Friday, December 17, 2010

IFFK 2010: സിനിമാക്കാഴ്ചകള്‍


അങ്ങനെ കേരളത്തിന്റെ പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തിരശീല വീഴുകയായി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമപ്രേമികളും സിനിമ പ്രവര്‍ത്തകരും അനന്തപുരിയിലേക്ക് തീര്‍ത്ഥാടനം നടത്തിയ 8 ദിനങ്ങള്‍, 83 രാജ്യങ്ങളില്‍ നിന്നും 207 ചിത്രങ്ങള്‍. തോളില്‍ സഞ്ചിയും കഴുത്തില്‍ ഡെലിഗേറ്റ് പാസുമായി സിനിമയ്ക്കു പിറകേ സിനിമയ്ക്കായി ഓടിയ ഓട്ടവും കണ്ടു തീര്‍ത്ത സിനിമകള്‍ പകര്‍ന്നു തന്ന ദൃശ്യാനുഭവവും എല്ലാം എല്ലാം ഇനി ഓര്‍മ്മകള്‍.

കണ്ട സിനിമകള്‍ 20 എണ്ണം...

മത്സര വിഭാഗം
-----------------
മത്സരവിഭാഗത്തില്‍ ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്ക മേഖലകളില്‍ നിന്നുള്ള 14 ചിത്രങ്ങളായിരിന്നു പ്രദര്‍ശിപ്പിച്ചത്. അതില്‍ കാണാന്‍ കഴിഞ്ഞത് 4 എണ്ണം മാത്രം (മത്സര വിഭാഗത്തിലുണ്ടായിരുന്ന 2 മലയാള ചിത്രങ്ങളും ജാപ്പനീസ് വൈഫ് എന്ന ബംഗാളി ചിത്രവും മുന്‍പ് കണ്ടിരിന്നു. അത് കൂടി കൂട്ടിയാല്‍ 7 മത്സരചിത്രങ്ങള്‍ കണ്ടു എന്നു പറയാം)

ബെല്‍മ ബസ്  സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ സെഫീര്‍ കൂട്ടത്തില്‍ മികച്ചു നിന്നു. ഫ്രെയിമുകളുടെ സൌന്ദര്യവും, ദൃശ്യങ്ങളുടെ ബുദ്ധിപരമായ കോര്‍ത്തിണക്കലും, സംഭാഷണത്തിലെ മിതത്വവും കൊണ്ട് നല്ലൊരു സിനിമ അനുഭവം പകര്‍ന്നു തരുന്ന സെഫീര്‍ തന്നെയാണ് മേളയിലെ എന്റെ ഇഷ്ട ചിത്രം. റേറ്റിങ്ങ്: വളരെ നല്ലത്

തിരുവനന്തപുരം മേളയിലെ പതിവ് പലായന ചിത്രങ്ങളുടെ ശ്രേണിയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് പോട്രെയിറ്റ് ഇന്‍ ഏ സീ ഓഫ് ലൈസ് എന്ന കൊളംബിയന്‍ ചിത്രം. ലാറ്റിന്‍ ചിത്രങ്ങളുടെ സ്ഥിരം രീതികള്‍ പിന്തുടരുന്ന ക്യാമറാ കാഴ്ചകളാണ് ഈ ചിത്രത്തിലുള്ളത്. കൊളംബിയിലെ ആഭ്യന്തര കലാപം പശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ അന്നാട്ടിലെ ഭൂപ്രകൃതിയുടെ സൌന്ദര്യം കാണുവാന്‍ സാധിക്കും. റേറ്റിങ്ങ്: ശരാശരിക്കു മുകളില്‍

ഇറാനിയന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പും 2009 ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളും നടക്കുന്ന സമയത്ത് അവിടെയുള്ള സാധാരണക്കാരുടെ പച്ചയായ ജീവിതത്തിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് വാക്കിങ്ങ് ഓണ്‍ ദി റെയില്‍ എന്ന ചിത്രം. റേറ്റിങ്ങ്: ശരാശരി

ടുണീഷ്യന്‍ ചിത്രമായ ബറീഡ് സീക്രട്ട് ആണ് മത്സര വിഭാഗത്തിലെ മറ്റൊരു നല്ല ചിത്രം. സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്ന ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും കഥയാണിത്. അതില്‍ സ്വതന്ത്രയാവാന്‍ കൊതിയ്ക്കുന്ന പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രം. റേറ്റിങ്ങ്: നല്ലത്

മത്സരേതര വിഭാഗം
----------------------

മത്സരേതര വിഭാഗത്തില്‍ കണ്ട നല്ല ചിത്രങ്ങള്‍

1) ബ്യൂട്ടിഫുള്‍ (അലെക്സാണ്ട്രോ ഇനാരിട്ടോ/മെക്സിക്കോ)
കാനില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ജാവിയര്‍ ബേര്‍ഡത്തിന്റെ പ്രകടനവും ആഖ്യാന രീതിയും കൊണ്ട് നല്ലതെന്നു പറയാവുന്ന ചിത്രം

2) മാര്‍ത്ത (മെക്സിക്കോ)
ശരാ‍ശരിയ്ക്ക് താഴെയെങ്കിലും കണ്ടിരിക്കാവുന്ന ചിത്രം

3) സരാട്ടന്‍ ‍(കിര്‍ഗിസ്ഥാന്‍)
ആക്ഷേപഹാസ്യവും ഗ്രാമീണ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരവുംകൊണ്ട് ശ്രദ്ധേയമായ ചിത്രം. ശരാശരിക്കു മുകളില്‍‍.

4) സൈലന്റ് സോള്‍ (റഷ്യ)
ശരാശരിയ്ക്ക് മുകളില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രം.

5) ലൈറ്റ് തീഫ് (കിര്‍ഗിസ്ഥാന്‍)
ശരാശരിക്കു താഴെയാണിതിന് സ്ഥാനം. എന്നാലും ഒന്ന് കാണുന്നതില്‍ തെറ്റില്ല.

6) ഡോട്ടര്‍ ഇന്‍ ലോ (കസക്കിസ്ഥാന്‍)
ചില രോദനങ്ങളും അലര്‍ച്ചയും ഒഴിവാക്കിയാല്‍ ഒരു നിശബ്ദചിത്രം. സിനിമയ്ക്ക് പ്രേക്ഷകനോട് സംവേദിക്കാന്‍ ഭാഷയോ സംഭാഷണമോ ആവശ്യമില്ലെന്ന് തെളിയിക്കുന്ന ഒരു ദൃശ്യ ചിത്രം. ഒരു നല്ല ചിത്രം.

7) ലണ്ടന്‍ റിവര്‍ (ഫ്രാന്‍സ്/ഇംഗ്ലണ്ട്)
ലണ്ടന്‍ സ്ഫോടനത്തിനു ശേഷം കാണാതായ മക്കളെ അന്വേഷിച്ച് ലണ്ടനിലെത്തിയ ഒരു ഇംഗ്ലീഷ് വനിതയുടെയും, ഒരു ആഫ്രിക്കക്കാരന്റെയും കഥ പറയുന്ന ചിത്രത്തില്‍. വര്‍ഗ്ഗീയതയും മനുഷ്യത്വവും തീവ്രവാദവും വംശവും എല്ലാം പ്രതിപാദിക്കുന്നുണ്ട്. മികച്ച കാസ്റ്റിങ്ങ് കൊണ്ടും സോതുകി കയാട്ടെയുടെ ദൈന്യം നിറഞ്ഞ മുഖം മനസ്സില്‍ തങ്ങി നില്‍ക്കുന്നതു കൊണ്ടും നല്ലതെന്ന് നിസംശയം പറയാവുന്ന ചിത്രമാണ് ലണ്ടന്‍ റിവര്‍.

8) സ്ടെയിഞ്ച് കെയ്സ് ഓഫ് അഞ്ചേലിക്ക (പോര്‍ച്ചുഗല്‍)
ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ സംവിധായകനായ മാനുവേല്‍ ഓലിവ്യേറ സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണ ഏറ്റവും വെറുപ്പിച്ച സിനിമ. കൂടുതല്‍ പറയാന്‍ ഒന്നും മനസിലായില്ല.

9) സെര്‍ട്ടിഫൈഡ് കോപ്പി (ഫ്രാന്‍സ്)
അബ്ബാസ് കിയരോസ്റ്റമി സംവിധാനം ചെയ്ത ഈ ചിത്രം സംഭാഷണങ്ങളുടെ അതിപ്രസരമാണെങ്കിലും മികച്ച സംഭാഷണങ്ങള്‍ നിറഞ്ഞ ഒരു സിനിമയാണ്. ശരാശരിയില്‍ നിര്‍ത്താം.

10) അഡോപ്റ്റഡ് സണ്‍ (കിര്‍ഗിസ്ഥാന്‍)
നിറങ്ങളുടെയും ബ്ലാക്ക് ആന്റ് വൈറ്റിന്റെയും ഒരു സന്നിവേശം. ശരാശരിക്ക് മുകളില്‍

11) ലിറ്റില്‍ റോസ് (പോളണ്ട്)
1968ലെ പോളണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഒരു രാഷ്ട്രീയ/ത്രികോണ പ്രണയ ചിത്രം. ശരാശരി.

12) ഡോസണ്‍ ഐലന്റ് 10 (ചിലി)
ചിലിയില്‍ അല്ലെന്റയുടെ ഭരണകൂടത്തിലുണ്ടായിരുന്നവരെ പട്ടാള ഭരണകൂടം തടവില്‍ വെച്ചിരുന്ന ഡോസണ്‍ ദ്വീപിലെ കോണ്‍സെണ്ട്രേഷന്‍ ക്യാമ്പിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഡൊകു-ഫിക്ഷന്‍. ശരാശരിക്കു മുകളില്‍

13) ലൈറ്റ് ഇന്‍ ഡാര്‍ക്ക്നെസ്: റിട്ടേണ്‍ ഓഫ് ഏ റെഡ് ലൈറ്റ് ബാന്റിറ്റ് (ബ്രസീല്‍)
അരാജകത്വം നിറഞ്ഞ ഒരു രാഷ്ട്രീയ ചിത്രം.

14) ഐ ആം കലാം (ഇന്ത്യ)
കലാമിന്റെ പ്രസംഗം കേട്ട് പ്രചോദനമുള്‍ക്കൊണ്ട ഒരു ബാലന്റെ കഥ. അവസാന ഭാഗങ്ങളിലെ അസ്വാഭാവികത മൂലം ശരാശരി മാത്രമായി കണക്കാക്കാവുന്ന ചിത്രം.

15) അങ്കിള്‍ ബൂണ്മി ഹൂ ക്യാന്‍ റീക്കോള്‍ ഹിസ് പാസ്റ്റ് ലൈഫ് (തായ് ലണ്ട്)
2010 കാനില്‍ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം രണ്ടാമതൊരു കാഴ്ച ആവശ്യപ്പെടുന്നുണ്ട്.

16) ജോയ് (ഹോളണ്ട്)
ജനിച്ചപ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട ജോയ് എന്ന പെണ്‍കുട്ടിയുടെ യൌവനവും അമ്മയേ തേടിയുള്ള യാത്രയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ചിത്രം.

നല്ലതെന്ന് പറയാവുന്ന ചിത്രങ്ങള്‍  ഇത്തവണ നന്നേ കുറവായിരുന്നു എന്ന പൊതുഭാഷ്യം എനിക്കും ശരിവെയ്ക്കാന്‍ തോന്നുന്നു. കണ്ടതില്‍ മിക്കസിനിമകളും ശരാശരിക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഒരു കാഴ്ചയാണ് ഇത്തവണ ഉണ്ടായിരുന്നത്. കൂടുതല്‍ മികച്ച സിനിമകള്‍ അടുത്ത തവണ ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നു. സിനിമാപ്രേമികള്‍ക്ക് 2011ലെ മേളയിലേക്കുള്ള കൌണ്ട് ഡൌണ്‍ നാളെ മുതല്‍ തുടങ്ങാം.

16 comments:

Unknown said...

കൂടുതല്‍ മികച്ച സിനിമകള്‍ അടുത്ത തവണ ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നു. സിനിമാപ്രേമികള്‍ക്ക് 2011ലെ മേളയിലേക്കുള്ള കൌണ്ട് ഡൌണ്‍ നാളെ മുതല്‍ തുടങ്ങാം.

സ്വപ്നാടകന്‍ said...

അതെ ... നിലവാരമുള്ള ചിത്രങ്ങള്‍ പൊതുവേ കുറവായിരുന്നു ...അതോ നിലവാരമുള്ള ചിത്രങ്ങള്‍ എനിയ്ക്ക് മനസ്സിലാകാഞ്ഞതുമാണോ ആവോ..
അങ്കിള്‍ ബൂണ്മിയും ഡെസ്പയറും(ഫാസ്ബിന്ദര്‍)എനിയ്ക്ക് ശരിയ്ക്ക് മനസ്സിലായില്ല..ഒന്നുകൂടി കാണണം.
ഹിറ്റ്ലറുടെ ന്യൂറംബര്‍ഗ് സമ്മേളനം ചിത്രീകരിച്ച ട്രയംഫ് ഓഫ് ദ് വില്‍ കണ്ടത് വേസ്റ്റായിപ്പോകുകയും ചെയ്തു..
രാഷ്ട്രീയ സിനിമകള്‍ ഇത്തവണ കുറവായിരുന്നു,പലതിനും ഒരു രാഷ്ട്രീയ വായന സാദ്ധ്യമാണ് എന്നല്ലാതെ..
അതുപോലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച വൈന്‍ പോലത്തെ പരീക്ഷണ ചിത്രങ്ങളോട്,രണ്ടാം പ്രദര്‍ശനത്തില്‍ കാണികള്‍ അത്ര മമതയൊന്നും കാണിച്ചില്ലെന്നതും ശ്രദ്ധേയം.

Joji said...

എനിക്കിതു പുതിയൊരു അനുഭവമായിരുന്നുവെങ്കിലും മത്സരവിഭാഗത്തില്‍ ചിത്രങ്ങളുടെ നിലവാരം കുറവായിരുന്നു എന്നുതന്നെയാണു തോന്നിയതു. എ ഡേ ഇന്‍ ഓറഞ്ച്, സെഫീര്‍, പോട്രെയിറ്റ് ഇന്‍ ഏ സീ ഓഫ് ലൈസ്, വാക്കിങ്ങ് ഓണ്‍ ദി റെയില്‍ എന്നീ സിനിമകള്‍ കണ്ടതില്‍ സെഫീര്‍ മികച്ചു നിന്നു. എ ഡേ ഇന്‍ ഓറഞ്ച് തീര്‍ത്തും നിരാശജനകമായിരുന്നു. പോട്രെയിറ്റ് ഇന്‍ ഏ സീ ഓഫ് ലൈസിന്റെ കാര്യത്തില്‍ രാകേഷിനോട് വിയോജിപ്പുണ്ട്. അതൊരു ശരാശരി ചിത്രം മാത്രം..

മത്സരേതര വിഭാഗത്തില്‍ കിര്‍ഗിസ്ഥാന് ചിത്രങ്ങളായ സരാട്ടന്‍, അഡോപ്റ്റഡ് സണ്‍ എന്നിവ വളരെ ഇഷ്ടപ്പെട്ടു.

ഒരിക്കലും മറക്കനാവാത്ത അനുഭവം തന്നതു അപിചത്പോങ്ങിന്റെ ട്രോപ്പിക്കല്‍ മാലാഡിയാണു..

വിനയന്‍ said...

ചിത്രങ്ങളുടെ നിലവാരം കുറവായിരുന്നു എന്നതിനോട് യോജിക്കുന്നു ... ഈ വര്‍ഷത്തെ സിനിമകള്‍ക്ക് നിലവാരം കുറഞ്ഞുവെങ്കില്‍ അതിനെ ഈ വര്‍ഷത്തെ സിനിമകളുടെ നിലവാരക്കുറവ് എന്ന് പറയാമായിരുന്നു(അത് അങ്ങനെയല്ല എങ്കിലും) , പക്ഷെ മുന്‍ വര്‍ഷങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത സിനിമകളില്‍ പലതിനും നിലവാരമുണ്ടായിരുന്നില്ല എന്നത് തിരഞ്ഞെടുപ്പിന്റെ പ്രശ്നം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടത്‌ വിമണ്‍ വിത്തൌട്ട് മെന്‍ , സെഫിര്‍ എന്നീ സിനിമകള്‍ ആയിരുന്നു ...ഏറ്റവും മികച്ച അഭിനയം കണ്ടത് ഇന്‍ എ ബെറ്റര്‍ വേള്‍ഡ്‌ എന്ന സിനിമയിലും ...സൈലന്റ് സോള്‍ എനിക്ക് ഒന്നുകൂടി കാണണം ... അല്ല സ്വപ്നാ , വൈന്‍ നല്ല സിനിമയായിരുന്നോ?! ഞാന്‍ കണ്ടില്ല ... ജോജിയോടു ഞാനും യോജിക്കുന്നു പോര്‍ട്രെയിറ്റ് ഇന്‍ എ സീ ഓഫ് ലൈസ് ശരാശരി മാത്രം :) ...

സ്വപ്നാടകന്‍ said...

വൈനിനെപ്പറ്റി വായിച്ചിട്ട് അതൊരു പരീക്ഷണ ചിത്രമാണെന്നാണ് എനിയ്ക്ക് തോന്നിയത്,സംവിധായകന്‍ തന്നെ അങ്ങനെ പറയുന്നുമുണ്ട്(ദേശാഭിമാനി,ഫെസ്റ്റിവല്‍ പതിപ്പ്)

വൈനിന്റെ ആദ്യ പ്രദര്‍ശനം നിറഞ്ഞ സദസ്സിനു മുന്‍നിലായിരുന്നു..ഹൌസ് ഫുള്‍ ,എനിയ്ക്കത് മിസ്സായി..പക്ഷേ അത് കണ്ട പലരും വളരെ മോശം അഭിപ്രായമാണ് പറഞ്ഞത്,അതേ സമയം സുരേഷ് കുമാര്‍(നിര്‍മ്മാതാവ്)അടക്കമുള്ള ചില ചലച്ചിത്രപ്രവര്‍ത്തകര്‍ കൊള്ളാമെന്ന്ഭിപ്രായപ്പെട്ട് കേള്‍ക്കുകയും ചെയ്തു..പുനപ്രദര്‍ശനത്തിനു തിരക്കേ ഇല്ലായിരുന്നു..

വിനയന്‍ said...

എ ഡേ ഇന്‍ ഓറഞ്ച് :- ഹൗസ്‌ഫുള്‍ ആയിരുന്നു; നിലത്തും കുറെ പേര്‍ ഇരുന്നിരുന്നു ... മോശം സിനിമയായാണ് തോന്നിയത്! ...സംവിധായകന് എന്തും പറയാമല്ലോ...മലയാളം ഫിലിമുകളെ കുറിച്ച് തന്നെ അത് ഇറങ്ങുന്നതിനു മുന്‍പേ നാം എന്തെല്ലാം കേള്‍ക്കുന്നു!:)

Shijith Puthan Purayil said...

പ്ലീസ് ഡോണ്ട് ദിസ്ടര്ബും നന്നായി. എന്തുതന്നെ ആയാലും മേള ഒരു തീര്‍ഥാടനം ആണ് എന്ന് നിസ്സംശയം പറയാം.

ചാർ‌വാകൻ‌ said...

ഞാൻ ഇരുപത്തിരണ്ടെണം കണ്ടു.മത്സരചിത്രങ്ങളുടെ ക്യു സഹിക്കാനാവാതെ മറ്റുഭാഷാചിത്രങ്ങളാണധികവും കണ്ടത്.തുർക്കിയുടെ’ബാൽ’വലിയൊരു അനുഭവമായി.എന്തായാലും അടുത്തവർഷവും പോകും.

shaji.k said...

:)))

Unknown said...

@സ്വപ്നന്‍
അപുചാറ്റ്പോങ്ങിന്റെ പടം എനിക്കും മനസിലായില്ല. അതൊരു പക്ഷെ നമ്മുടെ നിലവാരം കൊണ്ടാവാം :-)
@ചാര്‍വാകന്‍
ബാലിനെക്കുറിച്ച് ഞാനും നല്ല അഭിപ്രായം കേട്ടിരിന്നു.
@വിനയന്‍,
സിനിമകള്‍ നിലവാരം പുലര്‍ത്തിയില്ലെങ്കില്‍ കൂടി മേള മറ്റൊരനുഭവമല്ലേ. അത് ശരിക്കും പങ്കെടുത്ത് അനുഭവിക്കേണ്ടതു തന്നെ :-)

കെട്ടിറങ്ങിയിട്ടും മനസില്‍ നില്‍ക്കുന്നത് സെതുകിയുടെ മുഖം മാത്രം. ലണ്ടന്‍ റിവറിനോടുള്ള ഇഷ്ടം വര്‍ദ്ധിച്ചു വരുന്നപോലെ..

Unknown said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി :-)

പയ്യന്‍ / Payyan said...

അങ്കിള്‍ ബൂന്മി ഒന്നും കൂടി കാണാന്‍ തന്നെ ആണ് തീരുമാനം... അങ്ങനെ അങ്ങ് വിട്ടാല്‍ പറ്റില്ലല്ലോ... :)

റോഷ്|RosH said...

tracking

റോഷ്|RosH said...
This comment has been removed by the author.
റോഷ്|RosH said...

വെറുതെയല്ല രാകേഷിനെ ഒരു മിന്നായം പോലെ മാത്രം കണ്ടത്.
മൂന്നാലെണ്ണം ഒഴിച്ചു ഈ പടങ്ങളൊന്നും ഞാന്‍ കണ്ടില്ല. :)
Little Rose , The life of others കോപ്പി അടിച്ചതല്ലേ എന്ന് ഒരു സംശയം. ഒരു മാതിരി പൈങ്കിളി പടം.

Unknown said...

@പയ്യന്‍
എന്തെങ്കിലും മനസിലായാല്‍ ഒരു വിശദീകരണ പോസ്റ്റ് എഴുതണമെന്ന് അപേക്ഷ :)

@റോഷ്|RosH
ലൈവ്സ് ഓഫ് അദേര്‍സ് ആണ് ലിറ്റില്‍ റോസ് കണ്ടപ്പോള്‍ എനിക്കും ഓര്‍മ്മ വന്നത് :-)
പക്ഷെ ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ അത് എത്രയോ മുകളിലാണ് :-)