Friday, December 17, 2010
IFFK 2010: സിനിമാക്കാഴ്ചകള്‍
അങ്ങനെ കേരളത്തിന്റെ പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ തിരശീല വീഴുകയായി. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സിനിമപ്രേമികളും സിനിമ പ്രവര്‍ത്തകരും അനന്തപുരിയിലേക്ക് തീര്‍ത്ഥാടനം നടത്തിയ 8 ദിനങ്ങള്‍, 83 രാജ്യങ്ങളില്‍ നിന്നും 207 ചിത്രങ്ങള്‍. തോളില്‍ സഞ്ചിയും കഴുത്തില്‍ ഡെലിഗേറ്റ് പാസുമായി സിനിമയ്ക്കു പിറകേ സിനിമയ്ക്കായി ഓടിയ ഓട്ടവും കണ്ടു തീര്‍ത്ത സിനിമകള്‍ പകര്‍ന്നു തന്ന ദൃശ്യാനുഭവവും എല്ലാം എല്ലാം ഇനി ഓര്‍മ്മകള്‍.
കണ്ട സിനിമകള്‍ 20 എണ്ണം...
മത്സര വിഭാഗം
-----------------
മത്സരവിഭാഗത്തില്‍ ഏഷ്യ-ആഫ്രിക്ക-ലാറ്റിനമേരിക്ക മേഖലകളില്‍ നിന്നുള്ള 14 ചിത്രങ്ങളായിരിന്നു പ്രദര്‍ശിപ്പിച്ചത്. അതില്‍ കാണാന്‍ കഴിഞ്ഞത് 4 എണ്ണം മാത്രം (മത്സര വിഭാഗത്തിലുണ്ടായിരുന്ന 2 മലയാള ചിത്രങ്ങളും ജാപ്പനീസ് വൈഫ് എന്ന ബംഗാളി ചിത്രവും മുന്‍പ് കണ്ടിരിന്നു. അത് കൂടി കൂട്ടിയാല്‍ 7 മത്സരചിത്രങ്ങള്‍ കണ്ടു എന്നു പറയാം)
ബെല്‍മ ബസ് സംവിധാനം ചെയ്ത തുര്‍ക്കി ചിത്രമായ സെഫീര്‍ കൂട്ടത്തില്‍ മികച്ചു നിന്നു. ഫ്രെയിമുകളുടെ സൌന്ദര്യവും, ദൃശ്യങ്ങളുടെ ബുദ്ധിപരമായ കോര്‍ത്തിണക്കലും, സംഭാഷണത്തിലെ മിതത്വവും കൊണ്ട് നല്ലൊരു സിനിമ അനുഭവം പകര്‍ന്നു തരുന്ന സെഫീര്‍ തന്നെയാണ് മേളയിലെ എന്റെ ഇഷ്ട ചിത്രം. റേറ്റിങ്ങ്: വളരെ നല്ലത്
തിരുവനന്തപുരം മേളയിലെ പതിവ് പലായന ചിത്രങ്ങളുടെ ശ്രേണിയിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലാണ് പോട്രെയിറ്റ് ഇന്‍ ഏ സീ ഓഫ് ലൈസ് എന്ന കൊളംബിയന്‍ ചിത്രം. ലാറ്റിന്‍ ചിത്രങ്ങളുടെ സ്ഥിരം രീതികള്‍ പിന്തുടരുന്ന ക്യാമറാ കാഴ്ചകളാണ് ഈ ചിത്രത്തിലുള്ളത്. കൊളംബിയിലെ ആഭ്യന്തര കലാപം പശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ അന്നാട്ടിലെ ഭൂപ്രകൃതിയുടെ സൌന്ദര്യം കാണുവാന്‍ സാധിക്കും. റേറ്റിങ്ങ്: ശരാശരിക്കു മുകളില്‍
ഇറാനിയന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പും 2009 ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളും നടക്കുന്ന സമയത്ത് അവിടെയുള്ള സാധാരണക്കാരുടെ പച്ചയായ ജീവിതത്തിലേക്ക് ക്യാമറ ചലിപ്പിക്കുകയാണ് വാക്കിങ്ങ് ഓണ്‍ ദി റെയില്‍ എന്ന ചിത്രം. റേറ്റിങ്ങ്: ശരാശരി
ടുണീഷ്യന്‍ ചിത്രമായ ബറീഡ് സീക്രട്ട് ആണ് മത്സര വിഭാഗത്തിലെ മറ്റൊരു നല്ല ചിത്രം. സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്ന ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും കഥയാണിത്. അതില്‍ സ്വതന്ത്രയാവാന്‍ കൊതിയ്ക്കുന്ന പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രം. റേറ്റിങ്ങ്: നല്ലത്
മത്സരേതര വിഭാഗം
----------------------
മത്സരേതര വിഭാഗത്തില്‍ കണ്ട നല്ല ചിത്രങ്ങള്‍
1) ബ്യൂട്ടിഫുള്‍ (അലെക്സാണ്ട്രോ ഇനാരിട്ടോ/മെക്സിക്കോ)
കാനില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ജാവിയര്‍ ബേര്‍ഡത്തിന്റെ പ്രകടനവും ആഖ്യാന രീതിയും കൊണ്ട് നല്ലതെന്നു പറയാവുന്ന ചിത്രം
2) മാര്‍ത്ത (മെക്സിക്കോ)
ശരാശരിയ്ക്ക് താഴെയെങ്കിലും കണ്ടിരിക്കാവുന്ന ചിത്രം
3) സരാട്ടന്‍ (കിര്‍ഗിസ്ഥാന്‍)
ആക്ഷേപഹാസ്യവും ഗ്രാമീണ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരവുംകൊണ്ട് ശ്രദ്ധേയമായ ചിത്രം. ശരാശരിക്കു മുകളില്‍.
4) സൈലന്റ് സോള്‍ (റഷ്യ)
ശരാശരിയ്ക്ക് മുകളില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രം.
5) ലൈറ്റ് തീഫ് (കിര്‍ഗിസ്ഥാന്‍)
ശരാശരിക്കു താഴെയാണിതിന് സ്ഥാനം. എന്നാലും ഒന്ന് കാണുന്നതില്‍ തെറ്റില്ല.
6) ഡോട്ടര്‍ ഇന്‍ ലോ (കസക്കിസ്ഥാന്‍)
ചില രോദനങ്ങളും അലര്‍ച്ചയും ഒഴിവാക്കിയാല്‍ ഒരു നിശബ്ദചിത്രം. സിനിമയ്ക്ക് പ്രേക്ഷകനോട് സംവേദിക്കാന്‍ ഭാഷയോ സംഭാഷണമോ ആവശ്യമില്ലെന്ന് തെളിയിക്കുന്ന ഒരു ദൃശ്യ ചിത്രം. ഒരു നല്ല ചിത്രം.
7) ലണ്ടന്‍ റിവര്‍ (ഫ്രാന്‍സ്/ഇംഗ്ലണ്ട്)
ലണ്ടന്‍ സ്ഫോടനത്തിനു ശേഷം കാണാതായ മക്കളെ അന്വേഷിച്ച് ലണ്ടനിലെത്തിയ ഒരു ഇംഗ്ലീഷ് വനിതയുടെയും, ഒരു ആഫ്രിക്കക്കാരന്റെയും കഥ പറയുന്ന ചിത്രത്തില്‍. വര്‍ഗ്ഗീയതയും മനുഷ്യത്വവും തീവ്രവാദവും വംശവും എല്ലാം പ്രതിപാദിക്കുന്നുണ്ട്. മികച്ച കാസ്റ്റിങ്ങ് കൊണ്ടും സോതുകി കയാട്ടെയുടെ ദൈന്യം നിറഞ്ഞ മുഖം മനസ്സില്‍ തങ്ങി നില്‍ക്കുന്നതു കൊണ്ടും നല്ലതെന്ന് നിസംശയം പറയാവുന്ന ചിത്രമാണ് ലണ്ടന്‍ റിവര്‍.
8) സ്ടെയിഞ്ച് കെയ്സ് ഓഫ് അഞ്ചേലിക്ക (പോര്‍ച്ചുഗല്‍)
ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ സംവിധായകനായ മാനുവേല്‍ ഓലിവ്യേറ സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇത്തവണ ഏറ്റവും വെറുപ്പിച്ച സിനിമ. കൂടുതല്‍ പറയാന്‍ ഒന്നും മനസിലായില്ല.
9) സെര്‍ട്ടിഫൈഡ് കോപ്പി (ഫ്രാന്‍സ്)
അബ്ബാസ് കിയരോസ്റ്റമി സംവിധാനം ചെയ്ത ഈ ചിത്രം സംഭാഷണങ്ങളുടെ അതിപ്രസരമാണെങ്കിലും മികച്ച സംഭാഷണങ്ങള്‍ നിറഞ്ഞ ഒരു സിനിമയാണ്. ശരാശരിയില്‍ നിര്‍ത്താം.
10) അഡോപ്റ്റഡ് സണ്‍ (കിര്‍ഗിസ്ഥാന്‍)
നിറങ്ങളുടെയും ബ്ലാക്ക് ആന്റ് വൈറ്റിന്റെയും ഒരു സന്നിവേശം. ശരാശരിക്ക് മുകളില്‍
11) ലിറ്റില്‍ റോസ് (പോളണ്ട്)
1968ലെ പോളണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഒരു രാഷ്ട്രീയ/ത്രികോണ പ്രണയ ചിത്രം. ശരാശരി.
12) ഡോസണ്‍ ഐലന്റ് 10 (ചിലി)
ചിലിയില്‍ അല്ലെന്റയുടെ ഭരണകൂടത്തിലുണ്ടായിരുന്നവരെ പട്ടാള ഭരണകൂടം തടവില്‍ വെച്ചിരുന്ന ഡോസണ്‍ ദ്വീപിലെ കോണ്‍സെണ്ട്രേഷന്‍ ക്യാമ്പിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഡൊകു-ഫിക്ഷന്‍. ശരാശരിക്കു മുകളില്‍
13) ലൈറ്റ് ഇന്‍ ഡാര്‍ക്ക്നെസ്: റിട്ടേണ്‍ ഓഫ് ഏ റെഡ് ലൈറ്റ് ബാന്റിറ്റ് (ബ്രസീല്‍)
അരാജകത്വം നിറഞ്ഞ ഒരു രാഷ്ട്രീയ ചിത്രം.
14) ഐ ആം കലാം (ഇന്ത്യ)
കലാമിന്റെ പ്രസംഗം കേട്ട് പ്രചോദനമുള്‍ക്കൊണ്ട ഒരു ബാലന്റെ കഥ. അവസാന ഭാഗങ്ങളിലെ അസ്വാഭാവികത മൂലം ശരാശരി മാത്രമായി കണക്കാക്കാവുന്ന ചിത്രം.
15) അങ്കിള്‍ ബൂണ്മി ഹൂ ക്യാന്‍ റീക്കോള്‍ ഹിസ് പാസ്റ്റ് ലൈഫ് (തായ് ലണ്ട്)
2010 കാനില്‍ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം രണ്ടാമതൊരു കാഴ്ച ആവശ്യപ്പെടുന്നുണ്ട്.
16) ജോയ് (ഹോളണ്ട്)
ജനിച്ചപ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട ജോയ് എന്ന പെണ്‍കുട്ടിയുടെ യൌവനവും അമ്മയേ തേടിയുള്ള യാത്രയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ചിത്രം.
നല്ലതെന്ന് പറയാവുന്ന ചിത്രങ്ങള്‍ ഇത്തവണ നന്നേ കുറവായിരുന്നു എന്ന പൊതുഭാഷ്യം എനിക്കും ശരിവെയ്ക്കാന്‍ തോന്നുന്നു. കണ്ടതില്‍ മിക്കസിനിമകളും ശരാശരിക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഒരു കാഴ്ചയാണ് ഇത്തവണ ഉണ്ടായിരുന്നത്. കൂടുതല്‍ മികച്ച സിനിമകള്‍ അടുത്ത തവണ ഉണ്ടാവും എന്ന് പ്രത്യാശിക്കുന്നു. സിനിമാപ്രേമികള്‍ക്ക് 2011ലെ മേളയിലേക്കുള്ള കൌണ്ട് ഡൌണ്‍ നാളെ മുതല്‍ തുടങ്ങാം.
Monday, December 6, 2010
IFFK 2010ന്റെ കൈയൊപ്പ്
കേരളത്തിലെ സിനിമപ്രേമികള്‍ എന്നും ആകാംശയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം പടിവാതിലിലില്‍ എത്തി നില്‍ക്കുന്ന ഈ വേളയില്‍, ഇന്നലെ പുറത്തിറക്കിയ ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ ഫിലിം യൂടൂബില്‍ പ്രത്യക്ഷപ്പെട്ടു.
ജലം, ഭൂമി, വായു എന്നീ മൂന്നു ഘടകങ്ങളില്‍ സിനിമയുടെ ഭൂതം വര്‍ത്തമാനം ഭാവി എന്നിവ ആലേഖനം ചെയ്ത് അവയെല്ലാം ഓര്‍ക്കാനും വിലയിരുത്താനുമുള്ള വേദിയാണ് എന്ന ആശയമാണ് ഈ ഫിലിം മുന്നോട്ട് വെയ്ക്കുന്നത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള ടൂണ്‍സ് അനിമേഷന്‍ എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.
സംവിധാനം: സൂരജ് എം.കെ
അനിമേഷന്‍ വികസിപ്പിച്ചത്: മഹേഷ് വെട്ടിയാര്‍
സംഗീതം: ടോണി വിത്സണ്‍
നിര്‍മ്മാണം: സിബിന്‍ ബാബു
കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച കൂവല്‍ ഇത്തവണത്തെ കൈയൊപ്പിനു ലഭിക്കില്ല എന്നു വേണം കരുതാന്‍. എന്തായാലും എല്ലാം കാത്തിരിന്നു കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂടൂബ് സന്ദര്‍ശിക്കുക.
ജലം, ഭൂമി, വായു എന്നീ മൂന്നു ഘടകങ്ങളില്‍ സിനിമയുടെ ഭൂതം വര്‍ത്തമാനം ഭാവി എന്നിവ ആലേഖനം ചെയ്ത് അവയെല്ലാം ഓര്‍ക്കാനും വിലയിരുത്താനുമുള്ള വേദിയാണ് എന്ന ആശയമാണ് ഈ ഫിലിം മുന്നോട്ട് വെയ്ക്കുന്നത്.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള ടൂണ്‍സ് അനിമേഷന്‍ എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.
സംവിധാനം: സൂരജ് എം.കെ
അനിമേഷന്‍ വികസിപ്പിച്ചത്: മഹേഷ് വെട്ടിയാര്‍
സംഗീതം: ടോണി വിത്സണ്‍
നിര്‍മ്മാണം: സിബിന്‍ ബാബു
... (more info)
കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ച കൂവല്‍ ഇത്തവണത്തെ കൈയൊപ്പിനു ലഭിക്കില്ല എന്നു വേണം കരുതാന്‍. എന്തായാലും എല്ലാം കാത്തിരിന്നു കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂടൂബ് സന്ദര്‍ശിക്കുക.
Subscribe to:
Posts (Atom)