Monday, April 19, 2010

ദാസന്റെ കത്തുകള്‍



കുറേനാളുകള്‍ക്ക് മുന്‍പ് “ദി ഹിന്ദു“വില്‍ ശ്രീവത്സന്‍ ജെ. മേനോനുമായുള്ള ഒരു അഭിമുഖത്തിലാണ് ‘ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി‘ എന്ന ചിത്രത്തെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ എപ്പോഴോ അതിലെ പാട്ടുകള്‍ കേള്‍ക്കാനും സാധിച്ചു. പക്ഷെ ഈ ചെറിയ ചിത്രം തീയറ്ററില്‍ എത്തുമെന്നുപോലും പ്രതീക്ഷിച്ചതല്ല. മോഹന്‍ രാഘവന്‍ എന്ന പുതുമുഖസംവിധായകന്റെ ചിത്രത്തില്‍ അമിതപ്രതീക്ഷകളും ഇല്ലായിരിന്നു. പിന്നെ ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതമുള്ളതുകൊണ്ട് പുറത്തിറങ്ങിയാല്‍ കാണണം എന്നുണ്ടായിരിന്നു.

ഇന്നലെ(ഞായറാഴ്ച) ഫസ്റ്റ് ഷോയ്ക്ക് കൈരളിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ചപോലെ തിരക്ക് തീരെ ഇല്ലായിരിന്നു(സൂഫി പറഞ്ഞ കഥ എന്ന “അവാര്‍ഡ്” പടത്തിനുപോലും ഇതിലും ആളുണ്ടായിരിന്നു). ലോബജറ്റില്‍ സൂപ്പര്‍ത്താരങ്ങളും മള്‍ട്ടിത്താരങ്ങളും ഒന്നുമില്ലാതെ എങ്ങനെ നല്ല സിനിമ ചെയ്യാം എന്നതിനൊരുത്തമോദാഹരണമാണ് ഈ ചിത്രം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നേയും അമ്മയേയും ഉപേക്ഷിച്ചുപോയ അച്ഛനുമായി ദാസന്‍ കത്തിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും, അതില്‍നിന്ന് ഉരുത്തിരിയുന്ന സംഭവങ്ങളും, അതിലൂടെ ഒരു ഗ്രാമത്തിലെ സമകാലിക പ്രശ്നങ്ങളും, വാക്കുകളിലൂടെ ഉണ്ടാകുന്ന ഹൃദയബന്ധങ്ങളും എല്ലാം രസകരമായി യാതൊന്നും മുഴച്ചുനില്‍ക്കാത്ത രീതിയില്‍ കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു. ലളിതമായ കാര്യങ്ങള്‍ എങ്ങനെ മര്യാദയ്ക്ക് സിനിമയാക്കാം എന്ന ഒരു പാഠവും സംവിധായകന്‍ നമ്മേ പഠിപ്പിക്കുന്നു. കഥഗതിയ്ക്ക് പുറത്തുള്ള സംഭവങ്ങള്‍ 35mmല്‍ നന്നായി കൂട്ടിച്ചേര്‍ത്തത് സംവിധായകന്റെ മറ്റൊരു നല്ല പരീക്ഷണമാണ്.

ദാസനായി വേഷമിട്ട അലക്സാണ്ടറും അമ്മുവായി എത്തിയ ടീനയും ദാസന്റെ സഹപാഠിയാ‍യ തോമസുകുട്ടിയുടെ വേഷം ചെയ്ത പേരറിയാത്ത ബാലതാരവും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. മറ്റു വേഷങ്ങളിലെത്തുന്ന ബിജു മേനോന്‍, ശ്വേത മോനോന്‍, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും മോശമല്ലാത്ത രീതിയില്‍ അവരവരുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരിക്കുന്നു.

ഇരുണ്ട മുറികളില്‍ അരണ്ട വെളിച്ചത്തിലുള്ള കുറെ ഷോട്ടുകള്‍ വളരെ നന്നായി പകര്‍ത്തിയ ക്യാമറാമാന്‍ അരുണ്‍ വര്‍മ്മ ഗ്രാമത്തിന്റെ ഭംഗിയും നല്ല രീതിയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ശ്രീവത്സന്‍ ജെ മേനോന്റെ പശ്ചാത്തലസംഗീതം ഫ്രെയിമുകളുടെ എല്ലാ വികാരവും ഉള്‍ക്കൊള്ളുന്നതും അതിമനോഹരവുമായിരിന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയ ‘വെഞ്ചാമരക്കാറ്റേ..’ എന്ന ഗാനവും ചിത്രത്തോട് നന്നായി ചേര്‍ന്നുപോകുന്നു.

എല്ലാത്തിനുമുപരി മനസ്സില്‍തട്ടുന്ന ഒരുപിടി സംഭാഷണങ്ങളും ടിഡി ദാസന്റെ എന്ന ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് മാറ്റുകൂട്ടുന്നു. കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്. മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.