സീരിയലുകൾ മൊത്തത്തിൽ പ്രൈം ടൈമിനെ ഏകതാനമാക്കിത്തുടങ്ങിയ കാലത്താണെന്നു
തോന്നുന്നു റിയാലിറ്റി ഷോകൾ മലയാളത്തിലേക്ക് കടന്നു വന്നത്. റിയാലിറ്റി ഷോ
എന്ന പേരിൽ ലോകത്തിന്റെ പലകോണിൽ പലതരം ആഭാസങ്ങൾ അരങ്ങേറി തുടങ്ങിയിട്ട്
കാലം കുറേ ആയിട്ടുണ്ടാവും.
ശില്പ ഷെട്ടി ബിഗ് ബ്രദർ എന്ന ഷോയിൽ
പങ്കെടുത്തതും അതിന്റെ പിന്നാലെ ഉയർന്നുവന്ന വിവാദങ്ങളും ഒരു കാലത്ത്
മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ആ വിവാദങ്ങളൊക്കെ ഷോയുടെ റേറ്റിംഗ്
കൂട്ടാൻ കെട്ടിച്ചമച്ചതാവാനാണ് സാധ്യത.
മലയാളത്തിലേക്ക് മടങ്ങി
വന്നാൽ, ഇവിടെയുള്ള ജനപ്രിയ റിയാലിറ്റി ഷോകളൊക്കെയും ഗാന-നൃത്ത ഗണത്തിൽ
പെട്ടവയായിരുന്നു. പിന്നെയുള്ളത് കോടീശ്വരനും. ഇവയ്ക്കൊക്കെയുള്ള പ്രശ്നം
അതിന്റെ വിഷയത്തിനു പുറത്ത് പങ്കെടുക്കുന്നയാളിന്റെ വീട്ടിനകത്തേക്ക്
നീങ്ങുന്ന ക്യാമറയായിരുന്നു. അതിന്റെ ആവശ്യമെന്താണ്!! മൊത്തത്തിൽ നാടകീയത
വർദ്ധിപ്പിക്കുക എന്നതു തന്നെയാവണം. ഇത്തരം കുത്തിനിറച്ച
നാടകീയതയും മുൻകൂട്ടി തിരക്കഥയെഴുതി റിയലായി അവതരിപ്പിക്കുകയും ചെയ്യുന്ന
പരിപാടികളുടെ പൊതു സ്വഭാവം സാധാരണക്കാരനെ പറ്റിക്കുക എന്നതു തന്നെ.
ഇപ്പോഴുള്ള വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാവണം സിറ്റി ഗേൾസ് എന്ന
ശുദ്ധപോക്രിത്തരം എഴുന്നള്ളുന്നത്. ഇതുവരെ കണ്ടിട്ടില്ല. കേട്ടതും
പരസ്യത്തിൽ കണ്ടതും വെച്ച് നിരോധിക്കേണ്ട പരിപാടി എന്ന് നിസംശയം പറയാം.
റിയാലിറ്റി ഷോകളെല്ലാം മോശം എന്ന് പറയാനാവില്ല. കാരണം, ഇതുവരെ നടന്നതിൽ
ഏറ്റവും മികച്ച (ഒരു പക്ഷെ ലോകത്തിൽ തന്നെ ഏറ്റവും മികച്ച) റിയാലിറ്റി ഷോ
ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഗ്രീൻ കേരള എക്സ്പ്രസ് ആവും.
പാർലമെന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക പരാമർശം നേടിയ ഈ ഷോ ഒരു
ഫ്രെഞ്ച് ടെലിവിഷൻ ഫ്രാൻസിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പക്ഷെ ഇതിന്റെ
പിന്നിലെ ചിന്തയുടെ ഉടമയായിരുന്ന ദൂരദർശൻ അസിസ്റ്റന്റ് ഡിറക്ടർ ജി.സാജനെ
ആന്റമാനിലേക്ക് നാടുകടത്തിയത് ഈ ഷോയുടെ പേരിലാണെന്നും പറയപ്പെടുന്നുണ്ട്.
ഗ്രീൻ കേരള എക്സ്പ്രസ് വീണ്ടും വരുന്നു എന്ന വാർത്ത ഇന്നലെ കണ്ടു. നല്ലത്.
പിന്നെയുള്ള നല്ലൊരു റിയാലിറ്റി ഷോ കൈരളി ടിവിയിലെ മാമ്പഴം ആണ്.
നിർഭാഗ്യവശാൽ, ഈ രണ്ട് പരിപാടികൾക്കും പ്രേക്ഷക പിന്തുണ തീരെയില്ല.
ആഭാസങ്ങളെ കുറ്റം പറയാൻ വേണ്ടിയെങ്കിലും കാണുക എന്നത് മലയാളിയുടെ ശീലമാണ്.
അതിപ്പൊ റിയാലിറ്റി ഷോ ആയാലും സീരിയലായാലും സന്തോഷ് പണ്ഡിറ്റ് സിനിമ
ആയാലും- ശീലം മാറില്ല. അപ്പൊപ്പിന്നെ ചവറുകൾ ഒന്നിനു പുറകെ ഒന്നായി
തലയിലേക്ക് വീണുകൊണ്ടിരിക്കും.