്കിക്കൊല്ലാൻ  വിധിച്ചു.

കാര്യങ്ങൾ വസ്തുനിഷ്ടമായി മനസ്സിലാകാൻ ആദ്യം വേണ്ടത് വികാരപരമായ മുൻവിധികളോടെ അതിനെ സമീപിക്കാതിരിക്കുക എന്നതാണ്.


അജ്മൽ കസബും മുഹമ്മദ് അഫ്സൽ ഗുരുവും

മുംബയ് ഭീകരാക്രമത്തിൽ പിടിയിലായ ഏക കുറ്റവാളി അജ്മൽ കസബിന്റെ വിചാരണയും ദയാഹർജി തീർപ്പാക്കലും ശിക്ഷ നടപ്പാക്കലും ഇന്ത്യൻ നീതിന്യായവ്യവസ്ഥിതിയുടെ പൊതുരീതിയിൽനിന്ന് വിഭിന്നമായി അതിവേഗത്തിലായിരുന്നു. ദയാഹർജി തള്ളിയശേഷം ശിക്ഷ നടപ്പാക്കുന്നതിൽ കാണിച്ച രഹസ്യ സ്വഭാവം വിമർശനവിധേയമായിരുന്നു. വധശിക്ഷയെ എതിർക്കുന്നവർ അവരുടേതായ ന്യായങ്ങൾ നിരത്തി കസബിന്റെ തൂക്കികൊലയെ എതിർത്തിരുന്നു. എന്നാൽ അവിടെ മറുപക്ഷത്തിന്റെ പ്രതികാരാഗ്നിക്ക്, നേരിൽ കണ്ട ഒരു കൂട്ടക്കൊലയുടെ സാധൂകരണമുണ്ടായിരുന്നു.

അഫ്സൽ
ഗുരുവിന്റെ കാര്യത്തിൽ മേൽപ്പറഞ്ഞ വിമർശനങ്ങൾ ഉൾക്കൊണ്ടില്ല എന്നു തെളിയിക്കുന്നവിധം ശിക്ഷ നടപ്പാക്കലിൽ രഹസ്യാത്മകത നിലനിർത്തി. പക്ഷെ ഇത്തവണ വിമർശങ്ങൾ മുൻപുള്ളതിലും അധികമായിരുന്നു. കേസിന്റെ അന്വേഷണരീതിയെക്കുറിച്ചും വിധിപ്രസ്താവനയിൽ കോടതിയിൽനിന്നുണ്ടായ ചില പരാമർശങ്ങളെക്കുറിച്ചും മുൻപുണ്ടായിരുന്ന വിമർശനങ്ങൾ വീണ്ടും ഉറക്കെക്കേട്ടു.

2001 ഡിസംബർ 13 ന് നടന്ന പാർലമെന്റ് ആക്രമണത്തിൽ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു തോട്ടക്കാരനും കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ അഞ്ചുപേരെയും ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ത്വരഗതിയിലായപ്പോൾ, രണ്ടു ദിവസത്തിനുള്ളിൽ 'ഗൂഢാലോചനയിലെ പ്രധാന പങ്കാളികളാ'യ എസ്.എ.ആർ. ഗീലാനി, ഷൗക്കത്ത് ഗുരു, അഫ്സൽ ഗുരു എന്നിവർ അറസ്റ്റിലായി. ഗിലാനിയെ ന്യൂഡൽഹിയിൽനിന്നും മറ്റു രണ്ടുപേരെ ശ്രീനഗറിൽനിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്.

ഗീലാനിയാണ്
അഫ്സലിലേക്ക് ചൂണ്ടുപലകയായതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ അഫ്സലിന്റെ അറസ്റ്റിനുശേഷമായിരുന്നു ഗീലാനിയുടെ അറസ്റ്റ്. ഹൈക്കോടതി ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയെങ്കിലും റിപ്പോർട്ടിൽ മാറ്റമൊന്നും വരുത്തിയില്ല. അഫ്സലിന്റെ വീട്ടിൽനിന്ന് അറസ്റ്റിനുശേഷം പൊലീസ് കണ്ടുകെട്ടിയതെന്ന് പറയപ്പെടുന്ന ഹാർഡ് ഡിസ്ക്കിൽ പൊലീസിനു വേണ്ട രീതിയിൽ തെളിവുകൾ കുത്തിനിറച്ചുവെന്നും ആരോപണമുണ്ട്. പിന്നീട് ഗീലാനിയെയും ഷൗക്കത്ത് ഗുരുവിനെയും കോടതി വെറുതെ വിട്ടു.

ഒരുപാട് വൈരുദ്ധ്യങ്ങളും അസത്യങ്ങളും ചേർത്തു തുന്നിയെടുത്ത ഒരു കേസായിരുന്നു അഫ്സൽ ഗുരുവിനെതിരെയുണ്ടായിരുന്നത്. "സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്" എന്നു കോടതി പറയുകയും ചെയ്തു. ഈ സാഹചര്യത്തെളിവുകളൊന്നും സംശയലേശമന്യെ ഗൂഢാലോചന തെളിയിക്കാൻ കഴിയുന്നതായിരുന്നില്ല.

കേസിൽ വിചാരണ ആരംഭിച്ചപ്പോൾ അഫ്സലിനായി ഹാജരാകാൻ അഭിഭാഷകരില്ലായിരുന്നു. കോടതി അനുവദിച്ച ജൂനിയർ വക്കീൽ ഒരിക്കൽ പോലും അഫ്സൽ ഗുരുവിനെ കണ്ടില്ല. എല്ലാം കഴിഞ്ഞ്, തെളിവുകളിൽ വൈരുദ്ധ്യം കണ്ടെത്തിയ കോടതി, വിധി പ്രസ്താവിച്ചപ്പോൾ ഇങ്ങനെ കൂടി പറഞ്ഞു - "ഈ കേസിൽ വധശിക്ഷ നൽകിയില്ലെങ്കിൽ സമൂഹത്തിന്റെ പൊതുബോധത്തിനു തൃപ്തിയാകില്ല." സംഭവത്തിൽ നേരിട്ട് പങ്കില്ലായിരുന്ന അഫ്സൽ ഗുരുവിന്റെ വിചാരണ സ്വതന്ത്രവും നീതിയുക്തവുമായിരുന്നില്ലെന്ന് അത് സൂക്ഷ്മമായി പരിശോധിക്കുന്ന ആർക്കും മനസ്സിലാകും.

ദയാഹർജി തീർപ്പാക്കലും അതിലെ രാഷ്ട്രീയവും


ജനഹിതമനുസരിച്ച് വധശിക്ഷ നടപ്പിലാക്കി ചോരയിൽ കൈകഴുകി ജനപ്രിയത ഉറപ്പിക്കുന്ന അധികാരത്തിന്റെ രീതി ചരിത്രത്തിൽ പലയിടത്തും കാണാം. സ്വയം പരിഷ്‌കൃതരെന്ന് ഏവരും സ്വയം വിശ്വസിക്കുന്നൊരു കാലഘട്ടത്തിൽ ഇത്തരത്തിലൊന്ന് അസംഭവ്യമാണെന്നു തോന്നിയേക്കാം. എന്നാൽ, ഈയടുത്ത് നടന്ന രണ്ട് വധശിക്ഷകളെ സൂക്ഷ്മമായി നോക്കിയാൽ അതിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് സംശയം തോന്നാം. അജ്മൽ കസബിനെ തൂക്കിക്കൊന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. പൊതുവികാരത്തെ തൃപ്തിപ്പെടുത്തി ഭൂരിപക്ഷ വോട്ടുകൾ നേടിയെടുക്കുവാനുള്ള ഒരു ഗൂഢലക്ഷ്യം ഇതിനുപിന്നിൽ കാണാനാകും. പക്ഷെ അതുകൊണ്ട് കോൺഗ്രസിന് നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

ബി.ജെ.പി മോഡിയെ ഉയർത്തിക്കാട്ടി
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രം ഒരുക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോൾ അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. അതോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ വിവാദമായ കാവിഭീകരത പ്രസ്താവനഒരു വർഗീയ ആയുധമാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ അതിനു തടയിടാനുള്ള ഒരു കോൺഗ്രസ് തന്ത്രവുമായിരുന്നു അഫ്സൽ ഗുരുവിന്റെ വധശിക്ഷ. നിരവധി ദയാഹർജികൾ തീർപ്പുകാത്ത് കിടന്നിരുന്നെങ്കിലും ബി.ജെ.പിയുടെ ഏറെനാളായുള്ള ആവശ്യം അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കണമെന്നത് മാത്രമായിരുന്നു.

അജ്മൽ കസബിനെ 2012 നവംബർ 21 തൂക്കിക്കൊന്നതോടെ അഫ്സൽ ഗുരുവിന്റെ രക്തത്തിനായുള്ള മുറവിളി പലകോണിൽനിന്നും വീണ്ടുമുയർന്നു. എന്നാൽ, നവംബർ 15ന് പ്രണബ് മുഖർജി അഫ്സൽ ഗുരുവിന്റെ ഫയൽ പുനർചിന്തനത്തിനായി ആഭ്യന്തര മന്ത്രാലയത്തിനു തിരിച്ചയച്ചിരുന്നു.

ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ വിവാദമായ കാവി ഭീകരത പ്രസ്താവന നടത്തിയത് ഇക്കഴിഞ്ഞ ജനുവരി 20 നാണ്. അതേത്തുടർന്ന് തൊട്ടടുത്ത ദിവസങ്ങളിൽ ബി.ജെ.പി, സംഘപരിവാർ കക്ഷികൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ജനുവരി 23 ന് ആഭ്യന്തര മന്ത്രാലയം അഫ്സൽ ഗുരുവിന്റെ ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി. അതിൽ തീർച്ചയായും ഒരു കൈകഴുകൽ രാഷ്ട്രീയം കാണാനാകും

അഫ്സൽ ഗുരുവിനെ തൂക്കിക്കൊല്ലാൻ വിധിച്ചത് 2004ലാണ്. പിന്നീട് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചെങ്കിലും അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമോ പിന്നീടുവന്ന പ്രതിഭ പാട്ടീലോ അതിൽ തീർപ്പുകൽപ്പിച്ചില്ല. എന്നാൽ പ്രണബ് മുഖർജി രാഷ്ട്രപതിയായ ശേഷം തള്ളിയ മൂന്നാമത്തെ ദയാഹർജിയായിരുന്നു അഫ്സലിന്റേത്. പ്രണബ് ചുമതലയേറ്റതിനുശേഷം ഇതിനോടകം ഏഴുപേരുടെ ദയാഹർജികൾ തള്ളി.

അഫ്സൽ ഗുരുവിന്റെ ദയാഹർജി ഫെബ്രുവരി മൂന്നിനു രാഷ്ട്രപതി തള്ളി. ഒൻപതിനു തൂക്കിക്കൊന്നു. ദയാഹർജികൾ തള്ളിയാൽ അത് പ്രതിയെയും ബന്ധുക്കളെയും അറിയിക്കും. അവർക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ അവസരമുണ്ട്. എന്നാൽ അഫ്സൽ ഗുരുവിന്റെ കാര്യത്തിൽ അതുണ്ടായില്ല. അതിനാൽ കോടതിയെ സമീപിക്കാൻ അവസരവും ലഭിച്ചില്ല. തൂക്കിക്കൊല്ലുന്നതിനു മുൻപ് കുടുംബത്തെ കാണാനും അവസരം നൽകിയില്ല.

അപ്പീലിന് സമയം നൽകാതിരിക്കുന്നത് ഈയടുത്തു നടപ്പാക്കിയ രണ്ട് വധശിക്ഷകളിലും കണ്ടു. ഒപ്പം ഓർക്കേണ്ട ഒന്നുകൂടിയുണ്ട്.
ദയാഹർജികൾ തള്ളിയാൽ 16 ദിവസത്തിനുള്ളിൽ തൂക്കിക്കൊല്ലണം എന്നാണ് നിയമം. എന്നാൽ, വീണ്ടും കോടതിയെ സമീപിച്ച് ശിക്ഷയിൽ ഇളവ് നേടിയവർ നിരവധിയാണ്.

1993
ഡൽഹി യൂത്ത് കോൺഗ്രസ് ആസ്ഥാനത്തിനടുത്ത് കാർ ബോംബ് സ്‌ഫോടനം നടത്തി ഒൻപതുപേരെ കൊന്ന കുറ്റവാളി ദേവീന്ദർ പാൽ സിംഗ് ഭുല്ലർക്ക് 2002 കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ 2006 ഡിസംബർ 27ന് സുപ്രീം കോടതി ശരിവച്ചു. 2011 മേയിൽ രാഷ്ട്രപതി ദയാഹർജി തള്ളി. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയിൽ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പായിട്ടില്ല.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗിനെയും മറ്റു 17 പേരെയും 1995ൽ കൊന്ന ബൽവന്ത് സിംഗ് രജോനയെ 2012 മാർച്ച് 31ന് തൂക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഒരു സിക്ക് സംഘടന നൽകിയ അപ്പീൽ പരിഗണിച്ച് മാർച്ച് 28 ന് ആഭ്യന്തര വകുപ്പ് ശിക്ഷ നടപ്പാക്കുന്നത് നിർത്തിവച്ചു.

അഫ്സൽ ഗുരുവിന്റെ ദയാഹർജി തള്ളുന്നതിന് ഒരു മാസം മുൻപ്, 2005ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വധശിക്ഷ ശരിവച്ചശേഷം ദയാഹർജിയുടെ തീർപ്പുകാത്ത് ബെൽഗാം ജയിലിൽ കഴിഞ്ഞിരുന്ന സയ്ബണ്ണ നിംഗപ്പ നടികരുടെ അപേക്ഷ ജനുവരി നാലിന് രാഷ്ട്രപതി തള്ളിയിരുന്നു. ആദ്യ ഭാര്യയെ കൊന്ന് ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കെ, 1994ൽ പരോളിലിറങ്ങി രണ്ടാം ഭാര്യയെയും മകളെയും കൊന്നിട്ട് ആത്മഹത്യക്ക് ശ്രമിച്ചതിനാണ് കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ സയ്ബണ്ണയുടെ ദയാഹർജി തള്ളുന്നതിനുമുൻപ്, 2009ൽ മറ്റൊരു കേസിന്റെ വിധി പ്രസ്താവനയ്ക്കിടെ സയ്ബണ്ണയുടെ വിധിയിൽ തെറ്റുപറ്റിയതായി സുപ്രീം കോടതി സമ്മതിച്ചത് പതിനാല് മുൻ ന്യായാധിപന്മാരുടെ ഒരു സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

വിധിയിൽ തെറ്റുപറ്റി എന്ന് കോടതി ഏറ്റുപറയുന്ന ഒരേയൊരു കേസല്ല സയ്ബണ്ണയുടേത്. ഇത്തരം പിഴവുകൾക്ക് പകരം നൽകാനുള്ളതാണോ മനുഷ്യജീവൻ!


അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ ഉടൻ തന്നെ 1993ൽ കുഴിബോംബ് സ്ഫോടനം നടത്തി 21 പൊലീസുകാരെ കൊന്ന കേസിൽ വീരപ്പന്റെ നാലു കൂട്ടാളികളുടെ ദയാഹർജി തള്ളിയിരുന്നു. എന്നാൽ ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച അവരുടെ വധശിക്ഷ താൽകാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. രാജീവ് ഗാന്ധി വധത്തിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടവരും രാഷ്ട്രപതി ദയാഹർജി തള്ളിയതിനുശേഷം കോടതിയെ സമീപിച്ച് ശിക്ഷ നടപ്പാക്കുന്നതിനെതിരെ സ്റ്റേ വാങ്ങിയിരുന്നു.

പൊതുബോധത്തിലെ ജനാധിപത്യവിരുദ്ധത

പൊതുസമൂഹത്തിന്റെ പകയാണ് വധശിക്ഷയിലെത്തുന്നതെന്ന് പല വിധികളിലും നമുക്ക് കാണാം. ഈയടുത്ത് നടന്ന ഡൽഹി കൂട്ടമാനഭംഗക്കേസിലും വിധി മറ്റൊന്നാവില്ലെന്ന് പൊതുബോധത്തെ നോക്കി പ്രവചിക്കാനാകും. സ്ത്രീപീഡനത്തിനെതിരെയുള്ള പുതിയ നിയമനിർമ്മാണത്തിനായി ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച വർമ്മ കമ്മിഷൻ, വധശിക്ഷ ഒഴിവാക്കി നൽകിയ റിപ്പോർട്ടിൽ പല രീതിയിൽ വെള്ളം ചേർത്ത് ഇതേ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വധശിക്ഷകൂടി ചേർത്ത് ഓർഡിനൻസായി പുറത്തിറക്കിയ സർക്കാൻ നീക്കവും നാം കണ്ടതാണ്.

അഫ്സൽ
ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയപ്പോൾ ഉയർന്ന പ്രധാന ആരോപണം കുടുംബത്തെ വിവരമറിയിച്ചില്ല എന്നാണ്. എന്നാൽ പഴിതീർക്കാൻ അയച്ച സ്പീഡ് പോസ്റ്റിന്റെ തുമ്പിൽ പിടിച്ച് അതിൽനിന്ന് ഊരാൻ സർക്കാർ ശ്രമിച്ചു. ഈയൊരു വിവാദത്തോട് മേൽപ്പറഞ്ഞ പൊതുബോധത്തിന്റെ പ്രതികരണം ഇങ്ങനെയാണ് - "അവർ പാർലമെന്റ് ആക്രമിച്ചത് കത്തയച്ച് അറിയിച്ചിട്ടായിരുന്നോ?"

പ്രതികാരയുക്തി മാത്രമുള്ള ഈയൊരു ചോദ്യം ഉയരുമ്പോൾ തീവ്രവാദവും ജനാധിപത്യവും തമ്മിലെന്താണ് വ്യത്യാസം! വധശിക്ഷയ്ക്കെതിരെയുള്ള പ്രസ്താവനകളെ, അതാരുടെ എന്നതനുസരിച്ച് ബാലിശമെന്നും രാജ്യദ്രോഹമെന്നും മുദ്ര കുത്തുന്നതും കാണാം.

റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ഓസ്കാർ അവാർഡ് നേടിയ ഗ്ലാഡിയേറ്റർ എന്ന സിനിമയിൽ കൊളോസിയത്തിലെ പോരുകൾ കാണാം. പോരിന്റെ അവസാനം തോറ്റവന്റെ വിധി നിർണയിക്കേണ്ടത് ചക്രവർത്തിയാണ്. അതിനായി അവിടെ കൂടിയ ജനാവലിയുടെ അഭിപ്രായം ആരായും. അപ്പോൾ 'കൊല്ലവനെ, കൊല്ലവനെ' എന്ന് ഒരേ സ്വരത്തിൽ ആക്രോശിക്കുന്ന കാണികളെ കാണാം. പലപ്പോഴും മാദ്ധ്യമശ്രദ്ധയിൽ വരുന്ന ക്രൂരമായ കുറ്റകൃത്യങ്ങളുടെ കേസുകളിലൊക്കെയും ഇത്തരത്തിലുള്ള യുക്തിരഹിതവും കേവലവികാരാധിഷ്ഠിതവുമായ ആക്രോശങ്ങളാണ് കോടതിവിധികളെ നിർണയിക്കുന്നതെന്നതിന് തെളിവുകൾ അനവധിയാണ്. പലപ്പോഴും പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നു.

മറ്റെല്ലാക്കാര്യങ്ങളിലും അമേരിക്കയെയും യൂറോപ്പിനെയും മാതൃകയായി ചൂണ്ടിക്കാട്ടുന്നവർ, ഈയൊരു കാര്യത്തിൽ ലോകത്തെ ഏറ്റവും അപരിഷ്‌കൃതമായ -പൊതുജനമദ്ധ്യത്തിൽ വധശിക്ഷ നടപ്പാക്കുന്ന- രീതിയെ മാതൃകയാക്കണം എന്ന് ഊറ്റംകൊള്ളും.

വധശിക്ഷയോട് വിയോജിക്കാൻ ഈ ഒരു വരിമാത്രം മതി - "ഒരു കുറ്റകൃത്യം കൊണ്ട് മറ്റൊരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാവില്ല."
'നിയമപ്രകാരമുള്ള വധ'ത്തെ അംഗീകരിക്കുന്നവരോട് ഒന്നുകൂടി പറയാം - "ഹിറ്റ്‌ലർ ജർമനിയിൽ ചെയ്തതതൊക്കെയും നിയമപ്രകാരം ശരിയായിരുന്നു."  


References:

1)        Arundhati Roy, A perfect day for democracy, The Hindu, Dated Feb 10, 2013
2)       T. R. Andhyarujina, An execution most foul, The Hindu, Dated Feb 19, 2013
3)       1,455 persons awarded death penalty in India from 2001 to 2011, Asian Centre for Human Rights, Dated Feb 14, 2013
4)       Vengeance isn’t justice, The Hindu, Dated Feb 10, 2013

(കേരളകൗമുദി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്)

Thursday, August 2, 2012

2012ലെ ധർമ്മപുരി[ഭരണകൂട ഭീകരത പലതരം വേഷപ്പകർച്ചയിലൂടെ കാലഘട്ടങ്ങളുടെ മുഖമുദ്രയായി നിലനിൽക്കും. അതുകൊണ്ട് ധർമ്മപുരാണങ്ങൾ കാലഘട്ടത്തെ അതിജീവിക്കുന്ന ക്ലാസിക്കുകളായി മാറുന്നു. "ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം" എന്ന് ശ്രീ കെ പി അപ്പൻ വിളിച്ച കൃതിയുടെ കോണിലൂടെ 2012നെയും നോക്കാൻ സാധിക്കും. അത്തരമൊരു നോട്ടത്തിന് പ്രേരണയായത് ചില സമകാലിക സംഭവ വികാസങ്ങളാണ്. തമസ്കരിക്കപ്പെടുന്ന വാർത്തകളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂക്കോപ്പി എന്ന പംക്തിയിൽ വായിച്ചപ്പോൾ അതേ ലക്കത്തിൽ മറ്റൊരിടത്തായി കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ചില തമസ്കരിക്കപ്പെട്ട ചില വാർത്തകളെക്കുറിച്ച് പറഞ്ഞതും കണ്ടു. തൊട്ടടുത്ത ദിവസം ദി ഹിന്ദുവിൽ ഈ വാർത്ത വന്നപ്പോൾ മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ അത് കണ്ടില്ലെന്ന് നടിച്ചു. (വിട്ടുപോയതെങ്കിൽ തൊട്ടടുത്ത ദിവസം വന്നിരുന്നേനെ)]

ശ്രീമതി ധർമ്മപുരിയുടെ പ്രജാപതി സ്ഥാനത്തുനിന്നൊഴിഞ്ഞു. അല്ല ഓളെ വെട്ടി മാറ്റി. കാലം കടന്നുപോയി.

ലോകത്ത് നിലനിന്നിരുന്ന കുളിർ യുദ്ധം അവസാനിച്ചു.  താർത്താരികുടിയരശ് തകർന്നുതരിപ്പണമായി. ലോകരാജ്യങ്ങൾ മുഴുവൻ വെള്ള  സംയുക്തനാടുകളുടെ വൈശിഷ്ട്യം അംഗീകരിച്ചു പോരുന്നു.

 പ്രജാപതിപ്പട്ടം പലകൈ മറിഞ്ഞു. മാലിന്യങ്ങൾ കുന്നുകൂടി. മുന്നോട്ട് ഓടിയ കാലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിലെത്തി നിൽക്കുന്നു.

മാലിന്യസംസ്കരണത്തെക്കുറിച്ച് ഖിന്നനായി ഒരു തൊപ്പിക്കാരൻ ധർമ്മപുരിയുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിൽ ഉണ്ണാവ്രതം അനുഷ്ടിക്കുന്നു. തൊപ്പി ശ്രീമാനാണ് ഇന്ന് പ്രജാപതി. ധർമ്മപുരിയുടെ പ്രജാപതിയും വെള്ള നാടുകളുടെ ആശ്രിതവൽസലനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!!

പണ്ട്, അതായത് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ധർമ്മപുരിയുടെ വാതിൽ വിദേശ മാലിന്യങ്ങൾക്ക് കടന്നുവരാനായി തുറന്നിട്ട തൊപ്പിക്കാരൻ ശ്രീമാൻ, പിന്നീട് പ്രജാപതി ആയപ്പോഴാണ് വിദേശത്തു നിന്നും അപ്പി വാങ്ങി നിറയ്ക്കുന്ന കക്കൂസുകൾ പണിയാൻ തീരുമാനിച്ചത്. അതും വിദേശ സഹായത്തോടെ.

താർത്താരികുടിയരശ് തകർന്നടിയുന്നതിനു മുമ്പ്, ശ്രീമതീപുത്രൻ പ്രജാപതിയായിരുന്ന കാലത്താണ് ധർമ്മപുരിയുടെ തേക്കേയറ്റത്ത് കുടിയരശ് കക്കൂസ് കുത്താൻ കരാറായത്. കുടിയരശിന്റെ തകർച്ചയ്ക്ക് ശേഷം റൂസ് അതിന്റെ അവകാശികളായി. കുഴികുത്തൽ തുടർന്നുകൊണ്ടിരുന്നു.

ലോകത്ത് ഇതിനോടകം കക്കൂസ് പൊട്ടി ഒരുപാട് അപകടങ്ങളും പുതിയ കക്കൂസുകൾ കുത്തുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രക്ഷോഭങ്ങളും അരങ്ങേറിത്തുടങ്ങിയിരുന്നു. അതേസമയം പണ്ടേ കുത്തിത്തുടങ്ങിയ റൂസുകാരുടെ കക്കൂസ് ധർമ്മപുരിയുടെ തെക്കേയറ്റത്ത് പൂർത്തിയായി വന്നിരുന്നു.

ലോകത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സിദ്ധാർഥന്റെ നേതൃത്വത്തിൽ ധർമ്മപുരിയുടെ തെക്കും സമരത്തിന്റെ ജ്വാലകൾ തെളിഞ്ഞുവന്നു. കക്കൂസ് പൊട്ടിയാലുണ്ടാവുന്ന ദുർഗന്ധത്തെയും അതുണ്ടാക്കുന്ന അപകടങ്ങളേപ്പറ്റിയും പുരിവാസികളിൽ നിന്നും ചോദ്യങ്ങളുയർന്നു. പക്ഷെ അവർക്കൊക്കെ, "ഈ കക്കൂസിന്റെ സെപ്ടിക്ക് ടാങ്ക് ഒരിക്കലും പൊട്ടില്ല" എന്ന മറുപടിയാണ് പ്രജാപതിയും അപ്പിക്കമ്മീഷനും നൽകിയത്.

പ്രജാപതി പറഞ്ഞാൽ പിന്നെ അപ്പീലില്ല. അതാണല്ലോ ധർമ്മപുരിയുടെ നീതി!!

റൂസിന്റെ നാല് കുഴിയുള്ള കക്കൂസിലെ ആദ്യ രണ്ട് കുഴിയിൽ അപ്പിയിടാൻ തുടങ്ങാനിരിക്കെ പ്രജാപതി എല്ലാവരെയും ഞെട്ടിച്ച് ഒരു ചോദ്യമുന്നയിച്ചു:

"ടാങ്ക് പൊട്ടിയാൽ അപ്പി ആര് കോരും?"

പ്രജാപതി തന്നെ കോരണമെന്ന് റൂസും. അല്ല അപ്പിയിടുന്ന ആൾ തന്നെ കോരണമെന്ന് പ്രജാപതിയും. തർക്കം ധർമ്മപുരിവാസികൾക്ക് ഒരു പുതുവെളിച്ചമായി. അപ്പിക്കമ്മീഷൻ ധർമ്മസങ്കടത്തിലായി.

പുതുതായി വരാനിരിക്കുന്ന വെള്ള സംയുക്ത-പ്രാഞ്ചി കക്കൂസുകളിലെ അപ്പിയും താൻ തന്നെ കോരേണ്ടി വരുമോ എന്ന സന്ദേഹമാണ് പെട്ടെന്നുണ്ടായ ചോദ്യത്തിന്റെ പിന്നിലെന്ന് കൊട്ടാരം വിദൂഷകർ വിലയിരുത്തുന്നു. പ്രജാപതി രണ്ട് മുഴം മുന്നേ എറിയുന്ന ആളായതുകൊണ്ട് യഥാർത്ഥ ഉദ്ദേശ്യം ഇനിയും വ്യക്തമല്ല.

എന്നാലും ടാങ്ക് പൊട്ടാൻ സാധ്യതയുണ്ടെന്ന് പ്രജാപതിക്കും തോന്നിയിരിക്കുന്നു.

വരാനുള്ളതെന്തും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടതിനാൽ ധർമ്മസങ്കടങ്ങൾക്ക് പുരിവാസികളുടെ ഇടയിൽ യാതൊരു വിലയുമില്ല. പക്ഷെ ഇന്നൊരു കാര്യം വ്യക്തം:

ഈ ടാങ്കും പൊട്ടിയേക്കാം.Friday, May 25, 2012

മതപരിവർത്തനം: ചില ചിന്തകൾ

നാലംഗ കുടുംബമായിരുന്നു രാജുവിന്റേത്. തമിഴ്നാട്-കേരള അതിർത്തിയിലുള്ള ഒരു ചെറുപട്ടണമാണ് ഇവരുടെ സ്വദേശം. വാടകവീട്ടിലാണ് താമസിച്ചിരുന്നത്.  മൂന്ന് മാസങ്ങൾക്ക് മുൻപ്  നടന്ന ഒരപകടത്തിൽ  രാജു മരിച്ചു. രാജുവിന്റെ മരണശേഷം ഭാര്യ ജയയും രണ്ട് കുട്ടികളും വാടകവീട്ടിൽ നിന്നും ജയയുടെ വീട്ടിലേക്ക് മാറി. അവിടെ ആകെയുള്ള വരുമാനം ജയയുടെ അമ്മയുടെ വഴിയോരക്കച്ചവടത്തിൽ നിന്നും കിട്ടുന്നത് മാത്രമാണ്. ഭര്‍ത്താവ്‌ മരിച്ചതിനാല്‍ ഈ സ്ത്രീക്ക് ഒരു വര്‍ഷത്തേക്ക് പുറംസമൂഹവുമായി ഇടപെടാന്‍ പാടില്ല എന്നാണവിടത്തെ മത/നാട്ടു നിയമം. കുട്ടികള്‍ ഇനി, ഒരാള്‍ ആറാം ക്ലാസിലേക്കും ഒരാള്‍ മൂന്നിലേക്കും. രണ്ടുപേരും നന്നായി പഠിക്കും. മക്കൾ നല്ല രീതിയിൽ പഠിച്ചു വളരണം എന്ന ആഗ്രഹം കാരണം അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് രാജു അവരെ ചേർത്തിരുന്നത്. അതൊരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനമാണ്. രാജുവിന്റെ പെട്ടെന്നുണ്ടായ മരണവും വരുമാനത്തിന്റെ കുറവും കാരണം കുട്ടികളുടെ ഫീസ് അടയ്ക്കാൻ കാശില്ലാത്ത അവസ്ഥയിലാണ് അവരിപ്പോൾ. മതം മാറി ക്രിസ്തുമതം സ്വീകരിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാമെന്ന് മാനേജ്മെന്റ് പറഞ്ഞു. പക്ഷെ അതിൽ കുടുംബത്തിനു വലിയ താല്പര്യമില്ല.

കഥ അവിടെ നിൽക്കട്ടെ. ഇപ്പറഞ്ഞ കാര്യം പുറത്തു നിന്ന് ഒന്ന് വീക്ഷിക്കാം. അപ്പോൾ പല ചോദ്യങ്ങളും അഭിപ്രായങ്ങളും വരാം. സ്വാഭാവികം. അവയിൽ ചിലത് ഇങ്ങനെയൊക്കെയാവും

  • മാനേജ്മെന്റിന്റെ നിലപാട് ശരിയല്ല:
വ്യക്തിപരമായി അതിനോട് യോജിക്കുന്നു. മതത്തിനപ്പുറത്ത് മനുഷ്യന്റെ അവസ്ഥയെ കാണാനുള്ള കഴിവുകേടാണ് ശരിക്കും ഈ നിലപാടിൽ വ്യക്തമാവുന്നത്. പക്ഷെ ശരിക്കുള്ള ഉദ്ദേശം നോക്കിയാൽ മനുഷ്യാവസ്ഥ എന്നൊരു വിഷയമേ അവിടെയില്ല എന്ന് മനസ്സിലാവും. കേവലം മതപ്രചാരണം മാത്രമാണ് ലക്ഷ്യം. അതിനായി പ്രലോഭനങ്ങൾ നടത്തുമ്പോൾ കരുണയുടെ കുപ്പായം അണിയിക്കുന്നു. അത്രമാത്രം.
  • അങ്ങനെ മതം മാറി ഔദാര്യം പറ്റണോ! അതൊന്നും നമ്മൾ അനുവദിച്ചു കൊടുക്കരുത്. അവർ സഹായിച്ചില്ലെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാമോ എന്ന് നോക്കാം.
"നമുക്ക് എന്തെങ്കിലും ചെയ്യാമോ എന്ന് നോക്കാം" എന്നതിലെ ആത്മാർത്ഥത എത്രത്തോളമുണ്ടെങ്കിലും അവിടെയും മതവും മതപരിവർത്തനവും സംബന്ധിച്ച ആകുലതകൾ നിഴലിക്കുന്നു.
  • മതം മാറിയാൽ എന്തെങ്കിലും ഗുണം കിട്ടുന്നെങ്കിൽ പിന്നെ മാറുന്നതിലെന്താ തെറ്റ്!!
മതങ്ങളുടെ ചരിത്രം ദേശത്തിന്റെ ചരിത്രവുമായി കൂട്ടിവായിക്കാൻ ശ്രമിച്ചാൽ ഓരോ സമൂഹത്തിലും മതങ്ങൾ എങ്ങനെ വേരൂന്നി എന്ന് മനസ്സിലാവും. ആദ്യം പറഞ്ഞ പ്രലോഭനങ്ങളെയും ഈ പറഞ്ഞ ഗുണങ്ങളെയും കുറിച്ചുള്ള ചിന്തകൾ അതിനു പിന്നിൽ കാണാൻ കഴിയും.

  • ഇതൊക്കെ മതങ്ങളുമായി കൂട്ടിക്കുഴക്കണോ! വ്യക്തിയുടെ വീക്ഷണകോണിൽ നിന്ന് സമൂഹത്തെ നോക്കുമ്പോൾ മതങ്ങൾക്ക് എത്രയാണിവിടെ പ്രസക്തി! മതം വ്യക്തിസ്വത്വവുമായി ചേർന്നു കിടക്കുന്ന ഒന്നാണോ! അതിൽ പരിവർത്തനം പാടില്ലേ! മതം സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടോ!
മതം ഒന്നിന്റെയും അവസാനവാക്കല്ല. അത് മാറുന്നതിൽ വ്യക്തിക്കുള്ള താല്പര്യം മാത്രം കണക്കിലെടുത്താൽ മതി. അവകാശങ്ങൾ നേടിയെടുക്കാൻ സമുദായങ്ങളും മതങ്ങളും ആയുധമാക്കപ്പെടുന്ന ഈ സമൂഹത്തിൽ വ്യക്തിപരമായ (മുകളിൽ പറഞ്ഞ സംഭവത്തിലെ പോലെ) കാര്യസാധ്യത്തിന് മതപരിവർത്തനം നടത്തുന്നതിൽ അപാകതയൊന്നും കാണുന്നില്ല. അങ്ങനെ ചെയ്യുമ്പോൾ മതം വെറും ഒരു ടൂൾ ആയി മാറുകയാണ്. 'ഇന്നത്തെ എന്റെ മതം കൊണ്ട് എനിക്ക് പ്രയോജനമില്ല അതുകൊണ്ട് പ്രയോജനമുള്ള മറ്റൊരു മതത്തിലേക്ക് മാറാം' എന്ന ചിന്തയാണ് അവിടെ രൂപപ്പെടുന്നത്. നാം ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് സാമ്പത്തികലാഭം(വ്യക്തിപരമായ മറ്റു ലാഭങ്ങളും) നോക്കി മാറുന്ന രീതിയോട് ഉപമിക്കാവുന്ന ഒരു പരിവർത്തന സൈക്കോളജി.
മതം സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നത് ശരി തന്നെ. അപ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. വേഷം, ഭക്ഷണം തുടങ്ങി ദൈനംദിന ജീവിതത്തിൽ നാം കൈകാര്യം ചെയ്യുന്നതിലെല്ലാം ഈ പറഞ്ഞ സംസ്കാരവും രാഷ്ട്രീയവും അടങ്ങിയിട്ടുണ്ട്. അവയിലൊക്കെ നാം മാറ്റത്തിനു തയ്യാറാവുമ്പോൾ മതം മാറുന്നതിൽ മാത്രം ഈ യുക്തിവെച്ച് എങ്ങനെ തെറ്റു കണ്ടുപിടിക്കാൻ കഴിയും!

ചുരുക്കത്തിൽ മതപരിവർത്തനം തികച്ചും വ്യക്തിപരമായ കാര്യമാണ്. പേരോ മതമോ മാറിയതുകൊണ്ട് ഒരു വ്യക്തിയും മാറുന്നില്ല. വ്യക്തി എന്ന സങ്കല്പം, ഓരോ കാലത്തും അവൻ എങ്ങനെ ചിന്തിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. റെനെ ഡെക്കാർട്ടെസ് പറഞ്ഞതുദ്ധരിച്ചാൽ "I think therefore I am."

Monday, May 21, 2012

ഓർമ്മച്ചെപ്പ് തുറന്ന് മഞ്ചാടിക്കുരു...

[ഇതൊരു നിരൂപണമല്ല. കഴിഞ്ഞ ദിവസങ്ങളിൽ മനസ്സിൽ ഉരുണ്ടുകൂടിയ ചില കാര്യങ്ങൾ.]

രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് റിലീസായത് 2007 ജനുവരിയിലായിരുന്നു. അന്ന് ഞാൻ ബാംഗ്ലൂരിലായിരുന്നു. ചുരുക്കം ചില മലയാളസിനിമകൾ മാത്രമാണ് അന്ന് അവിടെ റിലീസ് ചെയ്തിരുന്നത്. ഈ സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ അത് കാണണം എന്ന് ഉള്ളിന്റെ ഉള്ളിൽ എന്തുകൊണ്ടോ ഒരു തോന്നൽ ഉണ്ടായി. ചുരുക്കം ചില സിനിമകളുടെ കാര്യത്തിൽ ഞാൻ അങ്ങനെയാണ്. പ്രത്യേകിച്ച് ഒരു കാരണം പറയാനാവില്ല. ട്രെയിലർ കണ്ടതിൽ നിന്നും ഉരുത്തിഞ്ഞുവന്ന തോന്നലാവാം. ഒപ്പം അപ്പോൾ നാട്ടിലുണ്ടായിരുന്ന ചില അടുത്ത സുഹൃത്തുക്കളിൽ നിന്നും നല്ല അഭിപ്രായങ്ങളും കേട്ടു. തൊട്ടടുത്ത ആഴ്ച തന്നെ എറണാകുളത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. അപ്പോൾ ഇത് കണ്ടിട്ടേയുള്ളു എന്ന് തീരുമാനിച്ചു. പക്ഷെ അവിടെ എത്തിയപ്പോഴേക്കും സിനിമ തിരിച്ചു പെട്ടിയിൽ കയറിയിരുന്നു. അതുവരെയുണ്ടായിരുന്ന ആകാംക്ഷ വർദ്ധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

പിന്നെ കയ്യൊപ്പിനായി പലയിടത്തും അലഞ്ഞു. ഇന്റർനെറ്റിൽ. ബീമാപ്പള്ളിയിൽ. ബീമാപ്പള്ളിയിൽ തിരക്കിയപ്പോൾ അങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടുള്ളതായി പോലും ആർക്കും അറിയില്ല. ഡിവിഡി പുറത്തു വരുന്നതായി ഒന്നര വർഷത്തിനു ശേഷം 2008 ഡിസംബറിൽ സിഡിക്കട നടത്തുന്ന ഒരു സുഹൃത്തിൽ നിന്നും അറിയാനിടയായി. സംഭവം വന്ന അന്ന് തന്നെ ഒരു കോപ്പി കൈക്കലാക്കി സിനിമ കണ്ടു.

2010ൽ മോഹൻ രാഘവന്റെ റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി ഒഴിഞ്ഞ തീയറ്ററിൽ നിന്നും കണ്ടിറങ്ങിയപ്പോൾ ആ ചെറിയ സിനിമ ഒരുപാട് പേരിലെത്തണം എന്ന് തോന്നി. അതുകൊണ്ട് "കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്" എന്ന് ഈ ബ്ലോഗിൽ കുറിക്കുകയും ചെയ്തു. ഒപ്പം അടുത്തറിയാവുന്നവരെയൊക്കെ തീയറ്ററിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.

വളരെ വിരളമായേ ഇങ്ങനെ ചില സിനിമകൾ കാണാനും കാണിക്കാനും തോന്നാറൊള്ളു. ഇതല്ലാതെ ഇഷ്ടപ്പെട്ട സിനിമകൾ വന്നില്ല എന്നല്ല. മിക്കതും അല്ലാതെ തന്നെ കാണികളെ നേടിയിട്ടുണ്ട് എന്നതുകൊണ്ടാണ് ഇവയെക്കുറിച്ച് മാത്രം പറഞ്ഞത്. ഒക്കെ പ്രൊമോഷന്റെ വിജയപരാജയങ്ങൾ എന്ന് ചുരുക്കി പറയാം.


മേൽ‌പ്പറഞ്ഞ രണ്ട് സിനിമകൾക്കിടെ 2008ലെ IFFKലാണ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു വന്ന് ഒരുപിടി അവാർഡുകളും നേടി കടന്നു പോയത്. അത്തവണ IFFKൽ മൂന്ന് ദിവസം ചുറ്റിനടന്നു സിനിമകൾ കണ്ടെങ്കിലും ഇത് ശ്രദ്ധിക്കുകയോ കാണുകയോ ചെയ്തില്ല. അവാർഡ്നേട്ടം നേടിക്കൊടുത്ത മാദ്ധ്യമശ്രദ്ധയാണ് മുൻപ് കയ്യൊപ്പിനോട് തോന്നിയപോലൊരു ആകാംശ പിന്നീട് മഞ്ചാടിക്കുരുവിനോടും തോന്നാൻ കാരണം. ഇത്തവണ അന്വേഷണം കൂടുതൽ ഊർജ്ജിതമായിരുന്നു. കേരളാ കഫേ കൂടി പുറത്തിറങ്ങിയതോടെ സംവിധായികയെ സോഷ്യൽ മീഡിയയിലും മറ്റും കാണാനായി. അപ്പോൾ അന്വേഷണം നേരിട്ടും നടത്തി. അപ്പോഴൊക്കെ "മഞ്ചാടിക്കുരുവിന്റെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരൂ. റിലീസ് വിവരങ്ങൾ അവിടെ പ്രസിദ്ധീകരിക്കും" എന്നായിരുന്നു മറുപടി.

ആ കാത്തിരിപ്പ് 3 വർഷം നീണ്ടു. അവസാനം മഞ്ചാടിക്കുരു പുറത്തുവന്നു. വിഷയം ഗൃഹാതുരത്വം എന്ന് മുൻപ് തന്നെ പലയിടത്തും വായിച്ചിരുന്നു. മലയാളനാട്ടിൽ ഏറ്റവും വില്പന സാധ്യതയുള്ള സാധനമാണിതെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. ഓരോ കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും അവരുടേതായ ഭൂതകാലസ്മരണകൾ ഉണ്ടാവും അതത് കാലത്തിലൂടെ കടന്നുപോയിട്ടുള്ളവർക്ക് അത്തരം ഓർമ്മകളുടെ കുളിര് സമ്മാനിക്കും. ഈയൊരു ലോജിക്കാണ് ഈ വിഷയം ഇത്ര ജനകീയമാവാൻ കാരണം. പലവട്ടം പലതരത്തിൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ സിനിമയെന്ന മീഡിയത്തോട് നീതി പുലർത്തുക എന്നതാണ് ഏറ്റവും മുഖ്യം എന്നാണെന്റെ പക്ഷം.

എന്തായാലും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ദിനം തന്നെ സിനിമ കണ്ടു. ഓർമ്മകളുടെ താഴ്വരയിലൂടെ കൈപിടിച്ചു നടത്തുന്ന ലളിത സുന്ദരമായ ഒരു ചിത്രം. 16 ദിവസത്തെ അവധിക്കാലത്ത് വിക്കി കണ്ടതും കേട്ടതും പഠിച്ചതുമായ കാര്യങ്ങളാണ് വിക്കിയുടെ വീക്ഷണകോണിലൂടെ നാം കാണുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കഥാഗതിയിലും ആ നിഷ്ക്കളങ്കത തെളിഞ്ഞുനിൽക്കുന്നു. മനുഷ്യന്റെ സ്വഭാവം കേവലം കറുപ്പിലും വെളുപ്പിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. സാഹചര്യമനുസരിച്ച് ഇവയ്ക്കിടയിലുള്ള ഒരായിരം വര്‍ണ്ണങ്ങളിലേക്കും മാറാം എന്ന് പറയുകയും, ഇതിലെ കഥാപാത്രങ്ങളിലൂടെ അത് വരച്ച് കാണിക്കുകയും ചെയ്യുമ്പോൾ ഈ സിനിമ ജീവിതത്തോട് അടുത്തു നിന്ന് സംവേദിക്കുന്നു എന്ന് സമ്മതിക്കേണ്ടി വരുന്നു.

എന്റെ ബാല്യം 1980കളുടെ രണ്ടാം പകുതിയിലും 1990കളുടെ ആദ്യ പകുതിയിലുമായി പടർന്നു കിടക്കുന്നു. അന്ന് കണ്ടതും ചെയ്തതും അനുഭവിച്ചതുമായ ഏതാണ്ടെല്ലാ കാര്യങ്ങളും കണ്മുൻപിൽ വീണ്ടും തെളിഞ്ഞു വരുമ്പോൾ എന്താ തോന്നുക!! കണ്ണുനീരിൽ കുതിർന്നൊരു സന്തോഷം. നഷ്ടങ്ങളേ ചൊല്ലിയൊരു വേദന. മഞ്ചാടിക്കുരു അക്ഷരാർത്ഥത്തിൽ പകർന്നു നൽകിയത് അതുതന്നെയാണ്. ഒടുവിൽ മനസ്സിൽ പെയ്ത മഴ സ്ക്രീനിൽ പെയ്തു കണ്ടപ്പോൾ ഈ മഞ്ചാടിക്കുരു ഹൃദയത്തോട് കൂടുതൽ അടുക്കുന്നു.

അഭിനയിച്ചവരൊക്കെ അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തപ്പോൾ മലയാളത്തിലെ പതിവിനു വിരുദ്ധമായി കൊച്ചു കുട്ടികളുടെ പ്രകടനം ഗംഭീരമായിരുന്നു. കാലയവനികയുടെ പിന്നിലേക്കോടി മറഞ്ഞ മുരളിയെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു. ഛായാഗ്രഹണവും സിങ്ക് സൗണ്ടും സിനിമയുമായി നന്നായി യോജിച്ചു പോകുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, കാണുന്നിടം വരെ കയ്യൊപ്പിന്റെ ആകാംക്ഷയും കണ്ടുകഴിഞ്ഞ് റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി പോലെ മറ്റുള്ളവരിലേക്ക് എത്തണം എന്നും തോന്നിയ സിനിമയാണ് മഞ്ചാടിക്കുരു. ഓർമ്മകളിലേക്ക് ഒരു വിനോദസഞ്ചാരത്തിനായി തീർച്ചയായും കാണുക.

വാൽക്കഷണം
പണ്ടെനിക്ക് രണ്ട് പെട്ടികളുണ്ടായിരുന്നു. ഒന്ന് വലുത്. അത് നിറയെ നാട്ടിലെ പോലീസ് സ്റ്റേഷനു പിന്നിൽ നിന്നും പെറുക്കിയ മഞ്ചാടിക്കുരു. ഇന്നവിടെ ആ മഞ്ചാടിമരമില്ല. മറ്റൊന്ന്, ഒരു ചെറിയ പെട്ടി. അതിൽ നിറയെ എവിടെ നിന്നോ കിട്ടിയ കുന്നിക്കുരു. വാടകവീടുകൾ മാറിമാറി താമസിച്ചിരുന്ന കാലത്തെപ്പോഴോ എവിടെയോ എനിക്കവയെല്ലാം നഷ്ടപ്പെട്ടു. ഒപ്പം എന്റെ ചില ഓർമ്മകളും.