
പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം നിര്‍വ്വഹിച്ച കുട്ടിസ്രാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചേര്‍സാണ്. സംവിധായകന്റെ കഥയ്ക്ക് തിരനാടകം രചിച്ചിരിക്കുന്നത് പി.എഫ്.മാത്യൂസ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി, സുരേഷ് കൃഷ്ണ, സായ് കുമാര്‍, സിദ്ദീഖ്, പത്മപ്രിയ, കാമലാനി മുഖര്‍ജ്ജി, മീനകുമാരി പെരേര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കുട്ടിസ്രാങ്ക് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയാണ്. ചവിട്ടുനാടകത്തിന്റെ ചമയത്തില്‍ മരിച്ചുകിടക്കുന്ന കുട്ടിസ്രാങ്കിന്റെ മൃതദേഹം തിരിച്ചറിയാന്‍ വരുന്ന മൂന്നു സ്ത്രീകളുടെ മൊഴികളിലൂടെ കുട്ടിസ്രാങ്ക് എന്ന കഥാപാത്രത്തെ കാഴ്ചക്കാരനു സൃഷ്ടിച്ചു നല്‍കുകയാണ് ഈ സിനിമയിലൂടെ.
രേവമ്മയുടെ(പത്മപ്രിയ) കഥനത്തോടെയാണ് കുട്ടിസ്രാങ്കിന്റെ പുനര്‍സൃഷ്ടി തുടങ്ങുന്നത്. ക്രൂരനായ സ്വന്തം അച്ഛന്റെ ആജ്ഞാനുവര്‍ത്തിയും നിര്‍ദ്ദയനുമായ കശാപ്പുകാരന്റെ പ്രതിശ്ഛായയാണ് രേവമ്മയുടെ മനസ്സില്‍ സ്രാങ്കിനുള്ളത്. പിന്നീട് ആ അച്ഛനില്‍ നിന്നും തന്നെ രക്ഷിക്കുന്ന മോചകനും. പെമ്മേണയുടെ(കമാലിനി മുഖര്‍ജ്ജി) കണ്ണില്‍ ജേഷ്ഠന്റെ ചവിട്ടുനാടകത്തിലെ നായകനോടുള്ള ആരാധനയും പ്രണയവുമാണ്. എന്നാല്‍ കുട്ടിസ്രാങ്കിനു പെമ്മേണയുടെ പ്രണയത്തെ പാടെ അവഗണിക്കേണ്ടി വരുന്നു. ഊമയും നാടിന്റെ ശാപം എന്നു നാട്ടുകാര്‍ പറയുകയും ചെയ്യുന്ന കാളിക്ക്(മീന കുമാരി പെരേര) ഒരു ജീവിതം കൊടുത്തയാളാണ് കുട്ടിസ്രാങ്ക്. കൂടാതെ അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛനും. ഈ മൂന്നു കഥാപാത്രങ്ങളിലൂടെ പൂരിപ്പിക്കപ്പെടുന്ന ഒരു ചോദ്യമാണ് കുട്ടിസ്രാങ്ക്.
മൂന്നു കഥകള്‍ മൂന്നു വ്യത്യസ്ത ഭൂമികയിലാണ് നടക്കുന്നത്. ഈ വ്യത്യസ്ഥത സ്രാങ്കിന്റെ മൊഴിയിലും വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രേവമ്മയുടെ കഥ മലബാറിലും, പെമ്മേണയുടേത് കൊച്ചിയിലും, കാളിയുടേത് തിരുവിതാംകൂറിലും. ഒരുപാട് മികവുകളും ഒരുപിടി പോരായ്മകളും ചേര്‍ന്ന ഒരു കൂട്ടാണ് ഈ ചിത്രം.
രണ്ടാം ഉപാഖ്യാനത്തില്‍ കടന്നു വരുന്ന ചവിട്ടുനാടകത്തിന്റെ പശ്ചാത്തലം മികവ് പുലര്‍ത്തി. മമ്മൂട്ടി,സായ് കുമാര്‍ സിദ്ദീഖ്, കമാലിനി മുഖര്‍ജ്ജി, മീനാകുമാരി എന്നിവരുടെ പ്രകടനം മികച്ച നിലവാരത്തിലുള്ളതായിരിന്നു. എന്നാലും ഏറ്റവും മികച്ചതെന്നു തോന്നിയത് സുരേഷ് കൃഷ്ണയുടെ ലോനയാശാന്‍ തന്നെ(സ്വന്തം ശബ്ദം ഉപയോഗിക്കാതിരുന്നത് നന്നായി). ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ സംഗീതവും, മലയാളസിനിമയില്‍ ആദ്യമായി ക്യാമറ കൈകാര്യം ചെയ്ത വനിതയായ അഞ്ജലി ശുക്ളയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ഗാനങ്ങളില്‍ രമേശും രാജലക്ഷ്മിയും ചേര്‍ന്നാലപിച്ച “മാഗ ചന്ദിരാ..” മികച്ചുനിന്നു.
തിരക്കഥയിലെ പാളിച്ചകള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. കാളിയുടെ കഥയില്‍ കടന്നുവരുന്ന നോവലെഴുത്തുകാരിയുടെ സങ്കല്പങ്ങള്‍ കുറച്ചൊക്കെ നല്ലതെങ്കിലും, മൂന്നു സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വഭാവത്തിനും ആസ്വാദനത്തിനും ക്ഷതമേല്‍പ്പിക്കുന്നു എന്നൊരു കാര്യം മാത്രമേ അതു കൊണ്ട് നേടാനായൊള്ളു. ബാലിശമായ വിഷ്വല്‍ എഫക്റ്റുകളും ചിത്രത്തിനൊരു ബാധ്യതയാണ്. ഇത്തരം തെറ്റുകള്‍ തിരുത്തുന്നതില്‍ സംവിധായകനും സമയം ചെലവഴിച്ചതായി തോന്നിയില്ല. ആദ്യഭാഗത്തെ നാടകീയത അതിരുകടന്നതായും തോന്നി. മലയാളത്തിനു `പിറവി` തന്ന ഷാജി എന്‍ കരുണിനെ പോലെയുള്ള സംവിധായകരില്‍ നിന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
ചുരുക്കത്തില്‍ ഒരു മികച്ച സൃഷ്ടിക്കുള്ള എല്ലാവിധ സാധ്യതകളുമുണ്ടായിരുന്നിട്ടും അതിലെത്തിപറ്റാതിരുന്ന ഒരു സംരഭമാണ് കുട്ടിസ്രാങ്ക്. എന്നാലും സമീപകാല മലയാളസിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ച്ചയായും ഒന്നു കാണാവുന്ന ചിത്രം തന്നെ.