Sunday, January 9, 2011
പതിവു നിയമങ്ങള്‍ ലംഘിക്കുന്ന ട്രാഫിക്ക്
പതിവ് ഫോര്‍മുലകള്‍ കണ്ട് മനം മടുത്തിരിക്കുന്ന, സുബ്രമണ്യപുരവും മറ്റും കണ്ട് തമിഴനോട് അസൂയപ്പെടുന്ന മലയാളസിനിമാപ്രേമികള്‍ക്കുള്ള സമ്മാനമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രം. ഇതുവരെയുള്ള രചനകളിലൂടെ തന്നെ ഇവിടെ തങ്ങളുടേതായ ഇടം നേടിയെടുത്തിട്ടുള്ള ബോബി-സഞ്ജയ് എന്നീ തിരക്കഥാകൃത്തുകള്‍ സ്വന്തം ഗ്രാഫ് മുകളിലേക്ക് വരയ്ക്കുമ്പോള്‍ 2011ലെ മികച്ച സിനിമകളുടെ ലിസ്റ്റിലേക്കുള്ള ആദ്യ എന്‍ട്രി ജനുവരി ആദ്യവാരം തന്നെ നമുക്ക് ലഭിക്കുന്നു.
ഒരു ദിവസം...ഒരു സംഭവം...അതുമായി യാദൃശ്ഛികതയുടെ ചരടില്‍ കോര്‍ത്തു ബന്ധപ്പെടുത്തിയ അതുവരെ പരസ്പരം അപരിചിതരായിരുന്ന ഏതാനും വ്യക്തികള്‍...അവരുടെ ജീവിതത്തിലെ ചില വഴിത്തിരിവുകള്‍...നഷ്ടങ്ങള്‍...പ്രത്യാശകള്‍...നേട്ടങ്ങള്‍...തിരിച്ചറിവുകള്‍...പ്രതികാരം...ഇങ്ങനെകുറേ ലേബലുകള്‍ ചേര്‍ത്തു വെച്ച ഒരു പുതിയ അനുഭവമാണ് ഈ ചിത്രം. ആഖ്യാനത്തില്‍ ഒരു നേര്‍ രേഖ സ്വീകരിക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്. സസ്പെന്‍സ് എന്നത് അവസാനം പൊട്ടിക്കുന്ന ഒരു ബോംബ് ആണെന്നുള്ള പൊതുധാരണയ്ക്കു വിരുദ്ധമായി ഇടയ്ക്കുള്ള സസ്പെന്‍സും, അല്ലെങ്കില്‍ സസ്പെസുകളും, ഊഹിക്കാവുന്ന പരവസാനവും ഉള്ള ഈ ചിത്രത്തെ ഒരു ത്രില്ലര്‍-റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്നതാണ്.
താരജാഡകളും വാചകകസ്രത്തുകളുമില്ല. ബുദ്ധിയും സമയവും എടുത്തെഴുതിയ മികച്ച ഒരു തിരക്കഥ തന്നെയാണ് ഇതിന്റെ നട്ടെല്ല്. സംവിധാനം തുടങ്ങി അഭിനേതാക്കളുടെ പ്രകടനം വരെ വളരെ നാച്ചുറലായി അതിന് പിന്തുണ നല്‍കുമ്പോള്‍ നല്ല സിനിമ പിറക്കാതിരിക്കുക എന്നത് അസംഭവ്യമല്ലേ!!
കാണിയുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊതുവെ വാചാലമാവാറുള്ള മലയാള സിനിമയില്‍ നിന്ന് വ്യത്യസ്ഥമാവുമ്പോഴും ചിലയിടത്ത് അതിന്റെ ശേഷിപ്പ് കാണുമ്പോള്‍ അല്പം നിരാശ തോന്നി എന്നത് യാഥാര്‍ഥ്യം. ചിലയിടങ്ങളില്‍ മികച്ച നിലവാരത്തിലേക്കുയരുന്ന പശ്ചാത്തലസംഗീതവും മറ്റു ചിലയിടങ്ങളില്‍ പാളി എന്നതും ഒരു കുറവായി പറയാം. അതുപോലെ തന്നെ ചിലയിടങ്ങളില്‍ രംഗത്തിന്റെ വേഗത വാക്കുകളില്‍ മാത്രവുമ്പോള്‍ ശ്രീനിവാസന്റെ കാസ്റ്റിങ്ങിലും ഒരു സംശയം തോന്നും. പക്ഷെ ഈ കുറവുകളൊന്നും ഒരു വളരെ നല്ല സിനിമയെന്ന് ഇതിനെ വിളിക്കുന്നതിനു തടസമാവുന്നില്ല എന്നതാണ് സത്യം.
മലയാളിയുടെ ത്രില്ലര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയത് ഒരു പക്ഷെ 2008ല്‍ പുറത്തിറങ്ങിയ രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍ ആയിരിക്കാം. ഈ ചിത്രം അവിടെ നിന്നും ഏതാനും ചുവടുകള്‍ കൂടി മുന്നോട്ട് പോകുമ്പോള്‍, മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു.
ബാക്കി കണ്ട് അനുഭവിക്കൂ...
Verdict: Very Good
Subscribe to:
Posts (Atom)