Tuesday, July 22, 2008

ശരികള്‍...

എന്റെ ശരികളും നിങ്ങളുടെ ശരികളും
തമ്മില്‍ എന്തൊരന്തരം.
നിങ്ങള്‍ നിങ്ങളുടെ ശരികളെ
യാഥാര്‍ത്ഥ്യമെന്നും,
എന്റെ ശരികളെ
പ്രാവര്‍ത്തികമാവാത്ത തത്ത്വശാസ്ത്രമെന്നും വിളിക്കുന്നു.

പക്ഷെ, എന്റെ പ്രവൃത്തികള്‍
ഇതിനിടയിലെവിടെയോ തളച്ചിടപ്പെട്ടിരിക്കുന്നു.
എന്റെ കയ്യൊപ്പ് മായുന്നതെവിടെ?
ശരികളിലോ? പ്രവൃത്തികളിലോ?
മൂല്യങ്ങളെവിടെ? മൂല്യച്യുതികളെവിടെ?
ഏതാണ് ശരി? എന്താണ് തെറ്റ്?

Thursday, July 3, 2008

ഹര്‍ത്താല്‍: കേരളത്തിന്റെ സാംസ്കാരികോത്സവം

[ഒരു എളിയ പ്രതിഷേധക്കുറിപ്പ്. നിങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചുകൊള്ളുന്നു...]

നാളെ രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെ ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേരളം കഴിഞ്ഞ കുറെ കാലമായി മിക്ക ദിവസവും കേള്‍ക്കുന്ന ഒരു പത്രക്കുറിപ്പ്.

പണ്ടൊക്കെ ഹര്‍ത്താല്‍ എന്നാല്‍ ചെറിയ കടയടപ്പ് സമരം. അല്ലെങ്കില്‍ ഒരു ചെറിയ സ്ഥലത്തു മാത്രം ഒതുങ്ങുന്ന ഒറ്റപ്പെട്ട പ്രതിഷേധ സമരങ്ങള്‍ ആയിരിന്നു. കാരണങ്ങളുള്ളപ്പോഴോ, ചില അനുശോചനങ്ങള്‍ക്കോ ഒരു ഹര്‍ത്താല്‍ ആചരിച്ചാല്‍ അതു ജനങ്ങള്‍ മതിപ്പോടെ മാത്രം നോക്കിക്കണ്ടിരിന്നു. അങ്ങനെ കാണാന്‍ കാരണങ്ങള്‍ പലതായിരിന്നു: പൊതുജീവിതത്തെ മൊത്തത്തില്‍ ബാധിക്കില്ല, പണ്ട് ഗാന്ധിജിയെ പോലെ ഉള്ള നേതാക്കള്‍ പിന്തുര്‍ന്ന ഒരു സമരരീതി, പിന്നെ ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം!!!

അക്കാലത്ത് ജനങ്ങള്‍ക്ക് ഇത്തിരിയെങ്കിലും പേടിയും മടുപ്പും ഉണ്ടാക്കിയിരുന്നത് ബന്ദുകളായിരിന്നു. കാര്യം ആണ്ടിനും സംക്രാന്തിക്കും ഒരോന്നെങ്കിലും അതു ജനജീവിതത്തെ ശരിക്കും ബാധിച്ചിരിന്നു. പേരുപോലെ തന്നെ മൊത്തത്തില്‍ “ബന്ദ്”. ചിലര്‍ക്ക് അതൊരു രസമായി തോന്നിപോലും. അപ്പൊപ്പിന്നെ എന്താ ചെയ്യ്യാ?... ഇടയ്ക്കിടെ ഓരോന്നാവാം അല്ലെ? അങ്ങനെ ചില വിദ്വാന്മാര്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ ബന്ദ് ഒരു സ്ഥിരം ഏര്‍പ്പാടായി മാറി. ജനം വലഞ്ഞു (പക്ഷെ, ജനാധിപത്യം വളര്‍ന്നു).

അപ്പൊ നീതിന്യായം എന്നു പറഞ്ഞുകുത്തിയിരിക്കുന്ന സാറന്മാര്‍ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ? “ഞങ്ങളൊക്കെ ഇവ്ട് ണ്ടേ” എന്നറിയിക്കേണ്ടേ? അങ്ങനെ അവരൊരു വിധി അങ്ങു പ്രഖ്യാപിച്ചു. “ഇവ്ടെ നി ബന്ദ് പാടില്ല”. അതായത്, കേരളത്തില്‍ ബന്ദ് നിരോധിച്ചു എന്ന്. നല്ല വിധി. പൊതുജനത്തിനു സന്തോഷം. രാഷ്ട്രീയക്കാരും (ഇവര്‍ പൊതുജനത്തില്‍ പെടില്ല, അതാ വേറെ പറഞ്ഞത്) വിധിയെ പരസ്യമായി സ്വാഗതം ചെയ്തു(മനസ്സില്‍ എന്തുമായിക്കോട്ടെ). പക്ഷെ, എല്ലാര്‍ക്കും എല്ലാം സഹിക്കുമോ? ബന്ദല്ലെങ്കില്‍ പിന്നെ എന്തു എന്നു ചിന്തിച്ചു നടന്നവര്‍ക്കു ബലിയാടാക്കാന്‍ കിട്ടിയതോ, പാവം ഹര്‍ത്താല്‍. വലിയ ഉപദ്രവം ഒന്നുമില്ലാതെ ജീവിച്ചുപോകാന്‍ പുള്ളിയെകൂടി സമ്മതിക്കില്ല.

അങ്ങനെ വ്യാഖ്യാനങ്ങളുടെ ചുവടുപിടിച്ച് അക്കൂട്ടര്‍ കോടതിവിധിയെ വളച്ചൊടിച്ചു. “ബന്ദ് നിരോധിച്ചു” എന്നത് കേവലം ഒരു വാക്കിന്റെ നിരോധനം മാത്രമായി ചിത്രീകരിക്കപ്പെട്ടു. (“അബ്ദുവിനു വധശിക്ഷ” എന്നു കോടതി പറയുമ്പോള്‍ അബ്ദു പോയി പേരുമാറ്റി ബിലാല്‍ എന്നാക്കിയാല്‍ എങ്ങനെ ഇരിക്കും. ബിലാലിനെ കൊല്ലാന്‍ ആരും വിധിച്ചിട്ടില്ലല്ലോ.). അങ്ങനെ ഹര്‍ത്താല്‍ എന്ന പാവം കുഞ്ഞാടിന്റെ തോലണിഞ്ഞ് നമ്മുടെ ബന്ദ് ചെന്നായ വീണ്ടും നാട്ടിലിറങ്ങി. അപ്പൊ നമുക്ക് കോടതി വിധിയുടെ വ്യാഖ്യാനത്തെയെങ്കിലും മാനിക്കേണ്ടേ? ഇനി മുതല്‍ ഞാനും ബന്ദ് എന്നു പറയില്ല. ഇനി എല്ലാം ഹര്‍ത്താല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വികസനവും പുരോഗതിയും നമുക്കു നല്‍കിയ പുതിയ സാംസ്കാരികോത്സവം. “ആഘോഷിക്കൂ ഓരോ നിമിഷവും” എന്നെവിടെയോ കേട്ടിരിക്കുന്നു. ഓരൊ നിമിഷവും ഇല്ലെങ്കിലും ആ വാക്കുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഹര്‍ത്താല്‍ ഒരു സ്ഥിര ആഘോഷമായി മാറി.കാലക്രമേണ അതിന്റെ കാരണങ്ങള്‍ മനുഷ്യരെ ചിരിപ്പിച്ചുതുടങ്ങി. എനിക്കു നന്നേ ബോധിച്ച രണ്ട് ഹര്‍ത്താലുകള്‍ ഉണ്ടായി കഴിഞ്ഞ 1-2 വര്‍ഷത്തിനിടെ. ഒന്ന്, “സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച്, ബുഷിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ ഹര്‍ത്താല്‍.” സദ്ദാമോ ബുഷോ ഇതറിഞ്ഞോ ആവോ. എങ്ങാണും ചാവുന്നതിനു മുന്‍പ് അങ്ങേരെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരു നാട് ഇവിടെ ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സദ്ദാം ഹുസൈന്‍ ഇങ്ങോട്ടു കുടിയേറിയേനെ. ഇറാഖില്‍ പോലും നടന്നിട്ടുണ്ടാവില്ല അന്നൊരു ഹര്‍ത്താല്‍. പിന്നെ ഒരെണ്ണം, “ചിക്കുന്‍ ഗുനിയയ്ക്കെതിരെ ഹര്‍ത്താല്‍”. പാവം കൊതുകുകള്‍, അതിനെന്തു മനസിലാവാന്‍. കാരണങ്ങള്‍ ഇങ്ങനെ തന്നെ പറയുന്നതുകൊണ്ടാണ് നര്‍മ്മരസം കൂടുന്നത്.

ഇന്നിപ്പൊ 2008 ജുലൈയില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു ചെറിയ കണക്ക് നോക്കാം. കേരളത്തില്‍ കഴിഞ്ഞ 6 മാ‍സം കൊണ്ടാടിയ ചെറുതും വലുതുമായ ഹര്‍ത്താലുകളുടെ എണ്ണം എത്ര? ഞെട്ടരുത്, ഉത്തരം 57. അതായത് ഏകദേശം 2 മാസം മൊത്തം ഹര്‍ത്താലായിരിന്നു എന്ന് സാരം. (വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തിയ പഠിപ്പുമുടക്ക് സമരങ്ങള്‍ ഇതില്‍ കൂട്ടിയിട്ടില്ല. അതു കൂടി ആയാല്‍...). ഈ മാസം ഇന്നിതു വരെ പ്രഖ്യാപിക്കപ്പെട്ടത് ഒരു ഭാരത് ബന്ദ് ഉള്‍പ്പടെ 6 ഹര്‍ത്താലാണ് (ഓര്‍ക്കുക: ഞാനിതെഴുതുമ്പോള്‍ മാസത്തിലെ 3 ദിവസമെ കഴിഞ്ഞിട്ടുള്ളു.).

കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദിന്റെ കാര്യം തന്നെ നോക്കാം. ജമ്മു-കാശ്മീര്‍ സര്‍ക്കാരിന്റെ ഒരു നടപടിയില്‍ പ്രതിഷേധിച്ച് വി.എച്ച്.പിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും സാമാന്യ ജനജീവിതത്തെ ബാധിച്ചില്ല. ഇവിടെ ബാംഗ്ലൂരില്‍ എനിക്ക് ഒരു ബന്ദോ ഹര്‍ത്താലോ നടന്നതായിപ്പോലും തോന്നിയില്ല. പക്ഷെ, കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം, ജനജീവിതം സ്തംഭിച്ചു.എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഇതിനോടു കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട വേറെ കുറെ കാര്യങ്ങളും ഉണ്ട്. കേരളത്തിലെ വ്യവസായങ്ങള്‍ എന്തുകൊണ്ട് തകരുന്നു? തൊഴില്‍ തേടി കൂടുതല്‍ ആള്‍ക്കാര്‍ക്ക് എന്തുകൊണ്ട് സംസ്ഥാനത്തിനു പുറത്തേക്കു പോകേണ്ടിവരുന്നു? സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ മുങ്ങി നില്‍ക്കുന്നതിനു ഇതൊരു കാരണം ആയിട്ടില്ലേ? അങ്ങനെ വിദ്യാഭ്യാസം, സാമൂഹ്യം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലയ്ക്കും നഷ്ടങ്ങള്‍ മാത്രം വരുത്തിവെയ്ക്കുന്ന ഈ ഒരാഘോഷം എന്തിന്?

ഹര്‍ത്തലിനെ എതിര്‍ക്കുന്നവരോട് പൊതുവേ അനുകൂലികള്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. ഇതവരുടെ അഭിപ്രായ സ്വാതന്ത്ര്യം ആണ്, പ്രവര്‍ത്തന സ്വാതന്ത്ര്യം ആണ്, എന്നും മറ്റും. അവരോടൊരു ചെറിയ ചോദ്യം. ഈ പറഞ്ഞ സംഭവങ്ങളൊക്കെ പൊതുജനത്തിനും ഇല്ലേ? അതില്‍ ഇങ്ങനെ കൈകടത്താമോ?

ഇപ്പൊ ന്യായമായ ഒരു കാരണം പറഞ്ഞാണ് ഹര്‍ത്താല്‍ നടത്തുന്നതെങ്കിലും അതിനോട് ഒരു പുച്ഛം തോന്നിപ്പോകും, എന്നും അരങ്ങേറുന്ന ഈ വൃത്തികെട്ട ഹര്‍ത്താല്‍ ഉത്സവങ്ങള്‍ മൂലം.

ഇതിനു പ്രതിവിധിയില്ലേ?

ഈ ചോദ്യം ഉയരുമ്പോള്‍ എനിക്കെന്നും ഓര്‍മ്മ വരാറുള്ളത് പുല്ലുവഴി എന്ന ഗ്രാമത്തെപ്പറ്റിയാണ്. പെരുമ്പാവൂരിനടുത്തുള്ള ഈ ഗ്രാമം ജനങ്ങളുടെ കൂട്ടായ്മയിലൂടെ ഹര്‍ത്താല്‍ രഹിതമായ കഥ ഒരിക്കല്‍ ഏതോ വാര്‍ത്താ ചാനലില്‍ കണ്ടിട്ടുണ്ട്. ഈ പറഞ്ഞ സംഭവത്തില്‍ തന്നെയുണ്ട് ഒരു പ്രതിവിധി. പൊതുജന കൂട്ടായ്മ. പക്ഷെ, പൊതുവെ തന്നിലേക്കു തന്നെ ഒതുങ്ങി കഴിയുന്ന ഒരു പ്രവണത ഏറിവരുന്ന ഇക്കാലത്ത് ഈ പറഞ്ഞ പൊതുജന കൂട്ടായ്മ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

മാധ്യമങ്ങള്‍ക്കും ഇതു തടയാന്‍ ഒരു പരിധി വരെ സാധിക്കും എന്ന്‍ ശ്രീ. ബാബു പോള്‍ ഐ.എ.എസ്. ഒരിക്കല്‍ പറഞ്ഞതു ഞാനോര്‍ക്കുന്നു. ഇത്തരം ഹര്‍ത്താല്‍ പ്രഖ്യാപനങ്ങള്‍ക്കും ഹര്‍ത്താലിനും ഒട്ടും പരിഗണന കൊടുക്കാതിരുന്നാല്‍ ഒരു പരിധി വരെ ഇതിനു തടയിടാമെന്നാണ് അദ്ദേഹം പറഞ്ഞത്.