കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ ലാലു കനിഞ്ഞു നല്കിയ ബാഗ്ലൂര്‍ - കൊച്ചുവേളി എക്സ്പ്രസ്സില്‍ ഞാന്‍ എറണാകുളത്തു വന്നിറങ്ങിയപ്പോള്‍ സമയം പുലര്‍ച്ചെ 4:30. പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ ഇറങ്ങിയവര്‍ ചലിച്ചു കൊണ്ടേയിരിന്നു. ഞാന്‍ മെല്ലെ ടിക്കറ്റ് കൌണ്ടറിലേക്കു നടന്നു. വലിയ തിരക്കില്ല.
- 34 രൂപ.
തിരിക്കുതീരെ കുറവായിരിന്നു. ഒരു വിന്‍ഡോസീറ്റും ഒപ്പിച്ച് പത്രത്തില്‍ കണ്ണുംനട്ട് ഞാനങ്ങനെയിരിന്നു. ക്രിത്യം 6:05നു തന്നെ വഞ്ചിനാട് എന്ന നീലപ്പാമ്പ് ചൂളം വിളിച്ചുകൊണ്ട് ഇഴഞ്ഞുതുടങ്ങി. പുറത്തിപ്പോഴും ഇരുട്ടാണ്. അതുകൊണ്ട് പത്രങ്ങള്‍ ഓരോന്നായി വായിച്ചുകൊണ്ടേയിരിന്നു. മുളംതുരുത്തി ആയപ്പോഴേക്കും അതുവരെ മടിപിടിച്ചുറങ്ങുകയായിരുന്ന സൂര്യന്‍ പതിയെ തല പൊക്കിത്തുടങ്ങി. ബാംഗ്ലൂരില്‍ നിന്നുള്ള യാത്രയില്‍ എനിക്കെന്നും പ്രിയപ്പെട്ട കേരളത്തിന്റെ ദൃശ്യങ്ങള്‍ പകല്‍വെളിച്ചത്തില്‍ ആദ്യമായി കാണുന്ന നിമിഷം. എല്ലാ യാത്രയിലും ഞാന്‍ ഏറ്റവും ആകാംശയോടെ കാത്തിരിക്കാറുള്ള നിമിഷം. മെല്ലെ പത്രം മാറ്റിവെച്ച് മ്യൂസിക്ക് പ്ലേയര്‍ എടുത്തു പാട്ടുകേള്‍ക്കാന്‍ തുടങ്ങി.
വഞ്ചിനാട് നീങ്ങിക്കൊണ്ടേയിരിന്നു. പുറത്തു മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ കാഴ്ച്ചകള്‍ അതേ വേഗത്തില്‍ പിന്നോട്ടുവലിഞ്ഞുകൊണ്ടിരിന്നു. വരണ്ടുണങ്ങിയ പഴയ പാടങ്ങള്‍ മനസ്സില്‍ അല്പം വേദനയുണ്ടാക്കുമെങ്കിലും, ഇടയ്ക്കിടെ കാണുന്ന പച്ചവിരിച്ച നെല്ല് പാടങ്ങള്‍ ആ നിരാശയെ അല്പമൊന്നു മായ്ക്കുന്ന പോലെ തോന്നി. പൂമുഖത്ത് വിളക്കുതെളിയിച്ച വീടുകള്‍, ഉറക്കച്ചടവോടെ പുതിയൊരു ദിവസത്തെ സ്വീകരിക്കാനൊരുങ്ങുന്ന മനുഷ്യര്‍, പറമ്പില്‍ പശുവുമായി നടക്കുന്ന ഗോപാലകര്‍, ആട്ടിന്‍കുട്ടിയുടെ പിറകെ പായുന്ന കുട്ടികള്‍. അങ്ങനെ കാഴ്ചകള്‍ പലതും കണ്ടും പലതും ആലോചിച്ചും ഞാനങ്ങനെ ഇരിന്നു. ഒരു തൊടിയിലൂടെ പാല്‍പാത്രവുമായി നടന്നു നീങ്ങിയ 2 കുട്ടികളെ കണ്ടപ്പോള്‍ അറിയാതെ എന്റെ കുട്ടിക്കാലം ഓര്‍മ്മകളിലേക്കോടിയെത്തി. കാതില്‍ മുഴങ്ങുന്ന “ശ്രീലതികകള്‍”ക്കോക്കെ കൂടുതല്‍ മധുരം തോന്നുന്നു.
ഇന്നും ബാക്കിയുള്ള ഇത്തിരി നെല്‍പ്പാടങ്ങള്‍...
മഞ്ഞുമൂടിയ മൂവാറ്റുപുഴ...
വീണ്ടും കാഴ്ചകള്‍ കണ്ടും പാട്ടുകേട്ടും ഞാന്‍ അങ്ങനെ ഇരിന്നു. തിരക്കൊഴിഞ്ഞ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനടുത്തു കൂടി വഞ്ചിനാട് കോട്ടയം റെയില്‍വ്വേ സ്റ്റേഷനിലെത്തി. സമയം 7:15. കുറച്ചാള്‍ക്കാര്‍ കയറി, കുറച്ചുപേരിറങ്ങി. ഒരു ചരക്കുവണ്ടി കടത്തിവിടാനായി ഞങ്ങളുടെ വണ്ടി 15 മിനിറ്റോളം അവിടെ പിടിച്ചിട്ടു. പതിവിലും തിരക്കുകുറഞ്ഞ സ്റ്റേഷനില്‍ അങ്ങിങ്ങായി ചുവന്ന ഉടുപ്പിട്ട കുറെ ചുമട്ടുതൊഴിലാളികളും ട്രെയിന്‍ കാത്തുനില്‍ക്കുന്ന ചുരുക്കം യാത്രക്കാരും മാത്രം.
തിരക്കൊഴിഞ്ഞ കോട്ടയം ബസ്സ്റ്റാന്‍ഡ്... കോട്ടയം റെയില്‍വ്വേ സ്റ്റേഷനില്‍ നിന്നൊരു ദ്രിശ്യം
7:30ഓടെ വീണ്ടും ചലിച്ചുതുടങ്ങിയ ട്രെയിന്‍ അരകിലോമീറ്ററോളം നീളമുള്ള ആ റൂട്ടിലെ വലിയ രണ്ടു തുരങ്കങ്ങളും കടന്നു മുന്നേറി. ചിങ്ങവനവും കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെത്തിയപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് യാത്ര പറഞ്ഞിറങ്ങി. അവിടെനിന്നും തിരുവല്ലയിലെത്തിയപ്പോള്‍ ഞങ്ങളെക്കാത്ത് ഒരാള്‍ അവിടെയുണ്ടായിരിന്നു, തിരുവനന്തപുരത്തു നിന്നും വരുന്ന “വേണാട്”. ആദ്യം വരുന്നയാള്‍ കാത്തുകിടക്കുക. അതാണിവിടെ നിയമം. പലപ്പോഴും ഞാന്‍ വരുന്ന വഞ്ചിനാടും കാത്തുകിടന്നിട്ടുണ്ട്. ‘ഇന്നു ഞാന്‍, നാളെ നീ‘ എന്നു പറയുന്നതുപോലെയാണീ കാത്തിരിപ്പിന്റെ കാര്യവും.
അടുത്ത സ്റ്റേഷനില്‍ എനിക്കിറങ്ങണം. പത്രങ്ങള്‍ ഒക്കെ മടക്കി ബാഗില്‍ വെച്ച് ഞാന്‍ ഇറങ്ങാന്‍ റെഡിയായി ഇരിന്നു. അവസാനിക്കാന്‍ പോകുന്ന ഒരു വഞ്ചിനാടന്‍ യാത്രയെ കുറിച്ചോര്‍ത്തു കൊണ്ട്. ഏകദേശം 8:15ഓടെ ചെങ്ങന്നൂരില്‍ എത്തി. കഴിഞ്ഞ യാത്രയുടെ നിര്‍വൃതിയില്‍ വഞ്ചിനാടിനോട് നന്ദിപറഞ്ഞ് ഞാന്‍ ഇറങ്ങിനടന്നു, ബസ്സ്റ്റാന്‍ഡ് ലക്ഷ്യമാക്കി...
PS: ഫോന്റിന്റെ പ്രശ്നം കാരണം ചില അക്ഷരത്തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ക്ഷമിക്കുക.