Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Monday, May 21, 2012

ഓർമ്മച്ചെപ്പ് തുറന്ന് മഞ്ചാടിക്കുരു...

[ഇതൊരു നിരൂപണമല്ല. കഴിഞ്ഞ ദിവസങ്ങളിൽ മനസ്സിൽ ഉരുണ്ടുകൂടിയ ചില കാര്യങ്ങൾ.]

രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് റിലീസായത് 2007 ജനുവരിയിലായിരുന്നു. അന്ന് ഞാൻ ബാംഗ്ലൂരിലായിരുന്നു. ചുരുക്കം ചില മലയാളസിനിമകൾ മാത്രമാണ് അന്ന് അവിടെ റിലീസ് ചെയ്തിരുന്നത്. ഈ സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ അത് കാണണം എന്ന് ഉള്ളിന്റെ ഉള്ളിൽ എന്തുകൊണ്ടോ ഒരു തോന്നൽ ഉണ്ടായി. ചുരുക്കം ചില സിനിമകളുടെ കാര്യത്തിൽ ഞാൻ അങ്ങനെയാണ്. പ്രത്യേകിച്ച് ഒരു കാരണം പറയാനാവില്ല. ട്രെയിലർ കണ്ടതിൽ നിന്നും ഉരുത്തിഞ്ഞുവന്ന തോന്നലാവാം. ഒപ്പം അപ്പോൾ നാട്ടിലുണ്ടായിരുന്ന ചില അടുത്ത സുഹൃത്തുക്കളിൽ നിന്നും നല്ല അഭിപ്രായങ്ങളും കേട്ടു. തൊട്ടടുത്ത ആഴ്ച തന്നെ എറണാകുളത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു. അപ്പോൾ ഇത് കണ്ടിട്ടേയുള്ളു എന്ന് തീരുമാനിച്ചു. പക്ഷെ അവിടെ എത്തിയപ്പോഴേക്കും സിനിമ തിരിച്ചു പെട്ടിയിൽ കയറിയിരുന്നു. അതുവരെയുണ്ടായിരുന്ന ആകാംക്ഷ വർദ്ധിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

പിന്നെ കയ്യൊപ്പിനായി പലയിടത്തും അലഞ്ഞു. ഇന്റർനെറ്റിൽ. ബീമാപ്പള്ളിയിൽ. ബീമാപ്പള്ളിയിൽ തിരക്കിയപ്പോൾ അങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടുള്ളതായി പോലും ആർക്കും അറിയില്ല. ഡിവിഡി പുറത്തു വരുന്നതായി ഒന്നര വർഷത്തിനു ശേഷം 2008 ഡിസംബറിൽ സിഡിക്കട നടത്തുന്ന ഒരു സുഹൃത്തിൽ നിന്നും അറിയാനിടയായി. സംഭവം വന്ന അന്ന് തന്നെ ഒരു കോപ്പി കൈക്കലാക്കി സിനിമ കണ്ടു.

2010ൽ മോഹൻ രാഘവന്റെ റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി ഒഴിഞ്ഞ തീയറ്ററിൽ നിന്നും കണ്ടിറങ്ങിയപ്പോൾ ആ ചെറിയ സിനിമ ഒരുപാട് പേരിലെത്തണം എന്ന് തോന്നി. അതുകൊണ്ട് "കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്" എന്ന് ഈ ബ്ലോഗിൽ കുറിക്കുകയും ചെയ്തു. ഒപ്പം അടുത്തറിയാവുന്നവരെയൊക്കെ തീയറ്ററിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.

വളരെ വിരളമായേ ഇങ്ങനെ ചില സിനിമകൾ കാണാനും കാണിക്കാനും തോന്നാറൊള്ളു. ഇതല്ലാതെ ഇഷ്ടപ്പെട്ട സിനിമകൾ വന്നില്ല എന്നല്ല. മിക്കതും അല്ലാതെ തന്നെ കാണികളെ നേടിയിട്ടുണ്ട് എന്നതുകൊണ്ടാണ് ഇവയെക്കുറിച്ച് മാത്രം പറഞ്ഞത്. ഒക്കെ പ്രൊമോഷന്റെ വിജയപരാജയങ്ങൾ എന്ന് ചുരുക്കി പറയാം.


മേൽ‌പ്പറഞ്ഞ രണ്ട് സിനിമകൾക്കിടെ 2008ലെ IFFKലാണ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു വന്ന് ഒരുപിടി അവാർഡുകളും നേടി കടന്നു പോയത്. അത്തവണ IFFKൽ മൂന്ന് ദിവസം ചുറ്റിനടന്നു സിനിമകൾ കണ്ടെങ്കിലും ഇത് ശ്രദ്ധിക്കുകയോ കാണുകയോ ചെയ്തില്ല. അവാർഡ്നേട്ടം നേടിക്കൊടുത്ത മാദ്ധ്യമശ്രദ്ധയാണ് മുൻപ് കയ്യൊപ്പിനോട് തോന്നിയപോലൊരു ആകാംശ പിന്നീട് മഞ്ചാടിക്കുരുവിനോടും തോന്നാൻ കാരണം. ഇത്തവണ അന്വേഷണം കൂടുതൽ ഊർജ്ജിതമായിരുന്നു. കേരളാ കഫേ കൂടി പുറത്തിറങ്ങിയതോടെ സംവിധായികയെ സോഷ്യൽ മീഡിയയിലും മറ്റും കാണാനായി. അപ്പോൾ അന്വേഷണം നേരിട്ടും നടത്തി. അപ്പോഴൊക്കെ "മഞ്ചാടിക്കുരുവിന്റെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരൂ. റിലീസ് വിവരങ്ങൾ അവിടെ പ്രസിദ്ധീകരിക്കും" എന്നായിരുന്നു മറുപടി.

ആ കാത്തിരിപ്പ് 3 വർഷം നീണ്ടു. അവസാനം മഞ്ചാടിക്കുരു പുറത്തുവന്നു. വിഷയം ഗൃഹാതുരത്വം എന്ന് മുൻപ് തന്നെ പലയിടത്തും വായിച്ചിരുന്നു. മലയാളനാട്ടിൽ ഏറ്റവും വില്പന സാധ്യതയുള്ള സാധനമാണിതെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. ഓരോ കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും അവരുടേതായ ഭൂതകാലസ്മരണകൾ ഉണ്ടാവും അതത് കാലത്തിലൂടെ കടന്നുപോയിട്ടുള്ളവർക്ക് അത്തരം ഓർമ്മകളുടെ കുളിര് സമ്മാനിക്കും. ഈയൊരു ലോജിക്കാണ് ഈ വിഷയം ഇത്ര ജനകീയമാവാൻ കാരണം. പലവട്ടം പലതരത്തിൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ സിനിമയെന്ന മീഡിയത്തോട് നീതി പുലർത്തുക എന്നതാണ് ഏറ്റവും മുഖ്യം എന്നാണെന്റെ പക്ഷം.

എന്തായാലും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ദിനം തന്നെ സിനിമ കണ്ടു. ഓർമ്മകളുടെ താഴ്വരയിലൂടെ കൈപിടിച്ചു നടത്തുന്ന ലളിത സുന്ദരമായ ഒരു ചിത്രം. 16 ദിവസത്തെ അവധിക്കാലത്ത് വിക്കി കണ്ടതും കേട്ടതും പഠിച്ചതുമായ കാര്യങ്ങളാണ് വിക്കിയുടെ വീക്ഷണകോണിലൂടെ നാം കാണുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കഥാഗതിയിലും ആ നിഷ്ക്കളങ്കത തെളിഞ്ഞുനിൽക്കുന്നു. മനുഷ്യന്റെ സ്വഭാവം കേവലം കറുപ്പിലും വെളുപ്പിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. സാഹചര്യമനുസരിച്ച് ഇവയ്ക്കിടയിലുള്ള ഒരായിരം വര്‍ണ്ണങ്ങളിലേക്കും മാറാം എന്ന് പറയുകയും, ഇതിലെ കഥാപാത്രങ്ങളിലൂടെ അത് വരച്ച് കാണിക്കുകയും ചെയ്യുമ്പോൾ ഈ സിനിമ ജീവിതത്തോട് അടുത്തു നിന്ന് സംവേദിക്കുന്നു എന്ന് സമ്മതിക്കേണ്ടി വരുന്നു.

എന്റെ ബാല്യം 1980കളുടെ രണ്ടാം പകുതിയിലും 1990കളുടെ ആദ്യ പകുതിയിലുമായി പടർന്നു കിടക്കുന്നു. അന്ന് കണ്ടതും ചെയ്തതും അനുഭവിച്ചതുമായ ഏതാണ്ടെല്ലാ കാര്യങ്ങളും കണ്മുൻപിൽ വീണ്ടും തെളിഞ്ഞു വരുമ്പോൾ എന്താ തോന്നുക!! കണ്ണുനീരിൽ കുതിർന്നൊരു സന്തോഷം. നഷ്ടങ്ങളേ ചൊല്ലിയൊരു വേദന. മഞ്ചാടിക്കുരു അക്ഷരാർത്ഥത്തിൽ പകർന്നു നൽകിയത് അതുതന്നെയാണ്. ഒടുവിൽ മനസ്സിൽ പെയ്ത മഴ സ്ക്രീനിൽ പെയ്തു കണ്ടപ്പോൾ ഈ മഞ്ചാടിക്കുരു ഹൃദയത്തോട് കൂടുതൽ അടുക്കുന്നു.

അഭിനയിച്ചവരൊക്കെ അവരവരുടെ വേഷങ്ങൾ നന്നായി ചെയ്തപ്പോൾ മലയാളത്തിലെ പതിവിനു വിരുദ്ധമായി കൊച്ചു കുട്ടികളുടെ പ്രകടനം ഗംഭീരമായിരുന്നു. കാലയവനികയുടെ പിന്നിലേക്കോടി മറഞ്ഞ മുരളിയെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞു. ഛായാഗ്രഹണവും സിങ്ക് സൗണ്ടും സിനിമയുമായി നന്നായി യോജിച്ചു പോകുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, കാണുന്നിടം വരെ കയ്യൊപ്പിന്റെ ആകാംക്ഷയും കണ്ടുകഴിഞ്ഞ് റ്റി ഡി ദാസൻ സ്റ്റാന്റേർഡ് 6 ബി പോലെ മറ്റുള്ളവരിലേക്ക് എത്തണം എന്നും തോന്നിയ സിനിമയാണ് മഞ്ചാടിക്കുരു. ഓർമ്മകളിലേക്ക് ഒരു വിനോദസഞ്ചാരത്തിനായി തീർച്ചയായും കാണുക.

വാൽക്കഷണം
പണ്ടെനിക്ക് രണ്ട് പെട്ടികളുണ്ടായിരുന്നു. ഒന്ന് വലുത്. അത് നിറയെ നാട്ടിലെ പോലീസ് സ്റ്റേഷനു പിന്നിൽ നിന്നും പെറുക്കിയ മഞ്ചാടിക്കുരു. ഇന്നവിടെ ആ മഞ്ചാടിമരമില്ല. മറ്റൊന്ന്, ഒരു ചെറിയ പെട്ടി. അതിൽ നിറയെ എവിടെ നിന്നോ കിട്ടിയ കുന്നിക്കുരു. വാടകവീടുകൾ മാറിമാറി താമസിച്ചിരുന്ന കാലത്തെപ്പോഴോ എവിടെയോ എനിക്കവയെല്ലാം നഷ്ടപ്പെട്ടു. ഒപ്പം എന്റെ ചില ഓർമ്മകളും.




Monday, April 4, 2011

അധിനിവേശത്തിനെതിരെ ഉറുമി



അധിനിവേശത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ഉറുമി. 1498ൽ വാസ്കോ ഡ ഗാമ നടത്തുന്ന അധിനിവേശവും ആധുനിക കാലത്ത് FDI എന്നപേരിൽ വിദേശക്കുത്തകകൾ നടത്തുന്ന അധിനിവേശവുമാണ് കോർത്തിണക്കി വായിക്കാൻ ശ്രമിക്കുന്നത്. ചരിത്രവും വർത്തമാനവും മിത്തും രാഷ്ട്രീയവും എല്ലാം കടന്നു വരുന്ന, ഒരുപാട് സാധ്യതകളുള്ള ഒരു പ്രമേയം. ആ പ്രമേയത്തേ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിരിന്നു എങ്കിൽ Brilliant എന്ന് നിസംശയം വിളിക്കാമായിരുന്ന സിനിമ.

ആ പൂർണ്ണത നേടാൻ കഴിഞ്ഞില്ല എന്നിടത്താണ് ഈ സിനിമയുടെ പരാജയം. പ്രധാനപ്രശ്നം ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയും സംഭാഷണവും തന്നെ. 500 കൊല്ലം മുൻപുള്ള കഥപറയുമ്പോൾ 1000 കൊല്ലത്തിന്റെ അകലം പ്രേക്ഷകനുമായി keep ചെയ്താണ് ഈ സിനിമ സംവേദിക്കുന്നത്. അങ്ങനെ Brilliant ആവാൻ തുടങ്ങിയ യാത്ര തുടക്കത്തിൽ തന്നെ തീർത്തും ശരാശരിയിലെത്തിക്കുന്നതിൽ ശങ്കർ രാമകൃഷ്ണൻ വഹിച്ച പങ്ക് പൊറുക്കാനാവാത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയും നന്നേ ശുഷ്കം.

അവിടെനിന്നും അതിനെ ഏതാണ്ട് ഒരു നല്ല നിലവാരത്തിൽ എത്തിക്കാൻ സംവിധായകനും, അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്.  കലാസംവിധാനവും എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും പാട്ടുകളും നിലവാരം പുലർത്തിയപ്പോൾ, പാട്ടുകൾ പലപ്പോഴും ചിത്രത്തോട് ചേർന്നുപോകുന്നില്ല എന്നു പറയാം.

പതിവ് സന്തോഷ് ശിവൻ ചിത്രങ്ങൾ പോലെ ദൃശ്യങ്ങളുടെ ഭംഗി അതിനുള്ളതിലും കൂടുതുലായി പ്രേക്ഷകരിലെത്തിച്ച ഛായഗ്രാഹകർ(സന്തോഷ് ശിവനും അഞ്ജലി ശുക്ലയും) തന്നെയാണ് ഇവിടെയും സ്കോർ ചെയ്തിരിക്കുന്നത്.  സന്തോഷ് ശിവന്റെ ക്യാമറയിലൂടെ പുറത്തുവരുമ്പോൾ ചെളിക്കുവരെ എന്തഴക്!!

വിടവുകൾ കാണിക്കാൻ മാത്രമായി എന്തിനായിരിന്നു വിദ്യാബാലൻ!!

ചുരുക്കത്തിൽ ഇപ്പോൾ ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം എന്ന വിശേഷണത്തിലൊതുങ്ങും സന്തോഷ് ശിവന്റെ ഉറുമി. ഈ സാങ്കേതികത്തികവ് തിരക്കഥയിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആശിച്ചുപോകുന്നു. പക്ഷെ ഇതിലെ സാങ്കേതികമികവ് തീർച്ചയായും ഒരു തീയറ്റർക്കാഴ്ച ആവശ്യപ്പെടുന്നുണ്ട്. അതിനാൽ തീയറ്ററിൽ നിന്നു തന്നെ കാണുക.

Sunday, January 9, 2011

പതിവു നിയമങ്ങള്‍ ലംഘിക്കുന്ന ട്രാഫിക്ക്


പതിവ് ഫോര്‍മുലകള്‍ കണ്ട് മനം മടുത്തിരിക്കുന്ന, സുബ്രമണ്യപുരവും മറ്റും കണ്ട് തമിഴനോട് അസൂയപ്പെടുന്ന മലയാളസിനിമാപ്രേമികള്‍ക്കുള്ള സമ്മാനമാണ് രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രം. ഇതുവരെയുള്ള രചനകളിലൂടെ തന്നെ ഇവിടെ തങ്ങളുടേതായ ഇടം നേടിയെടുത്തിട്ടുള്ള ബോബി-സഞ്ജയ് എന്നീ തിരക്കഥാകൃത്തുകള്‍ സ്വന്തം ഗ്രാഫ് മുകളിലേക്ക് വരയ്ക്കുമ്പോള്‍ 2011ലെ മികച്ച സിനിമകളുടെ ലിസ്റ്റിലേക്കുള്ള ആദ്യ എന്‍ട്രി ജനുവരി ആദ്യവാരം തന്നെ നമുക്ക് ലഭിക്കുന്നു.

ഒരു ദിവസം...ഒരു സംഭവം...അതുമായി യാദൃശ്ഛികതയുടെ ചരടില്‍ കോര്‍ത്തു ബന്ധപ്പെടുത്തിയ അതുവരെ പരസ്പരം അപരിചിതരായിരുന്ന ഏതാനും വ്യക്തികള്‍...അവരുടെ ജീവിതത്തിലെ ചില വഴിത്തിരിവുകള്‍...നഷ്ടങ്ങള്‍...പ്രത്യാശകള്‍...നേട്ടങ്ങള്‍...തിരിച്ചറിവുകള്‍...പ്രതികാരം...ഇങ്ങനെകുറേ ലേബലുകള്‍ ചേര്‍ത്തു വെച്ച ഒരു പുതിയ അനുഭവമാണ് ഈ ചിത്രം. ആഖ്യാനത്തില്‍ ഒരു നേര്‍ രേഖ സ്വീ‍കരിക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്. സസ്പെന്‍സ് എന്നത് അവസാനം പൊട്ടിക്കുന്ന ഒരു ബോംബ് ആണെന്നുള്ള പൊതുധാരണയ്ക്കു വിരുദ്ധമായി ഇടയ്ക്കുള്ള സസ്പെന്‍സും, അല്ലെങ്കില്‍ സസ്പെസുകളും, ഊഹിക്കാവുന്ന പരവസാനവും ഉള്ള ഈ ചിത്രത്തെ ഒരു ത്രില്ലര്‍-റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്നതാണ്.

താരജാഡകളും വാചകകസ്രത്തുകളുമില്ല. ബുദ്ധിയും സമയവും എടുത്തെഴുതിയ മികച്ച ഒരു തിരക്കഥ തന്നെയാണ് ഇതിന്റെ നട്ടെല്ല്. സംവിധാനം തുടങ്ങി അഭിനേതാക്കളുടെ പ്രകടനം വരെ വളരെ നാച്ചുറലായി അതിന് പിന്തുണ നല്‍കുമ്പോള്‍ നല്ല സിനിമ പിറക്കാതിരിക്കുക എന്നത് അസംഭവ്യമല്ലേ!!

കാണിയുടെ ബുദ്ധിയില്‍ സംശയം പ്രകടിപ്പിക്കുന്ന തരത്തില്‍ പൊതുവെ വാചാലമാവാറുള്ള മലയാള സിനിമയില്‍ നിന്ന് വ്യത്യസ്ഥമാവുമ്പോഴും ചിലയിടത്ത് അതിന്റെ ശേഷിപ്പ് കാണുമ്പോള്‍ അല്പം നിരാശ തോന്നി എന്നത് യാഥാര്‍ഥ്യം. ചിലയിടങ്ങളില്‍ മികച്ച നിലവാരത്തിലേക്കുയരുന്ന പശ്ചാത്തലസംഗീതവും മറ്റു ചിലയിടങ്ങളില്‍ പാളി എന്നതും ഒരു കുറവായി പറയാം. അതുപോലെ തന്നെ ചിലയിടങ്ങളില്‍ രംഗത്തിന്റെ വേഗത വാക്കുകളില്‍ മാത്രവുമ്പോള്‍ ശ്രീനിവാസന്റെ കാസ്റ്റിങ്ങിലും ഒരു സംശയം തോന്നും. പക്ഷെ ഈ കുറവുകളൊന്നും ഒരു വളരെ നല്ല സിനിമയെന്ന് ഇതിനെ വിളിക്കുന്നതിനു തടസമാവുന്നില്ല എന്നതാണ് സത്യം.

മലയാളിയുടെ ത്രില്ലര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനം നല്‍കിയത് ഒരു പക്ഷെ 2008ല്‍ പുറത്തിറങ്ങിയ രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍ ആയിരിക്കാം. ഈ ചിത്രം അവിടെ നിന്നും ഏതാനും ചുവടുകള്‍ കൂടി മുന്നോട്ട് പോകുമ്പോള്‍, മലയാളസിനിമയുടെ സ്ഥിരം യാത്രാ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രാഫിക്ക് ഇവിടെയും ഒരു വിപ്ലവത്തിനു തുടക്കമാവട്ടേ എന്നാശിക്കുന്നു.

ബാക്കി കണ്ട് അനുഭവിക്കൂ...

Verdict: Very Good

Friday, December 17, 2010

IFFK 2010: സിനിമാക്കാഴ്ചകള്‍


അങ്ങനെ കേരളത്തിന്റെ പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തിരശീല വീഴുകയായി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമപ്രേമികളും സിനിമ പ്രവര്‍ത്തകരും അനന്തപുരിയിലേക്ക് തീര്‍ത്ഥാടനം നടത്തിയ 8 ദിനങ്ങള്‍, 83 രാജ്യങ്ങളില്‍ നിന്നും 207 ചിത്രങ്ങള്‍. തോളില്‍ സഞ്ചിയും കഴുത്തില്‍ ഡെലിഗേറ്റ് പാസുമായി സിനിമയ്ക്കു പിറകേ സിനിമയ്ക്കായി ഓടിയ ഓട്ടവും കണ്ടു തീര്‍ത്ത സിനിമകള്‍ പകര്‍ന്നു തന്ന ദൃശ്യാനുഭവവും എല്ലാം എല്ലാം ഇനി ഓര്‍മ്മകള്‍.

കണ്ട സിനിമകള്‍ 20 എണ്ണം...

മത്സര വിഭാഗം
-----------------
മത്സരവിഭാഗത്തില്‍ ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്ക മേഖലകളില്‍ നിന്നുള്ള 14 ചിത്രങ്ങളായിരിന്നു പ്രദര്‍ശിപ്പിച്ചത്. അതില്‍ കാണാന്‍ കഴിഞ്ഞത് 4 എണ്ണം മാത്രം (മത്സര വിഭാഗത്തിലുണ്ടായിരുന്ന 2 മലയാള ചിത്രങ്ങളും ജാപ്പനീസ് വൈഫ് എന്ന ബംഗാളി ചിത്രവും മുന്‍പ് കണ്ടിരിന്നു. അത് കൂടി കൂട്ടിയാല്‍ 7 മത്സരചിത്രങ്ങള്‍ കണ്ടു എന്നു പറയാം)

ബെല്‍മ ബസ്  സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ സെഫീര്‍ കൂട്ടത്തില്‍ മികച്ചു നിന്നു. ഫ്രെയിമുകളുടെ സൌന്ദര്യവും, ദൃശ്യങ്ങളുടെ ബുദ്ധിപരമായ കോര്‍ത്തിണക്കലും, സംഭാഷണത്തിലെ മിതത്വവും കൊണ്ട് നല്ലൊരു സിനിമ അനുഭവം പകര്‍ന്നു തരുന്ന സെഫീര്‍ തന്നെയാണ് മേളയിലെ എന്റെ ഇഷ്ട ചിത്രം. റേറ്റിങ്ങ്: വളരെ നല്ലത്

തിരുവനന്തപുരം മേളയിലെ പതിവ് പലായന ചിത്രങ്ങളുടെ ശ്രേണിയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് പോട്രെയിറ്റ് ഇന്‍ ഏ സീ ഓഫ് ലൈസ് എന്ന കൊളംബിയന്‍ ചിത്രം. ലാറ്റിന്‍ ചിത്രങ്ങളുടെ സ്ഥിരം രീതികള്‍ പിന്തുടരുന്ന ക്യാമറാ കാഴ്ചകളാണ് ഈ ചിത്രത്തിലുള്ളത്. കൊളംബിയിലെ ആഭ്യന്തര കലാപം പശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ അന്നാട്ടിലെ ഭൂപ്രകൃതിയുടെ സൌന്ദര്യം കാണുവാന്‍ സാധിക്കും. റേറ്റിങ്ങ്: ശരാശരിക്കു മുകളില്‍

ഇറാനിയന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പും 2009 ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളും നടക്കുന്ന സമയത്ത് അവിടെയുള്ള സാധാരണക്കാരുടെ പച്ചയായ ജീവിതത്തിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് വാക്കിങ്ങ് ഓണ്‍ ദി റെയില്‍ എന്ന ചിത്രം. റേറ്റിങ്ങ്: ശരാശരി

ടുണീഷ്യന്‍ ചിത്രമായ ബറീഡ് സീക്രട്ട് ആണ് മത്സര വിഭാഗത്തിലെ മറ്റൊരു നല്ല ചിത്രം. സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്ന ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും കഥയാണിത്. അതില്‍ സ്വതന്ത്രയാവാന്‍ കൊതിയ്ക്കുന്ന പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രം. റേറ്റിങ്ങ്: നല്ലത്

മത്സരേതര വിഭാഗം
----------------------

മത്സരേതര വിഭാഗത്തില്‍ കണ്ട നല്ല ചിത്രങ്ങള്‍

1) ബ്യൂട്ടിഫുള്‍ (അലെക്സാണ്ട്രോ ഇനാരിട്ടോ/മെക്സിക്കോ)
കാനില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ജാവിയര്‍ ബേര്‍ഡത്തിന്റെ പ്രകടനവും ആഖ്യാന രീതിയും കൊണ്ട് നല്ലതെന്നു പറയാവുന്ന ചിത്രം

2) മാര്‍ത്ത (മെക്സിക്കോ)
ശരാ‍ശരിയ്ക്ക് താഴെയെങ്കിലും കണ്ടിരിക്കാവുന്ന ചിത്രം

3) സരാട്ടന്‍ ‍(കിര്‍ഗിസ്ഥാന്‍)
ആക്ഷേപഹാസ്യവും ഗ്രാമീണ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരവുംകൊണ്ട് ശ്രദ്ധേയമായ ചിത്രം. ശരാശരിക്കു മുകളില്‍‍.

4) സൈലന്റ് സോള്‍ (റഷ്യ)
ശരാശരിയ്ക്ക് മുകളില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രം.

5) ലൈറ്റ് തീഫ് (കിര്‍ഗിസ്ഥാന്‍)
ശരാശരിക്കു താഴെയാണിതിന് സ്ഥാനം. എന്നാലും ഒന്ന് കാണുന്നതില്‍ തെറ്റില്ല.

6) ഡോട്ടര്‍ ഇന്‍ ലോ (കസക്കിസ്ഥാന്‍)
ചില രോദനങ്ങളും അലര്‍ച്ചയും ഒഴിവാക്കിയാല്‍ ഒരു നിശബ്ദചിത്രം. സിനിമയ്ക്ക് പ്രേക്ഷകനോട് സംവേദിക്കാന്‍ ഭാഷയോ സംഭാഷണമോ ആവശ്യമില്ലെന്ന് തെളിയിക്കുന്ന ഒരു ദൃശ്യ ചിത്രം. ഒരു നല്ല ചിത്രം.

7) ലണ്ടന്‍ റിവര്‍ (ഫ്രാന്‍സ്/ഇംഗ്ലണ്ട്)
ലണ്ടന്‍ സ്ഫോടനത്തിനു ശേഷം കാണാതായ മക്കളെ അന്വേഷിച്ച് ലണ്ടനിലെത്തിയ ഒരു ഇംഗ്ലീഷ് വനിതയുടെയും, ഒരു ആഫ്രിക്കക്കാരന്റെയും കഥ പറയുന്ന ചിത്രത്തില്‍. വര്‍ഗ്ഗീയതയും മനുഷ്യത്വവും തീവ്രവാദവും വംശവും എല്ലാം പ്രതിപാദിക്കുന്നുണ്ട്. മികച്ച കാസ്റ്റിങ്ങ് കൊണ്ടും സോതുകി കയാട്ടെയുടെ ദൈന്യം നിറഞ്ഞ മുഖം മനസ്സില്‍ തങ്ങി നില്‍ക്കുന്നതു കൊണ്ടും നല്ലതെന്ന് നിസംശയം പറയാവുന്ന ചിത്രമാണ് ലണ്ടന്‍ റിവര്‍.

8) സ്ടെയിഞ്ച് കെയ്സ് ഓഫ് അഞ്ചേലിക്ക (പോര്‍ച്ചുഗല്‍)
ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ സംവിധായകനായ മാനുവേല്‍ ഓലിവ്യേറ സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണ ഏറ്റവും വെറുപ്പിച്ച സിനിമ. കൂടുതല്‍ പറയാന്‍ ഒന്നും മനസിലായില്ല.

9) സെര്‍ട്ടിഫൈഡ് കോപ്പി (ഫ്രാന്‍സ്)
അബ്ബാസ് കിയരോസ്റ്റമി സംവിധാനം ചെയ്ത ഈ ചിത്രം സംഭാഷണങ്ങളുടെ അതിപ്രസരമാണെങ്കിലും മികച്ച സംഭാഷണങ്ങള്‍ നിറഞ്ഞ ഒരു സിനിമയാണ്. ശരാശരിയില്‍ നിര്‍ത്താം.

10) അഡോപ്റ്റഡ് സണ്‍ (കിര്‍ഗിസ്ഥാന്‍)
നിറങ്ങളുടെയും ബ്ലാക്ക് ആന്റ് വൈറ്റിന്റെയും ഒരു സന്നിവേശം. ശരാശരിക്ക് മുകളില്‍

11) ലിറ്റില്‍ റോസ് (പോളണ്ട്)
1968ലെ പോളണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഒരു രാഷ്ട്രീയ/ത്രികോണ പ്രണയ ചിത്രം. ശരാശരി.

12) ഡോസണ്‍ ഐലന്റ് 10 (ചിലി)
ചിലിയില്‍ അല്ലെന്റയുടെ ഭരണകൂടത്തിലുണ്ടായിരുന്നവരെ പട്ടാള ഭരണകൂടം തടവില്‍ വെച്ചിരുന്ന ഡോസണ്‍ ദ്വീപിലെ കോണ്‍സെണ്ട്രേഷന്‍ ക്യാമ്പിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഡൊകു-ഫിക്ഷന്‍. ശരാശരിക്കു മുകളില്‍

13) ലൈറ്റ് ഇന്‍ ഡാര്‍ക്ക്നെസ്: റിട്ടേണ്‍ ഓഫ് ഏ റെഡ് ലൈറ്റ് ബാന്റിറ്റ് (ബ്രസീല്‍)
അരാജകത്വം നിറഞ്ഞ ഒരു രാഷ്ട്രീയ ചിത്രം.

14) ഐ ആം കലാം (ഇന്ത്യ)
കലാമിന്റെ പ്രസംഗം കേട്ട് പ്രചോദനമുള്‍ക്കൊണ്ട ഒരു ബാലന്റെ കഥ. അവസാന ഭാഗങ്ങളിലെ അസ്വാഭാവികത മൂലം ശരാശരി മാത്രമായി കണക്കാക്കാവുന്ന ചിത്രം.

15) അങ്കിള്‍ ബൂണ്മി ഹൂ ക്യാന്‍ റീക്കോള്‍ ഹിസ് പാസ്റ്റ് ലൈഫ് (തായ് ലണ്ട്)
2010 കാനില്‍ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം രണ്ടാമതൊരു കാഴ്ച ആവശ്യപ്പെടുന്നുണ്ട്.

16) ജോയ് (ഹോളണ്ട്)
ജനിച്ചപ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട ജോയ് എന്ന പെണ്‍കുട്ടിയുടെ യൌവനവും അമ്മയേ തേടിയുള്ള യാത്രയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ചിത്രം.

നല്ലതെന്ന് പറയാവുന്ന ചിത്രങ്ങള്‍  ഇത്തവണ നന്നേ കുറവായിരുന്നു എന്ന പൊതുഭാഷ്യം എനിക്കും ശരിവെയ്ക്കാന്‍ തോന്നുന്നു. കണ്ടതില്‍ മിക്കസിനിമകളും ശരാശരിക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഒരു കാഴ്ചയാണ് ഇത്തവണ ഉണ്ടായിരുന്നത്. കൂടുതല്‍ മികച്ച സിനിമകള്‍ അടുത്ത തവണ ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നു. സിനിമാപ്രേമികള്‍ക്ക് 2011ലെ മേളയിലേക്കുള്ള കൌണ്ട് ഡൌണ്‍ നാളെ മുതല്‍ തുടങ്ങാം.

Monday, December 6, 2010

IFFK 2010ന്റെ കൈയൊപ്പ്

കേരളത്തിലെ സിനിമപ്രേമികള്‍ എന്നും ആകാംശയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം പടിവാതിലിലില്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍, ഇന്നലെ പുറത്തിറക്കിയ ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം യൂടൂബില്‍ പ്രത്യക്ഷപ്പെട്ടു.



ജലം, ഭൂമി, വായു എന്നീ മൂന്നു ഘടകങ്ങളില്‍ സിനിമയുടെ ഭൂതം വര്‍ത്തമാനം ഭാവി എന്നിവ ആലേഖനം ചെയ്ത് അവയെല്ലാം ഓര്‍ക്കാനും വിലയിരുത്താനുമുള്ള വേദിയാണ് എന്ന ആശയമാണ് ഈ ഫിലിം മുന്നോട്ട് വെയ്ക്കുന്നത്.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള ടൂണ്‍സ് അനിമേഷന്‍ എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.

സംവിധാനം: സൂരജ് എം.കെ
അനിമേഷന്‍ വികസിപ്പിച്ചത്: മഹേഷ് വെട്ടിയാര്‍
സംഗീതം: ടോണി വിത്സണ്‍
നിര്‍മ്മാണം: സിബിന്‍ ബാബു


കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച കൂവല്‍ ഇത്തവണത്തെ കൈയൊപ്പിനു ലഭിക്കില്ല എന്നു വേണം കരുതാന്‍. എന്തായാലും എല്ലാം കാത്തിരിന്നു കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂടൂബ് സന്ദര്‍ശിക്കുക.

Sunday, September 19, 2010

ഫോര്‍ റിയല്‍ ഈസ് സോ റിയല്‍


സോന ജെയിന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമാണ് ഫോര്‍ റിയല്‍. കാമസൂത്രയിലൂടെ പ്രശസ്തയായ സരിത ചൌധരി, സമീര്‍ ധര്‍മ്മാധികാരി, സോയാ ഹസന്‍, ആദില്‍ ഹുസൈന്‍ എന്നിവരാണ് പ്രാധാനവേഷങ്ങളിലെത്തുന്നത്. ഇതിനോടകം തന്നെ അഞ്ചോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഈ ചിത്രം കഴിഞ്ഞ ദിവസമാണ് ഇവിടെ റിലീസ് ആയത്.

അച്ഛനമ്മമാരുടെ ഇടയിലുള്ള പ്രശ്നങ്ങള്‍ മൂലം ഒരു കൊച്ചുകുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങളും അതില്‍ നിന്ന് എങ്ങനെ കരകയറുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. തന്റെ സ്നേഹനിധിയായ യഥാര്‍ത്ഥ മാതാവ് തന്നെ വിട്ട് മറ്റേതോ ലോകത്തേക്ക് പോയി എന്നും ഇപ്പോള്‍ വീട്ടിലുള്ളത് അമ്മയുടെ രൂപത്തില്‍ ആ ലോകത്തു നിന്നെത്തിയ ഏതോ അന്യഗ്രഹജീവിയാണെന്നും വിശ്വസിക്കുകന്ന ആറുവയസുകാരിയായ ശ്രുതിയായി സോയ എത്തുന്നു. തന്റെ യഥാര്‍ത്ഥ അമ്മയേ തേടിയുള്ള സോയയുടെ യാത്രയാണ് ‘ഫോര്‍ റിയല്‍' . 

വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തിലൊള്ളു. എല്ലാ കഥാപാത്രങ്ങളും നല്ല രീതിയില്‍ മെനഞ്ഞെടുത്തതുമാണ്. ആവശ്യമില്ലാത്ത ഒരു കഥാപാത്രം പോലും ഇല്ലെന്നതും ശ്രദ്ധേയം. ഇതു തന്നെയാണ് ഈ സിനിമയുടെ ഏറ്റവും നല്ല പ്രത്യേകതയും. സോയയുടേയും, ശ്രുതിയുടെ സഹോദരനെ അവതരിപ്പിച്ച കുട്ടിയുടേയും അഭിനയം പ്രശംസാര്‍ഹമാണ്. മറ്റുള്ള അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്. കുട്ടികളെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതില്‍ സംവിധായിക കൈവരിച്ച നേട്ടവും ഓര്‍ക്കേണ്ടതാണ്. ശ്രുതിയുടെ സ്വപ്നവും യാഥാര്‍ത്യവും ഇടകലര്‍ത്തിയെടുത്ത ചിത്രത്തിന്റെ ആഖ്യാനം നന്നായിരിന്നു.

ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ കുടുംബത്തിന്റെ ഇംഗ്ലീഷ് സംഭാഷണത്തില്‍ തെറ്റില്ല. പക്ഷെ വേലക്കാരിയുമായുള്ള ഇംഗ്ലീഷ് സംസാരവും തിരിച്ചുള്ള വേലക്കാരിയുടെ ഡയലോഗുകളും തുടക്കത്തില്‍ അല്പം നാടകീയമായി തോന്നി. ഉസ്താദ് സക്കീര്‍ ഹുസൈന്‍ ഒരുക്കിയ ഗാനങ്ങള്‍ ചിത്രത്തിനോട് ചേര്‍ന്നു പോകുമ്പോഴും അത്ര മികവുള്ളതായി തോന്നിയില്ല.

ഒരു മികച്ച ചിത്രം എന്നു പറയാന്‍ കഴിയില്ലെങ്കിലും സോന ജെയിന്റെ ആദ്യ ചിത്രം കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെ.

Sunday, August 29, 2010

അന്തര്‍ദ്വന്ദ് അഥവാ ആത്മസംഘര്‍ഷം


സുശീല്‍ രാജ്പാല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് അന്തര്‍ദ്വന്ദ്.  2008ല്‍ , സാമൂഹ്യപ്രശ്നം ചര്‍ച്ച ചെയ്യുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അമിതാഭ് വര്‍മ്മയാണ്. രാജ് സിങ്ങ് ചൌധരി, അഖിലേന്ദ്ര മിശ്ര, സ്വാതി സെന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചുവടുപിടിച്ചാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ പലയിടത്തും ഇപ്പോഴും പ്രചാരത്തിലുള്ള, യുവാക്കളെ തട്ടിക്കോണ്ടുപോയി നിര്‍ബ്ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന സംഭവങ്ങളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സ്ത്രീധനം കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നിരുന്നപ്പോള്‍ ചെയ്തു തുടങ്ങിയ ഈ ഇടപാട്, പിന്നീട് വലിയ പഠിപ്പും വിവരവും ഇല്ലാത്ത പെണ്മക്കള്‍ക്ക് നല്ല വരനെ ഒപ്പിച്ചു നല്‍കാനുള്ള ഒരു വഴിയായി തീര്‍ന്നു.

പ്രേമിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ രക്ഷിതാക്കള്‍ സമ്മതിക്കാതെ വരുമ്പോള്‍ വീട് വിട്ടിറങ്ങുമ്പോഴാണ് രഘുവീറിന്റെ(രാജ് സിങ്ങ് ചൌധരി) പ്രശ്നങ്ങളും ആരംഭിക്കുന്നത്. സിവില്‍ സര്‍വ്വീസിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്ന രഘുവിനെ മഹേന്ദ്രബാബു(അഖിലേന്ദ്ര മിശ്ര) സ്വന്തം മകളായ ജാനകിയ്ക്ക് (സ്വാതി സെന്‍ ) വരനായി തട്ടിക്കോണ്ടു പോകുന്നതും, തുടര്‍ന്ന്‍ രഘുവിന്റെയും ജാനകിയുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

അഭിനേതാക്കള്‍ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഗ്രാമീണ പശ്ചാത്തലം മനസില്‍ പതിയുന്ന രീതിയില്‍ ഒപ്പിയെടുക്കാന്‍ മലായ് റോയിയുടെ ക്യാമറയ്ക്ക് സാധിച്ചിട്ടുണ്ട്. കൈകാര്യം ചെയ്ത വിഷയം അതിന്റെ പൂര്‍ണ്ണതയോടെയും സ്വാഭാവികതയോടെയും അഭ്രപാളികളിലെത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നതു തന്നെയാണ് ഏറ്റവും നല്ല കാര്യം. ഇത്തരം ഒരു കാര്യം പറഞ്ഞു വരുമ്പോള്‍ ഉണ്ടായേക്കാവുന്ന മെലോഡ്രാമകള്‍ ഒന്നും തന്നെ ഇല്ല എന്നതും, പക്വതയുള്ള കഥാപാത്രങ്ങളും ഈ ചിത്രത്തിനു മികവു നല്‍കുന്നു.

ചുരുക്കത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും തീര്‍ച്ചയായും ഒന്നു കാണാവുന്ന നല്ല ഒരു സിനിമയാണ് അന്തര്‍ദ്വന്ദ്.

Sunday, July 25, 2010

കുട്ടിസ്രാങ്ക് എന്ന പ്രഹേളിക



പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം നിര്‍വ്വഹിച്ച കുട്ടിസ്രാങ്ക് നിര്‍മ്മിച്ചിരിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചേര്‍സാണ്. സംവിധായകന്റെ കഥയ്ക്ക് തിരനാടകം രചിച്ചിരിക്കുന്നത് പി.എഫ്.മാത്യൂസ്, ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി, സുരേഷ് കൃഷ്ണ, സായ് കുമാര്‍, സിദ്ദീഖ്, പത്മപ്രിയ, കാമലാനി മുഖര്‍ജ്ജി, മീനകുമാരി പെരേര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടിസ്രാങ്ക് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയാണ്. ചവിട്ടുനാടകത്തിന്റെ ചമയത്തില്‍ മരിച്ചുകിടക്കുന്ന കുട്ടിസ്രാങ്കിന്റെ മൃതദേഹം തിരിച്ചറിയാന്‍ വരുന്ന മൂന്നു സ്ത്രീകളുടെ മൊഴികളിലൂടെ കുട്ടിസ്രാങ്ക് എന്ന കഥാപാത്രത്തെ കാഴ്ചക്കാരനു സൃഷ്ടിച്ചു നല്‍കുകയാണ് ഈ സിനിമയിലൂടെ.

രേവമ്മയുടെ(പത്മപ്രിയ) കഥനത്തോടെയാണ് കുട്ടിസ്രാങ്കിന്റെ പുനര്‍സൃഷ്ടി തുടങ്ങുന്നത്. ക്രൂരനായ സ്വന്തം അച്ഛന്റെ ആജ്ഞാനുവര്‍ത്തിയും നിര്‍ദ്ദയനുമായ കശാപ്പുകാരന്റെ പ്രതിശ്ഛായയാണ് രേവമ്മയുടെ മനസ്സില്‍ സ്രാങ്കിനുള്ളത്. പിന്നീട് ആ അച്ഛനില്‍ നിന്നും തന്നെ രക്ഷിക്കുന്ന മോചകനും. പെമ്മേണയുടെ(കമാലിനി മുഖര്‍ജ്ജി) കണ്ണില്‍ ജേഷ്ഠന്റെ ചവിട്ടുനാടകത്തിലെ നായകനോടുള്ള ആരാധനയും പ്രണയവുമാണ്. എന്നാല്‍ കുട്ടിസ്രാങ്കിനു പെമ്മേണയുടെ പ്രണയത്തെ പാടെ അവഗണിക്കേണ്ടി വരുന്നു. ഊമയും നാടിന്റെ ശാപം എന്നു നാട്ടുകാര്‍ പറയുകയും ചെയ്യുന്ന കാളിക്ക്(മീന കുമാരി പെരേര) ഒരു ജീവിതം കൊടുത്തയാളാണ് കുട്ടിസ്രാങ്ക്. കൂടാതെ അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛനും. ഈ മൂന്നു കഥാപാത്രങ്ങളിലൂടെ പൂരിപ്പിക്കപ്പെടുന്ന ഒരു ചോദ്യമാണ് കുട്ടിസ്രാങ്ക്.

മൂന്നു കഥകള്‍ മൂന്നു വ്യത്യസ്ത ഭൂമികയിലാണ് നടക്കുന്നത്. ഈ വ്യത്യസ്ഥത സ്രാങ്കിന്റെ മൊഴിയിലും വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രേവമ്മയുടെ കഥ മലബാറിലും, പെമ്മേണയുടേത് കൊച്ചിയിലും, കാളിയുടേത് തിരുവിതാംകൂറിലും. ഒരുപാട് മികവുകളും ഒരുപിടി പോരായ്മകളും ചേര്‍ന്ന ഒരു കൂട്ടാണ് ഈ ചിത്രം.

രണ്ടാം ഉപാഖ്യാനത്തില്‍ കടന്നു വരുന്ന ചവിട്ടുനാടകത്തിന്റെ പശ്ചാത്തലം മികവ് പുലര്‍ത്തി. മമ്മൂട്ടി,സായ് കുമാര്‍ സിദ്ദീഖ്, കമാലിനി മുഖര്‍ജ്ജി, മീനാകുമാരി എന്നിവരുടെ പ്രകടനം മികച്ച നിലവാരത്തിലുള്ളതായിരിന്നു. എന്നാലും ഏറ്റവും മികച്ചതെന്നു തോന്നിയത് സുരേഷ് കൃഷ്ണയുടെ ലോനയാശാന്‍ തന്നെ(സ്വന്തം ശബ്ദം ഉപയോഗിക്കാതിരുന്നത് നന്നായി). ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ സംഗീതവും, മലയാളസിനിമയില്‍ ആദ്യമായി ക്യാമറ കൈകാര്യം ചെയ്ത വനിതയായ അഞ്ജലി ശുക്ളയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ഗാനങ്ങളില്‍ രമേശും രാജലക്ഷ്മിയും ചേര്‍ന്നാലപിച്ച “മാഗ ചന്ദിരാ..” മികച്ചുനിന്നു.

തിരക്കഥയിലെ പാളിച്ചകള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. കാളിയുടെ കഥയില്‍ കടന്നുവരുന്ന നോവലെഴുത്തുകാരിയുടെ സങ്കല്പങ്ങള്‍ കുറച്ചൊക്കെ നല്ലതെങ്കിലും, മൂന്നു സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സ്വഭാവത്തിനും ആസ്വാദനത്തിനും ക്ഷതമേല്‍പ്പിക്കുന്നു എന്നൊരു കാര്യം മാത്രമേ അതു കൊണ്ട് നേടാനായൊള്ളു. ബാലിശമായ വിഷ്വല്‍ എഫക്റ്റുകളും ചിത്രത്തിനൊരു ബാധ്യതയാണ്. ഇത്തരം തെറ്റുകള്‍ തിരുത്തുന്നതില്‍ സംവിധായകനും സമയം ചെലവഴിച്ചതായി തോന്നിയില്ല. ആദ്യഭാഗത്തെ നാടകീയത അതിരുകടന്നതായും തോന്നി. മലയാളത്തിനു `പിറവി` തന്ന ഷാജി എന്‍ കരുണിനെ പോലെയുള്ള സംവിധായകരില്‍ നിന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍ ഒരു മികച്ച സൃഷ്ടിക്കുള്ള എല്ലാവിധ സാധ്യതകളുമുണ്ടായിരുന്നിട്ടും അതിലെത്തിപറ്റാതിരുന്ന ഒരു സംരഭമാണ് കുട്ടിസ്രാങ്ക്. എന്നാലും സമീപകാല മലയാളസിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ തീര്‍ച്ചയായും ഒന്നു കാണാവുന്ന ചിത്രം തന്നെ.

Tuesday, July 20, 2010

പറന്നുയരാന്‍ ഉഡാന്‍



കാനില്‍ Un Certain Regard എന്ന മത്സരവിഭാഗത്തിലേക്ക് 2010ല്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഉഡാന്‍. സഞ്ജയ് സിംഗ്, അനുരാഗ് കശ്യപ്, റോണി സ്ക്രൂവാല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിക്രമാദിത്യ മൊട്വാനയാണ്. സംവിധായകനൊപ്പം അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

എഴുത്തുകാരനാവാന്‍ കൊതിക്കുന്ന രോഹന്‍ എന്ന പതിനേഴുകാരന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്കൂളില്‍ നിന്നു പുറത്താക്കുന്നതോടെ, നീണ്ട എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പിതാവിന്റെ അടുത്തേക്കു പോകേണ്ടി വരുന്ന രോഹന്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ അമ്മയുടെ മരണശേഷം പിതാവ് വീണ്ടും വിവാഹം കഴിച്ച വകയിലുള്ള തന്റെ അര്‍ദ്ധസഹോദരന്‍ അര്‍ജ്ജുനും പിന്നീട് അവന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു. കര്‍ക്കശക്കാരനായ അച്ഛന്റെ കീഴില്‍ അതിരാവിലെ കഠിന വ്യായാമം, ഉച്ചവരെ അദ്ദേഹത്തിന്റെ സ്റ്റീല്‍ ഫാക്ടറിയില്‍ ജോലി, അതു കഴിഞ്ഞാല്‍ എഞ്ചിനീയറിംഗ് പഠനം എന്ന രീതിയിലേക്ക് സ്വന്തം ജീവിതം ചിട്ടപ്പെടുത്താന്‍ അവന്‍ നിര്‍ബന്ധിതനാവുന്നു. പിന്നീട് ബന്ധങ്ങളുടെ കെട്ടുപൊട്ടിച്ച് സ്വയം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ഉയരങ്ങളിലേക്കുള്ള കുതിപ്പ് തുടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് വില നല്‍കാതെ സ്വന്തം മോഹങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അച്ഛനമ്മമാരുടെ നേരെയാണ് ഈ ചിത്രം വിരല്‍ചൂണ്ടുന്നത്. അതോടൊപ്പം സ്വന്തം മോഹങ്ങള്‍ സഫലമാക്കാന്‍ പ്രയത്നിക്കുന്ന ഒരു കുട്ടിയുടെ നിശ്ചയധാര്‍ഢ്യവും ഇതില്‍ കാണാന്‍ കഴിയും.

രോഹനായി രജത് ബര്‍മേചയും, അര്‍ജ്ജുനായി ആയന്‍ ബൊറാഡിയയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മറ്റുള്ളവരും അവരവരുടെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു നവാഗത സംവിധായനാണ് താന്‍ എന്നു തോന്നിക്കാത്ത വിധം നല്ല കൈയ്യടക്കം കാട്ടാന്‍ മൊട്വാനയ്ക്കും കഴിഞ്ഞിട്ടുണ്ട്. സാങ്കേതികതയുടെ അതിപ്രസരമൊന്നുമില്ലാതെ എല്ലാം പാകത്തിനു ചേര്‍ന്ന നല്ലൊരു ചലച്ചിത്ര അനുഭവമാണ് ഉഡാന്‍ .

എന്നാലും സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആള്‍ എങ്ങനെ എഞ്ചിനീയറിംഗ് കോളേജില്‍ എത്തിപ്പെടുന്നു എന്ന് ഇതുവരെ മനസിലായില്ല. ചിലപ്പോള്‍ ജംഷഡ്പൂരിലൊക്കെ അങ്ങനെയാവും!!!

My Rating: 3.5/5 (Very Good)

Monday, April 19, 2010

ദാസന്റെ കത്തുകള്‍



കുറേനാളുകള്‍ക്ക് മുന്‍പ് “ദി ഹിന്ദു“വില്‍ ശ്രീവത്സന്‍ ജെ. മേനോനുമായുള്ള ഒരു അഭിമുഖത്തിലാണ് ‘ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി‘ എന്ന ചിത്രത്തെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ എപ്പോഴോ അതിലെ പാട്ടുകള്‍ കേള്‍ക്കാനും സാധിച്ചു. പക്ഷെ ഈ ചെറിയ ചിത്രം തീയറ്ററില്‍ എത്തുമെന്നുപോലും പ്രതീക്ഷിച്ചതല്ല. മോഹന്‍ രാഘവന്‍ എന്ന പുതുമുഖസംവിധായകന്റെ ചിത്രത്തില്‍ അമിതപ്രതീക്ഷകളും ഇല്ലായിരിന്നു. പിന്നെ ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതമുള്ളതുകൊണ്ട് പുറത്തിറങ്ങിയാല്‍ കാണണം എന്നുണ്ടായിരിന്നു.

ഇന്നലെ(ഞായറാഴ്ച) ഫസ്റ്റ് ഷോയ്ക്ക് കൈരളിയിലെത്തിയപ്പോള്‍ പ്രതീക്ഷിച്ചപോലെ തിരക്ക് തീരെ ഇല്ലായിരിന്നു(സൂഫി പറഞ്ഞ കഥ എന്ന “അവാര്‍ഡ്” പടത്തിനുപോലും ഇതിലും ആളുണ്ടായിരിന്നു). ലോബജറ്റില്‍ സൂപ്പര്‍ത്താരങ്ങളും മള്‍ട്ടിത്താരങ്ങളും ഒന്നുമില്ലാതെ എങ്ങനെ നല്ല സിനിമ ചെയ്യാം എന്നതിനൊരുത്തമോദാഹരണമാണ് ഈ ചിത്രം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നേയും അമ്മയേയും ഉപേക്ഷിച്ചുപോയ അച്ഛനുമായി ദാസന്‍ കത്തിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും, അതില്‍നിന്ന് ഉരുത്തിരിയുന്ന സംഭവങ്ങളും, അതിലൂടെ ഒരു ഗ്രാമത്തിലെ സമകാലിക പ്രശ്നങ്ങളും, വാക്കുകളിലൂടെ ഉണ്ടാകുന്ന ഹൃദയബന്ധങ്ങളും എല്ലാം രസകരമായി യാതൊന്നും മുഴച്ചുനില്‍ക്കാത്ത രീതിയില്‍ കൂട്ടിയോജിപ്പിക്കപ്പെട്ടിരിക്കുന്നു. ലളിതമായ കാര്യങ്ങള്‍ എങ്ങനെ മര്യാദയ്ക്ക് സിനിമയാക്കാം എന്ന ഒരു പാഠവും സംവിധായകന്‍ നമ്മേ പഠിപ്പിക്കുന്നു. കഥഗതിയ്ക്ക് പുറത്തുള്ള സംഭവങ്ങള്‍ 35mmല്‍ നന്നായി കൂട്ടിച്ചേര്‍ത്തത് സംവിധായകന്റെ മറ്റൊരു നല്ല പരീക്ഷണമാണ്.

ദാസനായി വേഷമിട്ട അലക്സാണ്ടറും അമ്മുവായി എത്തിയ ടീനയും ദാസന്റെ സഹപാഠിയാ‍യ തോമസുകുട്ടിയുടെ വേഷം ചെയ്ത പേരറിയാത്ത ബാലതാരവും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. മറ്റു വേഷങ്ങളിലെത്തുന്ന ബിജു മേനോന്‍, ശ്വേത മോനോന്‍, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും മോശമല്ലാത്ത രീതിയില്‍ അവരവരുടെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരിക്കുന്നു.

ഇരുണ്ട മുറികളില്‍ അരണ്ട വെളിച്ചത്തിലുള്ള കുറെ ഷോട്ടുകള്‍ വളരെ നന്നായി പകര്‍ത്തിയ ക്യാമറാമാന്‍ അരുണ്‍ വര്‍മ്മ ഗ്രാമത്തിന്റെ ഭംഗിയും നല്ല രീതിയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ശ്രീവത്സന്‍ ജെ മേനോന്റെ പശ്ചാത്തലസംഗീതം ഫ്രെയിമുകളുടെ എല്ലാ വികാരവും ഉള്‍ക്കൊള്ളുന്നതും അതിമനോഹരവുമായിരിന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയ ‘വെഞ്ചാമരക്കാറ്റേ..’ എന്ന ഗാനവും ചിത്രത്തോട് നന്നായി ചേര്‍ന്നുപോകുന്നു.

എല്ലാത്തിനുമുപരി മനസ്സില്‍തട്ടുന്ന ഒരുപിടി സംഭാഷണങ്ങളും ടിഡി ദാസന്റെ എന്ന ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് മാറ്റുകൂട്ടുന്നു. കലാമൂല്യവും സാങ്കേതികത്തികവും ഒത്തിണങ്ങിയ ഈ ചിത്രം മലയാളസിനിമയുടെ സമകാലികാവസ്ഥയേക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും ഒരുവട്ടമെങ്കിലും കാണേണ്ടതാണ്. മോഹന്‍ രാഘവന്‍ എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.

Saturday, September 26, 2009

ഹൃദ്യമീ ലൌഡ്സ്പീക്കര്‍

ഒരുപാട് നാളായി ഇവിടെ എന്തെങ്കിലും കുറിച്ചിട്ട്. ഇന്ന് ലൌഡ്സ്പീക്കര്‍ കണ്ടപ്പോള്‍ അതിനേക്കുറിച്ചു എന്തെങ്കിലും എഴുതാം എന്ന് കരുതി. ഇതൊരു നിരൂപണമോ വിമര്‍ശ്ശനമോ അല്ല. ഒരു ചെറിയ ആസ്വാദനക്കുറിപ്പ് എന്നു പറയാം.



തീരെ ചെറിയ ഒരു കഥ, നര്‍മ്മത്തില്‍ പൊതിഞ്ഞ് അതിഭാവുകത്വം ലവലേശമില്ലാതെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്ക് ഫിലിപ്പോസ് എന്ന ഒരു നാട്ടുമ്പുറത്തുകാരനായി മമ്മൂട്ടി തകര്‍ത്തഭിയിച്ചപ്പോള്‍(കോമഡിയ്ക്കായി മമ്മൂട്ടി കോമാളിവേഷം കെട്ടേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട് ഈ ചിത്രം), മേനോന്‍ എന്ന പ്രവാസി മലയാളിയായി ശശികുമാറിന്റെ പകര്‍ന്നാട്ടം വളരെ മനോഹരമായിരിന്നു. പിന്നെ ഇവര്‍ക്കുചുറ്റുമുള്ള കുറെ നല്ല കഥാപാത്രങ്ങളെ മറ്റ് അഭിനേതാക്കള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ജഗതിയുടെ ഫ്ലാറ്റ് സെക്രട്ടറിയും സുരാജിന്റെ കൌണ്‍സിലറും ലേശം കല്ലുകടിയായി.

പനച്ചൂരാനെഴുതി ബിജിബാല്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇമ്പമുള്ളതും അതേ സമയം കോലാഹലങ്ങള്‍ ഇല്ലാത്തതുമായിരിന്നു. ഭാസ്കരന്മാഷിന്റെ “അല്ലിയാമ്പല്‍ കടവില്‍” എന്ന ഗാനം ആരേക്കൊണ്ടും കുറ്റം പറയിപ്പിക്കാത്ത തരത്തില്‍ പുതുക്കിപ്പണിയാനും ബിജിബാലിനു കഴിഞ്ഞിട്ടുണ്ട്.

ആദ്യത്തെ ഒന്നര മണിക്കൂര്‍ ശരാശരിയ്ക്ക് അല്പം മുകളില്‍ നില്‍ക്കുമ്പോള്‍, അവസാന അരമണിക്കൂറില്‍ അതിമനോഹരമായ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. അങ്ങനെ എല്ലാത്തരം ആസ്വാദകരേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഈ ചിത്രത്തിനായി എന്ന് പറയാം. ഒരുപാട് നന്മകളും ഒരുപിടി നല്‍ക്കാഴ്ചകളും സമ്മാനിക്കാന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ജയരാജിന് കഴിഞ്ഞിട്ടുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ നല്ല നിമിഷങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ലൌഡ്സ്പീക്കര്‍. വേനലില്‍ പെയ്ത മഴപോലെ, ആ മഴ നല്‍കുന്ന പൊടിമണം പോലെ മനസ്സിനെ കുളിരണിയിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ടാവുമെന്ന് ആശിക്കുന്നു.