Sunday, August 29, 2010

അന്തര്‍ദ്വന്ദ് അഥവാ ആത്മസംഘര്‍ഷം


സുശീല്‍ രാജ്പാല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് അന്തര്‍ദ്വന്ദ്.  2008ല്‍ , സാമൂഹ്യപ്രശ്നം ചര്‍ച്ച ചെയ്യുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അമിതാഭ് വര്‍മ്മയാണ്. രാജ് സിങ്ങ് ചൌധരി, അഖിലേന്ദ്ര മിശ്ര, സ്വാതി സെന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചുവടുപിടിച്ചാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ പലയിടത്തും ഇപ്പോഴും പ്രചാരത്തിലുള്ള, യുവാക്കളെ തട്ടിക്കോണ്ടുപോയി നിര്‍ബ്ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന സംഭവങ്ങളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സ്ത്രീധനം കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നിരുന്നപ്പോള്‍ ചെയ്തു തുടങ്ങിയ ഈ ഇടപാട്, പിന്നീട് വലിയ പഠിപ്പും വിവരവും ഇല്ലാത്ത പെണ്മക്കള്‍ക്ക് നല്ല വരനെ ഒപ്പിച്ചു നല്‍കാനുള്ള ഒരു വഴിയായി തീര്‍ന്നു.

പ്രേമിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കാതെ വരുമ്പോള്‍ വീട് വിട്ടിറങ്ങുമ്പോഴാണ് രഘുവീറിന്റെ(രാജ് സിങ്ങ് ചൌധരി) പ്രശ്നങ്ങളും ആരംഭിക്കുന്നത്. സിവില്‍ സര്‍വ്വീസിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്ന രഘുവിനെ മഹേന്ദ്രബാബു(അഖിലേന്ദ്ര മിശ്ര) സ്വന്തം മകളായ ജാനകിയ്ക്ക് (സ്വാതി സെന്‍ ) വരനായി തട്ടിക്കോണ്ടു പോകുന്നതും, തുടര്‍ന്ന്‍ രഘുവിന്റെയും ജാനകിയുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

അഭിനേതാക്കള്‍ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലം മനസില്‍ പതിയുന്ന രീതിയില്‍ ഒപ്പിയെടുക്കാന്‍ മലായ് റോയിയുടെ ക്യാമറയ്ക്ക് സാധിച്ചിട്ടുണ്ട്. കൈകാര്യം ചെയ്ത വിഷയം അതിന്റെ പൂര്‍ണ്ണതയോടെയും സ്വാഭാവികതയോടെയും അഭ്രപാളികളിലെത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നതു തന്നെയാണ് ഏറ്റവും നല്ല കാര്യം. ഇത്തരം ഒരു കാര്യം പറഞ്ഞു വരുമ്പോള്‍ ഉണ്ടായേക്കാവുന്ന മെലോഡ്രാമകള്‍ ഒന്നും തന്നെ ഇല്ല എന്നതും, പക്വതയുള്ള കഥാപാത്രങ്ങളും ഈ ചിത്രത്തിനു മികവു നല്‍കുന്നു.

ചുരുക്കത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും തീര്‍ച്ചയായും ഒന്നു കാണാവുന്ന നല്ല ഒരു സിനിമയാണ് അന്തര്‍ദ്വന്ദ്.

7 comments:

Unknown said...

സാമൂഹ്യപ്രസക്തിയുള്ള നല്ലൊരു സിനിമ.

ക്രിസൺ ജേക്കബ്/Chrison Jacob said...

ഉടൻ തന്നെ ഡൌൺലോഡ് ചെയ്യുന്നതാണു...

Joji said...

നല്ലൊരു സിനിമ പരിചയപ്പെടുത്തിയതിനു നന്ദി. തുടര്‍ന്നും ഇതുപോലെ അവലോകനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Unknown said...

@ക്രിസൺ
കഴിഞ്ഞ ആഴ്ച റിലീസ് ആയേ ഒള്ളൂ...ഇത്തിരി കഴിയും ഡിവിഡി ഒക്കെ ഇറങ്ങാന്‍ :)

വിനയന്‍ said...

ഇത് റിലീസ്‌ ആയോ കേരളത്തില്‍? അതോ ഇനി ഡിവിഡി വരുന്നത് വരെ കാക്കേണ്ടി വരുമോ?!

Unknown said...

@വിനയന്‍

കേരളത്തില്‍ കൂടിയാല്‍ ചിലപ്പോള്‍ എറണാകുളത്ത് സിനിമാക്സില്‍ വന്നിട്ടുണ്ടാ‍വും...
ഞാന്‍ ബാംഗ്ലൂരില്‍ നിന്നാണ് കണ്ടത്..

ശ്രീ said...

പറ്റിയാലൊന്ന് കാണണം