Sunday, March 14, 2010

മലയാളസിനിമയിലെ ചില വനിതാസംരംഭങ്ങള്‍

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമണ്‍ ഇന്‍ റേഡിയോ ആന്റ് ടിവി(IAWRT)യും അലിയോണ്‍സ് ഫ്രോന്‍സെയിസും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മാര്‍ച്ച് 13, 14 തീയതികളില്‍ കലാഭവനില്‍ ഏഷ്യന്‍ ചലച്ചിത്രമേള സംഘടിപ്പിച്ചു. 25 ഹ്രസ്വചിത്രങ്ങളാണ് മേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള സംവിധായകരുടെ ചിത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച “വിമണ്‍ ഫിലിം മേക്കേര്‍സ് ഓഫ് കേരള“ എന്ന വിഭാഗത്തില്‍ സംഗീതപദ്മനാഭന്റെ 'ചാരുലതയുടെ ബാക്കി', ശ്രീബാലാ കെ. മേനോന്റെ 'പന്തിഭോജനം', ഗീതുമോഹന്‍ദാസിന്റെ 'കേള്‍ക്കുന്നുണ്ടോ', അഞ്ജലി മേനോന്റെ 'വെയിറ്റിങ് വിമെണ്‍‍', ജെ. ഗീതയുടെ 'അകം', ആഷാ ജോസഫിന്റെ 'ഗെയിം' എന്നീ ചിത്രങ്ങളായിരിന്നു ഉണ്ടായിരിന്നത്.


പദ്മപ്രിയയും വിനീതും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചാരുലതയുടെ ബാക്കി' നല്ലൊരു ചിത്രമായിരിന്നു. സത്യജിത് റേയുടെ ചാരുലതയെ സ്നേഹിക്കുകയും ചാരുവിനെപ്പോലെ ആവാന്‍ കൊതിക്കുകയും ചെയ്യുന്ന ഇതിലെ നായികാകഥാപാത്രം പക്ഷെ റേയുടെ ചാരുവിനെപ്പോലെ വിവാഹിതയല്ല. അതേ സമയം ചാരുലത എന്ന സിനിമ പല ആവര്‍ത്തി കാണുകയും, ഒരു സംവിധായകന്‍ ആവാന്‍ കൊതിക്കുകയും ചെയ്യുന്ന ആളാണ് ചാരുവിന്റെ സുഹൃത്തായി എത്തുന്ന വിനീതിന്റെ കഥാപാത്രം. വിവാഹത്തെ പറ്റി ചാരുവിനുള്ള വേവലാതികളും, പ്രണയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും കേവലം ആ കഥാപാത്രത്തിന്റെ മാത്രം പ്രശ്നമല്ല, ചാരുവിലൂടെ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയേയും, വ്യവസ്ഥകളേയും ചോദ്യം ചെയ്യുകയാണ് സംവിധായിക. തിരക്കഥയും, സംഭാഷണങ്ങളും, സംവിധാനവും നല്ല നിലവാരം പുലര്‍ത്തി. ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന സംഗീത എന്ന സംവിധായികയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.


സന്തോഷ് എച്ചിക്കാനത്തിന്റെ ഇതേ പേരിലുള്ള നല്ലൊരു കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ശ്രീബാലാ കെ. മേനോന്റെ 'പന്തിഭോജനം'. ജാതിയുടെ പേരിലുള്ള വേര്‍ത്തിരിവ് ഇന്നത്തെ പരിഷ്കൃത സമൂഹത്തിലും നിലനില്‍ക്കുന്നു എന്നാണ് ചിത്രത്തിലൂടെ സംവിധായിക പറയാന്‍ ശ്രമിച്ചിരിക്കുന്നത്. “ജാതി പറയരുത്, അത് അനുഭവിക്കാനുള്ളതാണ്” എന്ന് ചിത്രം കഴിയുമ്പോള്‍ എഴുതിക്കാണിക്കുന്നത് എന്തുദ്ദേശത്തിലാണെന്ന് ഇതുവരെ പിടികിട്ടിയില്ല. കൃത്രിമത്തം നിറഞ്ഞ സംഭാഷണങ്ങളും, ചുമ്മാതെ തുന്നിച്ചേര്‍ത്ത കുറെ ദൃശ്യങ്ങളുമാണ് ഈ പന്തിയില്‍ വിളമ്പിയത്. ഭാഗ്യദേവതയിലും മറ്റും സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരിന്ന ശ്രീബാല അദ്ദേഹത്തില്‍ നിന്ന്(അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും) ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.


ഗോവ ചലച്ചിത്രമേളയില്‍ മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഗീതു മോഹന്‍ദാസിന്റെ ‘കേള്‍ക്കുന്നുണ്ടോ’ മികച്ചൊരു കലാശൃഷ്ടിയാണ്. വികസനത്തിന്റെയും നഗരവത്കരണത്തിന്റെയും പേരില്‍ നടക്കുന്ന ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചാണ് ഈ ചിത്രം പറയാതെപറയുന്നത്. അസ്ന എന്ന അന്ധയായ പെണ്‍കുട്ടിയുടെ ശബ്ദത്തിലൂടെയുള്ള തിരിച്ചറിവുകളും ഭാവനയിലൂടെയുള്ള സഞ്ചാരങ്ങളുമാണ് ഇതിനായി ഗീതു തിരഞ്ഞെടുത്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് ഒരു നടി എന്നതിലുപരി നല്ലൊരു സംവിധായിക കൂടിയാണെന്ന് ഈ ചിത്രം തെളിയിക്കുന്നുണ്ട്.


അഞ്ജലി മേനോന്റെ 'വെയിറ്റിങ് വിമെണ്‍‍'എന്ന ചിത്രം എച്ച്.ഐ.വി. ടെസ്റ്റിന്റെ റിസള്‍ട്ട് കാത്തിരിക്കുന്ന സമൂഹത്തിന്റെ രണ്ടുതട്ടിലുള്ള അപരിചിതരാ‍യ രണ്ട് സ്ത്രീകളുടെ സംഭാഷണത്തിലൂടെയാണ് പുരോഗമിക്കുന്നത്. അപരിചിതരായതു കൊണ്ടുതന്നെ പിന്നീടൊരിടത്തും തമ്മില്‍ കാണേണ്ടി വരില്ലെന്ന വിശ്വാസത്തില്‍ മനസ്സുതുറന്നു സംസാരിക്കുകയാണവര്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന് മധുബാലയും മറാത്തി നടി മാധവി ജുവേക്കറുമാണ്. ഒരു മുറിയില്‍ മാത്രം നടക്കുന്ന സംഭവത്തെ ഒട്ടും ബോറാടിപ്പിക്കാതെ, കൈയ്യടക്കത്തോടെ ചെയ്തിരിക്കുന്നു. അഞ്ജലി മേനോന്‍ മലയാള സിനിമയുടെ ഒരു പ്രതീക്ഷയാണെന്ന് യാതൊരു സംശയവും കൂടാതെ പറയാം.

സ്ഥിരം പറഞ്ഞുകേട്ട് മടുത്ത ഫെമിനിസ്റ്റ് ചിന്തകളാണ് ജെ. ഗീതയുടെ അകം എന്ന ചിത്രത്തിലാകമാനം. അടുക്കളയിലും കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങളിലും തളച്ചിടപ്പെട്ട സ്വന്തമായി ഒരു സ്പെയ്സ് കൊതിക്കുന്ന സ്ത്രീയെയാണ് ഇതില്‍ വരച്ചുകാണിക്കാന്‍ ശ്രമം നടത്തിയിട്ടുള്ളത്. അധികം വലിച്ച് നീട്ടി വൃത്തികേടാക്കിയില്ലെന്ന ഒറ്റ ആശ്വാസം.

ഒരു ബ്ലോഗ് കഥയുടെ(കഥയുടെ പേര് മറന്നു) ചുവടുപിടിച്ച് ശൃഷ്ടിച്ച ആഷാ ജോസഫിന്റെ 'ഗെയിം' ഒരു വലിയ വീട്ടിലെ അകന്ന കണ്ണികളിലേക്ക് ഒരു കള്ളന്റെ കണ്ണിലൂടെ നോക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ രണ്ടറ്റങ്ങളില്‍ കിടന്നുറങ്ങുമ്പോള്‍ ഏകാന്തത അനുഭവിക്കുന്ന കുട്ടിയെ സഹതാപത്തോടെ നോക്കി മോഷണം നടത്താതെ മടങ്ങുന്ന കള്ളന്‍ കണ്ട കാഴ്ചകള്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും പകര്‍ത്തിയതാണെന്ന് വ്യക്തം.

അഞ്ജലി മേനോന്റെ വെയിറ്റിങ് വിമെണും ആഷാ ജോസഫിന്റെ ഗെയിമും കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരിന്നു. മലയാള സിനിമയുടെ ഭാവിയില്‍ ഒരുപാട് ചലനങ്ങള്‍ ശൃഷ്ടിക്കാന്‍ കഴിയുന്ന ഇത്തരം സംവിധായകര്‍ ഇനിയും മുന്നോട്ട് വരുന്നത് കാത്തിരിക്കുന്നു. ഒപ്പം വനിതാ സംവിധാകര്‍ എന്ന വേര്‍ത്തിരിവിന്റെ ആവശ്യമുണ്ടോയെന്ന് എല്ലാവരും ചിന്തിക്കുകയും വേണം. ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി കാതറിന്‍ ബിഗലോ പറഞ്ഞതോര്‍ക്കുക “Don't call me a female film maker; call me a film maker”. ശരിയ്ക്കും നമുക്ക് വേണ്ടത് വനിതാസംവിധായകരെയോ പുരുഷസംവിധായകരെയോ അല്ല, മറിച്ച് നല്ല സംവിധായകരെയാണ്!!!