Saturday, September 26, 2009

ഹൃദ്യമീ ലൌഡ്സ്പീക്കര്‍

ഒരുപാട് നാളായി ഇവിടെ എന്തെങ്കിലും കുറിച്ചിട്ട്. ഇന്ന് ലൌഡ്സ്പീക്കര്‍ കണ്ടപ്പോള്‍ അതിനേക്കുറിച്ചു എന്തെങ്കിലും എഴുതാം എന്ന് കരുതി. ഇതൊരു നിരൂപണമോ വിമര്‍ശ്ശനമോ അല്ല. ഒരു ചെറിയ ആസ്വാദനക്കുറിപ്പ് എന്നു പറയാം.



തീരെ ചെറിയ ഒരു കഥ, നര്‍മ്മത്തില്‍ പൊതിഞ്ഞ് അതിഭാവുകത്വം ലവലേശമില്ലാതെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്ക് ഫിലിപ്പോസ് എന്ന ഒരു നാട്ടുമ്പുറത്തുകാരനായി മമ്മൂട്ടി തകര്‍ത്തഭിയിച്ചപ്പോള്‍(കോമഡിയ്ക്കായി മമ്മൂട്ടി കോമാളിവേഷം കെട്ടേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട് ഈ ചിത്രം), മേനോന്‍ എന്ന പ്രവാസി മലയാളിയായി ശശികുമാറിന്റെ പകര്‍ന്നാട്ടം വളരെ മനോഹരമായിരിന്നു. പിന്നെ ഇവര്‍ക്കുചുറ്റുമുള്ള കുറെ നല്ല കഥാപാത്രങ്ങളെ മറ്റ് അഭിനേതാക്കള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ജഗതിയുടെ ഫ്ലാറ്റ് സെക്രട്ടറിയും സുരാജിന്റെ കൌണ്‍സിലറും ലേശം കല്ലുകടിയായി.

പനച്ചൂരാനെഴുതി ബിജിബാല്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇമ്പമുള്ളതും അതേ സമയം കോലാഹലങ്ങള്‍ ഇല്ലാത്തതുമായിരിന്നു. ഭാസ്കരന്മാഷിന്റെ “അല്ലിയാമ്പല്‍ കടവില്‍” എന്ന ഗാനം ആരേക്കൊണ്ടും കുറ്റം പറയിപ്പിക്കാത്ത തരത്തില്‍ പുതുക്കിപ്പണിയാനും ബിജിബാലിനു കഴിഞ്ഞിട്ടുണ്ട്.

ആദ്യത്തെ ഒന്നര മണിക്കൂര്‍ ശരാശരിയ്ക്ക് അല്പം മുകളില്‍ നില്‍ക്കുമ്പോള്‍, അവസാന അരമണിക്കൂറില്‍ അതിമനോഹരമായ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. അങ്ങനെ എല്ലാത്തരം ആസ്വാദകരേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഈ ചിത്രത്തിനായി എന്ന് പറയാം. ഒരുപാട് നന്മകളും ഒരുപിടി നല്‍ക്കാഴ്ചകളും സമ്മാനിക്കാന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ജയരാജിന് കഴിഞ്ഞിട്ടുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ നല്ല നിമിഷങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ലൌഡ്സ്പീക്കര്‍. വേനലില്‍ പെയ്ത മഴപോലെ, ആ മഴ നല്‍കുന്ന പൊടിമണം പോലെ മനസ്സിനെ കുളിരണിയിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ടാവുമെന്ന് ആശിക്കുന്നു.

3 comments:

Unknown said...

വേനലില്‍ പെയ്ത മഴപോലെ, ആ മഴ നല്‍കുന്ന പൊടിമണം പോലെ മനസ്സിനെ കുളിരണിയിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ടാവട്ടെ എന്ന് ആശിക്കുന്നു.

Joji said...

എനിക്കും ഇതേ അഭിപ്രായം തന്നെയാണു. വളരെ നല്ല ഒരു ചിത്രം. നിഷ്ക്കളങ്കസൌഹൃദത്തിന്റെ കഥ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. വസ്തുനിഷ്ട്മായ അഭിപ്രായം റിവ്യു രേഖപ്പെടുത്തിയതിനു അഭിനന്ദനങ്ങള്‍

Cijo Thomas said...

Oh! I am gonna watch this tonight then!