Tuesday, July 20, 2010

പറന്നുയരാന്‍ ഉഡാന്‍കാനില്‍ Un Certain Regard എന്ന മത്സരവിഭാഗത്തിലേക്ക് 2010ല്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഉഡാന്‍. സഞ്ജയ് സിംഗ്, അനുരാഗ് കശ്യപ്, റോണി സ്ക്രൂവാല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിക്രമാദിത്യ മൊട്വാനയാണ്. സംവിധായകനൊപ്പം അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

എഴുത്തുകാരനാവാന്‍ കൊതിക്കുന്ന രോഹന്‍ എന്ന പതിനേഴുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്കൂളില്‍ നിന്നു പുറത്താക്കുന്നതോടെ, നീണ്ട എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പിതാവിന്റെ അടുത്തേക്കു പോകേണ്ടി വരുന്ന രോഹന്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ അമ്മയുടെ മരണശേഷം പിതാവ് വീണ്ടും വിവാഹം കഴിച്ച വകയിലുള്ള തന്റെ അര്‍ദ്ധസഹോദരന്‍ അര്‍ജ്ജുനും പിന്നീട് അവന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു. കര്‍ക്കശക്കാരനായ അച്ഛന്റെ കീഴില്‍ അതിരാവിലെ കഠിന വ്യായാമം, ഉച്ചവരെ അദ്ദേഹത്തിന്റെ സ്റ്റീല്‍ ഫാക്ടറിയില്‍ ജോലി, അതു കഴിഞ്ഞാല്‍ എഞ്ചിനീയറിംഗ് പഠനം എന്ന രീതിയിലേക്ക് സ്വന്തം ജീവിതം ചിട്ടപ്പെടുത്താന്‍ അവന്‍ നിര്‍ബന്ധിതനാവുന്നു. പിന്നീട് ബന്ധങ്ങളുടെ കെട്ടുപൊട്ടിച്ച് സ്വയം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ഉയരങ്ങളിലേക്കുള്ള കുതിപ്പ് തുടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് വില നല്‍കാതെ സ്വന്തം മോഹങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അച്ഛനമ്മമാരുടെ നേരെയാണ് ഈ ചിത്രം വിരല്‍ചൂണ്ടുന്നത്. അതോടൊപ്പം സ്വന്തം മോഹങ്ങള്‍ സഫലമാക്കാന്‍ പ്രയത്നിക്കുന്ന ഒരു കുട്ടിയുടെ നിശ്ചയധാര്‍ഢ്യവും ഇതില്‍ കാണാന്‍ കഴിയും.

രോഹനായി രജത് ബര്‍മേചയും, അര്‍ജ്ജുനായി ആയന്‍ ബൊറാഡിയയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മറ്റുള്ളവരും അവരവരുടെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു നവാഗത സംവിധായനാണ് താന്‍ എന്നു തോന്നിക്കാത്ത വിധം നല്ല കൈയ്യടക്കം കാട്ടാന്‍ മൊട്വാനയ്ക്കും കഴിഞ്ഞിട്ടുണ്ട്. സാങ്കേതികതയുടെ അതിപ്രസരമൊന്നുമില്ലാതെ എല്ലാം പാകത്തിനു ചേര്‍ന്ന നല്ലൊരു ചലച്ചിത്ര അനുഭവമാണ് ഉഡാന്‍ .

എന്നാലും സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആള്‍ എങ്ങനെ എഞ്ചിനീയറിംഗ് കോളേജില്‍ എത്തിപ്പെടുന്നു എന്ന് ഇതുവരെ മനസിലായില്ല. ചിലപ്പോള്‍ ജംഷഡ്പൂരിലൊക്കെ അങ്ങനെയാവും!!!

My Rating: 3.5/5 (Very Good)

8 comments:

Rakesh | രാകേഷ് said...

ഒരു ഫെസ്റ്റിവല്‍ ചിത്രം കാണുന്ന ഫീല്‍ നല്‍കാന്‍ ഉഡാനു കഴിഞ്ഞു. :)

വിനയന്‍ said...

'ദി റിട്ടേണ്‍' എന്നൊരു റഷ്യന്‍ സിനിമ കണ്ടിട്ടുണ്ടോ?...

ക്രിസൺ ജേക്കബ് said...

കാണണം...

Haree said...

:-)
നോക്കട്ടെ കാണുവാനൊക്കുമോയെന്ന്... അല്ലെങ്കില്‍ ഡിവിഡിയിലെങ്കിലും കാണുന്നുണ്ട്.
--

Rakesh | രാകേഷ് said...

@വിനയന്‍ ദി റിട്ടേണ്‍ കണ്ടിട്ടില്ല. പക്ഷെ എന്റെ ഒരു സുഹൃത്തിന്റെ കൈവശം സംഭവം ഉണ്ട്. ആ സംവിധായകന്റെ മറ്റു ചിത്രങ്ങളും ആളുടെ കയ്യിലുണ്ട്. താമസിയാതെ കാണും. എന്താ ചോദിക്കാന്‍?

Rakesh | രാകേഷ് said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി :-)

വിനയന്‍ said...

നീ പറഞ്ഞ റിവ്യൂവില്‍ റിട്ടേണ്‍ എന്ന സിനിമയുടെ അല്‍പ്പം മണം അടിക്കുന്നുണ്ട്. അവിടെ അച്ഛന്‍ കുറെക്കാലത്തിനു ശേഷം മക്കളുടെ അടുത്തു വരുന്നതും കര്‍ക്കശക്കാരനായ അച്ഛന്‍ മക്കളെ തന്റെ പ്രവൃത്തികളിലൂടെ ജീവിതത്തെ ഒറ്റയ്ക്ക് നയിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ആ സംവിധായകന്റെ രണ്ടു സിനിമകളും കാണാതിരിക്കരുത്...
---------------------------------
എന്നാലും സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആള്‍ ---NDTV റിവ്യൂ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പഠന ശേഷം എന്നാണു പറഞ്ഞത്!

Rakesh | രാകേഷ് said...

@വിനയന്‍
ഇതില്‍ അങ്ങനെ ഒരു പ്രേരണയിലൂന്നിയാണ് അച്ഛന്റെ പ്രവൃത്തികള്‍ എന്നുറപ്പിച്ചു പറയാനാവില്ല. തീര്‍ച്ചയായും കാണാം.. :-)

--------------------------------

അങ്ങനെയെങ്കില്‍ ആ പറഞ്ഞിരിക്കുന്നത് തെറ്റാണ്. ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് സിനിമ കാണുമ്പോള്‍ മനസിലാവും :)