Sunday, July 25, 2010

കുട്ടിസ്രാങ്ക് എന്ന പ്രഹേളിക



പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം നിര്‍വ്വഹിച്ച കുട്ടിസ്രാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചേര്‍സാണ്. സംവിധായകന്റെ കഥയ്ക്ക് തിരനാടകം രചിച്ചിരിക്കുന്നത് പി.എഫ്.മാത്യൂസ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി, സുരേഷ് കൃഷ്ണ, സായ് കുമാര്‍, സിദ്ദീഖ്, പത്മപ്രിയ, കാമലാനി മുഖര്‍ജ്ജി, മീനകുമാരി പെരേര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടിസ്രാങ്ക് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയാണ്. ചവിട്ടുനാടകത്തിന്റെ ചമയത്തില്‍ മരിച്ചുകിടക്കുന്ന കുട്ടിസ്രാങ്കിന്റെ മൃതദേഹം തിരിച്ചറിയാന്‍ വരുന്ന മൂന്നു സ്ത്രീകളുടെ മൊഴികളിലൂടെ കുട്ടിസ്രാങ്ക് എന്ന കഥാപാത്രത്തെ കാഴ്ചക്കാരനു സൃഷ്ടിച്ചു നല്‍കുകയാണ് ഈ സിനിമയിലൂടെ.

രേവമ്മയുടെ(പത്മപ്രിയ) കഥനത്തോടെയാണ് കുട്ടിസ്രാങ്കിന്റെ പുനര്‍സൃഷ്ടി തുടങ്ങുന്നത്. ക്രൂരനായ സ്വന്തം അച്ഛന്റെ ആജ്ഞാനുവര്‍ത്തിയും നിര്‍ദ്ദയനുമായ കശാപ്പുകാരന്റെ പ്രതിശ്ഛായയാണ് രേവമ്മയുടെ മനസ്സില്‍ സ്രാങ്കിനുള്ളത്. പിന്നീട് ആ അച്ഛനില്‍ നിന്നും തന്നെ രക്ഷിക്കുന്ന മോചകനും. പെമ്മേണയുടെ(കമാലിനി മുഖര്‍ജ്ജി) കണ്ണില്‍ ജേഷ്ഠന്റെ ചവിട്ടുനാടകത്തിലെ നായകനോടുള്ള ആരാധനയും പ്രണയവുമാണ്. എന്നാല്‍ കുട്ടിസ്രാങ്കിനു പെമ്മേണയുടെ പ്രണയത്തെ പാടെ അവഗണിക്കേണ്ടി വരുന്നു. ഊമയും നാടിന്റെ ശാപം എന്നു നാട്ടുകാര്‍ പറയുകയും ചെയ്യുന്ന കാളിക്ക്(മീന കുമാരി പെരേര) ഒരു ജീവിതം കൊടുത്തയാളാണ് കുട്ടിസ്രാങ്ക്. കൂടാതെ അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛനും. ഈ മൂന്നു കഥാപാത്രങ്ങളിലൂടെ പൂരിപ്പിക്കപ്പെടുന്ന ഒരു ചോദ്യമാണ് കുട്ടിസ്രാങ്ക്.

മൂന്നു കഥകള്‍ മൂന്നു വ്യത്യസ്ത ഭൂമികയിലാണ് നടക്കുന്നത്. ഈ വ്യത്യസ്ഥത സ്രാങ്കിന്റെ മൊഴിയിലും വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രേവമ്മയുടെ കഥ മലബാറിലും, പെമ്മേണയുടേത് കൊച്ചിയിലും, കാളിയുടേത് തിരുവിതാംകൂറിലും. ഒരുപാട് മികവുകളും ഒരുപിടി പോരായ്മകളും ചേര്‍ന്ന ഒരു കൂട്ടാണ് ഈ ചിത്രം.

രണ്ടാം ഉപാഖ്യാനത്തില്‍ കടന്നു വരുന്ന ചവിട്ടുനാടകത്തിന്റെ പശ്ചാത്തലം മികവ് പുലര്‍ത്തി. മമ്മൂട്ടി,സായ് കുമാര്‍ സിദ്ദീഖ്, കമാലിനി മുഖര്‍ജ്ജി, മീനാകുമാരി എന്നിവരുടെ പ്രകടനം മികച്ച നിലവാരത്തിലുള്ളതായിരിന്നു. എന്നാലും ഏറ്റവും മികച്ചതെന്നു തോന്നിയത് സുരേഷ് കൃഷ്ണയുടെ ലോനയാശാന്‍ തന്നെ(സ്വന്തം ശബ്ദം ഉപയോഗിക്കാതിരുന്നത് നന്നായി). ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ സംഗീതവും, മലയാളസിനിമയില്‍ ആദ്യമായി ക്യാമറ കൈകാര്യം ചെയ്ത വനിതയായ അഞ്ജലി ശുക്ളയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ഗാനങ്ങളില്‍ രമേശും രാജലക്ഷ്മിയും ചേര്‍ന്നാലപിച്ച “മാഗ ചന്ദിരാ..” മികച്ചുനിന്നു.

തിരക്കഥയിലെ പാളിച്ചകള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. കാളിയുടെ കഥയില്‍ കടന്നുവരുന്ന നോവലെഴുത്തുകാരിയുടെ സങ്കല്പങ്ങള്‍ കുറച്ചൊക്കെ നല്ലതെങ്കിലും, മൂന്നു സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വഭാവത്തിനും ആസ്വാദനത്തിനും ക്ഷതമേല്‍പ്പിക്കുന്നു എന്നൊരു കാര്യം മാത്രമേ അതു കൊണ്ട് നേടാനായൊള്ളു. ബാലിശമായ വിഷ്വല്‍ എഫക്റ്റുകളും ചിത്രത്തിനൊരു ബാധ്യതയാണ്. ഇത്തരം തെറ്റുകള്‍ തിരുത്തുന്നതില്‍ സംവിധായകനും സമയം ചെലവഴിച്ചതായി തോന്നിയില്ല. ആദ്യഭാഗത്തെ നാടകീയത അതിരുകടന്നതായും തോന്നി. മലയാളത്തിനു `പിറവി` തന്ന ഷാജി എന്‍ കരുണിനെ പോലെയുള്ള സംവിധായകരില്‍ നിന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍ ഒരു മികച്ച സൃഷ്ടിക്കുള്ള എല്ലാവിധ സാധ്യതകളുമുണ്ടായിരുന്നിട്ടും അതിലെത്തിപറ്റാതിരുന്ന ഒരു സംരഭമാണ് കുട്ടിസ്രാങ്ക്. എന്നാലും സമീപകാല മലയാളസിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ച്ചയായും ഒന്നു കാണാവുന്ന ചിത്രം തന്നെ.

16 comments:

Unknown said...

മികച്ചത് എന്നു പറയിക്കാമായിരുന്ന സിനിമ ഇപ്പോള്‍ അങ്ങേയറ്റം നല്ലതെന്നു മാത്രം പറയാം.

ക്രിസൺ ജേക്കബ്/Chrison Jacob said...

മനോരഹരമായി എഴുതിയിരിക്കുന്നു...

RENJITH said...

Kollam mone nalla review..simple yet complete...

Cijo Thomas said...

mm...Anyways I am gonna watch.!

Unni said...

Nicely Written. Kandittu Baki parayam..

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

കൊള്ളാം റിവ്യു നന്നായിട്ടുണ്ട്. ഒരു നല്ല സിനിമയുടെ നല്ല റിവ്യു...

അനൂപ് :: anoop said...

നല്ല എഴുത്ത്. ചിത്രം കണ്ടിട്ട് ഈ വഴി വീണ്ടും വരാം.

Bu said...

Good Review

Unknown said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി :)

Vinitha said...

did u write this!! valare nalla bhasha... nice review.. cinema ye kurichulla ente abhiprayam vazhiye ariyikkaam..

Unknown said...

@Vinitha
എന്താ ഒരു സംശയം...നല്ലതാണെങ്കിലും മോശമാണെങ്കിലും സ്വന്തം സാധനങ്ങള്‍ മാത്രേ ഇവിടൊള്ളൂ :-)

അഭിപ്രായത്തിനു നന്ദി

sony said...

കുട്ടി സ്രാങ്ക്, മനോഹരമായ ഒരു സിനിമ.കയ്യടക്കത്തോടെയുള്ള വെളിച്ച വിതാനം ഓരോ ഫ്രെയിമും മികവുറ്റതാക്കുന്നു. ചവിട്ടു നാടകതോടനുബന്ധിച്ച ഗാനശകലങ്ങളും അതിന്റെ സംഗീതവും വേറിട്ട ഒരു ശ്രവണ സുഖം തരുന്നുണ്ട്.

ഈയടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളുമായി തട്ടിച്ചു നോക്കുമ്പോള്‍ കുട്ടി സ്രാങ്ക് എന്തുകൊണ്ടും നല്ല ഒരു സിനിമ തന്നെയാണ്.

രാകേഷ്, നോവേലുഴുതുകാരിയുടെ സങ്കല്പങ്ങള്‍ 'ചിത്രത്തിന്റെ സ്വഭാവത്തിനും ആസ്വാദനത്തിനും ക്ഷതമേല്‍പ്പിക്കുന്നുണ്ട് എന്ന്‍ തോന്നുന്നില്ല. മറിച്, നോവേലെഴുതുകാരിയും അവരുടെ ആത്മ ഭാഷണങ്ങളും ചിത്രത്തിന് അഭിവാജ്യമായ ഒരു ഘടകമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

പിന്നെ മലബാറിലെ വാമൊഴി ഉപയോഗിക്കുന്നതില്‍ മമ്മൂട്ടിയടക്കം എല്ലാവരും മോശമായിരുന്നു. മമ്മൂട്ടിയുടെ കാര്യം ഒഴിവാക്കിയാലും (അദ്ദേഹം തന്നെയാണല്ലോ ശബ്ദം കൊടുക്കുന്നത്) ഡബ്ബിംഗ് അര്ടിസ്ടുകളുടെ കാര്യത്തിലെങ്കിലും ഭാഷ വഴങ്ങുന്നവരെ ഉപയോഗിക്കാമായിരുന്നു.

റിവ്യൂ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

Unknown said...

@sony

ചിത്രം എനിക്കും ഇഷ്ടപ്പെട്ടിരിന്നു.
ഈ പറഞ്ഞ മൂന്നാം ഭാഗം അഭിനയത്തിലെയും, ഡബ്ബിംങ്ങിലേയും ചില അസ്വാഭാവികതകളൊഴിവാക്കിയാല്‍ കാവ്യഭംഗിയുള്ളതും രസകരവും തന്നെ. പക്ഷെ എന്റെ പ്രശ്നം മൂന്നു സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ പോകുന്ന കഥയില്‍, അതിലൊരു കഥയിലെ മറ്റൊരു കഥാപാത്രത്തിന്റെ ആത്മഗതങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുപോകുന്നതായി തോന്നിയില്ല.

ചിലപ്പോള്‍ എനിക്ക് മനസിലാവാത്ത എന്തെങ്കിലും അതില്‍ ഉദ്ദേശിച്ചിട്ടുണ്ടാവാം. പക്ഷെ അങ്ങനെയൊന്ന് എനിക്ക് മനസിലാവാത്തിടത്തോളം എന്നെ സംബന്ധിച്ച് അതൊരു ന്യൂനതയാണ്.

Joji said...

മൂന്നു സ്ത്രീകളുടെ മൊഴികളിലൂടെ കുട്ടിസ്രാങ്ക് എന്ന കഥാപാത്രത്തെ കാഴ്ചക്കാരനു സൃഷ്ടിച്ചു നല്‍കുകയാണ് ഈ സിനിമയിലൂടെ. എന്നാല്‍ മൂന്നാമത്തെ സ്ത്രീയായ ഊമപ്പെണ്ണിന്റെ പാത്രസൃഷ്ടിക്കു നോവെലെഴുത്തുകാരിയുടെ സങ്കല്‍പ്പങ്ങള്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. തന്നെയുമല്ല, എഴുത്തുകാരിയില്‍ ഉളവാകുന്ന ചിന്തകള്‍ തിരക്കഥയുടെ മാറ്റുകൂട്ടിയിട്ടുള്ളതായി തോന്നുന്നു.
ചവിട്ടുനാടകരംഗങ്ങളും ഗാനങ്ങളും പ്രധാ‍ന അഭിനേതാക്കളുടെ അഭിനയവുമൊക്കെ മികച്ചതെങ്കിലും ചില വിഷ്വല്‍ എഫക്ടുകളും മലബാര്‍ സംസാരശൈലിയിലെ പോരായ്മയും സിനിമയെ ബാധിച്ചിട്ടുണ്ട്. ഛായാഗ്രഹണം അതിമനോഹരമായിത്തന്നെ നിര്‍വ്വഹിച്ചിട്ടുണ്ട്.

ഒരേകടലിനുശേഷം മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ മികച്ചത് എന്നുതന്നെയാണു എന്റെ അഭിപ്രായം

nikhimenon said...

padam mariyathu kondu kaanan pattila

വി.മോഹനകൃഷ്ണന്‍/കാകദൃഷ്ടി said...

കുട്ടി സ്രാങ്ക്: മുങ്ങിമരിച്ച ഭൂലോക സുന്ദരന്‍-ഇവിടെ:http://kaakadrushti.blogspot.com/2010/08/blog-post.html