Thursday, August 2, 2012

2012ലെ ധർമ്മപുരി



[ഭരണകൂട ഭീകരത പലതരം വേഷപ്പകർച്ചയിലൂടെ കാലഘട്ടങ്ങളുടെ മുഖമുദ്രയായി നിലനിൽക്കും. അതുകൊണ്ട് ധർമ്മപുരാണങ്ങൾ കാലഘട്ടത്തെ അതിജീവിക്കുന്ന ക്ലാസിക്കുകളായി മാറുന്നു. "ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം" എന്ന് ശ്രീ കെ പി അപ്പൻ വിളിച്ച കൃതിയുടെ കോണിലൂടെ 2012നെയും നോക്കാൻ സാധിക്കും. അത്തരമൊരു നോട്ടത്തിന് പ്രേരണയായത് ചില സമകാലിക സംഭവ വികാസങ്ങളാണ്. തമസ്കരിക്കപ്പെടുന്ന വാർത്തകളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂക്കോപ്പി എന്ന പംക്തിയിൽ വായിച്ചപ്പോൾ അതേ ലക്കത്തിൽ മറ്റൊരിടത്തായി കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ചില തമസ്കരിക്കപ്പെട്ട ചില വാർത്തകളെക്കുറിച്ച് പറഞ്ഞതും കണ്ടു. തൊട്ടടുത്ത ദിവസം ദി ഹിന്ദുവിൽ ഈ വാർത്ത വന്നപ്പോൾ മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ അത് കണ്ടില്ലെന്ന് നടിച്ചു. (വിട്ടുപോയതെങ്കിൽ തൊട്ടടുത്ത ദിവസം വന്നിരുന്നേനെ)]

ശ്രീമതി ധർമ്മപുരിയുടെ പ്രജാപതി സ്ഥാനത്തുനിന്നൊഴിഞ്ഞു. അല്ല ഓളെ വെട്ടി മാറ്റി. കാലം കടന്നുപോയി.

ലോകത്ത് നിലനിന്നിരുന്ന കുളിർ യുദ്ധം അവസാനിച്ചു.  താർത്താരികുടിയരശ് തകർന്നുതരിപ്പണമായി. ലോകരാജ്യങ്ങൾ മുഴുവൻ വെള്ള  സംയുക്തനാടുകളുടെ വൈശിഷ്ട്യം അംഗീകരിച്ചു പോരുന്നു.

 പ്രജാപതിപ്പട്ടം പലകൈ മറിഞ്ഞു. മാലിന്യങ്ങൾ കുന്നുകൂടി. മുന്നോട്ട് ഓടിയ കാലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിലെത്തി നിൽക്കുന്നു.

മാലിന്യസംസ്കരണത്തെക്കുറിച്ച് ഖിന്നനായി ഒരു തൊപ്പിക്കാരൻ ധർമ്മപുരിയുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിൽ ഉണ്ണാവ്രതം അനുഷ്ടിക്കുന്നു. തൊപ്പി ശ്രീമാനാണ് ഇന്ന് പ്രജാപതി. ധർമ്മപുരിയുടെ പ്രജാപതിയും വെള്ള നാടുകളുടെ ആശ്രിതവൽസലനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!!

പണ്ട്, അതായത് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ധർമ്മപുരിയുടെ വാതിൽ വിദേശ മാലിന്യങ്ങൾക്ക് കടന്നുവരാനായി തുറന്നിട്ട തൊപ്പിക്കാരൻ ശ്രീമാൻ, പിന്നീട് പ്രജാപതി ആയപ്പോഴാണ് വിദേശത്തു നിന്നും അപ്പി വാങ്ങി നിറയ്ക്കുന്ന കക്കൂസുകൾ പണിയാൻ തീരുമാനിച്ചത്. അതും വിദേശ സഹായത്തോടെ.

താർത്താരികുടിയരശ് തകർന്നടിയുന്നതിനു മുമ്പ്, ശ്രീമതീപുത്രൻ പ്രജാപതിയായിരുന്ന കാലത്താണ് ധർമ്മപുരിയുടെ തേക്കേയറ്റത്ത് കുടിയരശ് കക്കൂസ് കുത്താൻ കരാറായത്. കുടിയരശിന്റെ തകർച്ചയ്ക്ക് ശേഷം റൂസ് അതിന്റെ അവകാശികളായി. കുഴികുത്തൽ തുടർന്നുകൊണ്ടിരുന്നു.

ലോകത്ത് ഇതിനോടകം കക്കൂസ് പൊട്ടി ഒരുപാട് അപകടങ്ങളും പുതിയ കക്കൂസുകൾ കുത്തുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രക്ഷോഭങ്ങളും അരങ്ങേറിത്തുടങ്ങിയിരുന്നു. അതേസമയം പണ്ടേ കുത്തിത്തുടങ്ങിയ റൂസുകാരുടെ കക്കൂസ് ധർമ്മപുരിയുടെ തെക്കേയറ്റത്ത് പൂർത്തിയായി വന്നിരുന്നു.

ലോകത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സിദ്ധാർഥന്റെ നേതൃത്വത്തിൽ ധർമ്മപുരിയുടെ തെക്കും സമരത്തിന്റെ ജ്വാലകൾ തെളിഞ്ഞുവന്നു. കക്കൂസ് പൊട്ടിയാലുണ്ടാവുന്ന ദുർഗന്ധത്തെയും അതുണ്ടാക്കുന്ന അപകടങ്ങളേപ്പറ്റിയും പുരിവാസികളിൽ നിന്നും ചോദ്യങ്ങളുയർന്നു. പക്ഷെ അവർക്കൊക്കെ, "ഈ കക്കൂസിന്റെ സെപ്ടിക്ക് ടാങ്ക് ഒരിക്കലും പൊട്ടില്ല" എന്ന മറുപടിയാണ് പ്രജാപതിയും അപ്പിക്കമ്മീഷനും നൽകിയത്.

പ്രജാപതി പറഞ്ഞാൽ പിന്നെ അപ്പീലില്ല. അതാണല്ലോ ധർമ്മപുരിയുടെ നീതി!!

റൂസിന്റെ നാല് കുഴിയുള്ള കക്കൂസിലെ ആദ്യ രണ്ട് കുഴിയിൽ അപ്പിയിടാൻ തുടങ്ങാനിരിക്കെ പ്രജാപതി എല്ലാവരെയും ഞെട്ടിച്ച് ഒരു ചോദ്യമുന്നയിച്ചു:

"ടാങ്ക് പൊട്ടിയാൽ അപ്പി ആര് കോരും?"

പ്രജാപതി തന്നെ കോരണമെന്ന് റൂസും. അല്ല അപ്പിയിടുന്ന ആൾ തന്നെ കോരണമെന്ന് പ്രജാപതിയും. തർക്കം ധർമ്മപുരിവാസികൾക്ക് ഒരു പുതുവെളിച്ചമായി. അപ്പിക്കമ്മീഷൻ ധർമ്മസങ്കടത്തിലായി.

പുതുതായി വരാനിരിക്കുന്ന വെള്ള സംയുക്ത-പ്രാഞ്ചി കക്കൂസുകളിലെ അപ്പിയും താൻ തന്നെ കോരേണ്ടി വരുമോ എന്ന സന്ദേഹമാണ് പെട്ടെന്നുണ്ടായ ചോദ്യത്തിന്റെ പിന്നിലെന്ന് കൊട്ടാരം വിദൂഷകർ വിലയിരുത്തുന്നു. പ്രജാപതി രണ്ട് മുഴം മുന്നേ എറിയുന്ന ആളായതുകൊണ്ട് യഥാർത്ഥ ഉദ്ദേശ്യം ഇനിയും വ്യക്തമല്ല.

എന്നാലും ടാങ്ക് പൊട്ടാൻ സാധ്യതയുണ്ടെന്ന് പ്രജാപതിക്കും തോന്നിയിരിക്കുന്നു.

വരാനുള്ളതെന്തും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടതിനാൽ ധർമ്മസങ്കടങ്ങൾക്ക് പുരിവാസികളുടെ ഇടയിൽ യാതൊരു വിലയുമില്ല. പക്ഷെ ഇന്നൊരു കാര്യം വ്യക്തം:

ഈ ടാങ്കും പൊട്ടിയേക്കാം.



Friday, May 25, 2012

മതപരിവർത്തനം: ചില ചിന്തകൾ

നാലംഗ കുടുംബമായിരുന്നു രാജുവിന്റേത്. തമിഴ്നാട്-കേരള അതിർത്തിയിലുള്ള ഒരു ചെറുപട്ടണമാണ് ഇവരുടെ സ്വദേശം. വാടകവീട്ടിലാണ് താമസിച്ചിരുന്നത്.  മൂന്ന് മാസങ്ങൾക്ക് മുൻപ്  നടന്ന ഒരപകടത്തിൽ  രാജു മരിച്ചു. രാജുവിന്റെ മരണശേഷം ഭാര്യ ജയയും രണ്ട് കുട്ടികളും വാടകവീട്ടിൽ നിന്നും ജയയുടെ വീട്ടിലേക്ക് മാറി. അവിടെ ആകെയുള്ള വരുമാനം ജയയുടെ അമ്മയുടെ വഴിയോരക്കച്ചവടത്തിൽ നിന്നും കിട്ടുന്നത് മാത്രമാണ്. ഭര്‍ത്താവ്‌ മരിച്ചതിനാല്‍ ഈ സ്ത്രീക്ക് ഒരു വര്‍ഷത്തേക്ക് പുറംസമൂഹവുമായി ഇടപെടാന്‍ പാടില്ല എന്നാണവിടത്തെ മത/നാട്ടു നിയമം. കുട്ടികള്‍ ഇനി, ഒരാള്‍ ആറാം ക്ലാസിലേക്കും ഒരാള്‍ മൂന്നിലേക്കും. രണ്ടുപേരും നന്നായി പഠിക്കും. മക്കൾ നല്ല രീതിയിൽ പഠിച്ചു വളരണം എന്ന ആഗ്രഹം കാരണം അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് രാജു അവരെ ചേർത്തിരുന്നത്. അതൊരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനമാണ്. രാജുവിന്റെ പെട്ടെന്നുണ്ടായ മരണവും വരുമാനത്തിന്റെ കുറവും കാരണം കുട്ടികളുടെ ഫീസ് അടയ്ക്കാൻ കാശില്ലാത്ത അവസ്ഥയിലാണ് അവരിപ്പോൾ. മതം മാറി ക്രിസ്തുമതം സ്വീകരിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും വഹിക്കാമെന്ന് മാനേജ്മെന്റ് പറഞ്ഞു. പക്ഷെ അതിൽ കുടുംബത്തിനു വലിയ താല്പര്യമില്ല.

കഥ അവിടെ നിൽക്കട്ടെ. ഇപ്പറഞ്ഞ കാര്യം പുറത്തു നിന്ന് ഒന്ന് വീക്ഷിക്കാം. അപ്പോൾ പല ചോദ്യങ്ങളും അഭിപ്രായങ്ങളും വരാം. സ്വാഭാവികം. അവയിൽ ചിലത് ഇങ്ങനെയൊക്കെയാവും

  • മാനേജ്മെന്റിന്റെ നിലപാട് ശരിയല്ല:
വ്യക്തിപരമായി അതിനോട് യോജിക്കുന്നു. മതത്തിനപ്പുറത്ത് മനുഷ്യന്റെ അവസ്ഥയെ കാണാനുള്ള കഴിവുകേടാണ് ശരിക്കും ഈ നിലപാടിൽ വ്യക്തമാവുന്നത്. പക്ഷെ ശരിക്കുള്ള ഉദ്ദേശം നോക്കിയാൽ മനുഷ്യാവസ്ഥ എന്നൊരു വിഷയമേ അവിടെയില്ല എന്ന് മനസ്സിലാവും. കേവലം മതപ്രചാരണം മാത്രമാണ് ലക്ഷ്യം. അതിനായി പ്രലോഭനങ്ങൾ നടത്തുമ്പോൾ കരുണയുടെ കുപ്പായം അണിയിക്കുന്നു. അത്രമാത്രം.
  • അങ്ങനെ മതം മാറി ഔദാര്യം പറ്റണോ! അതൊന്നും നമ്മൾ അനുവദിച്ചു കൊടുക്കരുത്. അവർ സഹായിച്ചില്ലെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാമോ എന്ന് നോക്കാം.
"നമുക്ക് എന്തെങ്കിലും ചെയ്യാമോ എന്ന് നോക്കാം" എന്നതിലെ ആത്മാർത്ഥത എത്രത്തോളമുണ്ടെങ്കിലും അവിടെയും മതവും മതപരിവർത്തനവും സംബന്ധിച്ച ആകുലതകൾ നിഴലിക്കുന്നു.
  • മതം മാറിയാൽ എന്തെങ്കിലും ഗുണം കിട്ടുന്നെങ്കിൽ പിന്നെ മാറുന്നതിലെന്താ തെറ്റ്!!
മതങ്ങളുടെ ചരിത്രം ദേശത്തിന്റെ ചരിത്രവുമായി കൂട്ടിവായിക്കാൻ ശ്രമിച്ചാൽ ഓരോ സമൂഹത്തിലും മതങ്ങൾ എങ്ങനെ വേരൂന്നി എന്ന് മനസ്സിലാവും. ആദ്യം പറഞ്ഞ പ്രലോഭനങ്ങളെയും ഈ പറഞ്ഞ ഗുണങ്ങളെയും കുറിച്ചുള്ള ചിന്തകൾ അതിനു പിന്നിൽ കാണാൻ കഴിയും.

  • ഇതൊക്കെ മതങ്ങളുമായി കൂട്ടിക്കുഴക്കണോ! വ്യക്തിയുടെ വീക്ഷണകോണിൽ നിന്ന് സമൂഹത്തെ നോക്കുമ്പോൾ മതങ്ങൾക്ക് എത്രയാണിവിടെ പ്രസക്തി! മതം വ്യക്തിസ്വത്വവുമായി ചേർന്നു കിടക്കുന്ന ഒന്നാണോ! അതിൽ പരിവർത്തനം പാടില്ലേ! മതം സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടോ!
മതം ഒന്നിന്റെയും അവസാനവാക്കല്ല. അത് മാറുന്നതിൽ വ്യക്തിക്കുള്ള താല്പര്യം മാത്രം കണക്കിലെടുത്താൽ മതി. അവകാശങ്ങൾ നേടിയെടുക്കാൻ സമുദായങ്ങളും മതങ്ങളും ആയുധമാക്കപ്പെടുന്ന ഈ സമൂഹത്തിൽ വ്യക്തിപരമായ (മുകളിൽ പറഞ്ഞ സംഭവത്തിലെ പോലെ) കാര്യസാധ്യത്തിന് മതപരിവർത്തനം നടത്തുന്നതിൽ അപാകതയൊന്നും കാണുന്നില്ല. അങ്ങനെ ചെയ്യുമ്പോൾ മതം വെറും ഒരു ടൂൾ ആയി മാറുകയാണ്. 'ഇന്നത്തെ എന്റെ മതം കൊണ്ട് എനിക്ക് പ്രയോജനമില്ല അതുകൊണ്ട് പ്രയോജനമുള്ള മറ്റൊരു മതത്തിലേക്ക് മാറാം' എന്ന ചിന്തയാണ് അവിടെ രൂപപ്പെടുന്നത്. നാം ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് സാമ്പത്തികലാഭം(വ്യക്തിപരമായ മറ്റു ലാഭങ്ങളും) നോക്കി മാറുന്ന രീതിയോട് ഉപമിക്കാവുന്ന ഒരു പരിവർത്തന സൈക്കോളജി.
മതം സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നത് ശരി തന്നെ. അപ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. വേഷം, ഭക്ഷണം തുടങ്ങി ദൈനംദിന ജീവിതത്തിൽ നാം കൈകാര്യം ചെയ്യുന്നതിലെല്ലാം ഈ പറഞ്ഞ സംസ്കാരവും രാഷ്ട്രീയവും അടങ്ങിയിട്ടുണ്ട്. അവയിലൊക്കെ നാം മാറ്റത്തിനു തയ്യാറാവുമ്പോൾ മതം മാറുന്നതിൽ മാത്രം ഈ യുക്തിവെച്ച് എങ്ങനെ തെറ്റു കണ്ടുപിടിക്കാൻ കഴിയും!

ചുരുക്കത്തിൽ മതപരിവർത്തനം തികച്ചും വ്യക്തിപരമായ കാര്യമാണ്. പേരോ മതമോ മാറിയതുകൊണ്ട് ഒരു വ്യക്തിയും മാറുന്നില്ല. വ്യക്തി എന്ന സങ്കല്പം, ഓരോ കാലത്തും അവൻ എങ്ങനെ ചിന്തിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. റെനെ ഡെക്കാർട്ടെസ് പറഞ്ഞതുദ്ധരിച്ചാൽ "I think therefore I am."

Monday, May 21, 2012

ഓർമ്മച്ചെപ്പ് തുറന്ന് മഞ്ചാടിക്കുരു...

[ഇതൊരു നിരൂപണമല്ല. കഴിഞ്ഞ ദിവസങ്ങളിൽ മനസ്സിൽ ഉരുണ്ടുകൂടിയ ചില കാര്യങ്ങൾ.]

രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് റിലീസായത് 2007 ജനുവരിയിലായിരുന്നു. അന്ന് ഞാൻ ബാംഗ്ലൂരിലായിരുന്നു. ചുരുക്കം ചില മലയാളസിനിമകൾ മാത്രമാണ് അന്ന് അവിടെ റിലീസ് ചെയ്തിരുന്നത്. ഈ സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ അത് കാണണം എന്ന് ഉള്ളിന്റെ ഉള്ളിൽ എന്തുകൊണ്ടോ ഒരു തോന്നൽ ഉണ്ടായി. ചുരുക്കം ചില സിനിമകളുടെ കാര്യത്തിൽ ഞാൻ അങ്ങനെയാണ്. പ്രത്യേകിച്ച് ഒരു കാരണം പറയാനാവില്ല. ട്രെയിലർ കണ്ടതിൽ നിന്നും ഉരുത്തിഞ്ഞുവന്ന തോന്നലാവാം. ഒപ്പം അപ്പോൾ നാട്ടിലുണ്ടായിരുന്ന ചില അടുത്ത സുഹൃത്തുക്കളിൽ നിന്നും നല്ല അഭിപ്രായങ്ങളും കേട്ടു. തൊട്ടടുത്ത ആഴ്ച തന്നെ എറണാകുളത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. അപ്പോൾ ഇത് കണ്ടിട്ടേയുള്ളു എന്ന് തീരുമാനിച്ചു. പക്ഷെ അവിടെ എത്തിയപ്പോഴേക്കും സിനിമ തിരിച്ചു പെട്ടിയിൽ കയറിയിരുന്നു. അതുവരെയുണ്ടായിരുന്ന ആകാംക്ഷ വർദ്ധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

പിന്നെ കയ്യൊപ്പിനായി പലയിടത്തും അലഞ്ഞു. ഇന്റർനെറ്റിൽ. ബീമാപ്പള്ളിയിൽ. ബീമാപ്പള്ളിയിൽ തിരക്കിയപ്പോൾ അങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടുള്ളതായി പോലും ആർക്കും അറിയില്ല. ഡിവിഡി പുറത്തു വരുന്നതായി ഒന്നര വർഷത്തിനു ശേഷം 2008 ഡിസംബറിൽ സിഡിക്കട നടത്തുന്ന ഒരു സുഹൃത്തിൽ നിന്നും അറിയാനിടയായി. സംഭവം വന്ന അന്ന് തന്നെ ഒരു കോപ്പി കൈക്കലാക്കി സിനിമ കണ്ടു.

2010ൽ മോഹൻ രാഘവന്റെ റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി ഒഴിഞ്ഞ തീയറ്ററിൽ നിന്നും കണ്ടിറങ്ങിയപ്പോൾ ആ ചെറിയ സിനിമ ഒരുപാട് പേരിലെത്തണം എന്ന് തോന്നി. അതുകൊണ്ട് "കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്" എന്ന് ഈ ബ്ലോഗിൽ കുറിക്കുകയും ചെയ്തു. ഒപ്പം അടുത്തറിയാവുന്നവരെയൊക്കെ തീയറ്ററിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.

വളരെ വിരളമായേ ഇങ്ങനെ ചില സിനിമകൾ കാണാനും കാണിക്കാനും തോന്നാറൊള്ളു. ഇതല്ലാതെ ഇഷ്ടപ്പെട്ട സിനിമകൾ വന്നില്ല എന്നല്ല. മിക്കതും അല്ലാതെ തന്നെ കാണികളെ നേടിയിട്ടുണ്ട് എന്നതുകൊണ്ടാണ് ഇവയെക്കുറിച്ച് മാത്രം പറഞ്ഞത്. ഒക്കെ പ്രൊമോഷന്റെ വിജയപരാജയങ്ങൾ എന്ന് ചുരുക്കി പറയാം.


മേൽ‌പ്പറഞ്ഞ രണ്ട് സിനിമകൾക്കിടെ 2008ലെ IFFKലാണ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു വന്ന് ഒരുപിടി അവാർഡുകളും നേടി കടന്നു പോയത്. അത്തവണ IFFKൽ മൂന്ന് ദിവസം ചുറ്റിനടന്നു സിനിമകൾ കണ്ടെങ്കിലും ഇത് ശ്രദ്ധിക്കുകയോ കാണുകയോ ചെയ്തില്ല. അവാർഡ്നേട്ടം നേടിക്കൊടുത്ത മാദ്ധ്യമശ്രദ്ധയാണ് മുൻപ് കയ്യൊപ്പിനോട് തോന്നിയപോലൊരു ആകാംശ പിന്നീട് മഞ്ചാടിക്കുരുവിനോടും തോന്നാൻ കാരണം. ഇത്തവണ അന്വേഷണം കൂടുതൽ ഊർജ്ജിതമായിരുന്നു. കേരളാ കഫേ കൂടി പുറത്തിറങ്ങിയതോടെ സംവിധായികയെ സോഷ്യൽ മീഡിയയിലും മറ്റും കാണാനായി. അപ്പോൾ അന്വേഷണം നേരിട്ടും നടത്തി. അപ്പോഴൊക്കെ "മഞ്ചാടിക്കുരുവിന്റെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരൂ. റിലീസ് വിവരങ്ങൾ അവിടെ പ്രസിദ്ധീകരിക്കും" എന്നായിരുന്നു മറുപടി.

ആ കാത്തിരിപ്പ് 3 വർഷം നീണ്ടു. അവസാനം മഞ്ചാടിക്കുരു പുറത്തുവന്നു. വിഷയം ഗൃഹാതുരത്വം എന്ന് മുൻപ് തന്നെ പലയിടത്തും വായിച്ചിരുന്നു. മലയാളനാട്ടിൽ ഏറ്റവും വില്പന സാധ്യതയുള്ള സാധനമാണിതെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. ഓരോ കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും അവരുടേതായ ഭൂതകാലസ്മരണകൾ ഉണ്ടാവും അതത് കാലത്തിലൂടെ കടന്നുപോയിട്ടുള്ളവർക്ക് അത്തരം ഓർമ്മകളുടെ കുളിര് സമ്മാനിക്കും. ഈയൊരു ലോജിക്കാണ് ഈ വിഷയം ഇത്ര ജനകീയമാവാൻ കാരണം. പലവട്ടം പലതരത്തിൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ സിനിമയെന്ന മീഡിയത്തോട് നീതി പുലർത്തുക എന്നതാണ് ഏറ്റവും മുഖ്യം എന്നാണെന്റെ പക്ഷം.

എന്തായാലും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ദിനം തന്നെ സിനിമ കണ്ടു. ഓർമ്മകളുടെ താഴ്വരയിലൂടെ കൈപിടിച്ചു നടത്തുന്ന ലളിത സുന്ദരമായ ഒരു ചിത്രം. 16 ദിവസത്തെ അവധിക്കാലത്ത് വിക്കി കണ്ടതും കേട്ടതും പഠിച്ചതുമായ കാര്യങ്ങളാണ് വിക്കിയുടെ വീക്ഷണകോണിലൂടെ നാം കാണുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കഥാഗതിയിലും ആ നിഷ്ക്കളങ്കത തെളിഞ്ഞുനിൽക്കുന്നു. മനുഷ്യന്റെ സ്വഭാവം കേവലം കറുപ്പിലും വെളുപ്പിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. സാഹചര്യമനുസരിച്ച് ഇവയ്ക്കിടയിലുള്ള ഒരായിരം വര്‍ണ്ണങ്ങളിലേക്കും മാറാം എന്ന് പറയുകയും, ഇതിലെ കഥാപാത്രങ്ങളിലൂടെ അത് വരച്ച് കാണിക്കുകയും ചെയ്യുമ്പോൾ ഈ സിനിമ ജീവിതത്തോട് അടുത്തു നിന്ന് സംവേദിക്കുന്നു എന്ന് സമ്മതിക്കേണ്ടി വരുന്നു.

എന്റെ ബാല്യം 1980കളുടെ രണ്ടാം പകുതിയിലും 1990കളുടെ ആദ്യ പകുതിയിലുമായി പടർന്നു കിടക്കുന്നു. അന്ന് കണ്ടതും ചെയ്തതും അനുഭവിച്ചതുമായ ഏതാണ്ടെല്ലാ കാര്യങ്ങളും കണ്മുൻപിൽ വീണ്ടും തെളിഞ്ഞു വരുമ്പോൾ എന്താ തോന്നുക!! കണ്ണുനീരിൽ കുതിർന്നൊരു സന്തോഷം. നഷ്ടങ്ങളേ ചൊല്ലിയൊരു വേദന. മഞ്ചാടിക്കുരു അക്ഷരാർത്ഥത്തിൽ പകർന്നു നൽകിയത് അതുതന്നെയാണ്. ഒടുവിൽ മനസ്സിൽ പെയ്ത മഴ സ്ക്രീനിൽ പെയ്തു കണ്ടപ്പോൾ ഈ മഞ്ചാടിക്കുരു ഹൃദയത്തോട് കൂടുതൽ അടുക്കുന്നു.

അഭിനയിച്ചവരൊക്കെ അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തപ്പോൾ മലയാളത്തിലെ പതിവിനു വിരുദ്ധമായി കൊച്ചു കുട്ടികളുടെ പ്രകടനം ഗംഭീരമായിരുന്നു. കാലയവനികയുടെ പിന്നിലേക്കോടി മറഞ്ഞ മുരളിയെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു. ഛായാഗ്രഹണവും സിങ്ക് സൗണ്ടും സിനിമയുമായി നന്നായി യോജിച്ചു പോകുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, കാണുന്നിടം വരെ കയ്യൊപ്പിന്റെ ആകാംക്ഷയും കണ്ടുകഴിഞ്ഞ് റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി പോലെ മറ്റുള്ളവരിലേക്ക് എത്തണം എന്നും തോന്നിയ സിനിമയാണ് മഞ്ചാടിക്കുരു. ഓർമ്മകളിലേക്ക് ഒരു വിനോദസഞ്ചാരത്തിനായി തീർച്ചയായും കാണുക.

വാൽക്കഷണം
പണ്ടെനിക്ക് രണ്ട് പെട്ടികളുണ്ടായിരുന്നു. ഒന്ന് വലുത്. അത് നിറയെ നാട്ടിലെ പോലീസ് സ്റ്റേഷനു പിന്നിൽ നിന്നും പെറുക്കിയ മഞ്ചാടിക്കുരു. ഇന്നവിടെ ആ മഞ്ചാടിമരമില്ല. മറ്റൊന്ന്, ഒരു ചെറിയ പെട്ടി. അതിൽ നിറയെ എവിടെ നിന്നോ കിട്ടിയ കുന്നിക്കുരു. വാടകവീടുകൾ മാറിമാറി താമസിച്ചിരുന്ന കാലത്തെപ്പോഴോ എവിടെയോ എനിക്കവയെല്ലാം നഷ്ടപ്പെട്ടു. ഒപ്പം എന്റെ ചില ഓർമ്മകളും.




Friday, April 27, 2012

മലയാളത്തിലെ റിയാലിറ്റി ഷോകൾ

സീരിയലുകൾ മൊത്തത്തിൽ പ്രൈം ടൈമിനെ ഏകതാനമാക്കിത്തുടങ്ങിയ കാലത്താണെന്നു തോന്നുന്നു റിയാലിറ്റി ഷോകൾ മലയാളത്തിലേക്ക് കടന്നു വന്നത്. റിയാലിറ്റി ഷോ എന്ന പേരിൽ ലോകത്തിന്റെ പലകോണിൽ പലതരം ആഭാസങ്ങൾ അരങ്ങേറി തുടങ്ങിയിട്ട് കാലം കുറേ ആയിട്ടുണ്ടാവും.

ശില്പ ഷെട്ടി ബിഗ് ബ്രദർ എന്ന ഷോയിൽ പങ്കെടുത്തതും അതിന്റെ പിന്നാലെ ഉയർന്നുവന്ന വിവാദങ്ങളും ഒരു കാലത്ത് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ആ വിവാദങ്ങളൊക്കെ ഷോയുടെ റേറ്റിംഗ് കൂട്ടാൻ കെട്ടിച്ചമച്ചതാവാനാണ് സാധ്യത.

മലയാളത്തിലേക്ക് മടങ്ങി വന്നാൽ, ഇവിടെയുള്ള ജനപ്രിയ റിയാലിറ്റി ഷോകളൊക്കെയും ഗാന-നൃത്ത ഗണത്തിൽ പെട്ടവയായിരുന്നു. പിന്നെയുള്ളത് കോടീശ്വരനും. ഇവയ്ക്കൊക്കെയുള്ള പ്രശ്നം അതിന്റെ വിഷയത്തിനു പുറത്ത് പങ്കെടുക്കുന്നയാളിന്റെ വീട്ടിനകത്തേക്ക് നീങ്ങുന്ന ക്യാമറയായിരുന്നു. അതിന്റെ ആവശ്യമെന്താണ്!! മൊത്തത്തിൽ നാടകീയത വർദ്ധിപ്പിക്കുക എന്നതു തന്നെയാവണം. ഇത്തരം കുത്തിനിറച്ച നാടകീയതയും മുൻകൂട്ടി തിരക്കഥയെഴുതി റിയലായി അവതരിപ്പിക്കുകയും ചെയ്യുന്ന പരിപാടികളുടെ പൊതു സ്വഭാവം സാധാരണക്കാരനെ പറ്റിക്കുക എന്നതു തന്നെ.

ഇപ്പോഴുള്ള വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാവണം സിറ്റി ഗേൾസ് എന്ന ശുദ്ധപോക്രിത്തരം എഴുന്നള്ളുന്നത്. ഇതുവരെ കണ്ടിട്ടില്ല. കേട്ടതും പരസ്യത്തിൽ കണ്ടതും വെച്ച് നിരോധിക്കേണ്ട പരിപാടി എന്ന് നിസംശയം പറയാം.

റിയാലിറ്റി ഷോകളെല്ലാം മോശം എന്ന് പറയാനാവില്ല. കാരണം, ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച (ഒരു പക്ഷെ ലോകത്തിൽ തന്നെ ഏറ്റവും മികച്ച) റിയാലിറ്റി ഷോ ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഗ്രീൻ കേരള എക്സ്പ്രസ് ആവും. പാർലമെന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പ്രത്യേക പരാമർശം നേടിയ ഈ ഷോ ഒരു ഫ്രെഞ്ച് ടെലിവിഷൻ ഫ്രാൻസിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പക്ഷെ ഇതിന്റെ പിന്നിലെ ചിന്തയുടെ ഉടമയായിരുന്ന ദൂരദർശൻ അസിസ്റ്റന്റ് ഡിറക്ടർ ജി.സാജനെ ആന്റമാനിലേക്ക് നാടുകടത്തിയത് ഈ ഷോയുടെ പേരിലാണെന്നും പറയപ്പെടുന്നുണ്ട്.
ഗ്രീൻ കേരള എക്സ്പ്രസ് വീണ്ടും വരുന്നു എന്ന വാർത്ത ഇന്നലെ കണ്ടു. നല്ലത്.

പിന്നെയുള്ള നല്ലൊരു റിയാലിറ്റി ഷോ കൈരളി ടിവിയിലെ മാമ്പഴം ആണ്.

നിർഭാഗ്യവശാൽ, ഈ രണ്ട് പരിപാടികൾക്കും പ്രേക്ഷക പിന്തുണ തീരെയില്ല. ആഭാസങ്ങളെ കുറ്റം പറയാൻ വേണ്ടിയെങ്കിലും കാണുക എന്നത് മലയാളിയുടെ ശീലമാണ്. അതിപ്പൊ റിയാലിറ്റി ഷോ ആയാലും സീരിയലായാലും സന്തോഷ് പണ്ഡിറ്റ് സിനിമ ആയാലും- ശീലം മാറില്ല. അപ്പൊപ്പിന്നെ ചവറുകൾ ഒന്നിനു പുറകെ ഒന്നായി തലയിലേക്ക് വീണുകൊണ്ടിരിക്കും.

Sunday, January 22, 2012

മുഖ്യധാരയ്ക്ക് നാറുമ്പോള്‍...

ജനാധിപത്യം എന്നും മുഖ്യധാരയുടെ ശബ്ദം മാത്രം കേൾക്കുമ്പോ പാർശ്വങ്ങളിലെ ദുരിതങ്ങ കേൾക്കാതെയും കാണാതെയും പോകുന്നു. മിക്കപ്പോഴും വികസനപദ്ധതിക നടപ്പാക്കുമ്പോ അവിടെ ഇരക സൃഷ്ടിക്കപ്പെടുന്നതിപ്രകാരമാണ്. തലസ്ഥാനനഗരിയിൽ കഴിഞ്ഞ കുറേക്കാലമായി നിലനിൽക്കുന്ന മാലിന്യപ്രശ്നത്തിലും ഇത് വ്യക്തമായി കാണാം. 11 കൊല്ലമായി നഗരത്തിനു പുറത്ത് വിളപ്പി പഞ്ചായത്തി പ്രവർത്തിച്ചുവരുന്ന നഗരത്തിന്റെ ഉച്ഛിഷ്ട സംസ്കരണശാല പലപ്പോഴും വാർത്തകളി നിറഞ്ഞുനിന്നിട്ടുള്ളതാണ്.

പ്രതിഷേധങ്ങ, സമരങ്ങ, വഴിതടയ, ഒത്തുതീർപ്പുർച്ച, ർക്കാരിന്റെ വാഗ്ദാനങ്ങ, സമരം പിൻവലിക്ക തുടങ്ങിയ കാര്യങ്ങ ക്രമത്തി നിശ്ചിത ഇടവേളകളിൽ അനുഷ്ഠാനം പോലെ നടന്നുവരികയായിരിന്നു. വാഗ്ദാനങ്ങ പതിവുപോലെ തമസ്കരിക്കപ്പെട്ടുകൊണ്ടിരുന്നപ്പോ ദുർഗന്ധം തങ്ങിനില്ക്കുന്ന വായു മാത്രം ശ്വസിക്കാന്‍ വിധിക്കപ്പെട്ട വിളപ്പിൽശാല നിവാസികൾക്ക് അത് അതിജീവനത്തിന്റെ പ്രശ്നമായിരിന്നു. സര്ക്കാരിന്റെയും കോര്പ്പറേഷന്റെയും തണുപ്പന്‍ പ്രതികരണങ്ങ ഉണ്ടാക്കിയ ഒരുതരം നിസ്സഹായാവസ്ഥയിലാവാം പ്ലാന്റ് പൂട്ടാന്‍ വിളപ്പി പഞ്ചായത്ത് ഉത്തരവിറക്കിയത്.

വിളപ്പിൽശാല മാലിന്യസംസ്കരണപ്ലാന്റും സമീപത്തുള്ള മാലിന്യക്കൂമ്പാരവും

പ്ലാന്റ് പൂട്ടാനുള്ള തീരുമാനം നഗരത്തെ ശ്വാസം മുട്ടിച്ചപ്പോ തുവരെ മിണ്ടാതിരുന്നവ പോലും അഭിപ്രായങ്ങളുമായി പുറത്തുവരാന്‍ തുടങ്ങി. കോര്പ്പറേഷന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റ് പൂട്ടാനുള്ള അധികാരം പഞ്ചായത്തിനുണ്ടോ? പ്ലാന്റ് മൂലം തദ്ദേശവാസികൾക്ക് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണിപ്പോ ഉയർന്നുകേള്ക്കുന്നത്. ആദ്യചോദ്യത്തിന് ഇല്ല എന്ന ഉത്തരം ആവര്ത്തിക്കുന്ന കോർപ്പറേഷന്‍ പ്ലാന്റിനടുത്തു തന്നെയുള്ള ക്വോട്ടേഴ്സുകളി താമസിക്കുന്ന പ്ലാന്റ് ജീവനക്കാർക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും വാദിക്കുന്നു. പക്ഷെ കേസ് ഹൈക്കോടതിയി വന്നപ്പോ പ്രശ്നത്തെക്കുറിച്ച് പഠിക്കാ കോടതി നിയമിച്ച അഭിഭാഷകക്കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച്, പ്ലാന്റ് നില്ക്കുന്ന സ്ഥലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ആശന്കാവഹമാണ്. ഒപ്പം പ്ലാന്റ് പൂട്ടിയതോടെ നഗരം മാലിന്യക്കൂമ്പാരമായി മാറി. മാലിന്യനിർമ്മാർജ്ജനത്തിനു കണ്ടെത്തിയ തീർത്തും അശാസ്ത്രീയമായ (പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്ന പോലെയുള്ള)  താല്ക്കാലിക മാർഗങ്ങളും കൂടി ആയപ്പോൾ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത നഗരത്തിലേക്കുകൂടി വ്യാപിച്ചിരിക്കുന്ന അവസ്ഥയാണിന്നുള്ളത്.

സെക്രട്ടേറിയറ്റിനു സമീപം YMCAക്ക് എതിർവശം വഴിയരികിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നയിടം

ശുചിത്വമെന്നത് കേവലം വ്യക്തിശുചിത്വവും വീടിന്റെ ശുചിത്വവും മാത്രമാണ് എന്നൊരുതരം സങ്കുചിതചിന്താഗതിയും അതിനിന്നുണ്ടായ വലിച്ചെറിയ സംസ്കാരവുമാണ് ഒരുപരിധിവരെ നഗരം ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളുടെ മൂലകാരണം. ഈ ഉത്തരവാദിത്തത്തി നിന്നൊഴിഞ്ഞുമാറാന്‍ ഒരുതവണയെന്കിലും മാലിന്യം വലിച്ചെറിഞ്ഞിട്ടുള്ള ആര്ക്കും സാധ്യമല്ല.

സ്രോതസില്‍ തന്നെ സംസ്കരിക്കാന്‍ വേണ്ട നടപടികളാണ് ഇവിടെ ആവശ്യം. ഇപ്പോഴുള്ളതും പുതുതായി മുളച്ചുപ്പൊന്നതുമായ ഫ്ലാറ്റുകളി മാലിന്യസംസ്കരണത്തിനുള്ള മാര്ഗങ്ങ നിര്ബ്ബന്ധമായും സ്ഥാപിക്കനുള്ള നടപടിക സ്വീകരിക്കണം. മറ്റു കെട്ടിടങ്ങള്ക്കും അനുമതികൊടുക്കുന്നതിനു മുന്പ് ഇതൊരു നിബന്ധനയായി ഉള്പ്പെടുത്താവുന്നതാണ്. ഒപ്പം പ്ലാന്റിന്റെ ശേഷിവര്ദ്ധിപ്പിക്കലും സംസ്കരണത്തിന്റെ രീതികളിലെ പാളിച്ചകള്‍ ശാസ്ത്രീയമായി പരിഹരിക്കുകയും, അവിടെ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടിക സ്വീകരിക്കുകയുമാണ് വേണ്ടത്. ഇതെല്ലാം പ്രശ്നങ്ങ കൂടുത വഷളാവുന്നതിനു മുന്പ് യുദ്ധകാലാടിസ്ഥാനത്തി ചെയ്തുതീർക്കേണ്ടതുമാണ്. അനുകരിക്കാന്‍ കഴിയുന്ന മാതൃകക രാജ്യത്ത് ധാരാളമുള്ളപ്പോൾ ഇതിലൊന്നും ആസൂത്രണവകുപ്പിന് അധികം തലപുകയ്ക്കേണ്ടിവരില്ലെന്നതാണ് സത്യം. പക്ഷെ എന്ത് തീരുമാനമെടുത്താലും  അത് താല്ക്കാലികപരിഹാരം  മാത്രമായി മാറാതെ ആർക്കും  (ഗ്രാമത്തിനും  നഗരത്തിനും) ബുദ്ധിമുട്ടുണ്ടാക്കാത്ത ശ്വാശ്വത പരിഹാരമായി തീരണം. പ്ലാസ്റ്റിക്ക് നിരോധനം പോലെയുള്ള നിയമങ്ങളെ കേവലം പേപ്പറിൽ ഒതുക്കി നിർത്താതെ, നിർബ്ബന്ധമായും പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തുകയും വേണം.

ഇത് കേവലം തിരുവനന്തപുരത്തിന്റെയും വിളപ്പിൽശാലയുടെയും പ്രശ്നമല്ല. കൊച്ചിയുടെ മാലിന്യംപേറുന്ന ബ്രഹ്മപുരവും, കോഴിക്കോടിന്റെ ഞെളിയൻപറമ്പും, തൃശൂരിന്റെ ലാലൂരും ഇന്നല്ലെന്കിൽ നാളെ ഈയൊരു പ്രശ്നത്തെ അഭിമുഖീകരിക്കാ പോകുന്ന സ്ഥലങ്ങളാണ്. പ്രതിഷേധങ്ങ അണപൊട്ടിയൊഴുകാ കാത്തുനില്ക്കാതെ ഇവിടെ നിന്നുള്ള പാഠങ്ങൾക്കൊണ്ട് അവിടെയൊക്കെ ദീര്ഘവീക്ഷണത്തോടെ ഈ പ്രശ്നത്തിന്റെ സാധ്യതയെ പറ്റിയും പരിഹാരത്തെപ്പറ്റിയും  ചിന്തിച്ചുതുടങ്ങാവുന്നതാണ്.

മൂക്കുപൊത്തി, കണ്ണുതുറന്ന് പ്രശ്നങ്ങളെ കാണാനും വിലയിരുത്താനും പരിഹാരത്തെക്കുറിച്ച് ചിന്തിക്കാനും നാറുന്ന നഗരം ഒരു നിമിത്തമാവട്ടേയെന്ന് പ്രത്യാശിക്കാം.