Thursday, May 13, 2010

സോഫ്റ്റ് ബട്ട് ഹാഡ്

വാക്കുകളില്‍ ആദ്യമായി അച്ചടി മഷി പുരണ്ടപ്പോള്‍. ഒരു സോഫ്റ്റ് ലോകം എന്ന പോസ്റ്റ് മെയ്‌ 13നു മാതൃഭൂമി നഗരം പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

Wednesday, May 12, 2010

ഒരു സോഫ്റ്റ് ലോകം

വ്യായാമം ചെയ്യാനുള്ള മടിയും ഭക്ഷണകാര്യത്തിലുള്ള ക്രമമില്ലായ്മയും കൊണ്ട് സോഫ്റ്റ്വയറന്മാര്‍ എന്ന ചെല്ലപ്പേര് സമ്പാദിക്കാന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ക്കായിട്ടുണ്ട്. അതിരാവിലെ എഴുന്നേറ്റ് ഓടാന്‍ പോകും എന്ന ദൃഡപ്രതിജ്ഞയോടെയാണ് മിക്കവരും ഓരോ രാത്രിയിലും ഉറങ്ങാന്‍ തുടങ്ങുന്നത്. പക്ഷെ മടി എന്നത് സ്വഭാവത്തിന്റെ ഭാഗമായി മാറിയിരിക്കുന്നതിനാല്‍ മിക്കപ്പോഴും പ്രതിജ്ഞകള്‍ വെള്ളത്തിലാവാറാണ് പതിവ്. പിന്നെ എഴുന്നേറ്റാല്‍ ഒരു ഓട്ടമാണ്. കുളിച്ച്, വേഷം കെട്ടി, സെന്റും പൂശി ബസിനോ(മിക്കവാറും കമ്പനി ബസ് അല്ലെങ്കില്‍ വോള്‍വോ), കാറിനോ, ബൈക്കിനോ നേരെ ഓഫീസിലേയ്ക്ക്.

ഓഫീസില്‍ പൊതുവെ രണ്ടുതരം ആള്‍ക്കാരേയാണ് കാണാന്‍ കഴിയുക. പണിയില്ലാത്തവര്‍ ‍(എല്ലാവര്‍ക്കും എപ്പോഴും പണിയുണ്ടാ‍വണമെന്നില്ലോ), നിന്നുതിരിയാന്‍ സമയമില്ലാത്തവണ്ണം പണിയുള്ളവര്‍ (എല്ലാവര്‍ക്കും എപ്പോഴും പണിയില്ലാതിരിക്കണമെന്നില്ലല്ലോ) . ഇതില്‍ ഭൂരിഭാഗവും ആദ്യം പറഞ്ഞ ഗണത്തില്‍ പെടുന്നു.


പണിയുള്ളവരെ സംബന്ധിച്ചിടത്തോളം ഓഫീസിലെത്തിയാല്‍ പിന്നെ എല്ലാം യാന്ത്രികമാണ്. ഭക്ഷണം കഴിച്ചാല്‍ കഴിച്ചു എന്നു പറയാം. വൈകിട്ട് വീട്ടിലേക്ക് പോയാല്‍ പോയി എന്നു പറയാം. മുഴുവന്‍ സമയവും മോണിറ്ററില്‍ നോക്കിയിരിന്നു പണി തന്നെ. അങ്ങനെയുള്ളവര്‍ക്ക് ഓഫീസ് ദിനങ്ങള്‍ ഭീകരതയുടെ മറ്റൊരു രൂപമാണ്. മീറ്റിങ്ങുകളും പണിയും കൊണ്ട് ജീവിതം തള്ളിനീക്കാം. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ഇവരെ സംബന്ധിച്ചിടത്തോളം ഒരു മിത്താണ്.


മിക്കവരും രാവിലെ ഓഫീസിലെത്തുമ്പോള്‍ തന്നെ മെയില്‍ ബോക്സ് തുറന്നു പിടിച്ചിരുന്ന് കുറച്ച് സമയം കളയും.ഓഫീസ് മെയിലില്‍ തുടങ്ങി ജീമെയില്‍ വഴി യാഹു മെസഞ്ചറിലേക്കും ജീടോക്കിലേക്കും. ചെയിന്‍ മെയിലുകളും ഫോര്‍വേഡുകളും ഇല്ലാത്ത ദിവസത്തെ പറ്റി ആലോചിക്കാന്‍ കൂടി പ്രയാസമാണ്. പണ്ടൊക്കെ കോളേജില്‍ പഠിച്ചിരിന്നപ്പോള്‍ കിട്ടുന്ന പല ഫോര്‍വേഡ് മെയിലും കണ്ട് ചിന്തിച്ചിട്ടുണ്ട് “ഇതൊക്കെ ആരുണ്ടാക്കുന്നു?” എന്ന്. അതൊക്കെ യാതൊന്നും ചെയ്യാനില്ലാതെയിരിക്കുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീര്‍മാരുടെ ചാതുര്യമാണെന്ന് ഇപ്പോള്‍ മനസ്സിലായി. മെയില്‍ എല്ലാം ആസ്വദിച്ചശേഷം സിസ്റ്റം ലോക്ക് ചെയ്ത് ചുറ്റുമിരിയ്ക്കുന്നവരെയും കൂട്ടി ചായ കുടിയ്ക്കാന്‍ ഒരു ജാഥയാണ്. അര്‍ഹിക്കുന്നവര്‍ക്കുള്ള മറുപടികള്‍ ചായക്ക് ശേഷം.അതു കഴിഞ്ഞും എന്തെങ്കിലും ചെയ്യേണ്ടേ? പ്രോജക്റ്റിനെ പറ്റിയുള്ള ആവലാതികളും കമ്പനിയുടെ “തെറ്റായ” നടപടികളുമാവും മിക്കപ്പോഴും ചര്‍ച്ചാവിഷയം. പിന്നെ എന്തെങ്കിലും പണിയുണ്ടെങ്കില്‍ അത് എങ്ങനെ വല്ലവന്റെയും തലയില്‍ ചാര്‍ത്തും എന്നും മറ്റുമുള്ള ചര്‍ച്ചകള്‍ . പരദൂഷണവും ആവശ്യത്തിനുണ്ടാവും. പണിയുള്ള വിഭാഗം അപ്പോഴും തല ചൂടാക്കി പരിസരബോധം പോലുമില്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ അങ്ങനെ ഇരിപ്പുണ്ടാവും.


ചായയ്ക്ക് ശേഷം ആടിത്തൂങ്ങി തിരിച്ച് സീറ്റിലെത്തിയാല്‍ പിന്നെ ചെയ്യാനുള്ള പണി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാന്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടും. ഒപ്പം മള്‍ട്ടിറ്റാബുള്ള ബ്രൌസറില്‍ അഭിരുചിയ്ക്കനുസരിച്ച് പത്രങ്ങള്‍ മുതല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകള്‍ (ഇപ്പോള്‍ ചില കമ്പനികളില്‍ ഇത്തരം വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ) വരെ തുറന്നുവെച്ചിട്ടുണ്ടാവും. എല്ലാ സൈറ്റുകളിലൂടെയും കയറിയിറങ്ങി പൊതുവിജ്ഞാനം കൂട്ടുകയാണ് ലക്ഷ്യം. കാര്യം മറ്റൊന്നുമല്ല. കൂട്ടുകക്ഷിസഭകളിലെ ചര്‍ച്ചകളില്‍ കഴിവുതെളിയിക്കാം അത്രതന്നെ. ഇതൊന്നും കൂടാതെ ഷെയര്‍ ട്രെയിഡിംഗും ഉണ്ടാവും. പന്ത്രണ്ട് മണിയോടെ ഊണിനെക്കുറിച്ചുള്ള ചിന്തകള്‍ തുടങ്ങും. തിടുക്കത്തില്‍ തിരിച്ചെത്തേണ്ടവരും ആഹാരത്തിനേക്കാള്‍ “പക്ഷി“നിരീക്ഷണത്തില്‍ താല്പര്യമുള്ളവരും പൊതുവെ ക്യാമ്പസിനുള്ളില്‍ തന്നെയുള്ള കഫറ്റേരിയകളിലേക്കാവും പോവുക. ഒരു മണിക്കൂറോളം നീളുന്ന ലഞ്ച് മറ്റൊരു സമയം കൊല്ലലാണ്.


ആ ഒരു മണിക്കൂര്‍ സമയത്തിനിടെ വന്ന മെയിലുകളും വാര്‍ത്തകളും നോക്കലാണ് പിന്നീടുള്ള പ്രധാന ജോലി. അതിനുശേഷം ചെയ്യാനുള്ള പണിയിലേക്കൊരെത്തിനോട്ടം. വൈകുന്നേരം പോകുന്നതിനു മുന്‍പ് എന്തെങ്കിലും കാട്ടിക്കൂട്ടണം എന്ന ബോധത്തില്‍ നിന്നുണ്ടാവുന്ന ചില കാട്ടായങ്ങള്‍ എന്നു പറയാം. നാലുമണിയായാല്‍ വീണ്ടും ചായ ജാഥ. കഥ വീണ്ടും റിപ്പീറ്റ്. സാധാരണഗതിയില്‍ ആറുമണി കഴിയുന്നതോടെ പായ്ക്കപ്പ് ആണ്. സമയത്തെക്കുറിച്ച് ബോധമില്ലാതെ പണിയെടുക്കുന്നവരും, ഒന്നുമില്ലെങ്കിലും ചുമ്മാതെ ഇരിക്കുന്ന ചിലരും അപ്പോഴും തല മോണിറ്ററിലേക്കിറക്കി ഇരിപ്പുണ്ടാവും.


മീറ്റിങ്ങുകള്‍, വീഡിയോ കോണ്‍ഫെറന്‍സുകള്‍ തുടങ്ങിയ ചില സംഭവങ്ങള്‍ ടിവിയില്‍ പരിപാടികള്‍ക്കിടെ പരസ്യം വരുന്ന പോലെ ഇങ്ങനെ വന്നുകൊണ്ടിരിയ്കും. വേണ്ടതിനും വേണ്ടാത്തതിനും എല്ലാവരേയും കൂട്ടി ഒരു കോണ്‍ഫെറന്‍സ് റൂമില്‍ കയറി നടത്തുന്ന ഇത്തരം നാടകങ്ങളില്‍ വാക്സാമര്‍ത്ഥ്യമുള്ളവരുടെ ഒരു വിളയാട്ടം തന്നെ കാണാം. ചെയ്യാത്ത പണിയും ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക വിരുതുണ്ട്. പണിചെയ്യുന്നവന്‍ മിണ്ടിയില്ലെങ്കില്‍ അവന്റെ കാര്യം തഥൈവ. “മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടു പോയി” എന്നു പറയുന്നതുപോലെയാണ് സ്ഥിതി. അതുപോലെ വര്‍ഷാവര്‍ഷം ശമ്പളവര്‍ദ്ധനവിന്റെയും മറ്റും ഭാഗമായി നടത്തുന്ന മുന്‍ വര്‍ഷത്തെ ചെയ്തികളുടെ അവലോകനമെന്ന കീറിമുറിയ്ക്കല്‍ പ്രക്രിയയില്‍ കാര്യങ്ങള്‍ എങ്ങനെ ചെയ്തു എന്നതിനേക്കാളുപരി എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് മുഖ്യം.


പോതുവെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെ ദൈവം കസ്റ്റമര്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഏതെങ്കിലും വിദേശകമ്പനിയായിരിക്കും(ചിലപ്പോള്‍ സ്വദേശിയുമാവാം) അല്ലെങ്കില്‍ അവിടത്തെ ഏതെങ്കിലുമൊരു വ്യക്തി. ഇവിടെ നിന്നും അങ്ങോട്ടേക്കയയ്ക്കുന്ന ഓണ്‍സൈറ്റ് കോര്‍ഡിനേറ്റര്‍ എന്ന ചില ദൈവദൂതന്മാരാണ് ദൈവത്തിനും ഭക്തര്‍ക്കുമിടയിലുള്ള കണ്ണി. ഇങ്ങനെ വിദേശത്ത് എത്തിപ്പറ്റുന്നവര്‍ ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം മടങ്ങും, മറ്റു ചിലര്‍ അവിടെ റ്റെന്റടിച്ച് കിടക്കും. ചിലര്‍ക്ക് നൊസ്റ്റാള്‍ജിയ, സര്‍ഗ്ഗവാസന തുടങ്ങിയ സംഭവങ്ങള്‍ പുറത്തേക്ക് ഒഴുകിയെത്തുന്നത് ഇത്തരം വിദേശവാസ സമയത്താണ്. പുറത്തേക്കൊഴുകിയെത്തുന്ന ഇത്തരം കാര്യങ്ങള്‍ മിക്കപ്പോഴും ബ്ലോഗുകളിലും മറ്റുമാകും വന്നു വീഴുക.


അഞ്ചക്കവും ആറക്കവുമുള്ള ശമ്പളം വാങ്ങുമ്പോഴും പ്രാരാബ്ദങ്ങള്‍ക്കൊരു കുറവുമില്ല. കീകൊടുത്ത പാവയെപ്പോലെ ആഴ്ചയില്‍ അഞ്ചു ദിവസവും ഓടുന്ന വണ്ടി ശനിയും ഞായറും ആണ് ഒരു മനുഷ്യനായി മാറുന്നത്. ചിലര്‍ക്ക് അതും വിധിച്ചിട്ടുണ്ടാവില്ല.

Sunday, May 9, 2010

ടപ്...!!!

രാവിലെ ആറുമണിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ ഏറ്റവും മുന്നിലുള്ള സീറ്റില്‍ ഇരുന്ന അയാള്‍ മുന്നിലുള്ള റോഡില്‍ നോക്കി അങ്ങനെയിരിന്നു. പല ചിന്തകളും മൂല്യബോധം വെച്ച് മനസ്സുകൊണ്ട് അളക്കുന്നത് ഇത്തരം ഒറ്റയ്ക്കുള്ള യാത്രകളിലാണ്. പലതും ജനിയ്ക്കുന്നതും. ബഹളമുള്ള ട്രെയിനുകളും തിരക്കുള്ള ബസ്സുകളും മിക്കപ്പോഴും ഒരുതരം ഏകാന്തത പകര്‍ന്നു തരും എന്നാണ് അയാളുടെ പക്ഷം.

മുന്നില്‍ കുതിച്ചുപോകുന്ന വണ്ടികള്‍ക്ക് ഒരു കാലഘട്ടത്തിന്റെ സ്വഭാവം അയാള്‍ കല്‍പ്പിച്ചുനല്‍കി. കുറച്ചകലെ റോഡിന്റെ ഒത്തനടുവില്‍ എന്തോ കൊത്തിത്തിന്നുകൊണ്ടിരിക്കുന്ന രണ്ടിണപ്രാവുകള്‍ അയാളെ വര്‍ത്തമാനത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ബസ് വേഗം മുന്നോട്ട് നീങ്ങുമ്പോള്‍ പ്രാവുകള്‍ കൂടുതല്‍ അടുത്തായി തുടങ്ങി. വണ്ടി കുതിച്ചടുത്തെത്തുമ്പോള്‍ പറന്നുമാറുന്ന പക്ഷികളുടെ വിരുതിനെ പറ്റി പെട്ടെന്നയാള്‍ അസൂയയോടെ ആലോചിച്ചു, അതുപോലെ ഈ വേഗത്തിലുള്ള കുത്തൊഴുക്കില്‍ നിന്നും കരകയറാന്‍ തനിക്കു കഴിയുന്നില്ലല്ലോ എന്നു വേദനിച്ചു.

ബസ് വേഗത കുറയ്ക്കാതെ മുന്നോട്ട് കുതിച്ചു. പ്രാവുകള്‍ പറന്നു മാറുന്നതു കാണാന്‍ അയാള്‍ ആകാംശയോടെ നോക്കിയിരിന്നു. പൊടുന്നനെ അവ പറന്നുയര്‍ന്നു

ടപ്...!!!

പറന്നുയര്‍ന്നത് ഇണക്കിളികളിലൊന്നു മാത്രം. അയാള്‍ കാതോര്‍ത്തു. മാനിഷാദകളോ രോദനങ്ങളോ കേട്ടില്ല. ബസ് വേഗത്തില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിന്നു.