Sunday, March 14, 2010

മലയാളസിനിമയിലെ ചില വനിതാസംരംഭങ്ങള്‍

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമണ്‍ ഇന്‍ റേഡിയോ ആന്റ് ടിവി(IAWRT)യും അലിയോണ്‍സ് ഫ്രോന്‍സെയിസും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മാര്‍ച്ച് 13, 14 തീയതികളില്‍ കലാഭവനില്‍ ഏഷ്യന്‍ ചലച്ചിത്രമേള സംഘടിപ്പിച്ചു. 25 ഹ്രസ്വചിത്രങ്ങളാണ് മേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള സംവിധായകരുടെ ചിത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച “വിമണ്‍ ഫിലിം മേക്കേര്‍സ് ഓഫ് കേരള“ എന്ന വിഭാഗത്തില്‍ സംഗീതപദ്മനാഭന്റെ 'ചാരുലതയുടെ ബാക്കി', ശ്രീബാലാ കെ. മേനോന്റെ 'പന്തിഭോജനം', ഗീതുമോഹന്‍ദാസിന്റെ 'കേള്‍ക്കുന്നുണ്ടോ', അഞ്ജലി മേനോന്റെ 'വെയിറ്റിങ് വിമെണ്‍‍', ജെ. ഗീതയുടെ 'അകം', ആഷാ ജോസഫിന്റെ 'ഗെയിം' എന്നീ ചിത്രങ്ങളായിരിന്നു ഉണ്ടായിരിന്നത്.


പദ്മപ്രിയയും വിനീതും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചാരുലതയുടെ ബാക്കി' നല്ലൊരു ചിത്രമായിരിന്നു. സത്യജിത് റേയുടെ ചാരുലതയെ സ്നേഹിക്കുകയും ചാരുവിനെപ്പോലെ ആവാന്‍ കൊതിക്കുകയും ചെയ്യുന്ന ഇതിലെ നായികാകഥാപാത്രം പക്ഷെ റേയുടെ ചാരുവിനെപ്പോലെ വിവാഹിതയല്ല. അതേ സമയം ചാരുലത എന്ന സിനിമ പല ആവര്‍ത്തി കാണുകയും, ഒരു സംവിധായകന്‍ ആവാന്‍ കൊതിക്കുകയും ചെയ്യുന്ന ആളാണ് ചാരുവിന്റെ സുഹൃത്തായി എത്തുന്ന വിനീതിന്റെ കഥാപാത്രം. വിവാഹത്തെ പറ്റി ചാരുവിനുള്ള വേവലാതികളും, പ്രണയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും കേവലം ആ കഥാപാത്രത്തിന്റെ മാത്രം പ്രശ്നമല്ല, ചാരുവിലൂടെ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയേയും, വ്യവസ്ഥകളേയും ചോദ്യം ചെയ്യുകയാണ് സംവിധായിക. തിരക്കഥയും, സംഭാഷണങ്ങളും, സംവിധാനവും നല്ല നിലവാരം പുലര്‍ത്തി. ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന സംഗീത എന്ന സംവിധായികയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.


സന്തോഷ് എച്ചിക്കാനത്തിന്റെ ഇതേ പേരിലുള്ള നല്ലൊരു കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ശ്രീബാലാ കെ. മേനോന്റെ 'പന്തിഭോജനം'. ജാതിയുടെ പേരിലുള്ള വേര്‍ത്തിരിവ് ഇന്നത്തെ പരിഷ്കൃത സമൂഹത്തിലും നിലനില്‍ക്കുന്നു എന്നാണ് ചിത്രത്തിലൂടെ സംവിധായിക പറയാന്‍ ശ്രമിച്ചിരിക്കുന്നത്. “ജാതി പറയരുത്, അത് അനുഭവിക്കാനുള്ളതാണ്” എന്ന് ചിത്രം കഴിയുമ്പോള്‍ എഴുതിക്കാണിക്കുന്നത് എന്തുദ്ദേശത്തിലാണെന്ന് ഇതുവരെ പിടികിട്ടിയില്ല. കൃത്രിമത്തം നിറഞ്ഞ സംഭാഷണങ്ങളും, ചുമ്മാതെ തുന്നിച്ചേര്‍ത്ത കുറെ ദൃശ്യങ്ങളുമാണ് ഈ പന്തിയില്‍ വിളമ്പിയത്. ഭാഗ്യദേവതയിലും മറ്റും സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ആയിരിന്ന ശ്രീബാല അദ്ദേഹത്തില്‍ നിന്ന്(അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും) ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.


ഗോവ ചലച്ചിത്രമേളയില്‍ മികച്ച നോണ്‍ ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഗീതു മോഹന്‍ദാസിന്റെ ‘കേള്‍ക്കുന്നുണ്ടോ’ മികച്ചൊരു കലാശൃഷ്ടിയാണ്. വികസനത്തിന്റെയും നഗരവത്കരണത്തിന്റെയും പേരില്‍ നടക്കുന്ന ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചാണ് ഈ ചിത്രം പറയാതെപറയുന്നത്. അസ്ന എന്ന അന്ധയായ പെണ്‍കുട്ടിയുടെ ശബ്ദത്തിലൂടെയുള്ള തിരിച്ചറിവുകളും ഭാവനയിലൂടെയുള്ള സഞ്ചാരങ്ങളുമാണ് ഇതിനായി ഗീതു തിരഞ്ഞെടുത്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് ഒരു നടി എന്നതിലുപരി നല്ലൊരു സംവിധായിക കൂടിയാണെന്ന് ഈ ചിത്രം തെളിയിക്കുന്നുണ്ട്.


അഞ്ജലി മേനോന്റെ 'വെയിറ്റിങ് വിമെണ്‍‍'എന്ന ചിത്രം എച്ച്.ഐ.വി. ടെസ്റ്റിന്റെ റിസള്‍ട്ട് കാത്തിരിക്കുന്ന സമൂഹത്തിന്റെ രണ്ടുതട്ടിലുള്ള അപരിചിതരാ‍യ രണ്ട് സ്ത്രീകളുടെ സംഭാഷണത്തിലൂടെയാണ് പുരോഗമിക്കുന്നത്. അപരിചിതരായതു കൊണ്ടുതന്നെ പിന്നീടൊരിടത്തും തമ്മില്‍ കാണേണ്ടി വരില്ലെന്ന വിശ്വാസത്തില്‍ മനസ്സുതുറന്നു സംസാരിക്കുകയാണവര്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന് മധുബാലയും മറാത്തി നടി മാധവി ജുവേക്കറുമാണ്. ഒരു മുറിയില്‍ മാത്രം നടക്കുന്ന സംഭവത്തെ ഒട്ടും ബോറാടിപ്പിക്കാതെ, കൈയ്യടക്കത്തോടെ ചെയ്തിരിക്കുന്നു. അഞ്ജലി മേനോന്‍ മലയാള സിനിമയുടെ ഒരു പ്രതീക്ഷയാണെന്ന് യാതൊരു സംശയവും കൂടാതെ പറയാം.

സ്ഥിരം പറഞ്ഞുകേട്ട് മടുത്ത ഫെമിനിസ്റ്റ് ചിന്തകളാണ് ജെ. ഗീതയുടെ അകം എന്ന ചിത്രത്തിലാകമാനം. അടുക്കളയിലും കുടുംബത്തിലെ എല്ലാവരുടെയും ആവശ്യങ്ങളിലും തളച്ചിടപ്പെട്ട സ്വന്തമായി ഒരു സ്പെയ്സ് കൊതിക്കുന്ന സ്ത്രീയെയാണ് ഇതില്‍ വരച്ചുകാണിക്കാന്‍ ശ്രമം നടത്തിയിട്ടുള്ളത്. അധികം വലിച്ച് നീട്ടി വൃത്തികേടാക്കിയില്ലെന്ന ഒറ്റ ആശ്വാസം.

ഒരു ബ്ലോഗ് കഥയുടെ(കഥയുടെ പേര് മറന്നു) ചുവടുപിടിച്ച് ശൃഷ്ടിച്ച ആഷാ ജോസഫിന്റെ 'ഗെയിം' ഒരു വലിയ വീട്ടിലെ അകന്ന കണ്ണികളിലേക്ക് ഒരു കള്ളന്റെ കണ്ണിലൂടെ നോക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ രണ്ടറ്റങ്ങളില്‍ കിടന്നുറങ്ങുമ്പോള്‍ ഏകാന്തത അനുഭവിക്കുന്ന കുട്ടിയെ സഹതാപത്തോടെ നോക്കി മോഷണം നടത്താതെ മടങ്ങുന്ന കള്ളന്‍ കണ്ട കാഴ്ചകള്‍ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും പകര്‍ത്തിയതാണെന്ന് വ്യക്തം.

അഞ്ജലി മേനോന്റെ വെയിറ്റിങ് വിമെണും ആഷാ ജോസഫിന്റെ ഗെയിമും കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ഡോക്കുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരിന്നു. മലയാള സിനിമയുടെ ഭാവിയില്‍ ഒരുപാട് ചലനങ്ങള്‍ ശൃഷ്ടിക്കാന്‍ കഴിയുന്ന ഇത്തരം സംവിധായകര്‍ ഇനിയും മുന്നോട്ട് വരുന്നത് കാത്തിരിക്കുന്നു. ഒപ്പം വനിതാ സംവിധാകര്‍ എന്ന വേര്‍ത്തിരിവിന്റെ ആവശ്യമുണ്ടോയെന്ന് എല്ലാവരും ചിന്തിക്കുകയും വേണം. ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി കാതറിന്‍ ബിഗലോ പറഞ്ഞതോര്‍ക്കുക “Don't call me a female film maker; call me a film maker”. ശരിയ്ക്കും നമുക്ക് വേണ്ടത് വനിതാസംവിധായകരെയോ പുരുഷസംവിധായകരെയോ അല്ല, മറിച്ച് നല്ല സംവിധായകരെയാണ്!!!

Wednesday, October 28, 2009

തിരക്ക്

സത്യം-
മടി, മറവി.
അലങ്കാരം-
“സമയമില്ല“.

Monday, October 5, 2009

ഗാന്ധിമാര്‍ഗ്ഗത്തിന് ഇനി ലക്ഷങ്ങള്‍ വില

പ്രശസ്ത പേനാ നിര്‍മ്മാതാക്കളായ മോണ്ട് ബ്ലാങ്ക് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു പേന പുറത്തിറക്കി. റോഡിയം പ്ലേറ്റ് ചെയ്ത നിബ്ബില്‍ 18 ക്യാരറ്റ് സ്വര്‍ണത്തില്‍ തിളങ്ങി നില്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ ഒരു ഗാന്ധിപ്പേന. അതെ അങ്ങനെയാണ് അതിനു പേര് നല്‍കിയിരിക്കുന്നത്- ഗാന്ധിപ്പേന (Gandhi Pen). ദണ്ഡിയാത്രയില്‍ അദ്ദേഹം നടന്നുതീര്‍ത്ത 241 മൈലുകളെ അനുസ്മരിച്ചുകൊണ്ട് വെറും 241 സെറ്റ് പേനകള്‍ മാത്രമേ ഈ പേരില്‍ പുറത്തിറക്കിയുള്ളു. അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ ഈ ലളിതസ്മാരകത്തിനു വിലയാണെങ്കില്‍ വളരെ തുച്ഛം. വെറും 25000 അമേരിക്കന്‍ ഡോളര്‍. അതായത്, ഏകദേശം 11.88 ലക്ഷം രൂപ മാത്രം.



ദോഷം പറയരുതല്ലോ. ഗാന്ധിയുടെ പൌത്രന്‍ തുഷാര്‍ ഗാന്ധിയ്ക്ക് അതിലൊരെണ്ണം സമ്മാനിച്ചുകൊണ്ടാണ് കമ്പനി ഈ സംഭവം പുറത്തിറക്കിയത്. ഒപ്പം അദ്ദേഹം മേല്‍ന്നോട്ടം വഹിക്കുന്ന മഹാത്മാഗാന്ധി ഫൌണ്ടേഷന് 72 ലക്ഷം രൂപ സംഭാവനയും നല്‍കിപോലും.ഇത്ര ഉദാരമായ സംഭാവനകള്‍ നല്‍കുകയും, ഗാന്ധിജിയെ ഇങ്ങനെ സ്മരിക്കുകയും ചെയ്യുന്ന ഒരുത്തന്‍പോലും ഈ ഇന്ത്യയിലുണ്ടാ‍വില്ല.

ഇതൊക്കെ കാണുമ്പോള്‍ എനിക്കൊരു സംശയം: ഗാന്ധിജി ഇപ്പോള്‍ വെറുമൊരു വില്‍പന ചരക്കുമാത്രമാണോ?

Saturday, September 26, 2009

ഹൃദ്യമീ ലൌഡ്സ്പീക്കര്‍

ഒരുപാട് നാളായി ഇവിടെ എന്തെങ്കിലും കുറിച്ചിട്ട്. ഇന്ന് ലൌഡ്സ്പീക്കര്‍ കണ്ടപ്പോള്‍ അതിനേക്കുറിച്ചു എന്തെങ്കിലും എഴുതാം എന്ന് കരുതി. ഇതൊരു നിരൂപണമോ വിമര്‍ശ്ശനമോ അല്ല. ഒരു ചെറിയ ആസ്വാദനക്കുറിപ്പ് എന്നു പറയാം.



തീരെ ചെറിയ ഒരു കഥ, നര്‍മ്മത്തില്‍ പൊതിഞ്ഞ് അതിഭാവുകത്വം ലവലേശമില്ലാതെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്ക് ഫിലിപ്പോസ് എന്ന ഒരു നാട്ടുമ്പുറത്തുകാരനായി മമ്മൂട്ടി തകര്‍ത്തഭിയിച്ചപ്പോള്‍(കോമഡിയ്ക്കായി മമ്മൂട്ടി കോമാളിവേഷം കെട്ടേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട് ഈ ചിത്രം), മേനോന്‍ എന്ന പ്രവാസി മലയാളിയായി ശശികുമാറിന്റെ പകര്‍ന്നാട്ടം വളരെ മനോഹരമായിരിന്നു. പിന്നെ ഇവര്‍ക്കുചുറ്റുമുള്ള കുറെ നല്ല കഥാപാത്രങ്ങളെ മറ്റ് അഭിനേതാക്കള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ജഗതിയുടെ ഫ്ലാറ്റ് സെക്രട്ടറിയും സുരാജിന്റെ കൌണ്‍സിലറും ലേശം കല്ലുകടിയായി.

പനച്ചൂരാനെഴുതി ബിജിബാല്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇമ്പമുള്ളതും അതേ സമയം കോലാഹലങ്ങള്‍ ഇല്ലാത്തതുമായിരിന്നു. ഭാസ്കരന്മാഷിന്റെ “അല്ലിയാമ്പല്‍ കടവില്‍” എന്ന ഗാനം ആരേക്കൊണ്ടും കുറ്റം പറയിപ്പിക്കാത്ത തരത്തില്‍ പുതുക്കിപ്പണിയാനും ബിജിബാലിനു കഴിഞ്ഞിട്ടുണ്ട്.

ആദ്യത്തെ ഒന്നര മണിക്കൂര്‍ ശരാശരിയ്ക്ക് അല്പം മുകളില്‍ നില്‍ക്കുമ്പോള്‍, അവസാന അരമണിക്കൂറില്‍ അതിമനോഹരമായ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. അങ്ങനെ എല്ലാത്തരം ആസ്വാദകരേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഈ ചിത്രത്തിനായി എന്ന് പറയാം. ഒരുപാട് നന്മകളും ഒരുപിടി നല്‍ക്കാഴ്ചകളും സമ്മാനിക്കാന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ജയരാജിന് കഴിഞ്ഞിട്ടുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ നല്ല നിമിഷങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ലൌഡ്സ്പീക്കര്‍. വേനലില്‍ പെയ്ത മഴപോലെ, ആ മഴ നല്‍കുന്ന പൊടിമണം പോലെ മനസ്സിനെ കുളിരണിയിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ടാവുമെന്ന് ആശിക്കുന്നു.