[ പേരു കോപ്പി അടിച്ചതിനു N C ചൌധരിയോട് മാപ്പ് ചോദിച്ചുകൊണ്ട് ഞാന്‍ തുടങ്ങട്ടെ. ഇതു ഒരു കഥയല്ല എന്റെ ജീവിതമാണ്. വളരെ ചുരുക്കി എഴുതാനുള്ള എന്റെ ഈ ചെറിയ ശ്രമം നിങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നു കരുതുന്നു. ]
1981ആമാണ്ട് നവംബര്‍ 27നു ഭൂജാതനായ അന്നു മുതലിന്നോളം കടന്നു വന്ന വഴികളില്‍ എപ്പോഴും ഒരു ശാപം പോലെ എന്നെ പിന്തുടര്‍ന്ന ഒരു വാക്കുണ്ട് “തടിയന്‍”. എന്തുകൊണ്ടോ തടി എന്റെ കൂടപ്പിറപ്പായി പോയി അതിനു എനിക്കു കുറ്റപ്പെടുത്താന്‍ ആരുമില്ല. എല്ലാം എന്റെ വിധി. അല്ലാതിപ്പൊ എന്താ പറയ്കാ. സ്കൂള്‍, കോളേജുകള്‍ എന്നുവേണ്ട പോകുന്നിടത്തെല്ലാം ഞാന്‍ അങ്ങനെ ഒരു പരിഹാസ കഥാപാത്രമായി മാറിക്കൊണ്ടിരിന്നു.
പഞ്ചസാരയുടെ ഉപയോഗം കുറച്ചും ഭക്ഷണം ഉപേക്ഷിച്ചും ഞാന്‍ എന്റെ തടി കുറയ്ക്കാന്‍ നിതാന്തം പരിശ്രമിച്ചു. പക്ഷെ കൂടെയുള്ള കാപാലികര്‍ പലവിധേന എന്റെ ശ്രമങ്ങള്‍ പൊളിച്ച് എന്നെ തോല്‍പ്പിച്ചുകൊണ്ടിരിന്നു.
കാലങ്ങള്‍ കൊഴിഞ്ഞുപോയി. എന്റെ എഞ്ജിനീയറിങ്ങ് വിദ്യാഭ്യാസം കഴിഞ്ഞു. ഒരു വലിയ കമ്പനിയില്‍ ജോലി കിട്ടി. പണ്ട് പാലുകുടി നിര്‍ത്തിയപ്പോള്‍ തുടങ്ങിയ മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ പാടേ ഉപേക്ഷിച്ച് ഒരു പുതിയ മനുഷ്യനായി ഇന്ത്യന്‍ സിലിക്കണ്‍വാലിയിലേക്ക് വണ്ടി കയറി. അവിടെ പുതിയ ജീവിത സാഹചര്യങ്ങളുടെ പ്രലോഭനങ്ങളില്‍പ്പെട്ട് പണ്ട് എന്നെ കളിയാക്കിയിരുന്ന പലരും അപ്പോഴേക്കും എനിക്കു ഒരു കോമ്പറ്റീഷന്‍ ആയി തുടങ്ങിയിരിന്നു. ജീവിക്കാന്‍ വേണ്ടി കഴിക്കാതെ കഴിക്കാന്‍ വേണ്ടി ജീവിക്കുക എന്നൊരു സംസ്കാരം തന്നെ അവിടെ ഉടലെടുത്തിരിന്നു. അതിനിടെ തടികുറയ്ക്കാനുള്ള എന്റെ ശ്രമങ്ങള്‍ ഞാന്‍ പതിയെ പതിയെ ഉപേക്ഷിച്ചു.
അങ്ങനെ പല തടിയന്മാരുടെ കൂട്ടത്തില്‍ ഒരു തടിയന്‍ മാത്രമായി ഞാന്‍ എന്റെ ജീവിത യാത്ര തുടര്‍ന്നു. വീട്ടില്‍ മമ്മി എനിക്കു കല്യാണാലോചനകള്‍ തുടങ്ങി. പിന്നെ പിന്നെ ഓരോ തവണ വീട്ടിലേക്കു പോകുമ്പോഴും പെണുകാണലും ഒരു ചര്യയായി മാറി. തടി വീണ്ടും ഒരു കല്ലുകടിയായി തുടങ്ങിയിരിക്കുന്നു.
ഭാഗ്യദേവതയുടെ കടാക്ഷം പോലെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ എനിക്കും കിട്ടി ഒരു ബ്രിട്ടീഷ് വിസ. കുറച്ചു നാള്‍ ലോകപര്യടനം നടത്താനും തല്‍ക്കാലത്തേക്ക് കല്യാണാലോചനകളില്‍ നിന്നും ഒളിച്ചോടാനും ഒരു കച്ചിത്തുരുമ്പ്. അങ്ങനെ 2007ലെ ഒരു മെയ് മാസപ്പുലരിയില്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ കാലുകുത്തി. അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ ദാസനും വിജയനും അമേരിക്കയിലെത്തി കാണിക്കുന്ന പോലെ “സാധനം കൈയിലുണ്ടോ?“എന്നും ചോദിച്ചു നടന്ന് എന്നെക്കാത്ത് നിന്നിരുന്ന സുഹൃത്തിനെ തപ്പിപ്പിടിച്ചു. അവിടെനിന്നും എന്റെ പുതിയ വിഹാര കേന്ദ്രമായ നോര്‍വിച്ചിലേക്ക്.
ഇനി ഉള്ള കുറച്ചുനാള്‍ കാലുവാരികളായ അലവലാതികളില്‍ നിന്നും മോചനം. പുതിയ ലോകവും പുതിയ മനുഷ്യരും. അപ്പൊപ്പിന്നെ പുതിയ രീതികളും ആവാം. ഞാന്‍ പണ്ടേ ഇങ്ങനെ ആയിരിന്നു എന്നു എല്ലാവരും കരുതിക്കോളും. അങ്ങനെ തടി കുറയ്കാനുള്ള യജ്ഞം വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചു. പെട്ടെന്നു തന്നെ അടുത്തുള്ള ജിമ്മില്‍ ചെന്നു കാര്യങ്ങള്‍ ബോധിപ്പിച്ചു. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞ ജിമ്മിന്റെ തലൈവറുടെ മുഖത്തേക്ക് അങ്ങേരു ചോദിച്ചത്ര പൌണ്ടുകള്‍ എറിഞ്ഞുകൊടുത്തു ഞാന്‍ എന്റെ യജ്ഞം ആരംഭിച്ചു. ഓരോ തവണ വെയ്റ്റ് പൊക്കുമ്പോഴും തിരിച്ചു നാട്ടിലെത്തി പണ്ട് തടിയന്‍ എന്നു വിളിച്ചോരെ ഓരോരുത്തരെ മുഖത്തുനോക്കി ആട്ടുന്ന രംഗം സിനിമാ സ്റ്റൈലില്‍ മനസിലൂടെ ഓടി. അതായിരിന്നു എന്തു ചെയ്യാനും എന്റെ ഊര്‍ജ്ജം.
ഭക്ഷണം ക്രമീകരിച്ചും ജിമ്മില്‍ പോയി മണിക്കൂറുകള്‍ ചിലവിട്ടും 10 മാസങ്ങള്‍ കടന്നുപോയി. പൂര്‍വ്വികരുടെ പുണ്യമോ എന്തോ എന്റെ ആഗ്രഹം പോലെ എനിക്ക് ഒരു സ്ലിം ബ്യൂട്ടി ആയി മാറാന്‍ സാധിച്ചു. പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട സ്ഥിതി വരെ എത്തി കാര്യങ്ങള്‍. എന്തൊക്കെ ആയാലെന്താ നാട്ടില്‍ ചെന്നിട്ട് ഇനി എല്ലാരുടേയും മുന്നില്‍ ഞെളിഞ്ഞു നടക്കാം, പെണ്ണുകെട്ടാം. എത്രയും പെട്ടെന്നു നാട്ടിലെത്താന്‍ കൊതിയായി.
അങ്ങനെ ആ ദിനം വന്നെത്തി. 2008 മാര്‍ച്ച് അവസാന വാരത്തില്‍ കോഴിക്കോട് വിമാനമിറങ്ങി. ടാക്സിയില്‍ വീട്ടിലേക്ക് പോക്കുന്ന വഴി വണ്ടി നിര്‍ത്തിച്ച് ഒരു പെയര്‍ ഷൂസ് വാങ്ങി. എന്തിനാ? പറ്റിയാല്‍ അന്ന് രാത്രിതന്നെ ഓട്ടം തുടങ്ങണം. ദിനചര്യകള്‍ മാറ്റാന്‍ പാടില്ല. അപ്പോള്‍ ആരേലും ആക്കിയാല്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഞാന്‍ സംഭരിച്ചിരിന്നു. പിറ്റേന്നു കാലത്തു തന്നെ ഓട്ടം തുടങ്ങി. സ്ലിം ആയി തന്നെ നിലനില്‍ക്കാനുള്ള ശ്രമങ്ങള്‍. ഒരാഴ്ച നാട്ടില്‍ കിടന്നു അര്‍മാധിച്ചിട്ട് ബാംഗ്ലൂറിലേക്ക് വണ്ടി കയറി. അവിടെ എത്തിയപ്പോള്‍ പോകുന്നതിനു മുന്‍പ് എന്റെ ക്ലബ്ബില്‍ ചേര്‍ന്നോരൊക്കെ മെമ്പര്‍ഷിപ്പ് പുതുക്കി തടിച്ചുരുണ്ടിരിക്കുന്നു. കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ലാ. എന്റെ കോലം കണ്ടവര്‍ അത്ഭുതം കൊണ്ട് കണ്ണ് തള്ളി നിന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിച്ചു. “എവരി ഡോഗ് ഹാസ് എ ഡേ” ഇന്ന് എന്റെ ദിവസം.
പിറ്റേ ദിവസം തന്നെ അടുത്തുള്ള ജിമ്മില്‍ പോയി ചേര്‍ന്നു. അലവലാതികള്‍ എന്നും അങ്ങനെ തന്നെ. ഇത്രയൊക്കെ ആയിട്ടും വിടാന്‍ തയ്യാറല്ല. വീണ്ടും എന്നെ പിന്തിരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിന്നു. എന്റടുത്താ കളി. ഒന്നിലും തോറ്റ് പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. കളിയാക്കിയവരെ ആരോറൂട്ട് ബിസ്കറ്റ് പച്ചവെള്ളത്തില്‍ മുക്കി തിന്നു കാട്ടി ഞാന്‍ തിരിച്ചടിച്ചു. പതിയെ എല്ലാവരും ശാന്തരായി തുടങ്ങി. പലര്‍ക്കും അവരവരുടെ തടി കുറയ്ക്കണം എന്നും തോന്നിത്തുടങ്ങി. അങ്ങനെ ഒരോരുത്തരായി എന്റെ കൂടെ കാലത്ത് ഓടാന്‍ വരാന്‍ പോലും തുടങ്ങി.
പക്ഷെ എനിക്കെന്നും വ്യത്യസ്തതയോട് ഒരു ഭ്രമം ഉണ്ടായിരിന്നു. പുതിയ പുതിയ വ്യായാമമുറകള്‍ തേടി നടന്നുകോണ്ടേയിരിന്നു. അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോള്‍ ഒരു ദൈവദൂതനെപ്പോലെ ആ പഴയ സായിപ്പ്, നമ്മുടെ പഴയ ജിമ്മിന്റെ തലൈവര്‍, ചാറ്റ്ബോക്സില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ തേടലിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അങ്ങേരു കുറെ പുതിയ അടവുകള്‍ പറഞ്ഞു തന്നു. എല്ലാം ഞാന്‍ എന്റെ വൃത്തികെട്ട കൈപ്പടയില്‍ ഒരു പേപ്പറില്‍ കുറിച്ചെടുത്തു.
പിന്നെ ഒരാഴ്ച ജിമ്മിന് അവധി കൊടുത്ത് സായിപ്പ് പറഞ്ഞു തന്ന പുതിയ അടവുകളിലേക്കു കടക്കാന്‍ തീരുമാനിച്ചു. ആദ്യദിവസം സംഗതി വലിയ കുഴപ്പമില്ലാതെ പോയി. രണ്ടാം ദിനം, അതായത് മേയ് 21നു പുതിയ ഒരു അടവു പരീക്ഷിച്ചു. ഇന്നുവരെ ഈ ഭൂമിയില്‍ ആരും തന്നെ ചെയ്തുനോക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് എനിക്കുറപ്പുള്ള ഒരു അഭ്യാസം.
ഇതിനു മുന്‍പ് ഒരു പക്ഷെ ഇങ്ങനെ ഒന്നു പോസ് ചെയ്തിട്ടുള്ളതു തന്നെ ത്രേതായുഗത്തിലെ ഹനുമാന്‍ മാത്രമായിരുന്നിരിക്കണം.
അതൊക്കെ കഴിഞ്ഞ് വൈകിട്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കണ്ട് മനം കുളിര്‍ന്നപ്പോഴും ഇങ്ങനെ ഓരോന്നു സംഭവിക്കുമെന്ന് മനസ്സില്‍ നിരീച്ചുപോലുമുണ്ടായില്യാ. എല്ലാം എഴുതിയെടുത്ത കൈപ്പടയുടെ മഹത്വമോ അതോ സായിപ്പിന്റെ ചതിയോ, പിറ്റേന്ന് കാലത്ത് കാലുനിലത്തു കുത്താന്‍ പറ്റാത്തത്ര വേദന. സായിപ്പിന് എന്നോടെന്തോ കലിപ്പുണ്ടായിരിന്നോ എന്നു കൂടി സംശയിച്ചുപോയി. വീട്ടിലുള്ള മറ്റൊരു തടിയനേം കൂട്ടി ആശുപത്രിയില്‍ ചെന്നപ്പോഴല്ലേ പണി പാളിയത്. MRI സ്കാനും കുന്തൊം കൊടച്ചക്രോം എല്ലാം എടുത്തിട്ട് ഡോക്ടര്‍ വിധി എഴുതി. മുട്ടിന്റെ ജൊയിന്റിലുള്ള എന്തോ ഒരു സംഭവം കീറി പോലും. പക്ഷേ അതൊന്നുമല്ല ആ നിമിഷം എന്നെ വേദനിപ്പിച്ചത്, വീട്ടിലെത്തി കഴിഞ്ഞാല്‍ ബാക്കിയുള്ള കാര്‍ക്കോടകന്മാര്‍ എന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്ന രംഗങ്ങളേക്കുറിച്ചുള്ള ചിന്തകളാണ്.
ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല. വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്നു പണ്ട് ആരോ പറഞ്ഞത് എത്ര ശരി. വീണ്ടും ആരോ പറയുന്നതുപോലെ തോന്നുന്നു “എവരി ഡോഗ് ഹാസ് എ ഡേ” ഇന്ന് നിന്റെ ഒക്കെ ദിവസം.
പക്ഷെ “ഇതിലൊന്നും…തോറ്റുമടങ്ങുന്നവനല്ല…ഈ…KK ജോസപ്പേ...”
10 comments:
kollam.. iniyum ezhuthu... :-)
രസകരമായി എഴുതിയിരിക്കുന്നു. അടിപൊളി. സത്യമായ കാര്യങ്ങള്‍ രസകരമായി എഴുതിയിരികുന്നത് വള്ളരെ ഇഷ്ടപ്പെട്ടു. എനിയ്യും എഴുതുക.
@ vinitha
അഭിപ്രായത്തിനു നന്ദി.. :)
@ no minds vision
കിരണ്‍, സംഭവങ്ങള്‍ സത്യം ആണെന്ന് സ്ഥിതീകരിച്ചതിനും നന്ദി അറിയിക്കുന്നു. :)
cute.. chirichu maduthu....
@ chinnu,
കമന്റിന് നന്ദി...
allla iee kadyilay dogintay day enna???
Kollam nannayittundu sangathy....motivating and humerous....
Kollaamda...peruthu ishtamaayi...Humour 2 tea spoonum, sathysandhatha 3 tea spoonum, kendra kadhapathram strongum aayappo nalloru chaaya kudicha pratheethy :)
നന്നായിരിക്കുന്നു. ഇനിയും എഴുതുക. തുടര്‍ന്ന് ഹനുമാന്‍ ലങ്കയിലേക്ക് ചാടിയതും പരീക്ഷിക്കാവുന്നതാണ്
Post a Comment