Thursday, August 2, 2012

2012ലെ ധർമ്മപുരി



[ഭരണകൂട ഭീകരത പലതരം വേഷപ്പകർച്ചയിലൂടെ കാലഘട്ടങ്ങളുടെ മുഖമുദ്രയായി നിലനിൽക്കും. അതുകൊണ്ട് ധർമ്മപുരാണങ്ങൾ കാലഘട്ടത്തെ അതിജീവിക്കുന്ന ക്ലാസിക്കുകളായി മാറുന്നു. "ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം" എന്ന് ശ്രീ കെ പി അപ്പൻ വിളിച്ച കൃതിയുടെ കോണിലൂടെ 2012നെയും നോക്കാൻ സാധിക്കും. അത്തരമൊരു നോട്ടത്തിന് പ്രേരണയായത് ചില സമകാലിക സംഭവ വികാസങ്ങളാണ്. തമസ്കരിക്കപ്പെടുന്ന വാർത്തകളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂക്കോപ്പി എന്ന പംക്തിയിൽ വായിച്ചപ്പോൾ അതേ ലക്കത്തിൽ മറ്റൊരിടത്തായി കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട ചില തമസ്കരിക്കപ്പെട്ട ചില വാർത്തകളെക്കുറിച്ച് പറഞ്ഞതും കണ്ടു. തൊട്ടടുത്ത ദിവസം ദി ഹിന്ദുവിൽ ഈ വാർത്ത വന്നപ്പോൾ മാതൃഭൂമിയുൾപ്പെടെയുള്ള പത്രങ്ങൾ അത് കണ്ടില്ലെന്ന് നടിച്ചു. (വിട്ടുപോയതെങ്കിൽ തൊട്ടടുത്ത ദിവസം വന്നിരുന്നേനെ)]

ശ്രീമതി ധർമ്മപുരിയുടെ പ്രജാപതി സ്ഥാനത്തുനിന്നൊഴിഞ്ഞു. അല്ല ഓളെ വെട്ടി മാറ്റി. കാലം കടന്നുപോയി.

ലോകത്ത് നിലനിന്നിരുന്ന കുളിർ യുദ്ധം അവസാനിച്ചു.  താർത്താരികുടിയരശ് തകർന്നുതരിപ്പണമായി. ലോകരാജ്യങ്ങൾ മുഴുവൻ വെള്ള  സംയുക്തനാടുകളുടെ വൈശിഷ്ട്യം അംഗീകരിച്ചു പോരുന്നു.

 പ്രജാപതിപ്പട്ടം പലകൈ മറിഞ്ഞു. മാലിന്യങ്ങൾ കുന്നുകൂടി. മുന്നോട്ട് ഓടിയ കാലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിലെത്തി നിൽക്കുന്നു.

മാലിന്യസംസ്കരണത്തെക്കുറിച്ച് ഖിന്നനായി ഒരു തൊപ്പിക്കാരൻ ധർമ്മപുരിയുടെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിൽ ഉണ്ണാവ്രതം അനുഷ്ടിക്കുന്നു. തൊപ്പി ശ്രീമാനാണ് ഇന്ന് പ്രജാപതി. ധർമ്മപുരിയുടെ പ്രജാപതിയും വെള്ള നാടുകളുടെ ആശ്രിതവൽസലനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!!

പണ്ട്, അതായത് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ധർമ്മപുരിയുടെ വാതിൽ വിദേശ മാലിന്യങ്ങൾക്ക് കടന്നുവരാനായി തുറന്നിട്ട തൊപ്പിക്കാരൻ ശ്രീമാൻ, പിന്നീട് പ്രജാപതി ആയപ്പോഴാണ് വിദേശത്തു നിന്നും അപ്പി വാങ്ങി നിറയ്ക്കുന്ന കക്കൂസുകൾ പണിയാൻ തീരുമാനിച്ചത്. അതും വിദേശ സഹായത്തോടെ.

താർത്താരികുടിയരശ് തകർന്നടിയുന്നതിനു മുമ്പ്, ശ്രീമതീപുത്രൻ പ്രജാപതിയായിരുന്ന കാലത്താണ് ധർമ്മപുരിയുടെ തേക്കേയറ്റത്ത് കുടിയരശ് കക്കൂസ് കുത്താൻ കരാറായത്. കുടിയരശിന്റെ തകർച്ചയ്ക്ക് ശേഷം റൂസ് അതിന്റെ അവകാശികളായി. കുഴികുത്തൽ തുടർന്നുകൊണ്ടിരുന്നു.

ലോകത്ത് ഇതിനോടകം കക്കൂസ് പൊട്ടി ഒരുപാട് അപകടങ്ങളും പുതിയ കക്കൂസുകൾ കുത്തുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രക്ഷോഭങ്ങളും അരങ്ങേറിത്തുടങ്ങിയിരുന്നു. അതേസമയം പണ്ടേ കുത്തിത്തുടങ്ങിയ റൂസുകാരുടെ കക്കൂസ് ധർമ്മപുരിയുടെ തെക്കേയറ്റത്ത് പൂർത്തിയായി വന്നിരുന്നു.

ലോകത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സിദ്ധാർഥന്റെ നേതൃത്വത്തിൽ ധർമ്മപുരിയുടെ തെക്കും സമരത്തിന്റെ ജ്വാലകൾ തെളിഞ്ഞുവന്നു. കക്കൂസ് പൊട്ടിയാലുണ്ടാവുന്ന ദുർഗന്ധത്തെയും അതുണ്ടാക്കുന്ന അപകടങ്ങളേപ്പറ്റിയും പുരിവാസികളിൽ നിന്നും ചോദ്യങ്ങളുയർന്നു. പക്ഷെ അവർക്കൊക്കെ, "ഈ കക്കൂസിന്റെ സെപ്ടിക്ക് ടാങ്ക് ഒരിക്കലും പൊട്ടില്ല" എന്ന മറുപടിയാണ് പ്രജാപതിയും അപ്പിക്കമ്മീഷനും നൽകിയത്.

പ്രജാപതി പറഞ്ഞാൽ പിന്നെ അപ്പീലില്ല. അതാണല്ലോ ധർമ്മപുരിയുടെ നീതി!!

റൂസിന്റെ നാല് കുഴിയുള്ള കക്കൂസിലെ ആദ്യ രണ്ട് കുഴിയിൽ അപ്പിയിടാൻ തുടങ്ങാനിരിക്കെ പ്രജാപതി എല്ലാവരെയും ഞെട്ടിച്ച് ഒരു ചോദ്യമുന്നയിച്ചു:

"ടാങ്ക് പൊട്ടിയാൽ അപ്പി ആര് കോരും?"

പ്രജാപതി തന്നെ കോരണമെന്ന് റൂസും. അല്ല അപ്പിയിടുന്ന ആൾ തന്നെ കോരണമെന്ന് പ്രജാപതിയും. തർക്കം ധർമ്മപുരിവാസികൾക്ക് ഒരു പുതുവെളിച്ചമായി. അപ്പിക്കമ്മീഷൻ ധർമ്മസങ്കടത്തിലായി.

പുതുതായി വരാനിരിക്കുന്ന വെള്ള സംയുക്ത-പ്രാഞ്ചി കക്കൂസുകളിലെ അപ്പിയും താൻ തന്നെ കോരേണ്ടി വരുമോ എന്ന സന്ദേഹമാണ് പെട്ടെന്നുണ്ടായ ചോദ്യത്തിന്റെ പിന്നിലെന്ന് കൊട്ടാരം വിദൂഷകർ വിലയിരുത്തുന്നു. പ്രജാപതി രണ്ട് മുഴം മുന്നേ എറിയുന്ന ആളായതുകൊണ്ട് യഥാർത്ഥ ഉദ്ദേശ്യം ഇനിയും വ്യക്തമല്ല.

എന്നാലും ടാങ്ക് പൊട്ടാൻ സാധ്യതയുണ്ടെന്ന് പ്രജാപതിക്കും തോന്നിയിരിക്കുന്നു.

വരാനുള്ളതെന്തും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടതിനാൽ ധർമ്മസങ്കടങ്ങൾക്ക് പുരിവാസികളുടെ ഇടയിൽ യാതൊരു വിലയുമില്ല. പക്ഷെ ഇന്നൊരു കാര്യം വ്യക്തം:

ഈ ടാങ്കും പൊട്ടിയേക്കാം.