Friday, May 25, 2012

മതപരിവർത്തനം: ചില ചിന്തകൾ

നാലംഗ കുടുംബമായിരുന്നു രാജുവിന്റേത്. തമിഴ്നാട്-കേരള അതിർത്തിയിലുള്ള ഒരു ചെറുപട്ടണമാണ് ഇവരുടെ സ്വദേശം. വാടകവീട്ടിലാണ് താമസിച്ചിരുന്നത്.  മൂന്ന് മാസങ്ങൾക്ക് മുൻപ്  നടന്ന ഒരപകടത്തിൽ  രാജു മരിച്ചു. രാജുവിന്റെ മരണശേഷം ഭാര്യ ജയയും രണ്ട് കുട്ടികളും വാടകവീട്ടിൽ നിന്നും ജയയുടെ വീട്ടിലേക്ക് മാറി. അവിടെ ആകെയുള്ള വരുമാനം ജയയുടെ അമ്മയുടെ വഴിയോരക്കച്ചവടത്തിൽ നിന്നും കിട്ടുന്നത് മാത്രമാണ്. ഭര്‍ത്താവ്‌ മരിച്ചതിനാല്‍ ഈ സ്ത്രീക്ക് ഒരു വര്‍ഷത്തേക്ക് പുറംസമൂഹവുമായി ഇടപെടാന്‍ പാടില്ല എന്നാണവിടത്തെ മത/നാട്ടു നിയമം. കുട്ടികള്‍ ഇനി, ഒരാള്‍ ആറാം ക്ലാസിലേക്കും ഒരാള്‍ മൂന്നിലേക്കും. രണ്ടുപേരും നന്നായി പഠിക്കും. മക്കൾ നല്ല രീതിയിൽ പഠിച്ചു വളരണം എന്ന ആഗ്രഹം കാരണം അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് രാജു അവരെ ചേർത്തിരുന്നത്. അതൊരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനമാണ്. രാജുവിന്റെ പെട്ടെന്നുണ്ടായ മരണവും വരുമാനത്തിന്റെ കുറവും കാരണം കുട്ടികളുടെ ഫീസ് അടയ്ക്കാൻ കാശില്ലാത്ത അവസ്ഥയിലാണ് അവരിപ്പോൾ. മതം മാറി ക്രിസ്തുമതം സ്വീകരിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാമെന്ന് മാനേജ്മെന്റ് പറഞ്ഞു. പക്ഷെ അതിൽ കുടുംബത്തിനു വലിയ താല്പര്യമില്ല.

കഥ അവിടെ നിൽക്കട്ടെ. ഇപ്പറഞ്ഞ കാര്യം പുറത്തു നിന്ന് ഒന്ന് വീക്ഷിക്കാം. അപ്പോൾ പല ചോദ്യങ്ങളും അഭിപ്രായങ്ങളും വരാം. സ്വാഭാവികം. അവയിൽ ചിലത് ഇങ്ങനെയൊക്കെയാവും

  • മാനേജ്മെന്റിന്റെ നിലപാട് ശരിയല്ല:
വ്യക്തിപരമായി അതിനോട് യോജിക്കുന്നു. മതത്തിനപ്പുറത്ത് മനുഷ്യന്റെ അവസ്ഥയെ കാണാനുള്ള കഴിവുകേടാണ് ശരിക്കും ഈ നിലപാടിൽ വ്യക്തമാവുന്നത്. പക്ഷെ ശരിക്കുള്ള ഉദ്ദേശം നോക്കിയാൽ മനുഷ്യാവസ്ഥ എന്നൊരു വിഷയമേ അവിടെയില്ല എന്ന് മനസ്സിലാവും. കേവലം മതപ്രചാരണം മാത്രമാണ് ലക്ഷ്യം. അതിനായി പ്രലോഭനങ്ങൾ നടത്തുമ്പോൾ കരുണയുടെ കുപ്പായം അണിയിക്കുന്നു. അത്രമാത്രം.
  • അങ്ങനെ മതം മാറി ഔദാര്യം പറ്റണോ! അതൊന്നും നമ്മൾ അനുവദിച്ചു കൊടുക്കരുത്. അവർ സഹായിച്ചില്ലെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാമോ എന്ന് നോക്കാം.
"നമുക്ക് എന്തെങ്കിലും ചെയ്യാമോ എന്ന് നോക്കാം" എന്നതിലെ ആത്മാർത്ഥത എത്രത്തോളമുണ്ടെങ്കിലും അവിടെയും മതവും മതപരിവർത്തനവും സംബന്ധിച്ച ആകുലതകൾ നിഴലിക്കുന്നു.
  • മതം മാറിയാൽ എന്തെങ്കിലും ഗുണം കിട്ടുന്നെങ്കിൽ പിന്നെ മാറുന്നതിലെന്താ തെറ്റ്!!
മതങ്ങളുടെ ചരിത്രം ദേശത്തിന്റെ ചരിത്രവുമായി കൂട്ടിവായിക്കാൻ ശ്രമിച്ചാൽ ഓരോ സമൂഹത്തിലും മതങ്ങൾ എങ്ങനെ വേരൂന്നി എന്ന് മനസ്സിലാവും. ആദ്യം പറഞ്ഞ പ്രലോഭനങ്ങളെയും ഈ പറഞ്ഞ ഗുണങ്ങളെയും കുറിച്ചുള്ള ചിന്തകൾ അതിനു പിന്നിൽ കാണാൻ കഴിയും.

  • ഇതൊക്കെ മതങ്ങളുമായി കൂട്ടിക്കുഴക്കണോ! വ്യക്തിയുടെ വീക്ഷണകോണിൽ നിന്ന് സമൂഹത്തെ നോക്കുമ്പോൾ മതങ്ങൾക്ക് എത്രയാണിവിടെ പ്രസക്തി! മതം വ്യക്തിസ്വത്വവുമായി ചേർന്നു കിടക്കുന്ന ഒന്നാണോ! അതിൽ പരിവർത്തനം പാടില്ലേ! മതം സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടോ!
മതം ഒന്നിന്റെയും അവസാനവാക്കല്ല. അത് മാറുന്നതിൽ വ്യക്തിക്കുള്ള താല്പര്യം മാത്രം കണക്കിലെടുത്താൽ മതി. അവകാശങ്ങൾ നേടിയെടുക്കാൻ സമുദായങ്ങളും മതങ്ങളും ആയുധമാക്കപ്പെടുന്ന ഈ സമൂഹത്തിൽ വ്യക്തിപരമായ (മുകളിൽ പറഞ്ഞ സംഭവത്തിലെ പോലെ) കാര്യസാധ്യത്തിന് മതപരിവർത്തനം നടത്തുന്നതിൽ അപാകതയൊന്നും കാണുന്നില്ല. അങ്ങനെ ചെയ്യുമ്പോൾ മതം വെറും ഒരു ടൂൾ ആയി മാറുകയാണ്. 'ഇന്നത്തെ എന്റെ മതം കൊണ്ട് എനിക്ക് പ്രയോജനമില്ല അതുകൊണ്ട് പ്രയോജനമുള്ള മറ്റൊരു മതത്തിലേക്ക് മാറാം' എന്ന ചിന്തയാണ് അവിടെ രൂപപ്പെടുന്നത്. നാം ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് സാമ്പത്തികലാഭം(വ്യക്തിപരമായ മറ്റു ലാഭങ്ങളും) നോക്കി മാറുന്ന രീതിയോട് ഉപമിക്കാവുന്ന ഒരു പരിവർത്തന സൈക്കോളജി.
മതം സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നത് ശരി തന്നെ. അപ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. വേഷം, ഭക്ഷണം തുടങ്ങി ദൈനംദിന ജീവിതത്തിൽ നാം കൈകാര്യം ചെയ്യുന്നതിലെല്ലാം ഈ പറഞ്ഞ സംസ്കാരവും രാഷ്ട്രീയവും അടങ്ങിയിട്ടുണ്ട്. അവയിലൊക്കെ നാം മാറ്റത്തിനു തയ്യാറാവുമ്പോൾ മതം മാറുന്നതിൽ മാത്രം ഈ യുക്തിവെച്ച് എങ്ങനെ തെറ്റു കണ്ടുപിടിക്കാൻ കഴിയും!

ചുരുക്കത്തിൽ മതപരിവർത്തനം തികച്ചും വ്യക്തിപരമായ കാര്യമാണ്. പേരോ മതമോ മാറിയതുകൊണ്ട് ഒരു വ്യക്തിയും മാറുന്നില്ല. വ്യക്തി എന്ന സങ്കല്പം, ഓരോ കാലത്തും അവൻ എങ്ങനെ ചിന്തിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. റെനെ ഡെക്കാർട്ടെസ് പറഞ്ഞതുദ്ധരിച്ചാൽ "I think therefore I am."

Monday, May 21, 2012

ഓർമ്മച്ചെപ്പ് തുറന്ന് മഞ്ചാടിക്കുരു...

[ഇതൊരു നിരൂപണമല്ല. കഴിഞ്ഞ ദിവസങ്ങളിൽ മനസ്സിൽ ഉരുണ്ടുകൂടിയ ചില കാര്യങ്ങൾ.]

രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് റിലീസായത് 2007 ജനുവരിയിലായിരുന്നു. അന്ന് ഞാൻ ബാംഗ്ലൂരിലായിരുന്നു. ചുരുക്കം ചില മലയാളസിനിമകൾ മാത്രമാണ് അന്ന് അവിടെ റിലീസ് ചെയ്തിരുന്നത്. ഈ സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ അത് കാണണം എന്ന് ഉള്ളിന്റെ ഉള്ളിൽ എന്തുകൊണ്ടോ ഒരു തോന്നൽ ഉണ്ടായി. ചുരുക്കം ചില സിനിമകളുടെ കാര്യത്തിൽ ഞാൻ അങ്ങനെയാണ്. പ്രത്യേകിച്ച് ഒരു കാരണം പറയാനാവില്ല. ട്രെയിലർ കണ്ടതിൽ നിന്നും ഉരുത്തിഞ്ഞുവന്ന തോന്നലാവാം. ഒപ്പം അപ്പോൾ നാട്ടിലുണ്ടായിരുന്ന ചില അടുത്ത സുഹൃത്തുക്കളിൽ നിന്നും നല്ല അഭിപ്രായങ്ങളും കേട്ടു. തൊട്ടടുത്ത ആഴ്ച തന്നെ എറണാകുളത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. അപ്പോൾ ഇത് കണ്ടിട്ടേയുള്ളു എന്ന് തീരുമാനിച്ചു. പക്ഷെ അവിടെ എത്തിയപ്പോഴേക്കും സിനിമ തിരിച്ചു പെട്ടിയിൽ കയറിയിരുന്നു. അതുവരെയുണ്ടായിരുന്ന ആകാംക്ഷ വർദ്ധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

പിന്നെ കയ്യൊപ്പിനായി പലയിടത്തും അലഞ്ഞു. ഇന്റർനെറ്റിൽ. ബീമാപ്പള്ളിയിൽ. ബീമാപ്പള്ളിയിൽ തിരക്കിയപ്പോൾ അങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടുള്ളതായി പോലും ആർക്കും അറിയില്ല. ഡിവിഡി പുറത്തു വരുന്നതായി ഒന്നര വർഷത്തിനു ശേഷം 2008 ഡിസംബറിൽ സിഡിക്കട നടത്തുന്ന ഒരു സുഹൃത്തിൽ നിന്നും അറിയാനിടയായി. സംഭവം വന്ന അന്ന് തന്നെ ഒരു കോപ്പി കൈക്കലാക്കി സിനിമ കണ്ടു.

2010ൽ മോഹൻ രാഘവന്റെ റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി ഒഴിഞ്ഞ തീയറ്ററിൽ നിന്നും കണ്ടിറങ്ങിയപ്പോൾ ആ ചെറിയ സിനിമ ഒരുപാട് പേരിലെത്തണം എന്ന് തോന്നി. അതുകൊണ്ട് "കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്" എന്ന് ഈ ബ്ലോഗിൽ കുറിക്കുകയും ചെയ്തു. ഒപ്പം അടുത്തറിയാവുന്നവരെയൊക്കെ തീയറ്ററിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.

വളരെ വിരളമായേ ഇങ്ങനെ ചില സിനിമകൾ കാണാനും കാണിക്കാനും തോന്നാറൊള്ളു. ഇതല്ലാതെ ഇഷ്ടപ്പെട്ട സിനിമകൾ വന്നില്ല എന്നല്ല. മിക്കതും അല്ലാതെ തന്നെ കാണികളെ നേടിയിട്ടുണ്ട് എന്നതുകൊണ്ടാണ് ഇവയെക്കുറിച്ച് മാത്രം പറഞ്ഞത്. ഒക്കെ പ്രൊമോഷന്റെ വിജയപരാജയങ്ങൾ എന്ന് ചുരുക്കി പറയാം.


മേൽ‌പ്പറഞ്ഞ രണ്ട് സിനിമകൾക്കിടെ 2008ലെ IFFKലാണ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു വന്ന് ഒരുപിടി അവാർഡുകളും നേടി കടന്നു പോയത്. അത്തവണ IFFKൽ മൂന്ന് ദിവസം ചുറ്റിനടന്നു സിനിമകൾ കണ്ടെങ്കിലും ഇത് ശ്രദ്ധിക്കുകയോ കാണുകയോ ചെയ്തില്ല. അവാർഡ്നേട്ടം നേടിക്കൊടുത്ത മാദ്ധ്യമശ്രദ്ധയാണ് മുൻപ് കയ്യൊപ്പിനോട് തോന്നിയപോലൊരു ആകാംശ പിന്നീട് മഞ്ചാടിക്കുരുവിനോടും തോന്നാൻ കാരണം. ഇത്തവണ അന്വേഷണം കൂടുതൽ ഊർജ്ജിതമായിരുന്നു. കേരളാ കഫേ കൂടി പുറത്തിറങ്ങിയതോടെ സംവിധായികയെ സോഷ്യൽ മീഡിയയിലും മറ്റും കാണാനായി. അപ്പോൾ അന്വേഷണം നേരിട്ടും നടത്തി. അപ്പോഴൊക്കെ "മഞ്ചാടിക്കുരുവിന്റെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരൂ. റിലീസ് വിവരങ്ങൾ അവിടെ പ്രസിദ്ധീകരിക്കും" എന്നായിരുന്നു മറുപടി.

ആ കാത്തിരിപ്പ് 3 വർഷം നീണ്ടു. അവസാനം മഞ്ചാടിക്കുരു പുറത്തുവന്നു. വിഷയം ഗൃഹാതുരത്വം എന്ന് മുൻപ് തന്നെ പലയിടത്തും വായിച്ചിരുന്നു. മലയാളനാട്ടിൽ ഏറ്റവും വില്പന സാധ്യതയുള്ള സാധനമാണിതെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. ഓരോ കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും അവരുടേതായ ഭൂതകാലസ്മരണകൾ ഉണ്ടാവും അതത് കാലത്തിലൂടെ കടന്നുപോയിട്ടുള്ളവർക്ക് അത്തരം ഓർമ്മകളുടെ കുളിര് സമ്മാനിക്കും. ഈയൊരു ലോജിക്കാണ് ഈ വിഷയം ഇത്ര ജനകീയമാവാൻ കാരണം. പലവട്ടം പലതരത്തിൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ സിനിമയെന്ന മീഡിയത്തോട് നീതി പുലർത്തുക എന്നതാണ് ഏറ്റവും മുഖ്യം എന്നാണെന്റെ പക്ഷം.

എന്തായാലും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ദിനം തന്നെ സിനിമ കണ്ടു. ഓർമ്മകളുടെ താഴ്വരയിലൂടെ കൈപിടിച്ചു നടത്തുന്ന ലളിത സുന്ദരമായ ഒരു ചിത്രം. 16 ദിവസത്തെ അവധിക്കാലത്ത് വിക്കി കണ്ടതും കേട്ടതും പഠിച്ചതുമായ കാര്യങ്ങളാണ് വിക്കിയുടെ വീക്ഷണകോണിലൂടെ നാം കാണുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കഥാഗതിയിലും ആ നിഷ്ക്കളങ്കത തെളിഞ്ഞുനിൽക്കുന്നു. മനുഷ്യന്റെ സ്വഭാവം കേവലം കറുപ്പിലും വെളുപ്പിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. സാഹചര്യമനുസരിച്ച് ഇവയ്ക്കിടയിലുള്ള ഒരായിരം വര്‍ണ്ണങ്ങളിലേക്കും മാറാം എന്ന് പറയുകയും, ഇതിലെ കഥാപാത്രങ്ങളിലൂടെ അത് വരച്ച് കാണിക്കുകയും ചെയ്യുമ്പോൾ ഈ സിനിമ ജീവിതത്തോട് അടുത്തു നിന്ന് സംവേദിക്കുന്നു എന്ന് സമ്മതിക്കേണ്ടി വരുന്നു.

എന്റെ ബാല്യം 1980കളുടെ രണ്ടാം പകുതിയിലും 1990കളുടെ ആദ്യ പകുതിയിലുമായി പടർന്നു കിടക്കുന്നു. അന്ന് കണ്ടതും ചെയ്തതും അനുഭവിച്ചതുമായ ഏതാണ്ടെല്ലാ കാര്യങ്ങളും കണ്മുൻപിൽ വീണ്ടും തെളിഞ്ഞു വരുമ്പോൾ എന്താ തോന്നുക!! കണ്ണുനീരിൽ കുതിർന്നൊരു സന്തോഷം. നഷ്ടങ്ങളേ ചൊല്ലിയൊരു വേദന. മഞ്ചാടിക്കുരു അക്ഷരാർത്ഥത്തിൽ പകർന്നു നൽകിയത് അതുതന്നെയാണ്. ഒടുവിൽ മനസ്സിൽ പെയ്ത മഴ സ്ക്രീനിൽ പെയ്തു കണ്ടപ്പോൾ ഈ മഞ്ചാടിക്കുരു ഹൃദയത്തോട് കൂടുതൽ അടുക്കുന്നു.

അഭിനയിച്ചവരൊക്കെ അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തപ്പോൾ മലയാളത്തിലെ പതിവിനു വിരുദ്ധമായി കൊച്ചു കുട്ടികളുടെ പ്രകടനം ഗംഭീരമായിരുന്നു. കാലയവനികയുടെ പിന്നിലേക്കോടി മറഞ്ഞ മുരളിയെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു. ഛായാഗ്രഹണവും സിങ്ക് സൗണ്ടും സിനിമയുമായി നന്നായി യോജിച്ചു പോകുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, കാണുന്നിടം വരെ കയ്യൊപ്പിന്റെ ആകാംക്ഷയും കണ്ടുകഴിഞ്ഞ് റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി പോലെ മറ്റുള്ളവരിലേക്ക് എത്തണം എന്നും തോന്നിയ സിനിമയാണ് മഞ്ചാടിക്കുരു. ഓർമ്മകളിലേക്ക് ഒരു വിനോദസഞ്ചാരത്തിനായി തീർച്ചയായും കാണുക.

വാൽക്കഷണം
പണ്ടെനിക്ക് രണ്ട് പെട്ടികളുണ്ടായിരുന്നു. ഒന്ന് വലുത്. അത് നിറയെ നാട്ടിലെ പോലീസ് സ്റ്റേഷനു പിന്നിൽ നിന്നും പെറുക്കിയ മഞ്ചാടിക്കുരു. ഇന്നവിടെ ആ മഞ്ചാടിമരമില്ല. മറ്റൊന്ന്, ഒരു ചെറിയ പെട്ടി. അതിൽ നിറയെ എവിടെ നിന്നോ കിട്ടിയ കുന്നിക്കുരു. വാടകവീടുകൾ മാറിമാറി താമസിച്ചിരുന്ന കാലത്തെപ്പോഴോ എവിടെയോ എനിക്കവയെല്ലാം നഷ്ടപ്പെട്ടു. ഒപ്പം എന്റെ ചില ഓർമ്മകളും.