Saturday, September 26, 2009

ഹൃദ്യമീ ലൌഡ്സ്പീക്കര്‍

ഒരുപാട് നാളായി ഇവിടെ എന്തെങ്കിലും കുറിച്ചിട്ട്. ഇന്ന് ലൌഡ്സ്പീക്കര്‍ കണ്ടപ്പോള്‍ അതിനേക്കുറിച്ചു എന്തെങ്കിലും എഴുതാം എന്ന് കരുതി. ഇതൊരു നിരൂപണമോ വിമര്‍ശ്ശനമോ അല്ല. ഒരു ചെറിയ ആസ്വാദനക്കുറിപ്പ് എന്നു പറയാം.



തീരെ ചെറിയ ഒരു കഥ, നര്‍മ്മത്തില്‍ പൊതിഞ്ഞ് അതിഭാവുകത്വം ലവലേശമില്ലാതെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്ക് ഫിലിപ്പോസ് എന്ന ഒരു നാട്ടുമ്പുറത്തുകാരനായി മമ്മൂട്ടി തകര്‍ത്തഭിയിച്ചപ്പോള്‍(കോമഡിയ്ക്കായി മമ്മൂട്ടി കോമാളിവേഷം കെട്ടേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട് ഈ ചിത്രം), മേനോന്‍ എന്ന പ്രവാസി മലയാളിയായി ശശികുമാറിന്റെ പകര്‍ന്നാട്ടം വളരെ മനോഹരമായിരിന്നു. പിന്നെ ഇവര്‍ക്കുചുറ്റുമുള്ള കുറെ നല്ല കഥാപാത്രങ്ങളെ മറ്റ് അഭിനേതാക്കള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ജഗതിയുടെ ഫ്ലാറ്റ് സെക്രട്ടറിയും സുരാജിന്റെ കൌണ്‍സിലറും ലേശം കല്ലുകടിയായി.

പനച്ചൂരാനെഴുതി ബിജിബാല്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇമ്പമുള്ളതും അതേ സമയം കോലാഹലങ്ങള്‍ ഇല്ലാത്തതുമായിരിന്നു. ഭാസ്കരന്മാഷിന്റെ “അല്ലിയാമ്പല്‍ കടവില്‍” എന്ന ഗാനം ആരേക്കൊണ്ടും കുറ്റം പറയിപ്പിക്കാത്ത തരത്തില്‍ പുതുക്കിപ്പണിയാനും ബിജിബാലിനു കഴിഞ്ഞിട്ടുണ്ട്.

ആദ്യത്തെ ഒന്നര മണിക്കൂര്‍ ശരാശരിയ്ക്ക് അല്പം മുകളില്‍ നില്‍ക്കുമ്പോള്‍, അവസാന അരമണിക്കൂറില്‍ അതിമനോഹരമായ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. അങ്ങനെ എല്ലാത്തരം ആസ്വാദകരേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ ഈ ചിത്രത്തിനായി എന്ന് പറയാം. ഒരുപാട് നന്മകളും ഒരുപിടി നല്‍ക്കാഴ്ചകളും സമ്മാനിക്കാന്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ജയരാജിന് കഴിഞ്ഞിട്ടുണ്ട്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒട്ടേറെ നല്ല നിമിഷങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ലൌഡ്സ്പീക്കര്‍. വേനലില്‍ പെയ്ത മഴപോലെ, ആ മഴ നല്‍കുന്ന പൊടിമണം പോലെ മനസ്സിനെ കുളിരണിയിക്കുന്ന ഇത്തരം ചിത്രങ്ങള്‍ ഇനിയുമുണ്ടാവുമെന്ന് ആശിക്കുന്നു.

Tuesday, July 22, 2008

ശരികള്‍...

എന്റെ ശരികളും നിങ്ങളുടെ ശരികളും
തമ്മില്‍ എന്തൊരന്തരം.
നിങ്ങള്‍ നിങ്ങളുടെ ശരികളെ
യാഥാര്‍ത്ഥ്യമെന്നും,
എന്റെ ശരികളെ
പ്രാവര്‍ത്തികമാവാത്ത തത്ത്വശാസ്ത്രമെന്നും വിളിക്കുന്നു.

പക്ഷെ, എന്റെ പ്രവൃത്തികള്‍
ഇതിനിടയിലെവിടെയോ തളച്ചിടപ്പെട്ടിരിക്കുന്നു.
എന്റെ കയ്യൊപ്പ് മായുന്നതെവിടെ?
ശരികളിലോ? പ്രവൃത്തികളിലോ?
മൂല്യങ്ങളെവിടെ? മൂല്യച്യുതികളെവിടെ?
ഏതാണ് ശരി? എന്താണ് തെറ്റ്?

Thursday, July 3, 2008

ഹര്‍ത്താല്‍: കേരളത്തിന്റെ സാംസ്കാരികോത്സവം

[ഒരു എളിയ പ്രതിഷേധക്കുറിപ്പ്. നിങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചുകൊള്ളുന്നു...]

“
നാളെ രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 മണിവരെ ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.”

കേരളം കഴിഞ്ഞ കുറെ കാലമായി മിക്ക ദിവസവും കേള്‍ക്കുന്ന ഒരു പത്രക്കുറിപ്പ്.

പണ്ടൊക്കെ ഹര്‍ത്താല്‍ എന്നാല്‍ ചെറിയ കടയടപ്പ് സമരം. അല്ലെങ്കില്‍ ഒരു ചെറിയ സ്ഥലത്തു മാത്രം ഒതുങ്ങുന്ന ഒറ്റപ്പെട്ട പ്രതിഷേധ സമരങ്ങള്‍ ആയിരിന്നു. കാരണങ്ങളുള്ളപ്പോഴോ, ചില അനുശോചനങ്ങള്‍ക്കോ ഒരു ഹര്‍ത്താല്‍ ആചരിച്ചാല്‍ അതു ജനങ്ങള്‍ മതിപ്പോടെ മാത്രം നോക്കിക്കണ്ടിരിന്നു. അങ്ങനെ കാണാന്‍ കാരണങ്ങള്‍ പലതായിരിന്നു: പൊതുജീവിതത്തെ മൊത്തത്തില്‍ ബാധിക്കില്ല, പണ്ട് ഗാന്ധിജിയെ പോലെ ഉള്ള നേതാക്കള്‍ പിന്തുര്‍ന്ന ഒരു സമരരീതി, പിന്നെ ഇതൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം!!!

അക്കാലത്ത് ജനങ്ങള്‍ക്ക് ഇത്തിരിയെങ്കിലും പേടിയും മടുപ്പും ഉണ്ടാക്കിയിരുന്നത് ബന്ദുകളായിരിന്നു. കാര്യം ആണ്ടിനും സംക്രാന്തിക്കും ഒരോന്നെങ്കിലും അതു ജനജീവിതത്തെ ശരിക്കും ബാധിച്ചിരിന്നു. പേരുപോലെ തന്നെ മൊത്തത്തില്‍ “ബന്ദ്”. ചിലര്‍ക്ക് അതൊരു രസമായി തോന്നിപോലും. അപ്പൊപ്പിന്നെ എന്താ ചെയ്യ്യാ?... ഇടയ്ക്കിടെ ഓരോന്നാവാം അല്ലെ? അങ്ങനെ ചില വിദ്വാന്മാര്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ ബന്ദ് ഒരു സ്ഥിരം ഏര്‍പ്പാടായി മാറി. ജനം വലഞ്ഞു (പക്ഷെ, ജനാധിപത്യം വളര്‍ന്നു).

അപ്പൊ നീതിന്യായം എന്നു പറഞ്ഞുകുത്തിയിരിക്കുന്ന സാറന്മാര്‍ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ? “ഞങ്ങളൊക്കെ ഇവ്ട് ണ്ടേ” എന്നറിയിക്കേണ്ടേ? അങ്ങനെ അവരൊരു വിധി അങ്ങു പ്രഖ്യാപിച്ചു. “ഇവ്ടെ നി ബന്ദ് പാടില്ല”. അതായത്, കേരളത്തില്‍ ബന്ദ് നിരോധിച്ചു എന്ന്. നല്ല വിധി. പൊതുജനത്തിനു സന്തോഷം. രാഷ്ട്രീയക്കാരും (ഇവര്‍ പൊതുജനത്തില്‍ പെടില്ല, അതാ വേറെ പറഞ്ഞത്) വിധിയെ പരസ്യമായി സ്വാഗതം ചെയ്തു(മനസ്സില്‍ എന്തുമായിക്കോട്ടെ). പക്ഷെ, എല്ലാര്‍ക്കും എല്ലാം സഹിക്കുമോ? ബന്ദല്ലെങ്കില്‍ പിന്നെ എന്തു എന്നു ചിന്തിച്ചു നടന്നവര്‍ക്കു ബലിയാടാക്കാന്‍ കിട്ടിയതോ, പാവം ഹര്‍ത്താല്‍. വലിയ ഉപദ്രവം ഒന്നുമില്ലാതെ ജീവിച്ചുപോകാന്‍ പുള്ളിയെകൂടി സമ്മതിക്കില്ല.

അങ്ങനെ വ്യാഖ്യാനങ്ങളുടെ ചുവടുപിടിച്ച് അക്കൂട്ടര്‍ കോടതിവിധിയെ വളച്ചൊടിച്ചു. “ബന്ദ് നിരോധിച്ചു” എന്നത് കേവലം ഒരു വാക്കിന്റെ നിരോധനം മാത്രമായി ചിത്രീകരിക്കപ്പെട്ടു. (“അബ്ദുവിനു വധശിക്ഷ” എന്നു കോടതി പറയുമ്പോള്‍ അബ്ദു പോയി പേരുമാറ്റി ബിലാല്‍ എന്നാക്കിയാല്‍ എങ്ങനെ ഇരിക്കും. ബിലാലിനെ കൊല്ലാന്‍ ആരും വിധിച്ചിട്ടില്ലല്ലോ.). അങ്ങനെ ഹര്‍ത്താല്‍ എന്ന പാവം കുഞ്ഞാടിന്റെ തോലണിഞ്ഞ് നമ്മുടെ ബന്ദ് ചെന്നായ വീണ്ടും നാട്ടിലിറങ്ങി. അപ്പൊ നമുക്ക് കോടതി വിധിയുടെ വ്യാഖ്യാനത്തെയെങ്കിലും മാനിക്കേണ്ടേ? ഇനി മുതല്‍ ഞാനും ബന്ദ് എന്നു പറയില്ല. ഇനി എല്ലാം ഹര്‍ത്താല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വികസനവും പുരോഗതിയും നമുക്കു നല്‍കിയ പുതിയ സാംസ്കാരികോത്സവം. “ആഘോഷിക്കൂ ഓരോ നിമിഷവും” എന്നെവിടെയോ കേട്ടിരിക്കുന്നു. ഓരൊ നിമിഷവും ഇല്ലെങ്കിലും ആ വാക്കുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഹര്‍ത്താല്‍ ഒരു സ്ഥിര ആഘോഷമായി മാറി.



കാലക്രമേണ അതിന്റെ കാരണങ്ങള്‍ മനുഷ്യരെ ചിരിപ്പിച്ചുതുടങ്ങി. എനിക്കു നന്നേ ബോധിച്ച രണ്ട് ഹര്‍ത്താലുകള്‍ ഉണ്ടായി കഴിഞ്ഞ 1-2 വര്‍ഷത്തിനിടെ. ഒന്ന്, “സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച്, ബുഷിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ ഹര്‍ത്താല്‍.” സദ്ദാമോ ബുഷോ ഇതറിഞ്ഞോ ആവോ. എങ്ങാണും ചാവുന്നതിനു മുന്‍പ് അങ്ങേരെ ഇത്രയ്ക്ക് സ്നേഹിക്കുന്ന ഒരു നാട് ഇവിടെ ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സദ്ദാം ഹുസൈന്‍ ഇങ്ങോട്ടു കുടിയേറിയേനെ. ഇറാഖില്‍ പോലും നടന്നിട്ടുണ്ടാവില്ല അന്നൊരു ഹര്‍ത്താല്‍. പിന്നെ ഒരെണ്ണം, “ചിക്കുന്‍ ഗുനിയയ്ക്കെതിരെ ഹര്‍ത്താല്‍”. പാവം കൊതുകുകള്‍, അതിനെന്തു മനസിലാവാന്‍. കാരണങ്ങള്‍ ഇങ്ങനെ തന്നെ പറയുന്നതുകൊണ്ടാണ് നര്‍മ്മരസം കൂടുന്നത്.

ഇന്നിപ്പൊ 2008 ജുലൈയില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു ചെറിയ കണക്ക് നോക്കാം. കേരളത്തില്‍ കഴിഞ്ഞ 6 മാ‍സം കൊണ്ടാടിയ ചെറുതും വലുതുമായ ഹര്‍ത്താലുകളുടെ എണ്ണം എത്ര? ഞെട്ടരുത്, ഉത്തരം 57. അതായത് ഏകദേശം 2 മാസം മൊത്തം ഹര്‍ത്താലായിരിന്നു എന്ന് സാരം. (വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തിയ പഠിപ്പുമുടക്ക് സമരങ്ങള്‍ ഇതില്‍ കൂട്ടിയിട്ടില്ല. അതു കൂടി ആയാല്‍...). ഈ മാസം ഇന്നിതു വരെ പ്രഖ്യാപിക്കപ്പെട്ടത് ഒരു ഭാരത് ബന്ദ് ഉള്‍പ്പടെ 6 ഹര്‍ത്താലാണ് (ഓര്‍ക്കുക: ഞാനിതെഴുതുമ്പോള്‍ മാസത്തിലെ 3 ദിവസമെ കഴിഞ്ഞിട്ടുള്ളു.).

കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദിന്റെ കാര്യം തന്നെ നോക്കാം. ജമ്മു-കാശ്മീര്‍ സര്‍ക്കാരിന്റെ ഒരു നടപടിയില്‍ പ്രതിഷേധിച്ച് വി.എച്ച്.പിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും സാമാന്യ ജനജീവിതത്തെ ബാധിച്ചില്ല. ഇവിടെ ബാംഗ്ലൂരില്‍ എനിക്ക് ഒരു ബന്ദോ ഹര്‍ത്താലോ നടന്നതായിപ്പോലും തോന്നിയില്ല. പക്ഷെ, കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം, ജനജീവിതം സ്തംഭിച്ചു.



എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഇതിനോടു കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട വേറെ കുറെ കാര്യങ്ങളും ഉണ്ട്. കേരളത്തിലെ വ്യവസായങ്ങള്‍ എന്തുകൊണ്ട് തകരുന്നു? തൊഴില്‍ തേടി കൂടുതല്‍ ആള്‍ക്കാര്‍ക്ക് എന്തുകൊണ്ട് സംസ്ഥാനത്തിനു പുറത്തേക്കു പോകേണ്ടിവരുന്നു? സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ മുങ്ങി നില്‍ക്കുന്നതിനു ഇതൊരു കാരണം ആയിട്ടില്ലേ? അങ്ങനെ വിദ്യാഭ്യാസം, സാമൂഹ്യം, സാമ്പത്തികം തുടങ്ങിയ എല്ലാ മേഖലയ്ക്കും നഷ്ടങ്ങള്‍ മാത്രം വരുത്തിവെയ്ക്കുന്ന ഈ ഒരാഘോഷം എന്തിന്?

ഹര്‍ത്തലിനെ എതിര്‍ക്കുന്നവരോട് പൊതുവേ അനുകൂലികള്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. ഇതവരുടെ അഭിപ്രായ സ്വാതന്ത്ര്യം ആണ്, പ്രവര്‍ത്തന സ്വാതന്ത്ര്യം ആണ്, എന്നും മറ്റും. അവരോടൊരു ചെറിയ ചോദ്യം. ഈ പറഞ്ഞ സംഭവങ്ങളൊക്കെ പൊതുജനത്തിനും ഇല്ലേ? അതില്‍ ഇങ്ങനെ കൈകടത്താമോ?

ഇപ്പൊ ന്യായമായ ഒരു കാരണം പറഞ്ഞാണ് ഹര്‍ത്താല്‍ നടത്തുന്നതെങ്കിലും അതിനോട് ഒരു പുച്ഛം തോന്നിപ്പോകും, എന്നും അരങ്ങേറുന്ന ഈ വൃത്തികെട്ട ഹര്‍ത്താല്‍ ഉത്സവങ്ങള്‍ മൂലം.

ഇതിനു പ്രതിവിധിയില്ലേ?

ഈ ചോദ്യം ഉയരുമ്പോള്‍ എനിക്കെന്നും ഓര്‍മ്മ വരാറുള്ളത് പുല്ലുവഴി എന്ന ഗ്രാമത്തെപ്പറ്റിയാണ്. പെരുമ്പാവൂരിനടുത്തുള്ള ഈ ഗ്രാമം ജനങ്ങളുടെ കൂട്ടായ്മയിലൂടെ ഹര്‍ത്താല്‍ രഹിതമായ കഥ ഒരിക്കല്‍ ഏതോ വാര്‍ത്താ ചാനലില്‍ കണ്ടിട്ടുണ്ട്. ഈ പറഞ്ഞ സംഭവത്തില്‍ തന്നെയുണ്ട് ഒരു പ്രതിവിധി. പൊതുജന കൂട്ടായ്മ. പക്ഷെ, പൊതുവെ തന്നിലേക്കു തന്നെ ഒതുങ്ങി കഴിയുന്ന ഒരു പ്രവണത ഏറിവരുന്ന ഇക്കാലത്ത് ഈ പറഞ്ഞ പൊതുജന കൂട്ടായ്മ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

മാധ്യമങ്ങള്‍ക്കും ഇതു തടയാന്‍ ഒരു പരിധി വരെ സാധിക്കും എന്ന്‍ ശ്രീ. ബാബു പോള്‍ ഐ.എ.എസ്. ഒരിക്കല്‍ പറഞ്ഞതു ഞാനോര്‍ക്കുന്നു. ഇത്തരം ഹര്‍ത്താല്‍ പ്രഖ്യാപനങ്ങള്‍ക്കും ഹര്‍ത്താലിനും ഒട്ടും പരിഗണന കൊടുക്കാതിരുന്നാല്‍ ഒരു പരിധി വരെ ഇതിനു തടയിടാമെന്നാണ് അദ്ദേഹം പറഞ്ഞത്.


Tuesday, June 3, 2008

“ഓട്ടോബയോഗ്രഫി ഓഫ് ആന്‍ അണ്‍നോണ്‍ മലബാറി“

[ പേരു കോപ്പി അടിച്ചതിനു N C ചൌധരിയോട് മാപ്പ് ചോദിച്ചുകൊണ്ട് ഞാന്‍ തുടങ്ങട്ടെ. ഇതു ഒരു കഥയല്ല എന്റെ ജീവിതമാണ്. വളരെ ചുരുക്കി എഴുതാനുള്ള എന്റെ ഈ ചെറിയ ശ്രമം നിങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നു കരുതുന്നു. ]

1981ആമാണ്ട് നവംബര്‍ 27നു ഭൂജാതനായ അന്നു മുതലിന്നോളം കടന്നു വന്ന വഴികളില്‍‌ എപ്പോഴും ഒരു ശാപം പോലെ എന്നെ പിന്തുടര്‍‌ന്ന ഒരു വാക്കുണ്ട് “തടിയന്‍”. എന്തുകൊണ്ടോ തടി എന്റെ കൂടപ്പിറപ്പായി പോയി അതിനു എനിക്കു കുറ്റപ്പെടുത്താന്‍ ആരുമില്ല. എല്ലാം എന്റെ വിധി. അല്ലാതിപ്പൊ എന്താ പറയ്കാ. സ്കൂള്‍, കോളേജുകള്‍ എന്നുവേണ്ട പോകുന്നിടത്തെല്ലാം ഞാന്‍ അങ്ങനെ ഒരു പരിഹാസ കഥാപാത്രമായി മാറിക്കൊണ്ടിരിന്നു.

പഞ്ചസാരയുടെ ഉപയോഗം കുറച്ചും ഭക്ഷണം ഉപേക്ഷിച്ചും ഞാന്‍ എന്റെ തടി കുറയ്ക്കാന്‍ നിതാന്തം പരിശ്രമിച്ചു. പക്ഷെ കൂടെയുള്ള കാപാലികര്‍ പലവിധേന എന്റെ ശ്രമങ്ങള്‍ പൊളിച്ച് എന്നെ തോല്‍പ്പിച്ചുകൊണ്ടിരിന്നു.

കാലങ്ങള്‍ കൊഴിഞ്ഞുപോയി. എന്റെ എഞ്ജിനീയറിങ്ങ് വിദ്യാഭ്യാസം കഴിഞ്ഞു. ഒരു വലിയ കമ്പനിയില്‍ ജോലി കിട്ടി. പണ്ട് പാലുകുടി നിര്‍‌ത്തിയപ്പോള്‍ തുടങ്ങിയ മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ പാടേ ഉപേക്ഷിച്ച് ഒരു പുതിയ മനുഷ്യനായി ഇന്ത്യന്‍ സിലിക്കണ്‍വാലിയിലേക്ക് വണ്ടി കയറി. അവിടെ പുതിയ ജീവിത സാഹചര്യങ്ങളുടെ പ്രലോഭനങ്ങളില്‍പ്പെട്ട് പണ്ട് എന്നെ കളിയാക്കിയിരുന്ന പലരും അപ്പോഴേക്കും എനിക്കു ഒരു കോമ്പറ്റീഷന്‍ ആയി തുടങ്ങിയിരിന്നു. ജീവിക്കാന്‍ വേണ്ടി കഴിക്കാതെ കഴിക്കാന്‍ വേണ്ടി ജീവിക്കുക എന്നൊരു സംസ്കാരം തന്നെ അവിടെ ഉടലെടുത്തിരിന്നു. അതിനിടെ തടികുറയ്ക്കാനുള്ള എന്റെ ശ്രമങ്ങള്‍ ഞാന്‍ പതിയെ പതിയെ ഉപേക്ഷിച്ചു.

അങ്ങനെ പല തടിയന്മാരുടെ കൂട്ടത്തില്‍ ഒരു തടിയന്‍ മാത്രമായി ഞാന്‍ എന്റെ ജീവിത യാത്ര തുടര്‍‌ന്നു. വീട്ടില്‍ മമ്മി എനിക്കു കല്യാണാലോചനകള്‍ തുടങ്ങി. പിന്നെ പിന്നെ ഓരോ തവണ വീട്ടിലേക്കു പോകുമ്പോഴും പെണുകാണലും ഒരു ചര്യയായി മാറി. തടി വീണ്ടും ഒരു കല്ലുകടിയായി തുടങ്ങിയിരിക്കുന്നു.

ഭാഗ്യദേവതയുടെ കടാക്ഷം പോലെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ എനിക്കും കിട്ടി ഒരു ബ്രിട്ടീഷ് വിസ. കുറച്ചു നാള്‍ ലോകപര്യടനം നടത്താനും തല്‍ക്കാലത്തേക്ക് കല്യാണാലോചനകളില്‍ നിന്നും ഒളിച്ചോടാനും ഒരു കച്ചിത്തുരുമ്പ്. അങ്ങനെ 2007ലെ ഒരു മെയ് മാസപ്പുലരിയില്‍ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ കാലുകുത്തി. അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ ദാസനും വിജയനും അമേരിക്കയിലെത്തി കാണിക്കുന്ന പോലെ “സാധനം കൈയിലുണ്ടോ?“എന്നും ചോദിച്ചു നടന്ന് എന്നെക്കാത്ത് നിന്നിരുന്ന സുഹൃത്തിനെ തപ്പിപ്പിടിച്ചു. അവിടെനിന്നും എന്റെ പുതിയ വിഹാര കേന്ദ്രമായ നോര്‍വിച്ചിലേക്ക്.

ഇനി ഉള്ള കുറച്ചുനാള്‍ കാലുവാരികളായ അലവലാതികളില്‍ നിന്നും മോചനം. പുതിയ ലോകവും പുതിയ മനുഷ്യരും. അപ്പൊപ്പിന്നെ പുതിയ രീതികളും ആവാം. ഞാന്‍ പണ്ടേ ഇങ്ങനെ ആയിരിന്നു എന്നു എല്ലാവരും കരുതിക്കോളും. അങ്ങനെ തടി കുറയ്കാനുള്ള യജ്ഞം വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചു. പെട്ടെന്നു തന്നെ അടുത്തുള്ള ജിമ്മില്‍ ചെന്നു കാര്യങ്ങള്‍ ബോധിപ്പിച്ചു. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞ ജിമ്മിന്റെ തലൈവറുടെ മുഖത്തേക്ക് അങ്ങേരു ചോദിച്ചത്ര പൌണ്ടുകള്‍ എറിഞ്ഞുകൊടുത്തു ഞാന്‍ എന്റെ യജ്ഞം ആരംഭിച്ചു. ഓരോ തവണ വെയ്റ്റ് പൊക്കുമ്പോഴും തിരിച്ചു നാട്ടിലെത്തി പണ്ട് തടിയന്‍ എന്നു വിളിച്ചോരെ ഓരോരുത്തരെ മുഖത്തുനോക്കി ആട്ടുന്ന രംഗം സിനിമാ സ്റ്റൈലില്‍ മനസിലൂടെ ഓടി. അതായിരിന്നു എന്തു ചെയ്യാനും എന്റെ ഊര്‍ജ്ജം.

ഭക്ഷണം ക്രമീകരിച്ചും ജിമ്മില്‍ പോയി മണിക്കൂറുകള്‍ ചിലവിട്ടും 10 മാസങ്ങള്‍ കടന്നുപോയി. പൂര്‍വ്വികരുടെ പുണ്യമോ എന്തോ എന്റെ ആഗ്രഹം പോലെ എനിക്ക് ഒരു സ്ലിം ബ്യൂട്ടി ആയി മാറാന്‍ സാധിച്ചു. പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട സ്ഥിതി വരെ എത്തി കാര്യങ്ങള്‍. എന്തൊക്കെ ആയാലെന്താ നാട്ടില്‍ ചെന്നിട്ട് ഇനി എല്ലാരുടേയും മുന്നില്‍ ഞെളിഞ്ഞു നടക്കാം, പെണ്ണുകെട്ടാം. എത്രയും പെട്ടെന്നു നാട്ടിലെത്താന്‍ കൊതിയായി.

അങ്ങനെ ആ ദിനം വന്നെത്തി. 2008 മാര്‍ച്ച് അവസാന വാരത്തില്‍ കോഴിക്കോട് വിമാനമിറങ്ങി. ടാക്സിയില്‍ വീട്ടിലേക്ക് പോക്കുന്ന വഴി വണ്ടി നിര്‍ത്തിച്ച് ഒരു പെയര്‍ ഷൂസ് വാങ്ങി. എന്തിനാ? പറ്റിയാല്‍ അന്ന് രാത്രിതന്നെ ഓട്ടം തുടങ്ങണം. ദിനചര്യകള്‍ മാറ്റാന്‍ പാടില്ല. അപ്പോള്‍ ആരേലും ആക്കിയാല്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഞാന്‍ സംഭരിച്ചിരിന്നു. പിറ്റേന്നു കാലത്തു തന്നെ ഓട്ടം തുടങ്ങി. സ്ലിം ആയി തന്നെ നിലനില്‍ക്കാനുള്ള ശ്രമങ്ങള്‍. ഒരാഴ്ച നാട്ടില്‍ കിടന്നു അര്‍മാധിച്ചിട്ട് ബാംഗ്ലൂറിലേക്ക് വണ്ടി കയറി. അവിടെ എത്തിയപ്പോള്‍ പോകുന്നതിനു മുന്‍പ് എന്റെ ക്ലബ്ബില്‍ ചേര്‍ന്നോരൊക്കെ മെമ്പര്‍ഷിപ്പ് പുതുക്കി തടിച്ചുരുണ്ടിരിക്കുന്നു. കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ലാ. എന്റെ കോലം കണ്ടവര്‍ അത്ഭുതം കൊണ്ട് കണ്ണ് തള്ളി നിന്നപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിച്ചു. “എവരി ഡോഗ് ഹാസ് എ ഡേ” ഇന്ന് എന്റെ ദിവസം.

പിറ്റേ ദിവസം തന്നെ അടുത്തുള്ള ജിമ്മില്‍ പോയി ചേര്‍ന്നു. അലവലാതികള്‍ എന്നും അങ്ങനെ തന്നെ. ഇത്രയൊക്കെ ആയിട്ടും വിടാന്‍ തയ്യാറല്ല. വീണ്ടും എന്നെ പിന്തിരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിന്നു. എന്റടുത്താ കളി. ഒന്നിലും തോറ്റ് പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. കളിയാക്കിയവരെ ആരോറൂട്ട് ബിസ്കറ്റ് പച്ചവെള്ളത്തില്‍ മുക്കി തിന്നു കാട്ടി ഞാന്‍ തിരിച്ചടിച്ചു. പതിയെ എല്ലാവരും ശാന്തരായി തുടങ്ങി. പലര്‍ക്കും അവരവരുടെ തടി കുറയ്ക്കണം എന്നും തോന്നിത്തുടങ്ങി. അങ്ങനെ ഒരോരുത്തരായി എന്റെ കൂടെ കാലത്ത് ഓടാന്‍ വരാന്‍ പോലും തുടങ്ങി.

പക്ഷെ എനിക്കെന്നും വ്യത്യസ്തതയോട് ഒരു ഭ്രമം ഉണ്ടായിരിന്നു. പുതിയ പുതിയ വ്യായാമമുറകള്‍ തേടി നടന്നുകോണ്ടേയിരിന്നു. അങ്ങനെ ഒരു ദിവസം ഓഫീസിലിരിക്കുമ്പോള്‍ ഒരു ദൈവദൂതനെപ്പോലെ ആ പഴയ സായിപ്പ്, നമ്മുടെ പഴയ ജിമ്മിന്റെ തലൈവര്‍, ചാറ്റ്ബോക്സില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ തേടലിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അങ്ങേരു കുറെ പുതിയ അടവുകള്‍ പറഞ്ഞു തന്നു. എല്ലാം ഞാന്‍ എന്റെ വൃത്തികെട്ട കൈപ്പടയില്‍ ഒരു പേപ്പറില്‍ കുറിച്ചെടുത്തു.

പിന്നെ ഒരാഴ്ച ജിമ്മിന് അവധി കൊടുത്ത് സായിപ്പ് പറഞ്ഞു തന്ന പുതിയ അടവുകളിലേക്കു കടക്കാന്‍ തീരുമാനിച്ചു. ആദ്യദിവസം സംഗതി വലിയ കുഴപ്പമില്ലാതെ പോയി. രണ്ടാം ദിനം, അതായത് മേയ് 21നു പുതിയ ഒരു അടവു പരീക്ഷിച്ചു. ഇന്നുവരെ ഈ ഭൂമിയില്‍ ആരും തന്നെ ചെയ്തുനോക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് എനിക്കുറപ്പുള്ള ഒരു അഭ്യാസം.


ഇതിനു മുന്‍പ് ഒരു പക്ഷെ ഇങ്ങനെ ഒന്നു പോസ് ചെയ്തിട്ടുള്ളതു തന്നെ ത്രേതായുഗത്തിലെ ഹനുമാന്‍ മാത്രമായിരുന്നിരിക്കണം.


അതൊക്കെ കഴിഞ്ഞ് വൈകിട്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കണ്ട് മനം കുളിര്‍ന്നപ്പോഴും ഇങ്ങനെ ഓരോന്നു സംഭവിക്കുമെന്ന് മനസ്സില്‍ നിരീച്ചുപോലുമുണ്ടായില്യാ. എല്ലാം എഴുതിയെടുത്ത കൈപ്പടയുടെ മഹത്വമോ അതോ സായിപ്പിന്റെ ചതിയോ, പിറ്റേന്ന് കാലത്ത് കാലുനിലത്തു കുത്താന്‍ പറ്റാത്തത്ര വേദന. സായിപ്പിന് എന്നോടെന്തോ കലിപ്പുണ്ടായിരിന്നോ എന്നു കൂടി സംശയിച്ചുപോയി. വീട്ടിലുള്ള മറ്റൊരു തടിയനേം കൂട്ടി ആശുപത്രിയില്‍ ചെന്നപ്പോഴല്ലേ പണി പാളിയത്. MRI സ്കാനും കുന്തൊം കൊടച്ചക്രോം എല്ലാം എടുത്തിട്ട് ഡോക്ടര്‍ വിധി എഴുതി. മുട്ടിന്റെ ജൊയിന്റിലുള്ള എന്തോ ഒരു സംഭവം കീറി പോലും. പക്ഷേ അതൊന്നുമല്ല ആ നിമിഷം എന്നെ വേദനിപ്പിച്ചത്, വീട്ടിലെത്തി കഴിഞ്ഞാല്‍ ബാക്കിയുള്ള കാര്‍ക്കോടകന്മാര്‍ എന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്ന രംഗങ്ങളേക്കുറിച്ചുള്ള ചിന്തകളാണ്.

ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല. വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്നു പണ്ട് ആരോ പറഞ്ഞത് എത്ര ശരി. വീണ്ടും ആരോ പറയുന്നതുപോലെ തോന്നുന്നു “എവരി ഡോഗ് ഹാസ് എ ഡേ” ഇന്ന് നിന്റെ ഒക്കെ ദിവസം.


പക്ഷെ “ഇതിലൊന്നും…തോറ്റുമടങ്ങുന്നവനല്ല…ഈ…KK ജോസപ്പേ...”