Tuesday, July 22, 2008
ശരികള്‍...
തമ്മില്‍ എന്തൊരന്തരം.
നിങ്ങള്‍ നിങ്ങളുടെ ശരികളെ
യാഥാര്‍ത്ഥ്യമെന്നും,
എന്റെ ശരികളെ
പ്രാവര്‍ത്തികമാവാത്ത തത്ത്വശാസ്ത്രമെന്നും വിളിക്കുന്നു.
പക്ഷെ, എന്റെ പ്രവൃത്തികള്‍
ഇതിനിടയിലെവിടെയോ തളച്ചിടപ്പെട്ടിരിക്കുന്നു.
എന്റെ കയ്യൊപ്പ് മായുന്നതെവിടെ?
ശരികളിലോ? പ്രവൃത്തികളിലോ?
മൂല്യങ്ങളെവിടെ? മൂല്യച്യുതികളെവിടെ?
ഏതാണ് ശരി? എന്താണ് തെറ്റ്?
Thursday, July 3, 2008
ഹര്‍ത്താല്‍: കേരളത്തിന്റെ സാംസ്കാരികോത്സവം
“നാളെ രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെ ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.”
കേരളം കഴിഞ്ഞ കുറെ കാലമായി മിക്ക ദിവസവും കേള്‍ക്കുന്ന ഒരു പത്രക്കുറിപ്പ്.
പണ്ടൊക്കെ ഹര്‍ത്താല്‍ എന്നാല്‍ ചെറിയ കടയടപ്പ് സമരം. അല്ലെങ്കില്‍ ഒരു ചെറിയ സ്ഥലത്തു മാത്രം ഒതുങ്ങുന്ന ഒറ്റപ്പെട്ട പ്രതിഷേധ സമരങ്ങള്‍ ആയിരിന്നു. കാരണങ്ങളുള്ളപ്പോഴോ, ചില അനുശോചനങ്ങള്‍ക്കോ ഒരു ഹര്‍ത്താല്‍ ആചരിച്ചാല്‍ അതു ജനങ്ങള്‍ മതിപ്പോടെ മാത്രം നോക്കിക്കണ്ടിരിന്നു. അങ്ങനെ കാണാന്‍ കാരണങ്ങള്‍ പലതായിരിന്നു: പൊതുജീവിതത്തെ മൊത്തത്തില്‍ ബാധിക്കില്ല, പണ്ട് ഗാന്ധിജിയെ പോലെ ഉള്ള നേതാക്കള്‍ പിന്തുര്‍ന്ന ഒരു സമരരീതി, പിന്നെ ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം!!!
അക്കാലത്ത് ജനങ്ങള്‍ക്ക് ഇത്തിരിയെങ്കിലും പേടിയും മടുപ്പും ഉണ്ടാക്കിയിരുന്നത് ബന്ദുകളായിരിന്നു. കാര്യം ആണ്ടിനും സംക്രാന്തിക്കും ഒരോന്നെങ്കിലും അതു ജനജീവിതത്തെ ശരിക്കും ബാധിച്ചിരിന്നു. പേരുപോലെ തന്നെ മൊത്തത്തില്‍ “ബന്ദ്”. ചിലര്‍ക്ക് അതൊരു രസമായി തോന്നിപോലും. അപ്പൊപ്പിന്നെ എന്താ ചെയ്യ്യാ?... ഇടയ്ക്കിടെ ഓരോന്നാവാം അല്ലെ? അങ്ങനെ ചില വിദ്വാന്മാര്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ ബന്ദ് ഒരു സ്ഥിരം ഏര്‍പ്പാടായി മാറി. ജനം വലഞ്ഞു (പക്ഷെ, ജനാധിപത്യം വളര്‍ന്നു).
അപ്പൊ നീതിന്യായം എന്നു പറഞ്ഞുകുത്തിയിരിക്കുന്ന സാറന്മാര്‍ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ? “ഞങ്ങളൊക്കെ ഇവ്ട് ണ്ടേ” എന്നറിയിക്കേണ്ടേ? അങ്ങനെ അവരൊരു വിധി അങ്ങു പ്രഖ്യാപിച്ചു. “ഇവ്ടെ നി ബന്ദ് പാടില്ല”. അതായത്, കേരളത്തില്‍ ബന്ദ് നിരോധിച്ചു എന്ന്. നല്ല വിധി. പൊതുജനത്തിനു സന്തോഷം. രാഷ്ട്രീയക്കാരും (ഇവര്‍ പൊതുജനത്തില്‍ പെടില്ല, അതാ വേറെ പറഞ്ഞത്) വിധിയെ പരസ്യമായി സ്വാഗതം ചെയ്തു(മനസ്സില്‍ എന്തുമായിക്കോട്ടെ). പക്ഷെ, എല്ലാര്‍ക്കും എല്ലാം സഹിക്കുമോ? ബന്ദല്ലെങ്കില്‍ പിന്നെ എന്തു എന്നു ചിന്തിച്ചു നടന്നവര്‍ക്കു ബലിയാടാക്കാന്‍ കിട്ടിയതോ, പാവം ഹര്‍ത്താല്‍. വലിയ ഉപദ്രവം ഒന്നുമില്ലാതെ ജീവിച്ചുപോകാന്‍ പുള്ളിയെകൂടി സമ്മതിക്കില്ല.
അങ്ങനെ വ്യാഖ്യാനങ്ങളുടെ ചുവടുപിടിച്ച് അക്കൂട്ടര്‍ കോടതിവിധിയെ വളച്ചൊടിച്ചു. “ബന്ദ് നിരോധിച്ചു” എന്നത് കേവലം ഒരു വാക്കിന്റെ നിരോധനം മാത്രമായി ചിത്രീകരിക്കപ്പെട്ടു. (“അബ്ദുവിനു വധശിക്ഷ” എന്നു കോടതി പറയുമ്പോള്‍ അബ്ദു പോയി പേരുമാറ്റി ബിലാല്‍ എന്നാക്കിയാല്‍ എങ്ങനെ ഇരിക്കും. ബിലാലിനെ കൊല്ലാന്‍ ആരും വിധിച്ചിട്ടില്ലല്ലോ.). അങ്ങനെ ഹര്‍ത്താല്‍ എന്ന പാവം കുഞ്ഞാടിന്റെ തോലണിഞ്ഞ് നമ്മുടെ ബന്ദ് ചെന്നായ വീണ്ടും നാട്ടിലിറങ്ങി. അപ്പൊ നമുക്ക് കോടതി വിധിയുടെ വ്യാഖ്യാനത്തെയെങ്കിലും മാനിക്കേണ്ടേ? ഇനി മുതല്‍ ഞാനും ബന്ദ് എന്നു പറയില്ല. ഇനി എല്ലാം ഹര്‍ത്താല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വികസനവും പുരോഗതിയും നമുക്കു നല്‍കിയ പുതിയ സാംസ്കാരികോത്സവം. “ആഘോഷിക്കൂ ഓരോ നിമിഷവും” എന്നെവിടെയോ കേട്ടിരിക്കുന്നു. ഓരൊ നിമിഷവും ഇല്ലെങ്കിലും ആ വാക്കുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഹര്‍ത്താല്‍ ഒരു സ്ഥിര ആഘോഷമായി മാറി.
കാലക്രമേണ അതിന്റെ കാരണങ്ങള്‍ മനുഷ്യരെ ചിരിപ്പിച്ചുതുടങ്ങി. എനിക്കു നന്നേ ബോധിച്ച രണ്ട് ഹര്‍ത്താലുകള്‍ ഉണ്ടായി കഴിഞ്ഞ 1-2 വര്‍ഷത്തിനിടെ. ഒന്ന്, “സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച്, ബുഷിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ ഹര്‍ത്താല്‍.” സദ്ദാമോ ബുഷോ ഇതറിഞ്ഞോ ആവോ. എങ്ങാണും ചാവുന്നതിനു മുന്‍പ് അങ്ങേരെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരു നാട് ഇവിടെ ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സദ്ദാം ഹുസൈന്‍ ഇങ്ങോട്ടു കുടിയേറിയേനെ. ഇറാഖില്‍ പോലും നടന്നിട്ടുണ്ടാവില്ല അന്നൊരു ഹര്‍ത്താല്‍. പിന്നെ ഒരെണ്ണം, “ചിക്കുന്‍ ഗുനിയയ്ക്കെതിരെ ഹര്‍ത്താല്‍”. പാവം കൊതുകുകള്‍, അതിനെന്തു മനസിലാവാന്‍. കാരണങ്ങള്‍ ഇങ്ങനെ തന്നെ പറയുന്നതുകൊണ്ടാണ് നര്‍മ്മരസം കൂടുന്നത്.
ഇന്നിപ്പൊ 2008 ജുലൈയില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു ചെറിയ കണക്ക് നോക്കാം. കേരളത്തില്‍ കഴിഞ്ഞ 6 മാസം കൊണ്ടാടിയ ചെറുതും വലുതുമായ ഹര്‍ത്താലുകളുടെ എണ്ണം എത്ര? ഞെട്ടരുത്, ഉത്തരം 57. അതായത് ഏകദേശം 2 മാസം മൊത്തം ഹര്‍ത്താലായിരിന്നു എന്ന് സാരം. (വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തിയ പഠിപ്പുമുടക്ക് സമരങ്ങള്‍ ഇതില്‍ കൂട്ടിയിട്ടില്ല. അതു കൂടി ആയാല്‍...). ഈ മാസം ഇന്നിതു വരെ പ്രഖ്യാപിക്കപ്പെട്ടത് ഒരു ഭാരത് ബന്ദ് ഉള്‍പ്പടെ 6 ഹര്‍ത്താലാണ് (ഓര്‍ക്കുക: ഞാനിതെഴുതുമ്പോള്‍ മാസത്തിലെ 3 ദിവസമെ കഴിഞ്ഞിട്ടുള്ളു.).
കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദിന്റെ കാര്യം തന്നെ നോക്കാം. ജമ്മു-കാശ്മീര്‍ സര്‍ക്കാരിന്റെ ഒരു നടപടിയില്‍ പ്രതിഷേധിച്ച് വി.എച്ച്.പിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും സാമാന്യ ജനജീവിതത്തെ ബാധിച്ചില്ല. ഇവിടെ ബാംഗ്ലൂരില്‍ എനിക്ക് ഒരു ബന്ദോ ഹര്‍ത്താലോ നടന്നതായിപ്പോലും തോന്നിയില്ല. പക്ഷെ, കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം, ജനജീവിതം സ്തംഭിച്ചു.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഇതിനോടു കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട വേറെ കുറെ കാര്യങ്ങളും ഉണ്ട്. കേരളത്തിലെ വ്യവസായങ്ങള്‍ എന്തുകൊണ്ട് തകരുന്നു? തൊഴില്‍ തേടി കൂടുതല്‍ ആള്‍ക്കാര്‍ക്ക് എന്തുകൊണ്ട് സംസ്ഥാനത്തിനു പുറത്തേക്കു പോകേണ്ടിവരുന്നു? സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ മുങ്ങി നില്‍ക്കുന്നതിനു ഇതൊരു കാരണം ആയിട്ടില്ലേ? അങ്ങനെ വിദ്യാഭ്യാസം, സാമൂഹ്യം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലയ്ക്കും നഷ്ടങ്ങള്‍ മാത്രം വരുത്തിവെയ്ക്കുന്ന ഈ ഒരാഘോഷം എന്തിന്?
ഹര്‍ത്തലിനെ എതിര്‍ക്കുന്നവരോട് പൊതുവേ അനുകൂലികള്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. ഇതവരുടെ അഭിപ്രായ സ്വാതന്ത്ര്യം ആണ്, പ്രവര്‍ത്തന സ്വാതന്ത്ര്യം ആണ്, എന്നും മറ്റും. അവരോടൊരു ചെറിയ ചോദ്യം. ഈ പറഞ്ഞ സംഭവങ്ങളൊക്കെ പൊതുജനത്തിനും ഇല്ലേ? അതില്‍ ഇങ്ങനെ കൈകടത്താമോ?
ഇപ്പൊ ന്യായമായ ഒരു കാരണം പറഞ്ഞാണ് ഹര്‍ത്താല്‍ നടത്തുന്നതെങ്കിലും അതിനോട് ഒരു പുച്ഛം തോന്നിപ്പോകും, എന്നും അരങ്ങേറുന്ന ഈ വൃത്തികെട്ട ഹര്‍ത്താല്‍ ഉത്സവങ്ങള്‍ മൂലം.
ഇതിനു പ്രതിവിധിയില്ലേ?
ഈ ചോദ്യം ഉയരുമ്പോള്‍ എനിക്കെന്നും ഓര്‍മ്മ വരാറുള്ളത് പുല്ലുവഴി എന്ന ഗ്രാമത്തെപ്പറ്റിയാണ്. പെരുമ്പാവൂരിനടുത്തുള്ള ഈ ഗ്രാമം ജനങ്ങളുടെ കൂട്ടായ്മയിലൂടെ ഹര്‍ത്താല്‍ രഹിതമായ കഥ ഒരിക്കല്‍ ഏതോ വാര്‍ത്താ ചാനലില്‍ കണ്ടിട്ടുണ്ട്. ഈ പറഞ്ഞ സംഭവത്തില്‍ തന്നെയുണ്ട് ഒരു പ്രതിവിധി. പൊതുജന കൂട്ടായ്മ. പക്ഷെ, പൊതുവെ തന്നിലേക്കു തന്നെ ഒതുങ്ങി കഴിയുന്ന ഒരു പ്രവണത ഏറിവരുന്ന ഇക്കാലത്ത് ഈ പറഞ്ഞ പൊതുജന കൂട്ടായ്മ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
മാധ്യമങ്ങള്‍ക്കും ഇതു തടയാന്‍ ഒരു പരിധി വരെ സാധിക്കും എന്ന്‍ ശ്രീ. ബാബു പോള്‍ ഐ.എ.എസ്. ഒരിക്കല്‍ പറഞ്ഞതു ഞാനോര്‍ക്കുന്നു. ഇത്തരം ഹര്‍ത്താല്‍ പ്രഖ്യാപനങ്ങള്‍ക്കും ഹര്‍ത്താലിനും ഒട്ടും പരിഗണന കൊടുക്കാതിരുന്നാല്‍ ഒരു പരിധി വരെ ഇതിനു തടയിടാമെന്നാണ് അദ്ദേഹം പറഞ്ഞത്.
Tuesday, June 3, 2008
“ഓട്ടോബയോഗ്രഫി ഓഫ് ആന്‍ അണ്‍നോണ്‍ മലബാറി“
1981ആമാണ്ട് നവംബര്‍ 27നു ഭൂജാതനായ അന്നു മുതലിന്നോളം കടന്നു വന്ന വഴികളില്‍ എപ്പോഴും ഒരു ശാപം പോലെ എന്നെ പിന്തുടര്‍ന്ന ഒരു വാക്കുണ്ട് “തടിയന്‍”. എന്തുകൊണ്ടോ തടി എന്റെ കൂടപ്പിറപ്പായി പോയി അതിനു എനിക്കു കുറ്റപ്പെടുത്താന്‍ ആരുമില്ല. എല്ലാം എന്റെ വിധി. അല്ലാതിപ്പൊ എന്താ പറയ്കാ. സ്കൂള്‍, കോളേജുകള്‍ എന്നുവേണ്ട പോകുന്നിടത്തെല്ലാം ഞാന്‍ അങ്ങനെ ഒരു പരിഹാസ കഥാപാത്രമായി മാറിക്കൊണ്ടിരിന്നു.
പഞ്ചസാരയുടെ ഉപയോഗം കുറച്ചും ഭക്ഷണം ഉപേക്ഷിച്ചും ഞാന്‍ എന്റെ തടി കുറയ്ക്കാന്‍ നിതാന്തം പരിശ്രമിച്ചു. പക്ഷെ കൂടെയുള്ള കാപാലികര്‍ പലവിധേന എന്റെ ശ്രമങ്ങള്‍ പൊളിച്ച് എന്നെ തോല്‍പ്പിച്ചുകൊണ്ടിരിന്നു.
കാലങ്ങള്‍ കൊഴിഞ്ഞുപോയി. എന്റെ എഞ്ജിനീയറിങ്ങ് വിദ്യാഭ്യാസം കഴിഞ്ഞു. ഒരു വലിയ കമ്പനിയില്‍ ജോലി കിട്ടി. പണ്ട് പാലുകുടി നിര്‍ത്തിയപ്പോള്‍ തുടങ്ങിയ മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ പാടേ ഉപേക്ഷിച്ച് ഒരു പുതിയ മനുഷ്യനായി ഇന്ത്യന്‍ സിലിക്കണ്‍വാലിയിലേക്ക് വണ്ടി കയറി. അവിടെ പുതിയ ജീവിത സാഹചര്യങ്ങളുടെ പ്രലോഭനങ്ങളില്‍പ്പെട്ട് പണ്ട് എന്നെ കളിയാക്കിയിരുന്ന പലരും അപ്പോഴേക്കും എനിക്കു ഒരു കോമ്പറ്റീഷന്‍ ആയി തുടങ്ങിയിരിന്നു. ജീവിക്കാന്‍ വേണ്ടി കഴിക്കാതെ കഴിക്കാന്‍ വേണ്ടി ജീവിക്കുക എന്നൊരു സംസ്കാരം തന്നെ അവിടെ ഉടലെടുത്തിരിന്നു. അതിനിടെ തടികുറയ്ക്കാനുള്ള എന്റെ ശ്രമങ്ങള്‍ ഞാന്‍ പതിയെ പതിയെ ഉപേക്ഷിച്ചു.
അങ്ങനെ പല തടിയന്മാരുടെ കൂട്ടത്തില്‍ ഒരു തടിയന്‍ മാത്രമായി ഞാന്‍ എന്റെ ജീവിത യാത്ര തുടര്‍ന്നു. വീട്ടില്‍ മമ്മി എനിക്കു കല്യാണാലോചനകള്‍ തുടങ്ങി. പിന്നെ പിന്നെ ഓരോ തവണ വീട്ടിലേക്കു പോകുമ്പോഴും പെണുകാണലും ഒരു ചര്യയായി മാറി. തടി വീണ്ടും ഒരു കല്ലുകടിയായി തുടങ്ങിയിരിക്കുന്നു.
ഭാഗ്യദേവതയുടെ കടാക്ഷം പോലെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ എനിക്കും കിട്ടി ഒരു ബ്രിട്ടീഷ് വിസ. കുറച്ചു നാള്‍ ലോകപര്യടനം നടത്താനും തല്‍ക്കാലത്തേക്ക് കല്യാണാലോചനകളില്‍ നിന്നും ഒളിച്ചോടാനും ഒരു കച്ചിത്തുരുമ്പ്. അങ്ങനെ 2007ലെ ഒരു മെയ് മാസപ്പുലരിയില്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ കാലുകുത്തി. അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ ദാസനും വിജയനും അമേരിക്കയിലെത്തി കാണിക്കുന്ന പോലെ “സാധനം കൈയിലുണ്ടോ?“എന്നും ചോദിച്ചു നടന്ന് എന്നെക്കാത്ത് നിന്നിരുന്ന സുഹൃത്തിനെ തപ്പിപ്പിടിച്ചു. അവിടെനിന്നും എന്റെ പുതിയ വിഹാര കേന്ദ്രമായ നോര്‍വിച്ചിലേക്ക്.
ഇനി ഉള്ള കുറച്ചുനാള്‍ കാലുവാരികളായ അലവലാതികളില്‍ നിന്നും മോചനം. പുതിയ ലോകവും പുതിയ മനുഷ്യരും. അപ്പൊപ്പിന്നെ പുതിയ രീതികളും ആവാം. ഞാന്‍ പണ്ടേ ഇങ്ങനെ ആയിരിന്നു എന്നു എല്ലാവരും കരുതിക്കോളും. അങ്ങനെ തടി കുറയ്കാനുള്ള യജ്ഞം വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചു. പെട്ടെന്നു തന്നെ അടുത്തുള്ള ജിമ്മില്‍ ചെന്നു കാര്യങ്ങള്‍ ബോധിപ്പിച്ചു. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞ ജിമ്മിന്റെ തലൈവറുടെ മുഖത്തേക്ക് അങ്ങേരു ചോദിച്ചത്ര പൌണ്ടുകള്‍ എറിഞ്ഞുകൊടുത്തു ഞാന്‍ എന്റെ യജ്ഞം ആരംഭിച്ചു. ഓരോ തവണ വെയ്റ്റ് പൊക്കുമ്പോഴും തിരിച്ചു നാട്ടിലെത്തി പണ്ട് തടിയന്‍ എന്നു വിളിച്ചോരെ ഓരോരുത്തരെ മുഖത്തുനോക്കി ആട്ടുന്ന രംഗം സിനിമാ സ്റ്റൈലില്‍ മനസിലൂടെ ഓടി. അതായിരിന്നു എന്തു ചെയ്യാനും എന്റെ ഊര്‍ജ്ജം.
ഭക്ഷണം ക്രമീകരിച്ചും ജിമ്മില്‍ പോയി മണിക്കൂറുകള്‍ ചിലവിട്ടും 10 മാസങ്ങള്‍ കടന്നുപോയി. പൂര്‍വ്വികരുടെ പുണ്യമോ എന്തോ എന്റെ ആഗ്രഹം പോലെ എനിക്ക് ഒരു സ്ലിം ബ്യൂട്ടി ആയി മാറാന്‍ സാധിച്ചു. പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട സ്ഥിതി വരെ എത്തി കാര്യങ്ങള്‍. എന്തൊക്കെ ആയാലെന്താ നാട്ടില്‍ ചെന്നിട്ട് ഇനി എല്ലാരുടേയും മുന്നില്‍ ഞെളിഞ്ഞു നടക്കാം, പെണ്ണുകെട്ടാം. എത്രയും പെട്ടെന്നു നാട്ടിലെത്താന്‍ കൊതിയായി.
അങ്ങനെ ആ ദിനം വന്നെത്തി. 2008 മാര്‍ച്ച് അവസാന വാരത്തില്‍ കോഴിക്കോട് വിമാനമിറങ്ങി. ടാക്സിയില്‍ വീട്ടിലേക്ക് പോക്കുന്ന വഴി വണ്ടി നിര്‍ത്തിച്ച് ഒരു പെയര്‍ ഷൂസ് വാങ്ങി. എന്തിനാ? പറ്റിയാല്‍ അന്ന് രാത്രിതന്നെ ഓട്ടം തുടങ്ങണം. ദിനചര്യകള്‍ മാറ്റാന്‍ പാടില്ല. അപ്പോള്‍ ആരേലും ആക്കിയാല്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഞാന്‍ സംഭരിച്ചിരിന്നു. പിറ്റേന്നു കാലത്തു തന്നെ ഓട്ടം തുടങ്ങി. സ്ലിം ആയി തന്നെ നിലനില്‍ക്കാനുള്ള ശ്രമങ്ങള്‍. ഒരാഴ്ച നാട്ടില്‍ കിടന്നു അര്‍മാധിച്ചിട്ട് ബാംഗ്ലൂറിലേക്ക് വണ്ടി കയറി. അവിടെ എത്തിയപ്പോള്‍ പോകുന്നതിനു മുന്‍പ് എന്റെ ക്ലബ്ബില്‍ ചേര്‍ന്നോരൊക്കെ മെമ്പര്‍ഷിപ്പ് പുതുക്കി തടിച്ചുരുണ്ടിരിക്കുന്നു. കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ലാ. എന്റെ കോലം കണ്ടവര്‍ അത്ഭുതം കൊണ്ട് കണ്ണ് തള്ളി നിന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിച്ചു. “എവരി ഡോഗ് ഹാസ് എ ഡേ” ഇന്ന് എന്റെ ദിവസം.
പിറ്റേ ദിവസം തന്നെ അടുത്തുള്ള ജിമ്മില്‍ പോയി ചേര്‍ന്നു. അലവലാതികള്‍ എന്നും അങ്ങനെ തന്നെ. ഇത്രയൊക്കെ ആയിട്ടും വിടാന്‍ തയ്യാറല്ല. വീണ്ടും എന്നെ പിന്തിരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിന്നു. എന്റടുത്താ കളി. ഒന്നിലും തോറ്റ് പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. കളിയാക്കിയവരെ ആരോറൂട്ട് ബിസ്കറ്റ് പച്ചവെള്ളത്തില്‍ മുക്കി തിന്നു കാട്ടി ഞാന്‍ തിരിച്ചടിച്ചു. പതിയെ എല്ലാവരും ശാന്തരായി തുടങ്ങി. പലര്‍ക്കും അവരവരുടെ തടി കുറയ്ക്കണം എന്നും തോന്നിത്തുടങ്ങി. അങ്ങനെ ഒരോരുത്തരായി എന്റെ കൂടെ കാലത്ത് ഓടാന്‍ വരാന്‍ പോലും തുടങ്ങി.
പക്ഷെ എനിക്കെന്നും വ്യത്യസ്തതയോട് ഒരു ഭ്രമം ഉണ്ടായിരിന്നു. പുതിയ പുതിയ വ്യായാമമുറകള്‍ തേടി നടന്നുകോണ്ടേയിരിന്നു. അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോള്‍ ഒരു ദൈവദൂതനെപ്പോലെ ആ പഴയ സായിപ്പ്, നമ്മുടെ പഴയ ജിമ്മിന്റെ തലൈവര്‍, ചാറ്റ്ബോക്സില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ തേടലിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അങ്ങേരു കുറെ പുതിയ അടവുകള്‍ പറഞ്ഞു തന്നു. എല്ലാം ഞാന്‍ എന്റെ വൃത്തികെട്ട കൈപ്പടയില്‍ ഒരു പേപ്പറില്‍ കുറിച്ചെടുത്തു.
പിന്നെ ഒരാഴ്ച ജിമ്മിന് അവധി കൊടുത്ത് സായിപ്പ് പറഞ്ഞു തന്ന പുതിയ അടവുകളിലേക്കു കടക്കാന്‍ തീരുമാനിച്ചു. ആദ്യദിവസം സംഗതി വലിയ കുഴപ്പമില്ലാതെ പോയി. രണ്ടാം ദിനം, അതായത് മേയ് 21നു പുതിയ ഒരു അടവു പരീക്ഷിച്ചു. ഇന്നുവരെ ഈ ഭൂമിയില്‍ ആരും തന്നെ ചെയ്തുനോക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് എനിക്കുറപ്പുള്ള ഒരു അഭ്യാസം.
ഇതിനു മുന്‍പ് ഒരു പക്ഷെ ഇങ്ങനെ ഒന്നു പോസ് ചെയ്തിട്ടുള്ളതു തന്നെ ത്രേതായുഗത്തിലെ ഹനുമാന്‍ മാത്രമായിരുന്നിരിക്കണം.
അതൊക്കെ കഴിഞ്ഞ് വൈകിട്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കണ്ട് മനം കുളിര്‍ന്നപ്പോഴും ഇങ്ങനെ ഓരോന്നു സംഭവിക്കുമെന്ന് മനസ്സില്‍ നിരീച്ചുപോലുമുണ്ടായില്യാ. എല്ലാം എഴുതിയെടുത്ത കൈപ്പടയുടെ മഹത്വമോ അതോ സായിപ്പിന്റെ ചതിയോ, പിറ്റേന്ന് കാലത്ത് കാലുനിലത്തു കുത്താന്‍ പറ്റാത്തത്ര വേദന. സായിപ്പിന് എന്നോടെന്തോ കലിപ്പുണ്ടായിരിന്നോ എന്നു കൂടി സംശയിച്ചുപോയി. വീട്ടിലുള്ള മറ്റൊരു തടിയനേം കൂട്ടി ആശുപത്രിയില്‍ ചെന്നപ്പോഴല്ലേ പണി പാളിയത്. MRI സ്കാനും കുന്തൊം കൊടച്ചക്രോം എല്ലാം എടുത്തിട്ട് ഡോക്ടര്‍ വിധി എഴുതി. മുട്ടിന്റെ ജൊയിന്റിലുള്ള എന്തോ ഒരു സംഭവം കീറി പോലും. പക്ഷേ അതൊന്നുമല്ല ആ നിമിഷം എന്നെ വേദനിപ്പിച്ചത്, വീട്ടിലെത്തി കഴിഞ്ഞാല്‍ ബാക്കിയുള്ള കാര്‍ക്കോടകന്മാര്‍ എന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്ന രംഗങ്ങളേക്കുറിച്ചുള്ള ചിന്തകളാണ്.
ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല. വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്നു പണ്ട് ആരോ പറഞ്ഞത് എത്ര ശരി. വീണ്ടും ആരോ പറയുന്നതുപോലെ തോന്നുന്നു “എവരി ഡോഗ് ഹാസ് എ ഡേ” ഇന്ന് നിന്റെ ഒക്കെ ദിവസം.
പക്ഷെ “ഇതിലൊന്നും…തോറ്റുമടങ്ങുന്നവനല്ല…ഈ…KK ജോസപ്പേ...”
Thursday, March 6, 2008
ഒരു വഞ്ചിനാടന്‍ യാത്ര...
കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ ലാലു കനിഞ്ഞു നല്കിയ ബാഗ്ലൂര്‍ - കൊച്ചുവേളി എക്സ്പ്രസ്സില്‍ ഞാന്‍ എറണാകുളത്തു വന്നിറങ്ങിയപ്പോള്‍ സമയം പുലര്‍ച്ചെ 4:30. പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ ഇറങ്ങിയവര്‍ ചലിച്ചു കൊണ്ടേയിരിന്നു. ഞാന്‍ മെല്ലെ ടിക്കറ്റ് കൌണ്ടറിലേക്കു നടന്നു. വലിയ തിരക്കില്ല.
- 34 രൂപ.
തിരിക്കുതീരെ കുറവായിരിന്നു. ഒരു വിന്‍ഡോസീറ്റും ഒപ്പിച്ച് പത്രത്തില്‍ കണ്ണുംനട്ട് ഞാനങ്ങനെയിരിന്നു. ക്രിത്യം 6:05നു തന്നെ വഞ്ചിനാട് എന്ന നീലപ്പാമ്പ് ചൂളം വിളിച്ചുകൊണ്ട് ഇഴഞ്ഞുതുടങ്ങി. പുറത്തിപ്പോഴും ഇരുട്ടാണ്. അതുകൊണ്ട് പത്രങ്ങള്‍ ഓരോന്നായി വായിച്ചുകൊണ്ടേയിരിന്നു. മുളംതുരുത്തി ആയപ്പോഴേക്കും അതുവരെ മടിപിടിച്ചുറങ്ങുകയായിരുന്ന സൂര്യന്‍ പതിയെ തല പൊക്കിത്തുടങ്ങി. ബാംഗ്ലൂരില്‍ നിന്നുള്ള യാത്രയില്‍ എനിക്കെന്നും പ്രിയപ്പെട്ട കേരളത്തിന്റെ ദൃശ്യങ്ങള്‍ പകല്‍വെളിച്ചത്തില്‍ ആദ്യമായി കാണുന്ന നിമിഷം. എല്ലാ യാത്രയിലും ഞാന്‍ ഏറ്റവും ആകാംശയോടെ കാത്തിരിക്കാറുള്ള നിമിഷം. മെല്ലെ പത്രം മാറ്റിവെച്ച് മ്യൂസിക്ക് പ്ലേയര്‍ എടുത്തു പാട്ടുകേള്‍ക്കാന്‍ തുടങ്ങി.
വഞ്ചിനാട് നീങ്ങിക്കൊണ്ടേയിരിന്നു. പുറത്തു മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ കാഴ്ച്ചകള്‍ അതേ വേഗത്തില്‍ പിന്നോട്ടുവലിഞ്ഞുകൊണ്ടിരിന്നു. വരണ്ടുണങ്ങിയ പഴയ പാടങ്ങള്‍ മനസ്സില്‍ അല്പം വേദനയുണ്ടാക്കുമെങ്കിലും, ഇടയ്ക്കിടെ കാണുന്ന പച്ചവിരിച്ച നെല്ല് പാടങ്ങള്‍ ആ നിരാശയെ അല്പമൊന്നു മായ്ക്കുന്ന പോലെ തോന്നി. പൂമുഖത്ത് വിളക്കുതെളിയിച്ച വീടുകള്‍, ഉറക്കച്ചടവോടെ പുതിയൊരു ദിവസത്തെ സ്വീകരിക്കാനൊരുങ്ങുന്ന മനുഷ്യര്‍, പറമ്പില്‍ പശുവുമായി നടക്കുന്ന ഗോപാലകര്‍, ആട്ടിന്‍കുട്ടിയുടെ പിറകെ പായുന്ന കുട്ടികള്‍. അങ്ങനെ കാഴ്ചകള്‍ പലതും കണ്ടും പലതും ആലോചിച്ചും ഞാനങ്ങനെ ഇരിന്നു. ഒരു തൊടിയിലൂടെ പാല്‍പാത്രവുമായി നടന്നു നീങ്ങിയ 2 കുട്ടികളെ കണ്ടപ്പോള്‍ അറിയാതെ എന്റെ കുട്ടിക്കാലം ഓര്‍മ്മകളിലേക്കോടിയെത്തി. കാതില്‍ മുഴങ്ങുന്ന “ശ്രീലതികകള്‍”ക്കോക്കെ കൂടുതല്‍ മധുരം തോന്നുന്നു.
ഇന്നും ബാക്കിയുള്ള ഇത്തിരി നെല്‍പ്പാടങ്ങള്‍...
മഞ്ഞുമൂടിയ മൂവാറ്റുപുഴ...
വീണ്ടും കാഴ്ചകള്‍ കണ്ടും പാട്ടുകേട്ടും ഞാന്‍ അങ്ങനെ ഇരിന്നു. തിരക്കൊഴിഞ്ഞ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനടുത്തു കൂടി വഞ്ചിനാട് കോട്ടയം റെയില്‍വ്വേ സ്റ്റേഷനിലെത്തി. സമയം 7:15. കുറച്ചാള്‍ക്കാര്‍ കയറി, കുറച്ചുപേരിറങ്ങി. ഒരു ചരക്കുവണ്ടി കടത്തിവിടാനായി ഞങ്ങളുടെ വണ്ടി 15 മിനിറ്റോളം അവിടെ പിടിച്ചിട്ടു. പതിവിലും തിരക്കുകുറഞ്ഞ സ്റ്റേഷനില്‍ അങ്ങിങ്ങായി ചുവന്ന ഉടുപ്പിട്ട കുറെ ചുമട്ടുതൊഴിലാളികളും ട്രെയിന്‍ കാത്തുനില്‍ക്കുന്ന ചുരുക്കം യാത്രക്കാരും മാത്രം.
തിരക്കൊഴിഞ്ഞ കോട്ടയം ബസ്സ്റ്റാന്‍ഡ്... കോട്ടയം റെയില്‍വ്വേ സ്റ്റേഷനില്‍ നിന്നൊരു ദ്രിശ്യം
7:30ഓടെ വീണ്ടും ചലിച്ചുതുടങ്ങിയ ട്രെയിന്‍ അരകിലോമീറ്ററോളം നീളമുള്ള ആ റൂട്ടിലെ വലിയ രണ്ടു തുരങ്കങ്ങളും കടന്നു മുന്നേറി. ചിങ്ങവനവും കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെത്തിയപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് യാത്ര പറഞ്ഞിറങ്ങി. അവിടെനിന്നും തിരുവല്ലയിലെത്തിയപ്പോള്‍ ഞങ്ങളെക്കാത്ത് ഒരാള്‍ അവിടെയുണ്ടായിരിന്നു, തിരുവനന്തപുരത്തു നിന്നും വരുന്ന “വേണാട്”. ആദ്യം വരുന്നയാള്‍ കാത്തുകിടക്കുക. അതാണിവിടെ നിയമം. പലപ്പോഴും ഞാന്‍ വരുന്ന വഞ്ചിനാടും കാത്തുകിടന്നിട്ടുണ്ട്. ‘ഇന്നു ഞാന്‍, നാളെ നീ‘ എന്നു പറയുന്നതുപോലെയാണീ കാത്തിരിപ്പിന്റെ കാര്യവും.
അടുത്ത സ്റ്റേഷനില്‍ എനിക്കിറങ്ങണം. പത്രങ്ങള്‍ ഒക്കെ മടക്കി ബാഗില്‍ വെച്ച് ഞാന്‍ ഇറങ്ങാന്‍ റെഡിയായി ഇരിന്നു. അവസാനിക്കാന്‍ പോകുന്ന ഒരു വഞ്ചിനാടന്‍ യാത്രയെ കുറിച്ചോര്‍ത്തു കൊണ്ട്. ഏകദേശം 8:15ഓടെ ചെങ്ങന്നൂരില്‍ എത്തി. കഴിഞ്ഞ യാത്രയുടെ നിര്‍വൃതിയില്‍ വഞ്ചിനാടിനോട് നന്ദിപറഞ്ഞ് ഞാന്‍ ഇറങ്ങിനടന്നു, ബസ്സ്റ്റാന്‍ഡ് ലക്ഷ്യമാക്കി...
PS: ഫോന്റിന്റെ പ്രശ്നം കാരണം ചില അക്ഷരത്തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ക്ഷമിക്കുക.
Friday, February 15, 2008
ചില കുറിപ്പുകള്‍....
കാലം കടന്നുപോയി...മണിക്കൂറുകള്‍ ദിവസങ്ങള്‍ക്കും, ദിനങ്ങള്‍ ആഴ്ചകള്‍ക്കും, ആഴ്ചകള്‍ മാസങ്ങള്‍ക്കും, മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴിമാറി. യാഥാര്‍ത്ഥ്യബോധമോ അതോ വിധിയുടെ കരാളഹസ്തമോ എന്തോ എന്റെ മോഹങ്ങളെ വഴിതിരിച്ചുവിട്ടു. പക്ഷെ ഇപ്പോള്‍ എന്റെ ചിന്തകള്‍ കൂട്ടിലടച്ച സിംഹത്തെപ്പോലെ കൂടുതല്‍ കരുത്താര്‍ജ്ജിച്ചപോലെ. അതെന്നെ അല്ല എന്റെ പാളം തെറ്റിയ യാഥാര്‍ത്ഥ്യബോധത്തെ നേര്‍വഴിക്കു നയിക്കുമോ?എന്താണു യാഥാര്‍ത്ഥ്യബോധം എന്നെ സംബന്ധിച്ചിടത്തോളം? ജീവിക്കാനാവശ്യം പണം...അതാണെന്റെ ഇപ്പോഴത്തെ യാഥാര്‍ത്ഥ്യബോധം. അതു തെറ്റാണെന്നു മനസില്‍ പലവട്ടം ഉരുവിടുമ്പോഴും. അതെന്റെ ചിന്തകള്‍ക്കു കടിഞ്ഞാണിടാന്‍ ശ്രമിക്കുന്നപോലെ..എന്റെ മോഹങ്ങളേയും സ്വപ്നങ്ങളേയും കാരാഗൃഹത്തില്‍ അടക്കുന്നപോലെ ഒരു തോന്നല്‍. എന്തിനോവേണ്ടി അല്ലെങ്കില്‍ ലക്ഷ്യമില്ലാതെ പായുന്ന ഒരു ശരം പോലെയാണെന്റെ ജീവിതം. ഈപ്പോക്കു തുടരുകയാണെങ്കില്‍ പാഴായിപ്പോയ ജന്മം എന്നു കാലം എന്നെ മുദ്രകുത്തും.
ലക്ഷ്യബോധവും മനുഷ്യസ്നേഹവും വാര്‍ന്നൊലിച്ചുപോയ, എല്ലാം വെട്ടിപ്പിടിക്കാന്‍ മാത്രം വെമ്പുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്നതാണോ എന്റെ ഈ ദുരവസ്തക്കു കാരണം? ആയിരിക്കാം അല്ലായിരിക്കാം. പക്ഷെ ആണെന്നാണെനിക്കു തോന്നുന്നത്. എന്തായാലും മുന്‍പു പറഞ്ഞ യാഥാര്‍ത്ഥ്യബോധം ഈ മാറുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്നു എനിക്കു ഉറപ്പിച്ചു പറയാനാവും. കപടസദാചാരബോധവും സമൂഹത്തിലെ അസമത്വവും ആണിവിടെ കുറ്റവാളികളെ സൃഷ്ടിക്കുന്നത്. "മാറ്റുവിന്‍ ചട്ടങ്ങളെ " എന്നു ഉദ്ഘോഷിക്കുവാന്‍ ഇന്നിവിടെ ആളില്ല. എല്ലാവര്‍ക്കും സ്വന്തം കാര്യം. ഉള്ളവന്‍ കൂടുതല്‍ വലുതാവുന്നു ഇല്ലാത്തവന്‍ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നു. ഈ കാഴ്ചകള്‍ എന്റെ മനസാക്ഷിയോടു കപടമല്ലാത്ത ഒരു ആത്മപരിശോധന നടത്താന്‍ ആവശ്യപ്പെടുന്നു.
ഇങ്ങനെ ഒക്കെ ചിന്തിപ്പിച്ചതു ഞാനൊരു സാമൂഹ്യജീവിയാനെന്നുള്ള വിചാരമാണു. പക്ഷെ ഇത്തരം ചോദ്യചിഹ്നങ്ങല്‍ ചുറ്റും നിറയുമ്പൊള്‍ ഞാന്‍ ആരാണെന്നതു, അല്ലെങ്കില്‍ എന്റെ ജന്മതിന്റെ ഉദ്ദേശ്യം എന്തെന്നുള്ളതു അത്ര പ്രസക്തമാല്ലാത്ത ഒരു ചോദ്യമായി തോന്നിപ്പോകുന്നു. ജീവിത യാത്രയില്‍ ഇനി ബഹുദൂരം താണ്ടാനുണ്ട്, അപ്പൊള്‍ എവിടെയേലും വെച്ചു ഇതിനൊരുത്തരം കിട്ടുമെന്നു കരുതാം....
ഒരു സത്യം: സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍. പക്ഷെ അതെന്നും ഒരു ആശയമായി തന്നെ നിലകൊള്ളും. ചിലരുടെ സഫലീകരിക്കാനാവാത്ത സ്വപ്നമായും.